ധനകാര്യ മന്ത്രാലയം

വ്യക്തിഗത ആദായ നികുതിയിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇടത്തരക്കാർക്ക് ഗണ്യമായ നേട്ടമുണ്ടാക്കും


7 ലക്ഷം രൂപ വരെ വരുമാനമുള്ളവർ പുതിയ നികുതി വ്യവസ്ഥയിൽ ആദായ നികുതി നൽകേണ്ടതില്ല

 

നികുതി ഇളവ് പരിധി 3 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു

 

നികുതി ഘടനയിൽ മാറ്റം: സ്ലാബുകളുടെ എണ്ണം അഞ്ചായി കുറച്ചു

 

ശമ്പളക്കാർക്കും പെൻഷൻകാർക്കും ക്രമപ്രകാരമുള്ള കിഴിവിന്റെ വിപുലീകരണത്തിലൂടെ പുതിയ നികുതി വ്യവസ്ഥയുടെ ആനുകൂല്യം ലഭിക്കും

 

പരമാവധി നികുതി നിരക്ക് 42.74 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറച്ചു

 

പുതിയ നികുതി സമ്പ്രദായം സ്ഥിര നികുതി സമ്പ്രദായമായി മാറും

 

പൗരന്മാർക്ക് പഴയ നികുതി വ്യവസ്ഥയുടെ ആനുകൂല്യം നേടാനുള്ള അവസരവുമുണ്ടാകും

 

 

Posted On: 01 FEB 2023 12:57PM by PIB Thiruvananthpuram

രാജ്യത്തെ കഠിനാധ്വാനികളായ മധ്യവർഗത്തിന് പ്രയോജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ 2023-24 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ, വ്യക്തിഗത ആദായനികുതിയുമായി ബന്ധപ്പെട്ട് അഞ്ച് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. റിബേറ്റ്, നികുതി ഘടനയിലെ മാറ്റം, ക്രമപ്രകാരമുള്ള കിഴിവിന്റെ ആനുകൂല്യം പുതിയ നികുതി വ്യവസ്ഥയിലേക്ക് വ്യാപിപ്പിക്കൽ, ഉയർന്ന സർചാർജ് നിരക്ക് കുറയ്ക്കൽ, സർക്കാർ ഇതര ശമ്പളമുള്ള ജീവനക്കാരുടെ വിരമിക്കലിന് ശേഷമുള്ള ലീവ് എൻകാഷ്‌മെന്റിന്റെ നികുതി ഇളവിന്റെ പരിധി നീട്ടൽ എന്നിവയുമായി ബന്ധപ്പെട്ട ഈ പ്രഖ്യാപനങ്ങൾ അധ്വാനിക്കുന്ന മധ്യവർഗത്തിനു ഗണ്യമായ ആനുകൂല്യങ്ങൾ നൽകും.

ഇളവു സംബന്ധിച്ച തന്റെ ആദ്യ പ്രഖ്യാപനത്തിൽ, പുതിയ നികുതി വ്യവസ്ഥയിൽ റിബേറ്റ് പരിധി 7 ലക്ഷം രൂപയായി ഉയർത്താൻ ധനമന്ത്രി നിർദ്ദേശിച്ചു. അതായത് പുതിയ നികുതി വ്യവസ്ഥയിൽ 7 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് നികുതി നൽകേണ്ടതില്ല. നിലവിൽ, 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർ പഴയതും പുതിയതുമായ നികുതി വ്യവസ്ഥകളിൽ ആദായനികുതി അടയ്ക്കുന്നില്ല.

മധ്യവർഗക്കാർക്ക് ആശ്വാസം നൽകി, പുതിയ വ്യക്തിഗത ആദായനികുതി വ്യവസ്ഥയിൽ നികുതി ഘടനയിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചു. സ്ലാബുകളുടെ എണ്ണം അഞ്ചാക്കി കുറയ്ക്കുകയും നികുതി ഇളവ് പരിധി 3 ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു. പുതിയ നികുതി നിരക്കുകൾ ഇവയാണ്: 

ആകെ വരുമാനം (രൂപയിൽ)

നിരക്ക് (ശതമാനം)

