ധനകാര്യ മന്ത്രാലയം
ഡിജിറ്റൽ അടിസ്ഥാന സൗകര്യ ലഭ്യതയും വ്യാപനവും സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നു
2015 നും 2021 നും ഇടയിൽ നഗരപ്രദേശങ്ങളിലെ 158 ശതമാനം വരിക്കാരെ അപേക്ഷിച്ച് ഗ്രാമീണ ഇന്റർനെറ്റ് വരിക്കാരിൽ 200 ശതമാനത്തിന്റെ വർദ്ധന
ഡിജിറ്റൽ അടിസ്ഥാന സൗകര്യ വിവരങ്ങളുടെ തുടർച്ചയായ കൈമാറ്റം ഉറപ്പാക്കുകയും സാമ്പത്തിക മൂല്യം വർധിപ്പിക്കുകയും ചെയ്തു
5 ജി സേവനങ്ങളുടെ സമാരംഭം രാജ്യത്തെ വാർത്താവിനിമയത്തിലെ നാഴികക്കല്ലായി
ഇന്ത്യയുടെ ഡി പി ഐയുടെ സൃഷ്ടിയും ഉപയോഗവും ആഗോള ശ്രദ്ധ ആകർഷിക്കുന്നു
Posted On:
31 JAN 2023 1:47PM by PIB Thiruvananthpuram
പരമ്പരാഗത അടിസ്ഥാന സൗകര്യങ്ങളുടെ പങ്ക് മികച്ച രീതിയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, സമീപ വർഷങ്ങളിൽ, രാജ്യത്തിന്റെ സാമൂഹ്യ - സാമ്പത്തിക വികസനത്തിൽ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ പങ്ക് വലിയ പ്രാധാന്യം നേടിയിട്ടുണ്ട്. വരും വർഷങ്ങളിൽ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും വ്യാപനവും സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുമെന്ന് കേന്ദ്ര ധനകാര്യ - കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ 2022 -23 പറയുന്നു.
ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലെ വികസനം ഡിജിറ്റൽ വ്യാപനം ആഴത്തിലാക്കുന്നു
2014 ന് മുമ്പ് ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനം നഗരങ്ങളിലെ കുടുംബങ്ങളുടെ വിശേഷാവകാശമായി കണക്കാക്കപ്പെട്ടിരുന്നതായി സർവേ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഓരോ പൗരന്റെയും പ്രധാന ഉപയോഗമായി ഡിജിറ്റൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ, ഡിജിറ്റൽ ഇന്ത്യ ഒരു സുപ്രധാന പദ്ധതിയായി 2015 ൽ തുടക്കം കുറിച്ചു. കഴിഞ്ഞ 3 വർഷങ്ങളിൽ (2019-21) ഗ്രാമീണ മേഖലകളിൽ, നഗരവാസികളെ അപേക്ഷിച്ച്, കൂടുതൽ ഇന്റർനെറ്റ് വരിക്കാരെ ചേർത്തു. (യഥാക്രമം ഗ്രാമീണ - നഗര പ്രദേശങ്ങളിൽ 95.76 ദശലക്ഷവും 92.81 ദശലക്ഷവും). ഭാരത് നെറ്റ് പ്രോജക്ട് സ്കീം, ടെലികോം വികസന പദ്ധതി, വികസനം കാംക്ഷിക്കുന്ന ജില്ല പദ്ധതി, സമഗ്ര ടെലികോം വികസന പദ്ധതി (സി ടി ഡി പി) വഴി വടക്കുകിഴക്കൻ മേഖലയിലെ സംരംഭങ്ങൾ, വടക്കു കിഴക്കൻ മേഖലകളിലേക്കുള്ള സംരംഭങ്ങൾ, ഇടതുതീവ്രവാദം ബാധിച്ച (എൽ ഡബ്ല്യു ഇ) പ്രദേശങ്ങളിലേക്കുള്ള സംരംഭങ്ങൾ തുടങ്ങിയ ഗവൺമെന്റ് പദ്ധതികളിലൂടെ ഗ്രാമീണ മേഖലകളിലുടനീളം നടത്തിയ സമർപ്പിത ഡിജിറ്റൽ പരിപാടികളുടെ ഫലമാണിത്.
കോവിഡ് -19 മഹാമാരി കാലത്ത് വ്യവസായങ്ങളും ഉപഭോക്തൃ ആവശ്യകതയും ബാധിക്കപ്പെട്ടപ്പോൾ ഗ്രാമീണ ഇന്ത്യയിലെ ഇന്റർനെറ്റ് വരിക്കാരുടെ ഗണ്യമായ വളർച്ചയാണ് ആഘാതം കുറച്ച പ്രധാന വസ്തുതയെന്ന് സർവേ വിശദീകരിക്കുന്നു. വർഷങ്ങളായി സൃഷ്ടിക്കപ്പെട്ട ഡിജിറ്റൽ അടിസ്ഥാന സൗകര്യ വിവരങ്ങളുടെ തുടർച്ചയായ കൈമാറ്റം മാത്രമല്ല, വ്യവസായങ്ങൾ ഡിജിറ്റലായപ്പോൾ സാമ്പത്തിക മൂല്യം വർദ്ധിപ്പിക്കുകയും ചെയ്തു. 2015 നും 2021 നും ഇടയിൽ ഗ്രാമീണ ഇന്റർനെറ്റ് വരിക്കാരിൽ ഉണ്ടായ 200 ശതമാനം വർധന, നഗര പ്രദേശങ്ങളിലെ 158 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, ഗ്രാമീണ - നഗര ഡിജിറ്റൽ സമ്പർക്ക സൗകര്യങ്ങൾ ഒരേ നിലയിലേക്ക് കൊണ്ടുവരാൻ ഗവൺമെന്റ് ചെലുത്തുന്ന വർധിച്ച പ്രേരണയെ പ്രതിഫലിപ്പിക്കുന്നു.
