പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജസ്ഥാനിലെ ദൗസയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ / ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 12 FEB 2023 5:13PM by PIB Thiruvananthpuram

രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് ജി, രാജസ്ഥാൻ മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജി, ഹരിയാന മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ജി, എന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകരായ നിതിൻ ഗഡ്കരി ജി, ഗജേന്ദ്ര സിംഗ് ഷെഖാവത് ജി, വി കെ സിംഗ് ജി, മറ്റ് മന്ത്രിമാർ, എംപിമാർ, മറ്റ് വിശിഷ്ട വ്യക്തികൾ, മഹതികളെ മാന്യരേ !

ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. രാജ്യത്തെ ഏറ്റവും വലുതും ആധുനികവുമായ അതിവേഗ പാതകളിൽ ഒന്നാണിത്. ഇന്ത്യ വികസനത്തിന്റെ പാതയിൽ സഞ്ചരിക്കുന്നതിന്റെ മറ്റൊരു മഹത്തായ ചിത്രമാണിത്. ദൗസയിലെ ജനങ്ങളെയും എല്ലാ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു!

സഹോദരീ  സഹോദരന്മാരേ ,

അത്തരം ആധുനിക റോഡുകളും ആധുനിക റെയിൽവേ സ്റ്റേഷനുകളും റെയിൽവേ ട്രാക്കുകളും മെട്രോ റെയിലുകളും വിമാനത്താവളങ്ങളും നിർമ്മിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ പുരോഗതിക്ക് ആക്കം കൂടും. അടിസ്ഥാനസൗകര്യങ്ങൾക്കായി  ചെലവഴിക്കുന്ന പണം  മണ്ണിൽ  ഗുണിതഫലം ഉണ്ടാക്കുമെന്ന് ചിത്രീകരിക്കുന്ന അത്തരം നിരവധി പഠനങ്ങൾ ലോകത്ത് ഉണ്ട്. അടിസ്ഥാനസൗകര്യങ്ങൾക്കുള്ള  നിക്ഷേപം ഇതിലും വലിയ നിക്ഷേപങ്ങളെ ആകർഷിക്കുന്നു. കഴിഞ്ഞ 9 വർഷമായി കേന്ദ്രസർക്കാരും അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ നിക്ഷേപം നടത്തുന്നുണ്ട്. രാജസ്ഥാനിലും കഴിഞ്ഞ വർഷങ്ങളിൽ ഹൈവേകളിൽ 50,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2014-നെ അപേക്ഷിച്ച് ഇത് 5 മടങ്ങ് കൂടുതലാണ്. ഈ നിക്ഷേപത്തിന്റെ വലിയ നേട്ടം രാജസ്ഥാനിലേക്കും അവിടത്തെ  ഗ്രാമങ്ങളിലേക്കും ദരിദ്രരും ഇടത്തരം കുടുംബങ്ങളിലേക്കും എത്താൻ പോകുന്നു.

സുഹൃത്തുക്കളേ ,

ഹൈവേകൾ, റെയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയിൽ സർക്കാർ നിക്ഷേപം നടത്തുമ്പോൾ; സർക്കാർ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുമ്പോൾ, ഡിജിറ്റൽ കണക്റ്റിവിറ്റി വികസിക്കുന്നു; സർക്കാർ പാവപ്പെട്ടവർക്ക് കോടിക്കണക്കിന് വീടുകൾ പണിയുമ്പോൾ, അല്ലെങ്കിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമ്പോൾ, അത് സാധാരണക്കാരനോ വ്യാപാരികളോ വ്യവസായങ്ങളോ ചെറുകിട വ്യവസായങ്ങളോ ആകട്ടെ, എല്ലാവർക്കും ഉത്തേജനം ലഭിക്കും. സിമന്റ്, ഇരുമ്പ് ദണ്ഡ്, മണൽ, കരിങ്കല്ല് തുടങ്ങിയ ചരക്കുകളുടെ വ്യാപാരം മുതൽ ഗതാഗത മേഖല വരെ എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ഈ വ്യവസായങ്ങളിൽ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഒരു ബിസിനസ് തഴച്ചുവളരുമ്പോൾ അതിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും കൂടും. അതായത്, അടിസ്ഥാനസൗകര്യങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തുന്നു, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ നിർമ്മാണ വേളയിലും നിരവധി പേർക്ക് സമാനമായ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ 

ആധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന് മറ്റൊരു വശമുണ്ട്. ഈ അടിസ്ഥാന സൗകര്യങ്ങൾ തയ്യാറാകുമ്പോൾ, കർഷകർ, കോളേജ്, ഓഫീസ് യാത്രക്കാർ, ട്രക്ക്-ടെമ്പോ ഡ്രൈവർമാർ, ബിസിനസുകാർ തുടങ്ങിയ ആളുകൾക്ക് മെച്ചപ്പെട്ട സൗകര്യം ലഭിക്കുകയും അവരുടെ സാമ്പത്തിക പ്രവർത്തനങ്ങളും കൂടുതൽ വളരുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഡൽഹി-ദൗസ-ലാൽസോട്ട് എക്‌സ്‌പ്രസ്‌വേയിൽ, ജയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്ക്   നേരത്തേ  5-6 മണിക്കൂർ എടുത്തിരുന്നു, ഇപ്പോൾ പകുതി സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകും. ഇത് എത്ര സമയം ലാഭിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാം. ഡൽഹിയിൽ ജോലി ചെയ്യുന്നവരോ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവരോ മറ്റെന്തെങ്കിലും ജോലികൾക്കായി യാത്ര ചെയ്യേണ്ടവരോ ആയ ഈ പ്രദേശത്തെ മുഴുവൻ സുഹൃത്തുക്കൾക്കും വൈകുന്നേരത്തോടെ അവരുടെ വീടുകളിൽ എളുപ്പത്തിൽ എത്തിച്ചേരാനാകും. ഡൽഹിയിലേക്കും തിരിച്ചും സാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്ക്-ടെമ്പോ ഡ്രൈവർമാർക്ക് അവരുടെ ദിവസം മുഴുവൻ റോഡിൽ ചെലവഴിക്കേണ്ടിവരില്ല. ചെറുകിട കർഷകർക്കും കന്നുകാലികളെ വളർത്തുന്നവർക്കും അവരുടെ പച്ചക്കറികളും പാലും കുറഞ്ഞ നിരക്കിൽ ഡൽഹിയിലേക്ക് എളുപ്പത്തിൽ അയയ്ക്കാം. ഇപ്പോൾ കാലതാമസം മൂലം അവരുടെ സാധനങ്ങൾ വഴിയിൽ വച്ച് നശിച്ചുപോകാനുള്ള സാധ്യതയും കുറഞ്ഞു.

സഹോദരീ  സഹോദരന്മാരെ ,

ഈ എക്‌സ്പ്രസ് വേയ്ക്ക് ചുറ്റും ഗ്രാമീണ ഹാട്ടുകൾ നിർമ്മിക്കുന്നു. തൽഫലമായി, പ്രാദേശിക കർഷകർ, നെയ്ത്തുകാർ, കരകൗശല തൊഴിലാളികൾ എന്നിവർക്ക് അവരുടെ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ വിൽക്കാൻ കഴിയും. രാജസ്ഥാന് പുറമെ ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിരവധി ജില്ലകൾക്ക് ഡൽഹി-മുംബൈ എക്‌സ്‌പ്രസ്‌വേ ഏറെ പ്രയോജനം ചെയ്യും. ഹരിയാനയിലെ മേവാത് ജില്ലയിലും രാജസ്ഥാനിലെ ദൗസ ജില്ലയിലുമാണ് പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കാൻ പോകുന്നത്. സരിസ്ക ടൈഗർ റിസർവ്, കിയോലാഡിയോ, രന്തംബോർ നാഷണൽ പാർക്ക്, ജയ്പൂർ, അജ്മീർ തുടങ്ങിയ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ഈ ആധുനിക കണക്റ്റിവിറ്റി പ്രയോജനപ്പെടും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ് രാജസ്ഥാൻ. ഇപ്പോൾ അതിന്റെ ആകർഷണം ഇനിയും വർദ്ധിക്കും.

സുഹൃത്തുക്കളേ,

ഇതിന് പുറമെ മൂന്ന് പദ്ധതികളുടെ കൂടി ശിലാസ്ഥാപനം ഇന്ന് നടന്നു. ഈ പദ്ധതികളിലൊന്ന് ഈ എക്സ്പ്രസ് വേയിലൂടെ ജയ്പൂരിലേക്ക് നേരിട്ട് കണക്റ്റിവിറ്റി നൽകും. ഇതോടെ ജയ്പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്ര 2.5 മണിക്കൂർ മുതൽ 3 മണിക്കൂർ വരെ മാത്രമായി ചുരുങ്ങും. രണ്ടാമത്തെ പദ്ധതി ഈ എക്‌സ്പ്രസ് വേയെ അൽവാറിനടുത്തുള്ള അംബാല-കോട്പുട്ട്‌ലി ഇടനാഴിയുമായി ബന്ധിപ്പിക്കും. ഇതോടെ ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ പോകാനാകും. മറ്റൊരു പദ്ധതിയുണ്ട്, അതായത് ലാൽസോട്ട്-കരൗലി റോഡിന്റെ വികസനം. ഈ റോഡ് ഈ പ്രദേശത്തെ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുക മാത്രമല്ല, പ്രദേശത്തെ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

