പ്രധാനമന്ത്രിയുടെ ഓഫീസ്‌

തുമക്കൂറുവിലെ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു


തുമക്കൂറു വ്യാവസായിക ടൗൺഷിപ്പിനും രണ്ട് ജൽ ജീവൻ ദൗത്യ പദ്ധതികൾക്കും തറക്കല്ലിട്ടു

"നിക്ഷേപകർ ആദ്യം തെരഞ്ഞെടുക്കുന്ന ഇടമായി കർണാടകത്തെ ഇരട്ട-എൻജിൻ ഗവണ്മെന്റ് മാറ്റിയെടുത്തു"

"നമ്മുടെ പ്രതിരോധ ആവശ്യങ്ങൾക്കായുള്ള വിദേശ ആശ്രിതത്വം കുറയ്ക്കണം"

"രാഷ്ട്രം ആദ്യം" എന്ന മനോഭാവത്താൽ വിജയം ഉറപ്പാണ്"

"എച്ച്എഎല്ലിന്റെ ഈ ഫാക്ടറിയും വർദ്ധിച്ചുവരുന്ന ശക്തിയും അസത്യത്തിന്റെ വക്താക്കളെ തുറന്നുകാട്ടി"

"ഭക്ഷ്യ പാർക്കിനും എച്ച്‌എഎല്ലിനും ശേഷം തുമക്കൂറുവിനുള്ള വലിയ സമ്മാനമാണ് വ്യാവസായിക ടൗൺഷിപ്പ്. ഇതു തുമക്കൂറുവിനെ രാജ്യത്തെ വലിയ വ്യാവസായികകേന്ദ്രമായി വികസിപ്പിക്കാൻ സഹായിക്കും"

"ഇരട്ട എൻജിൻ ഗവണ്മെന്റ് സാമൂഹിക അടിസ്ഥാന സൗകര്യങ്ങളിലും ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലും തുല്യ ശ്രദ്ധ ചെലുത്തുന്നു"

"സമർഥ ഭാരത്, സമ്പന്ന ഭാരത്, സ്വയംപൂർണ ഭാരത്, ശക്തിമാൻ ഭാരത്, ഗതിവാൻ ഭാരത് എന്നിവയുടെ ദിശയിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് ഈ ബജറ്റ്"

"ഈ ബജറ്റിൽ നൽകിയ നികുതി ആനുകൂല്യങ്ങൾ കാരണം ഇടത്തരക്കാരിൽ വലിയ ഉത്സാഹമുണ്ട്"

"സ്ത്രീകളുടെ സാമ്പത്തിക ഉൾപ്പെടുത്തൽ കുടുംബങ്ങളിൽ അവരുടെ ശബ്ദം ശക്തിപ്പെടുത്തുന്നു; ഈ ബജറ്റിൽ അതിനായി നിരവധി വ്യവസ്ഥകളുണ്ട്"

Posted On: 06 FEB 2023 6:23PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തുമക്കൂറുവിൽ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി നാടിനു സമർപ്പിച്ചു. തുമക്കൂറു വ്യാവസായി ടൗൺഷിപ്പിന്റെയും തിപ്തൂരിലെയും ചിക്കനായകനഹള്ളിയിലെയും രണ്ട് ജൽ ജീവൻ ദൗത്യ പദ്ധതികളുടെയും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. ഹെലികോപ്ടർ നിർമാണയൂണിറ്റും സ്ട്രക്ചർ ഹാംഗറും സന്ദർശിച്ച പ്രധാനമന്ത്രി, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ അനാച്ഛാദനം ചെയ്യുകയും ചെയ്തു.

ആത്മീയത, വിജ്ഞാനം, ശാസ്ത്രമൂല്യങ്ങൾ എന്നിവയുടെ ഭാരതീയ പാരമ്പര്യങ്ങളെ എന്നും ശക്തിപ്പെടുത്തിയിട്ടുള്ള സന്ന്യാസിമാരുടെയും ഋഷിമാരുടെയും നാടാണ് കർണാടകമെന്ന് സദസ്സിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. തുമക്കൂറുവിന്റെ സവിശേഷ പ്രാധാന്യവും സിദ്ധഗംഗ മഠത്തിന്റെ സംഭാവനകളും അദ്ദേഹം എടുത്തുപറഞ്ഞു. പൂജ്യ ശിവകുമാർ സ്വാമി അവശേഷിപ്പിച്ച അന്ന, അക്ഷര, ആശ്രയ എന്നിവയുടെ പൈതൃകമാണ് ഇന്ന് ശ്രീ സിദ്ധലിംഗ സ്വാമികൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അദ്ദേഹം അറിയിച്ചു.