3 ലക്ഷം വരെ

നികുതിയില്ല

3 മുതൽ 6 ലക്ഷം വരെ

5

6 മുതൽ 9 ലക്ഷം വരെ

10

9 മുതൽ 12 ലക്ഷം വരെ

15

12 മുതൽ 15 ലക്ഷം വരെ

20

15 ലക്ഷത്തിനുമുകളിൽ

30

പുതിയ വ്യവസ്ഥയിൽ എല്ലാ നികുതിദായകർക്കും ഇത് വലിയ ആശ്വാസം നൽകും. 9 ലക്ഷം രൂപ വാർഷിക വരുമാനമുള്ള ഒരു വ്യക്തി 45,000 രൂപ മാത്രം അടച്ചാൽ മതിയാകും. ഇത് അയാളുടെ വരുമാനത്തിന്റെ 5 ശതമാനം മാത്രമാണ്. ഒരു വ്യക്തി ഇപ്പോൾ നൽകേണ്ട തുകയുടെ 25 ശതമാനം കുറവാണിത്. അതായത് 60,000 രൂപ. അതുപോലെ, 15 ലക്ഷം രൂപ വരുമാനമുള്ള ഒരു വ്യക്തിക്ക് 1.5 ലക്ഷം രൂപയോ അല്ലെങ്കിൽ വരുമാനത്തിന്റെ 10 ശതമാനം മാത്രമോ നൽകിയാൽ മതിയാകും. നിലവിലുള്ള ബാധ്യതയായ 1,87,500 രൂപയിൽ നിന്ന് 20 ശതമാനം കുറവാണിത്.

ക്രമപ്രകാരമുള്ള കിഴിവിന്റെ ആനുകൂല്യം പുതിയ നികുതി വ്യവസ്ഥയിലേക്കും വ്യാപിപ്പിക്കാൻ ധനമന്ത്രി നിർദ്ദേശിച്ചതിനാൽ, ബജറ്റിലെ മൂന്നാമത്തെ നിർദ്ദേശം ശമ്പളക്കാർക്കും കുടുംബ പെൻഷൻകാർ ഉൾപ്പെടെയുള്ള പെൻഷൻകാർക്കും വലിയ ആശ്വാസം നൽകുന്നു. 15.5 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള ഓരോ ശമ്പളക്കാരനും 52,500 രൂപയുടെ ആനുകൂല്യം ലഭിക്കും. നിലവിൽ, ശമ്പളക്കാർക്ക് 50,000 രൂപ ക്രമപ്രകാരമുള്ള കിഴിവും കുടുംബ പെൻഷനിൽ നിന്ന് 15,000 രൂപ വരെ കിഴിവും പഴയ വ്യവസ്ഥയിൽ  മാത്രമേ അനുവദിക്കൂ.

വ്യക്തിഗത ആദായനികുതിയുമായി ബന്ധപ്പെട്ട തന്റെ നാലാമത്തെ പ്രഖ്യാപനത്തിന്റെ ഭാഗമായി, ശ്രീമതി നിർമ്മല സീതാരാമൻ പുതിയ നികുതി വ്യവസ്ഥയിൽ 2 കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് ഏറ്റവും ഉയർന്ന സർചാർജ് നിരക്ക്, 37 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്ക്കാൻ നിർദ്ദേശിച്ചു. ഇത്  ഏറ്റവും ഉയർന്ന നികുതിനിരക്ക് നിലവിലെ 42.74 ശതമാനത്തിൽ നിന്ന് 39 ശതമാനമായി കുറയ്ക്കാൻ ഇടയാക്കും. എന്നിരുന്നാലും, ഈ വരുമാന ഗ്രൂപ്പിൽ പഴയ വ്യവസ്ഥയ്ക്കു കീഴിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് സർചാർജിൽ മാറ്റമൊന്നും നിർദ്ദേശിച്ചിട്ടില്ല.

അഞ്ചാമത്തെ പ്രഖ്യാപനത്തിന്റെ ഭാഗമായി, സർക്കാർ ഇതര ശമ്പളം ലഭിക്കുന്ന  ജീവനക്കാർ വിരമിക്കുമ്പോൾ, സർക്കാർ ശമ്പളമുള്ള വിഭാഗത്തിന് അനുസൃതമായി, ലീവ് എൻക്യാഷ്‌മെന്റിനുള്ള നികുതി ഇളവിന്റെ പരിധി 25 ലക്ഷം രൂപയായി നീട്ടാൻ ബജറ്റ് നിർദ്ദേശിച്ചു. നിലവിൽ പരമാവധി ഒഴിവാക്കാവുന്ന തുക മൂന്ന് ലക്ഷം രൂപയാണ്.

പുതിയ ആദായനികുതി വ്യവസ്ഥയെ സ്ഥിരമായ നികുതി  സമ്പ്രദായമാക്കാൻ ബജറ്റിൽ നിർദ്ദേശിച്ചു. എന്നിരുന്നാലും, പൗരന്മാർക്ക് പഴയ നികുതി വ്യവസ്ഥയുടെ പ്രയോജനം നേടാനുള്ള അവസരവുമുണ്ടാകും.

ND / NS(Release ID: 1895352) Visitor Counter : 682