ഡൽഹി-മുംബൈ എക്സ്പ്രസ് വേയും നിർദ്ദിഷ്ട പശ്ചിമ  ചരക്ക് ഇടനാഴിയും രാജസ്ഥാന്റെയും രാജ്യത്തിന്റെയും പുരോഗതിയുടെ രണ്ട് ശക്തമായ തൂണുകളായി മാറാൻ പോകുന്നു. ഈ പദ്ധതികൾ സമീപഭാവിയിൽ രാജസ്ഥാൻ ഉൾപ്പെടെയുള്ള ഈ പ്രദേശത്തിന്റെ മുഴുവൻ പ്രതിച്ഛായയും മാറ്റാൻ പോകുന്നു. ഈ രണ്ട് പദ്ധതികളും ഡൽഹി-മുംബൈ വ്യവസായ ഇടനാഴിയെ ശക്തിപ്പെടുത്തും. ഈ റോഡ്, ചരക്ക് ഇടനാഴികൾ ഹരിയാന, രാജസ്ഥാൻ എന്നിവയുൾപ്പെടെ പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കും. ഇതോടെ, ലോജിസ്റ്റിക്‌സ്, ഗതാഗതം, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ തരം വ്യവസായങ്ങൾക്ക് പുതിയ സാധ്യതകൾ ഉയർന്നുവരാൻ തുടങ്ങും.

സുഹൃത്തുക്കളേ,

ഇന്ന് ഈ എക്‌സ്പ്രസ് വേയും പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിൽ നിന്ന് ഉത്തേജനം നേടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഗതി ശക്തി മാസ്റ്റർപ്ലാൻ പ്രകാരം, 5G നെറ്റ്‌വർക്കിന് ആവശ്യമായ ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കുന്നതിന് ഈ എക്‌സ്പ്രസ് വേയിൽ ഒരു ഇടനാഴി നീക്കിവച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ വയറിംഗ്, ഗ്യാസ് പൈപ്പ് ലൈനുകൾ എന്നിവയ്ക്കായി കുറച്ച് സ്ഥലം നീക്കിവച്ചിട്ടുണ്ട്. മിച്ചഭൂമി സോളാർ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും സംഭരണത്തിനുമായി ഉപയോഗിക്കും. ഈ ശ്രമങ്ങളെല്ലാം ഭാവിയിൽ കോടിക്കണക്കിന് രൂപ ലാഭിക്കുകയും രാജ്യത്തിന്റെ സമയം ലാഭിക്കുകയും ചെയ്യും.

സുഹൃത്തുക്കളേ,

‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നത് രാജസ്ഥാന്റെയും രാജ്യത്തിന്റെയും വികസനത്തിനുള്ള നമ്മുടെ മന്ത്രമാണ്. ഈ മന്ത്രം പിൻപറ്റി, ഞങ്ങൾ കഴിവുള്ളതും സമർത്ഥവും സമൃദ്ധവുമായ ഒരു ഇന്ത്യ ഉണ്ടാക്കുകയാണ്. ഇപ്പോൾ, ഞാൻ ഇവിടെ കൂടുതൽ നേരം തുടരില്ല. 15 മിനിറ്റിന് ശേഷം, അടുത്തുള്ള ഒരു പൊതു പരിപാടിയിൽ ഞാൻ സംസാരിക്കണം. രാജസ്ഥാനിൽ നിന്നുള്ള ധാരാളം ആളുകൾ അവിടെ കാത്തിരിക്കുന്നു. അതിനാൽ, മറ്റ് എല്ലാ വിഷയങ്ങളും ഞാൻ അവിടെയുള്ളവരുമായി പങ്കിടും. അതിനാൽ, ആധുനിക എക്സ്പ്രസ് വേയ്ക്കായി ഒരിക്കൽ കൂടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.

വളരെ നന്ദി !

--ND--


(Release ID: 1898942) Visitor Counter : 137