യുവാക്കൾക്ക് തൊഴിലവസരങ്ങൾ, ഗ്രാമീണ സമൂഹത്തിന്റെയും സ്ത്രീകളുടെയും ജീവിതം സുഗമമാക്കൽ, സായുധ സേനയെ ശക്തിപ്പെടുത്തൽ, മെയ്ഡ് ഇൻ ഇന്ത്യ എന്ന ആശയം എന്നിവയുമായി ബന്ധപ്പെട്ട നൂറുകണക്കിന് കോടി രൂപയുടെ നിരവധി പദ്ധതികൾ ഇന്ന് സമർപ്പിക്കപ്പെടുകയോ തറക്കല്ലിടുകയോ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കർണാടകത്തിലെ യുവാക്കളുടെ കഴിവിനെയും നവീകരണത്തെയും പ്രകീർത്തിച്ച പ്രധാനമന്ത്രി, ഡ്രോണുകൾ മുതൽ തേജസ് യുദ്ധവിമാനങ്ങൾ വരെയുള്ള ഉൽപ്പന്നങ്ങളിലാണ് ഉൽപ്പാദന മേഖലയുടെ കരുത്തു പ്രകടമാകുന്നതെന്നും പറഞ്ഞു. “നിക്ഷേപകർ ആദ്യം തെരഞ്ഞെടുക്കുന്ന ഇടമായി കർണാടകത്തെ ഇരട്ട-എൻജിൻ ഗവണ്മെന്റ് മാറ്റിയെടുത്തു”. പ്രതിരോധ ആവശ്യങ്ങൾക്കായുള്ള വിദേശ ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള പ്രതിജ്ഞയോടെ 2016ൽ പ്രധാനമന്ത്രി തറക്കല്ലിട്ട എച്ച്എഎൽ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ഇന്ന് സായുധ സേനകൾ ഉപയോഗിക്കുന്ന നൂറുകണക്കിന് ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്നതിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. "അത്യാധുനിക അസോൾട്ട് റൈഫിളുകൾ മുതൽ ടാങ്കുകൾ, വിമാനവാഹിനിക്കപ്പലുകൾ, ഹെലികോപ്റ്ററുകൾ, യുദ്ധവിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ തുടങ്ങി എല്ലാം ഇന്ത്യ നിർമ്മിക്കുന്നു"- പ്രധാനമന്ത്രി പറഞ്ഞു. എയ്റോസ്പേസ് മേഖലയിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, കഴിഞ്ഞ 8-9 വർഷത്തിനുള്ളിൽ ഈ മേഖലയിൽ നടത്തിയ നിക്ഷേപം 2014ന് മുമ്പും 15 വർഷം മുമ്പും നടത്തിയ നിക്ഷേപത്തിന്റെ അഞ്ചിരട്ടിയാണെന്നു ചൂണ്ടിക്കാട്ടി. മെയ്ഡ് ഇൻ ഇന്ത്യ ആയുധങ്ങൾ നമ്മുടെ സായുധ സേനകൾക്ക് വിതരണം ചെയ്യുക മാത്രമല്ല, പ്രതിരോധ കയറ്റുമതിയും 2014ന് മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് പലമടങ്ങ് വർധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമീപ ഭാവിയിൽ നൂറുകണക്കിനു ഹെലികോപ്റ്ററുകൾ ഈ കേന്ദ്രത്തിൽ നിർമിക്കുമെന്നും ഇത് 4 ലക്ഷം കോടി രൂപയുടെ ഇടപാടുകൾക്കു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഇത്തരം നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കപ്പെടുമ്പോൾ, അത് സായുധ സേനയെ ശക്തിപ്പെടുത്തുക മാത്രമല്ല, തൊഴിലും സ്വയംതൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു". തുമക്കൂറുവിലെ ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രത്തിന് സമീപമുള്ള ചെറുകിട വ്യവസായങ്ങൾ ശാക്തീകരിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.

‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്താൽ വിജയം സുനിശ്ചിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലെ നവീകരണവും പരിഷ്കരണങ്ങളും സ്വകാര്യമേഖലയ്ക്ക് അവസരങ്ങൾ തുറന്നുകൊടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

എച്ച്എഎല്ലിന്റെ പേരിൽ ഗവണ്മെന്റിനെ ലക്ഷ്യമിട്ടുള്ള സമീപകാല പ്രചാരണങ്ങളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, അസത്യം എത്ര വലുതായാലും പതിവായാലും ഉയർന്നതായാലും എല്ലായ്പോഴും സത്യത്തിന് മുന്നിൽ പരാജയപ്പെടുമെന്നു വ്യക്തമാക്ക‌ി. "ഈ ഫാക്ടറിയും എച്ച്എഎല്ലിന്റെ വർദ്ധിച്ചുവരുന്ന ശക്തിയും അസത്യത്തിന്റെ വക്താക്കളെ തുറന്നുകാട്ടി. യാഥാർത്ഥ്യം സ്വയം സംസാരിക്കുന്നു”- അദ്ദേഹം പറഞ്ഞു, ഇന്ന് അതേ എച്ച്എഎൽ ഇന്ത്യൻ സായുധ സേനയ്‌ക്കായി ആധുനിക തേജസ് നിർമ്മിക്കുകയാണെന്നും ആഗോള ആകർഷണത്തിന്റെ കേന്ദ്രമാണെന്നും പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യ പാർക്കിനും എച്ച്‌എഎല്ലിനും ശേഷം തുമക്കൂറുവിനുള്ള വലിയ സമ്മാനമാണ് വ്യാവസായിക ടൗൺഷിപ്പെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് തുമക്കുറുവിനെ രാജ്യത്തിന്റെ വലിയ വ്യവസായ കേന്ദ്രമായി വികസിപ്പിക്കാൻ സഹായിക്കും. പ്രധാനമന്ത്രി ഗതിശക്തി ആസൂത്രണപദ്ധതിക്കു കീഴിൽ ടൗൺഷിപ്പ് വികസിപ്പിക്കുന്നതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ഇത് മുംബൈ-ചെന്നൈ ഹൈവേ, ബംഗളൂരു വിമാനത്താവളം, തുമക്കൂറു റെയിൽവേ സ്റ്റേഷൻ, മംഗളൂരു തുറമുഖം എന്നിവ വഴി ബഹുതല സമ്പർക്ക സംവിധാനവുമായി ബന്ധിപ്പിക്കും.

"ഇരട്ട എൻജിൻ ഗവൺമെന്റ് ശാരീരിക അടിസ്ഥാന സൗകര്യങ്ങൾക്ക് നൽകുന്നതുപോലെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളിലും തുല്യ ശ്രദ്ധ ചെലുത്തുന്നു", ശ്രീ മോദി പറഞ്ഞു. ഈ വർഷത്തെ ബജറ്റിലേക്ക് വെളിച്ചം വീശി, ജൽ ജീവൻ ദൗത്യത്തിന്റെ ബജറ്റ് വിഹിതത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20,000 കോടി രൂപയുടെ വർധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ വീടുകളിലേക്കു വെള്ളമെടുക്കാൻ ഒരുപാടു ദൂരം യാത്ര ചെയ്യേണ്ടതില്ലാത്ത അമ്മമാരും സഹോദരിമാരുമാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പദ്ധതിയുടെ വ്യാപ്തി 3 കോടി ഗ്രാമീണ കുടുംബങ്ങളിൽ നിന്ന് 11 കോടി ഗ്രാമീണ കുടുംബങ്ങളായി ഉയർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടി, തുമക്കൂറു, ചിക്കമംഗളൂരു, ചിത്രദുർഗ, ദാവൻഗെരെ, മധ്യ കർണാടകത്തിലെ വരൾച്ച ബാധിത പ്രദേശങ്ങൾ എന്നിവയ്ക്ക് പ്രയോജനം ചെയ്യുന്ന അപ്പർ ഭദ്ര പദ്ധതിക്ക് 5,500 കോടി രൂപ അനുവദിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഴവെള്ളത്തെ ആശ്രയിക്കുന്ന കർഷകർക്കുള്ള നേട്ടങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഈ വർഷത്തെ മധ്യവർഗ സൗഹൃദ ബജറ്റ് ‘വികസിത ഭാരത’ത്തിനായുള്ള എല്ലാവരുടെയും ശ്രമങ്ങൾക്ക് ശക്തി പകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “സമർഥ് ഭാരത്, സമ്പന്ന ഭാരത്, സ്വയംപൂർണ ഭാരത്, ശക്തിമാൻ ഭാരത്, ഗതിവാൻ ഭാരത് എന്നിവയുടെ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ് ഈ ബജറ്റ്. എല്ലാവരേയും സ്പർശിക്കുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന, ജനപ്രിയ ബജറ്റാണിത്”, പ്രധാനമന്ത്രി പറഞ്ഞു. കാർഷിക മേഖലയിലെ പിന്നാക്കക്കാർക്കും യുവാക്കൾക്കും സ്ത്രീകൾക്കും ബജറ്റിന്റെ പ്രയോജനങ്ങൾ അദ്ദേഹം വിശദീകരിച്ചു. “നിങ്ങളുടെ ആവശ്യങ്ങൾ, നിങ്ങൾക്ക് നൽകേണ്ട സഹായം, നിങ്ങളുടെ വരുമാനം എന്നീ മൂന്ന് വശങ്ങളും ഞങ്ങൾ മനസ്സിൽ സൂക്ഷിച്ചു,” അദ്ദേഹം പറഞ്ഞു.

