പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള തത്സമയ ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങള്‍ ബന്ധിപ്പിക്കുന്ന ചടങ്ങിന് ഫെബ്രുവരി 21ന് (നാളെ) ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ സാക്ഷ്യം വഹിക്കും


ഇന്ത്യയിലെ യുപിഐയും സിംഗപ്പൂരിലെ പേ നൗ സേവനവുമാണ് ബന്ധിപ്പിക്കുന്നത്

യുപിഐ - പേ നൗ പണമിടപാട് സേവനങ്ങള്‍ ബന്ധിപ്പിക്കുന്നതിലൂടെ കുറഞ്ഞ ചെലവിലും വേഗത്തിലും പണമിടപാട് സാധ്യമാകും

സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹത്തിന് സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള പണമിടപാടിന് സഹായകമാകും

Posted On: 20 FEB 2023 12:52PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂങ്ങും ഇന്ത്യയുടെ യുപിഐ - സിംഗപ്പൂരിന്റെ പേ നൗ ഡിജിറ്റൽ പണമിടപാട് സൗകര്യങ്ങൾ ബന്ധിപ്പിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കും. ഫെബ്രുവരി 21ന് രാവിലെ 11ന് വിദൂരദൃശ്യസംവിധാനത്തിലൂടെയാണ് ചടങ്ങ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍  ശ്രീ. ശക്തികാന്ത ദാസ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (എംഎഎസ്) മാനേജിങ് ഡയറക്ടര്‍ രവി മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.

സാമ്പത്തിക മേഖലയിലെ സാങ്കേതിക പരിഷ്കരണങ്ങളില്‍ ആഗോള തലത്തില്‍ തന്നെ വളരെ വേഗം മുന്നോട്ട് കുതിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാട് സേവന മേഖലയെ ആഗോള തലത്തില്‍ തന്നെ മുന്‍പന്തിയിലെത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടല്‍ നിര്‍ണായകമായിരുന്നു. യുപിഐ സേവനങ്ങളുടെ നേട്ടം ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും മാത്രമായി പരിമിതപ്പെടരുതെന്നും മറ്റ് രാജ്യങ്ങളും ഇതിന്റെ നേട്ടം അനുഭവിക്കണമെന്നതും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ്. യുപിഐ - പേ നൗ സേവനങ്ങള്‍ ബന്ധിപ്പിക്കുന്നതിലൂടെ വളരെ വേഗത്തിലും കുറഞ്ഞ ചിലവിലും ഇരുരാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് പരസ്പരം സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയും. സിംഗപ്പൂരിലെ ഇന്ത്യന്‍ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഇതിലൂടെ വലിയ പ്രയോജനം ലഭിക്കും. ഈ നടപടിയിലൂടെ വളരെ വേഗത്തിലും കുറഞ്ഞ ചിലവിലും ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരിലേക്കും തിരിച്ചും പണമിടപാട് നടത്താന്‍ കഴിയും.

 

-ND-



(Release ID: 1900729) Visitor Counter : 153