ധനകാര്യ മന്ത്രാലയം

​ഗവൺമെന്റിന്റെ ക്രിയാത്മക നടപടികളിലൂടെ ആർ ബി ഐയുടെ നിയന്ത്രിത പരിധിക്കുള്ളിൽ പണപ്പെരുപ്പം കൊണ്ടുവന്നു



ഉപഭോക്തൃ വില നാണയപ്പെരുപ്പവും മൊത്ത വില നാണയപ്പെരുപ്പവും യഥാക്രമം 2022 ഡിസംബറിൽ 5.7% ആയും 5.0% ആയും കുറഞ്ഞു


 
2024 സാമ്പത്തിക വർഷത്തിൽ ആഗോള ഉത്പന്ന വിലയിൽ നിന്നുള്ള നാണയപ്പെരുപ്പം കുറയാനും സാധ്യത


Posted On: 31 JAN 2023 1:54PM by PIB Thiruvananthpuram

കേന്ദ്ര ഗവൺമെന്റിന്റെയും റിസർവ് ബാങ്കിന്റെയും (ആർ‌ ബി ‌ഐ) സത്വരവും മതിയായതുമായ നടപടികൾ പണപ്പെരുപ്പത്തിന്റെ വർദ്ധന നിയന്ത്രിക്കുകയും സെൻ‌ട്രൽ ബാങ്കിന്റെ നി‌യന്ത്രിത പരിധിക്കുള്ളിൽ കൊണ്ടുവരികയും ചെയ്‌തുവെന്ന് കേന്ദ്ര ധനകാര്യ - കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിന്റെ മേശപ്പുറത്ത് വെച്ച സാമ്പത്തിക സർവേ 2022-23 റിപ്പോർട്ട് പറയുന്നു.

ഉപഭോക്തൃ വിലക്കയറ്റം: (സി പി ഐ)

2022-ൽ ഇന്ത്യയിലെ ഉപഭോക്തൃ വിലക്കയറ്റം മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയി എന്ന് സർവേ പറയുന്നു. 2022 ഏപ്രിൽ വരെ 7.8 ശതമാനമായി ഉയർന്ന ഘട്ടം, തുടർന്ന് 2022 ഓഗസ്റ്റ് വരെ ഏകദേശം 7.0 ശതമാനമായും 2022 ഡിസംബറിൽ ഏകദേശം 5.7 ശതമാനമായും കുറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ അനന്തരഫലവും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അമിതമായ ചൂട് കാരണം വിളവെടുപ്പിൽ ഉണ്ടായ കുറവുമാണ് മുമ്പുണ്ടായ വർധനയ്ക്ക് കാരണം. വേനൽക്കാലത്ത് അമിതമായ ചൂടും അതിനുശേഷം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അസന്തുലിതമായ മഴയും കാർഷിക മേഖലയെ ബാധിച്ചു. വിതരണം കുറയുകയും ചില പ്രധാന ഉൽപ്പന്നങ്ങളുടെ വില ഉയരുകയും ചെയ്തു.

ഇന്ത്യാ ഗവൺമെന്റിന്റെയും റിസർവ് ബാങ്കിന്റെയും (ആർ ‌ബി‌ ഐ) വേഗത്തിലുള്ളതും മതിയായതുമായ നടപടികൾ പണപ്പെരുപ്പത്തിന്റെ വർദ്ധന നിയന്ത്രിക്കുകയും സെൻട്രൽ ബാങ്കിന്റെ നിയന്ത്രിത പരിധിക്കുള്ളിൽ കൊണ്ടുവരികയും ചെയ്തു. നല്ല കാലവർഷം മതിയായ ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ സഹായിച്ചു.

മൊത്തവില പണപ്പെരുപ്പം: (ഡബ്ല്യു പി ഐ)