ഗവണ്മെന്റ് സഹായം ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായ സമൂഹത്തിലെ ആ വിഭാഗത്തെ ശാക്തീകരിക്കാൻ 2014 മുതൽ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങൾ പ്രധാനമന്ത്രി വ‌ിശദീകരിച്ചു. "ഒന്നുകിൽ ഗവണ്മെന്റ് പദ്ധതികൾ അവരിലേക്ക് എത്തിയില്ല. അല്ലെങ്കിൽ അത് ഇടനിലക്കാർ കൊള്ളയടിച്ചു"- നേരത്തെ നിഷേധിക്കപ്പെട്ടിരുന്ന എല്ലാ വിഭാഗത്തിനും തന്റെ ഗവണ്മെന്റ് നൽകിയ സഹായങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ‘ജീവനക്കാർ-തൊഴിലാളി’ വിഭാഗത്തിന് പെൻഷൻ, ഇൻഷുറൻസ് സൗകര്യം ലഭിക്കുന്നത് ഇതാദ്യമായാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുകിട കർഷകരെ സഹായിക്കുന്നതിനുള്ള പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധിയെക്കുറിച്ചു പരാമർശിച്ച അദ്ദേഹം വഴിയോരക്കച്ചവടക്കാർക്കു ലഭിച്ച വായ്പകളെക്കുറിച്ചും പറഞ്ഞു. ഈ വർഷത്തെ ബജറ്റ് അതേ മനോഭാവം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, പിഎം വികാസ് യോജനയെക്കുറിച്ച് പരാമർശിച്ചു. കുംബാര, കമ്മാര, അക്കസാലിഗ, ശിൽപി, ഗരേകേലസ്‌ദവ, ബദ്ഗി തുടങ്ങിയ കരകൗശല വിദഗ്ധർക്കും വിശ്വകർമക്കാർക്കും അവരുടെ കൈകളുടെയും കൈകൊണ്ടുപയോഗിക്കുന്ന ഉപകരണങ്ങളുടെയും വൈദഗ്ധ്യത്തിലൂടെ എന്തെങ്കിലും നിർമിക്കാനും അവരുടെ കലയെയും കഴിവുകളെയും കൂടുതൽ സമ്പന്നമാക്കാനും ഇത് സഹായകമാകും.

ദരിദ്രരെയും നിരാലംബരെയും സഹായിക്കുന്നതിനുള്ള നിരവധി നടപടികൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവർക്ക് സൗജന്യ റേഷനായി 4 ലക്ഷം കോടി രൂപയാണ് ഗവണ്മെന്റ് ചെലവഴിച്ചത്. പാവപ്പെട്ടവർക്ക് ഭവന നിർമ്മാണത്തിനായി അഭൂതപൂർവമായി 70,000 കോടി രൂപ വകയിരുത്തി.

ഇടത്തരക്കാർക്ക് പ്രയോജനപ്പെടുന്ന ബജറ്റിലെ വ്യവസ്ഥകൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ആദായനികുതിയിലെ നികുതി ആനുകൂല്യങ്ങൾ വിശദീകരിച്ചു. “ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതിയില്ലാത്തതിനാൽ ഇടത്തരക്കാരിൽ വളരെയധികം ഉത്സാഹമുണ്ട്. പ്രത്യേകിച്ച് 30 വയസ്സിന് താഴെയുള്ള യുവാക്കൾക്ക്. പുതിയ ജോലി, പുതിയ ബിസിനസ്സ് എന്നിവയിലൂടെ ഓരോ മാസവും കൂടുതൽ പണം അവരുടെ അക്കൗണ്ടിലേക്ക് വരും"- അദ്ദേഹം പറഞ്ഞു. അതുപോലെ, നിക്ഷേപ പരിധി 15 ലക്ഷത്തിൽ നിന്ന് 30 ലക്ഷമാക്കുന്നത് വിരമിച്ച ജീവനക്കാർക്കും മുതിർന്ന പൗരന്മാർക്കും സഹായകമാകും. ലീവ് എൻകാഷ്‌മെന്റിന്റെ നികുതിയിളവ് നേരത്തെയുണ്ടായിരുന്ന 3 ലക്ഷത്തിൽ നിന്ന് 25 ലക്ഷം രൂപയായി ഉയർത്തി.

സ്ത്രീകളുടെ സാമ്പത്തിക ഉൾച്ചേർക്കലിന്റെ കേന്ദ്രീകരണത്തെക്കുറിച്ച്  ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “സ്ത്രീകളുടെ സാമ്പത്തിക ഉൾപ്പെടുത്തൽ കുടുംബങ്ങളിലെ അവരുടെ ശബ്ദം ശക്തിപ്പെടുത്തുകയും ഗാർഹിക തീരുമാനങ്ങളിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ ബജറ്റിൽ, നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും കൂടുതൽ ബാങ്കുകളിൽ ചേരുന്നതിനുള്ള വലിയ നടപടികൾ ഞങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റുകൾ ഞങ്ങൾ കൊണ്ടുവന്നു.” സുകന്യ സമൃദ്ധി, മുദ്ര, ജൻ-ധൻ പദ്ധതി, പിഎം ആവാസ് എന്നിവയ്ക്ക് ശേഷം സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള വലിയ സംരംഭമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെയോ സഹകരണ സംഘങ്ങൾ വിപുലീകരിക്കുന്നതിലൂടെയോ ഓരോ ഘട്ടത്തിലും കർഷകരെ സഹായിക്കുമ്പോൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലാണ് ഈ ബജറ്റിന്റെ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കർഷകർക്കും കന്നുകാലികളെ വളർത്തുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും ഇത് ഗുണം ചെയ്യുമെന്നും കർണാടകത്തിലെ കരിമ്പ് കർഷകർക്ക് കരിമ്പ് സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിന് സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരവധി പുതിയ സഹകരണ സംഘങ്ങൾ രൂപീകരിക്കുമെന്നും സമീപഭാവിയിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതിനായി രാജ്യത്തുടനീളം ധാരാളം സ്റ്റോറുകൾ നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെറുകിട കർഷകർക്ക് പോലും അവരുടെ ധാന്യങ്ങൾ സംഭരിച്ച് മികച്ച വിലയ്ക്ക് വിൽക്കാൻ ഇത് സഹായിക്കും. പ്രകൃതിദത്ത കൃഷിയിലൂടെ ചെറുകിട കർഷകരുടെ ചെലവ് കുറയ്ക്കാൻ ആയിരക്കണക്കിന് സഹായ കേന്ദ്രങ്ങളും സ്ഥാപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കർണാടകത്തിലെ ചെറുധാന്യങ്ങളുടെ പ്രാധാന്യം നിരീക്ഷിച്ച പ്രധാനമന്ത്രി, നാടൻ ധാന്യങ്ങൾക്ക് ‘ശ്രീ അന്ന’ എന്ന വ്യക്തിത്വം നൽകിയ അതേ വിശ്വാസമാണ് രാജ്യം മുന്നോട്ടു വയ്ക്കുന്നതെന്നു പറഞ്ഞു. ഈ വർഷത്തെ ബജറ്റിൽ ചെറുധാന്യ ഉൽപ്പാദനത്തിന് ഊന്നൽ നൽകിയതും കർണാടകത്തിലെ ചെറുകിട കർഷകർക്ക് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടക മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്, കേന്ദ്ര സാമൂഹ്യനീതി -  ശാക്തീകരണ മന്ത്രി ശ്രീ എ നാരായണസ്വാമി, കർണാടക മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയി‌ലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായി, തുമക്കൂറുവിലെ എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. 2016ൽ പ്രധാനമന്ത്രിയാണ് ഇതിന്റെ തറക്കല്ലിട്ടത്. ഹെലികോപ്റ്ററുകൾ നിർമ്മിക്കാനുള്ള ശേഷിയും ആവാസവ്യവസ്ഥയും വർദ്ധിപ്പിക്കുന്ന പുതിയ സമർപ്പിത ഗ്രീൻഫീൽഡ് ഹെലികോപ്റ്റർ ഫാക്ടറിയാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രമായ ഈ ഹെലികോപ്റ്റർ ഫാക്ടറി, തുടക്കത്തിൽ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ (എൽയുഎച്ച്) നിർമ്മിക്കും. എൽയുഎച്ച് തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ച 3-ടൺ ക്ലാസ്, സിംഗിൾ എൻജിൻ മൾട്ടി പർപ്പസ് യൂട്ടിലിറ്റി ഹെലികോപ്‌റ്ററാണ്. ഉയർന്ന സൈന്യസാമര്‍ത്ഥ്യപ്രയോഗമാണ്‌ ഇതിന്റെ അതുല്യമായ സവിശേഷത.