കോവിഡ് - 19 കാലഘട്ടത്തിൽ ഡബ്ല്യു പി ഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം താഴ്ന്ന നിലയിലായിരുന്നുവെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ മഹാമാരിക്കു  ശേഷമുള്ള കാലഘട്ടത്തിൽ ഇത് വേഗത കൈവരിക്കാൻ തുടങ്ങിയെന്നും സർവേ സൂചിപ്പിക്കുന്നു. അവശ്യ വസ്തുക്കളുടെ സ്വതന്ത്രമായ നീക്കത്തിനൊപ്പം ആഗോള വിതരണ ശൃംഖലകളെ മോശമാക്കിയതിനാൽ റഷ്യ-യുക്രൈൻ സംഘർഷം ഭാരം കൂടുതൽ വഷളാക്കി. തൽഫലമായി, മൊത്ത പണപ്പെരുപ്പ നിരക്ക് 2022 സാമ്പത്തിക വർഷത്തിൽ ഏകദേശം 13.0 ശതമാനമായി ഉയർന്നു. ഡബ്ല്യു പി ഐ 2022 മേയിലെ 16.6 ശതമാനത്തിൽ നിന്ന് 2022 സെപ്റ്റംബറിൽ 10.6 ശതമാനമായും 2022 ഡിസംബറിൽ 5.0 ശതമാനമായും കുറഞ്ഞു. 

ഭക്ഷ്യ എണ്ണകളുടെ അന്താരാഷ്ട്ര വില ഉയരുന്നതിന്റെ താൽക്കാലിക പ്രഭാവം ആഭ്യന്തര വിലയിലും പ്രതിഫലിച്ചു. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ വിനിമയ നിരക്കിനെയും പ്രതികൂലമായി ബാധിച്ചു, അതുവഴി ഇറക്കുമതി ചെയ്ത സാധനങ്ങളുടെ  ഉയർന്ന വിലയിലേക്ക് നയിച്ചു.

ഡബ്ല്യു പി ഐ, സി പിഐ ട്രെൻഡുകൾ:

താരതമ്യേന ഉയർന്ന മൊത്തവില സൂചിക (ഡബ്ല്യു പി ഐ) പണപ്പെരുപ്പവും താഴ്ന്ന ഉപഭോക്തൃ വില സൂചിക (സി പി ഐ) പണപ്പെരുപ്പവും തമ്മിലുള്ള വ്യത്യാസം 2022 മെയ് മാസത്തിൽ വർദ്ധിച്ചുവെന്ന് സർവേ പറയുന്നു.  എന്നിരുന്നാലും, പണപ്പെരുപ്പത്തിന്റെ രണ്ട് അളവുകൾ തമ്മിലുള്ള അന്തരം അതിനുശേഷം കുറഞ്ഞു. ഇത് സംയോജനത്തിനുള്ള പ്രവണത പ്രകടമാക്കുന്നു.

 

 

ഡബ്ല്യു പി ഐ, സി പിഐ സൂചികകൾ തമ്മിലുള്ള ഒത്തുചേരൽ പ്രധാനമായും രണ്ട് ഘടകങ്ങളാൽ നയിക്കപ്പെടുന്നുവെന്ന് സർവേ നിരീക്ഷിക്കുന്നു. ഒന്നാമതായി, അസംസ്‌കൃത എണ്ണ, ഇരുമ്പ്, അലുമിനിയം, പരുത്തി തുടങ്ങിയ ചരക്കുകളുടെ വിലക്കയറ്റം കുറഞ്ഞത് കുറഞ്ഞ ഡബ്ല്യു പി ഐയിലേക്ക് നയിച്ചു. രണ്ടാമതായി, സേവനങ്ങളുടെ വിലയിലുണ്ടായ വർദ്ധന മൂലം സി പിഐ പണപ്പെരുപ്പം ഉയർന്നു.
 
ആഭ്യന്തര ചില്ലറക്കച്ചവട പണപ്പെരുപ്പം:

ചില്ലറ വിലക്കയറ്റം പ്രധാനമായും കൃഷി, അനുബന്ധ മേഖലകൾ, ഭവന നിർമ്മാണം, തുണിത്തരങ്ങൾ, ഔഷധനിർമ്മാണ മേഖലകളിൽ നിന്നാണ്. 2023 സാമ്പത്തിക വർഷത്തിൽ ചില്ലറ വിലക്കയറ്റത്തെ നയിക്കുന്നത് പ്രധാനമായും ഉയർന്ന ഭക്ഷ്യ വിലക്കയറ്റമായിരിക്കുമെന്ന് സർവേ നിരീക്ഷിക്കുന്നു. 2022 ഏപ്രിലിനും ഡിസംബറിനും ഇടയിൽ ഭക്ഷ്യ വിലപ്പെരുപ്പം 4.2 ശതമാനം മുതൽ 8.6 ശതമാനം വരെയായിരുന്നു. ആഗോള ഉൽപ്പാദനത്തിലെ കുറവും വിവിധ രാജ്യങ്ങളുടെ കയറ്റുമതി നികുതി പിരിവിലെ വർധനയും കാരണം 2022 സാമ്പത്തിക വർഷത്തിൽ ഭക്ഷ്യ എണ്ണകളുടെ അന്താരാഷ്ട്ര വില കുതിച്ചുയർന്നു. ഭക്ഷ്യ എണ്ണയുടെ 60 ശതമാനവും ഇറക്കുമതി ചെയ്താണ് ഇന്ത്യ ആവശ്യം നിറവേറ്റുന്നത്. ഇത് വിലയിലെ അന്താരാഷ്ട്ര ചലനങ്ങൾക്ക് വഴങ്ങുന്നതിലേക്ക് എത്തിക്കുന്നു.

ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇടയിൽ ചില്ലറ വിലക്കയറ്റ നിരക്കിൽ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സർവേ നിരീക്ഷിക്കുന്നു. ഭൂരിഭാഗം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഈ വർഷം നഗരങ്ങളിലെ പണപ്പെരുപ്പത്തേക്കാൾ ഉയർന്ന ഗ്രാമീണ പണപ്പെരുപ്പത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പ്രധാനമായും ഗ്രാമപ്രദേശങ്ങളിലെ ഭക്ഷ്യവിലപ്പെരുപ്പം നേരിയ തോതിൽ ഉയർന്നതാണ് ഇതിന് കാരണം.

വിലക്കയറ്റത്തിൽ നിന്ന് ദുർബലരായ വിഭാഗങ്ങളെ മാറ്റി നിർത്തുന്നതിന്, 80 കോടിയിലധികം ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യ ധാന്യങ്ങൾ നൽകുന്നതിനായി ഗവൺമെന്റ് 2023 ജനുവരി 1 ന് ‘പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന’ എന്ന പുതിയ സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതി ആരംഭിച്ചു.

വില സ്ഥിരതയ്ക്കുള്ള നയ നടപടികൾ:

ആർ ബി ഐയുടെ ആസ്തി നയ സമിതി, ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫെസിലിറ്റി (എൽ എ എഫ്) പ്രകാരമുള്ള പോളിസി റിപ്പോ നിരക്ക് 2022 മെയ് മുതൽ ഡിസംബർ വരെ 4.0 ശതമാനത്തിൽ നിന്ന് 6.25 ശതമാനമായി 225 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുക,  ഗോതമ്പ് ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധനം, അരിക്ക് കയറ്റുമതി തീരുവ ചുമത്തൽ, പയറു വർഗങ്ങളുടെ ഇറക്കുമതി തീരുവയും സെസും കുറയ്ക്കൽ, താരിഫ് യുക്തി സഹമാക്കൽ, ഭക്ഷ്യ എണ്ണ, എണ്ണക്കുരു എന്നിവയുടെ സ്റ്റോക്ക് പരിധി ഏർപ്പെടുത്തൽ, ഉള്ളി, പയർവർഗങ്ങൾ എന്നിവയുടെ ബഫർ സ്റ്റോക്ക് പരിപാലനം, നിർമിത ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ യുക്തിസഹമാക്കൽ  തുടങ്ങിയ സാമ്പത്തിക നടപടികൾ കേന്ദ്ര ​ഗവൺമെന്റ് ഏറ്റെടുത്തു.

 

ഇന്ത്യയുടെ പണപ്പെരുപ്പ നിർവഹണം പ്രത്യേകിച്ചും ശ്രദ്ധേയമാണ്. അത് ഇപ്പോഴും നാണയപ്പെരുപ്പ നിരക്കുമായി മല്ലിടുന്ന വികസിത സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യപ്പെടുത്താവുന്നതാണെന്നും സാമ്പത്തിക സർവേ പറയുന്നു. വികസിത സമ്പദ്‌വ്യവസ്ഥയിലെ പ്രതീക്ഷിത മാന്ദ്യം കാരണം, ആഗോള ചരക്ക് വിലയിൽ നിന്ന് വരുന്ന പണപ്പെരുപ്പ അപകടസാധ്യതകൾ 2023 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വർഷത്തിൽ കുറവായിരിക്കാൻ സാധ്യതയുണ്ട്. കൂടാതെ 2024 സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ വെല്ലുവിളി ഈ വർഷത്തെ അപേക്ഷിച്ച് വളരെ കുറവായിരിക്കുമെന്നും സർവേ വ്യക്തമാക്കുന്നു.

--NS--



(Release ID: 1895203) Visitor Counter : 193