ലഘു പോർ ഹെലികോപ്റ്റർ (എൽസിഎച്ച്), ഇന്ത്യൻ മൾട്ടിറോൾ ഹെലികോപ്റ്റർ (ഐഎംആർഎച്ച്) തുടങ്ങിയ മറ്റ് ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നതിനും എൽസിഎച്ച്, എൽയുഎച്ച്, സിവിൽ എഎൽഎച്ച്, ഐഎംആർഎച്ച് എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും മൊത്തത്തിലുള്ള പരിശോധനയ്ക്കുമായി ഭാവിയിൽ ഫാക്ടറി വിപുലീകരിക്കും. ഭാവിയിൽ സിവിൽ എൽയുഎച്ചുകൾ കയറ്റുമതി ചെയ്യാനുള്ള സാധ്യതയും ഫാക്ടറിക്കുണ്ട്. ഈ സൗകര്യം ഹെലികോപ്റ്ററുകളുടെ മുഴുവൻ ആവശ്യകതയും തദ്ദേശീയമായി നിറവേറ്റാൻ  ഇന്ത്യയെ പ്രാപ്തമാക്കുകയും ഹെലികോപ്റ്റർ രൂപകൽപ്പന, വികസനം, ഇന്ത്യയിലെ നിർമ്മാണം എന്നിവയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുകയും  ചെയ്യും. വ്യവസായം 4.0 നിലവാരത്തിലുള്ള നിർമാണസംവിധാനമാകും ഫാക്ടറിയിൽ ഉണ്ടാകുക. അടുത്ത 20 വർഷത്തിനുള്ളിൽ, 3 മുതൽ 15 ടൺവരെ ഭാരമുള്ള 1000ലധികം ഹെലികോപ്റ്ററുകൾ തുമക്കൂറുവിൽ നിന്ന് ഉൽപ്പാദിപ്പിക്കാനാണ് എച്ച്എഎൽ പദ്ധതിയിടുന്നത്. ഇതുവഴി മേഖലയിൽ 6000ത്തോളം പേർക്ക് തൊഴിൽ ലഭിക്കും.

തുമക്കൂറു  വ്യാവസായിക  ടൗൺഷിപ്പിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് കീഴിൽ, 8484 ഏക്കറിൽ മൂന്ന് ഘട്ടങ്ങളിലായി തുമക്കൂറുവിൽ വ്യാപിച്ചുകിടക്കുന്ന വ്യാവസായിക ടൗൺഷിപ്പിന്റെ വികസനം ചെന്നൈ ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായിട്ടാണ്  ഏറ്റെടുത്തിട്ടുള്ളത്.

തുമക്കൂറുവിലെ തിപ്തൂരിലും ചിക്കനായകനഹള്ളിയിലുമായി രണ്ട് ജൽ ജീവൻ ദൗത്യ പദ്ധതികളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു. തിപ്തൂർ ബഹുഗ്രാമ കുടിവെള്ള വിതരണ പദ്ധതി 430 കോടി രൂപ ചെലവിൽ നിർമിക്കും. ചിക്കനായകനഹള്ളി താലൂക്കിലെ 147 ആവാസ വ്യവസ്ഥകളിലേക്ക് 115 കോടി രൂപ ചെലവിൽ ബഹുഗ്രാമ ജലവിതരണ പദ്ധതി നിർമിക്കും. മേഖലയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ  ഈ പദ്ധതികൾ സഹായിക്കും.

-ND-

(Release ID: 1896783) Visitor Counter : 141