ഗവൺമെന്റ് സംരംഭങ്ങൾ
ശൃംഖല കൂടുതൽ വിശാലമാക്കുന്നതിന്, സമ്പർക്ക രഹിതമായ പ്രദേശങ്ങളെയും ജനസംഖ്യയെയും ഉൾപ്പെടുത്തുന്നതിന്, ഗവൺമെന്റ് സമർപ്പിത ദീർഘകാല ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്ന് സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. ടെലികോം, നെറ്റ്‌വർക്കിങ് ഉൽപ്പന്നങ്ങൾക്കുള്ള ഉൽപ്പാദന ബന്ധിത ആനുകൂല്യങ്ങൾ (പി എൽ ഐ) പോലുള്ള ഗവൺമെന്റ് പദ്ധതികൾ ആഭ്യന്തര മൊബൈൽ നിർമ്മാണത്തെയും ശൃംഖല സ്ഥാപിക്കലിനെയും പ്രോത്സാഹിപ്പിക്കും. ഭാരത് നെറ്റ് പ്രോജക്റ്റ് പോലുള്ള നടപടികളുടെ തുടർച്ചയായ വ്യാപനം, രാജ്യമെമ്പാടും പ്രവേശനക്ഷമത, താങ്ങാനാകുന്ന വില, സമ്പർക്ക സൗകര്യം, ഉൾക്കൊള്ളൽ എന്നിവ മെച്ചപ്പെടുത്തുന്നതു തുടരും. ഇന്ത്യയുടെ 'ദശകത്തി'ലേക്ക് നാം നീങ്ങുമ്പോൾ, ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റലായി ശാക്തീകരിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ ഇത് സഹായിക്കും.
വിദൂര പ്രദേശങ്ങളിൽ എത്തിച്ചേരുന്നു
താഴെത്തട്ടിൽ ഡിജിറ്റൽ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ഉപഭോക്തൃ അനുഭവം വർധിപ്പിക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിൽ 4 ജി മൊബൈൽ സേവനങ്ങളുടെ പൂർണതയ്ക്കായി ഒരു പദ്ധതിക്ക് അംഗീകാരം നൽകുന്നതും മറ്റു സംരംഭങ്ങളിൽ ഉൾപ്പെടുന്നുവെന്ന് സാമ്പത്തിക സർവേ പറയുന്നു. ഇതുകൂടാതെ വടക്കു കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഗവൺമെന്റ് ഒരു സമഗ്ര ടെലികോം വികസന പദ്ധതി (സി ടി ഡി പി) നടപ്പാക്കുന്നു. ദ്വീപുകൾക്കായുള്ള സമഗ്ര ടെലികോം വികസന പദ്ധതി എന്ന ഗവൺമെന്റിന്റെ സംരംഭത്തിലൂടെ നമ്മുടെ ദ്വീപുകളെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു സമഗ്ര സംരംഭവും യാഥാർത്ഥ്യമായി.
5 ജി സമാരംഭം - നാഴികക്കല്ലായ നേട്ടം
ഇന്ത്യയിലെ വാർത്താ വിനിമയത്തിലെ നാഴികക്കല്ലായ നേട്ടം 5 ജി സേവനങ്ങൾ ആരംഭിച്ചതാണ് എന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ടെലികോം പരിഷ്കാരങ്ങളും വ്യക്തമായ നയ നിർദ്ദേശങ്ങളും 2022 ലെ സ്പെക്ട്രം ലേലത്തിന് എക്കാലത്തെയും ഉയർന്ന ബിഡ്‌സ് നേടിക്കൊടുത്തു. ഒരു പ്രധാന പരിഷ്കരണ നടപടിയെന്ന നിലയിൽ, 2022 ലെ ഇന്ത്യൻ ടെലിഗ്രാഫ് റൈറ്റ് ഓഫ് വേ (ഭേദഗതി) ചട്ടങ്ങൾ, വേഗത്തിലുള്ള 5 ജി നടപ്പാക്കൽ പ്രാപ്തമാക്കുന്നതിന് ടെലിഗ്രാഫ് അടിസ്ഥാന സൗകര്യം വേഗത്തിലും എളുപ്പത്തിലും വിന്യസിക്കൻ സഹായിക്കും. നവീകരണം, ഉൽപ്പാദനം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ഫ്രീക്വൻസി ബാൻഡുകളുടെ ഡിലൈസെൻസിങ് ഉൾപ്പെടെ, വയർലെസ് ലൈസൻസിംഗിൽ ഗവൺമെന്റ് നടപടിക്രമങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. നാഷണൽ ഫ്രീക്വൻസി അലോക്കേഷൻ പ്ലാൻ 2022 (എൻ എഫ് എ പി) സ്പെക്ട്രത്തിന്റെ ഉപയോക്തക്കൾക്ക് അതിൽ നൽകിയിരിക്കുന്ന പ്രസക്തമായ ആവൃത്തിക്കും പാരാമീറ്ററുകൾക്കും അനുസൃതമായി അവരുടെ ശൃംഖലകൾ ആസൂത്രണം ചെയ്യാൻ മാർഗ്ഗനിർദ്ദേശം നൽകും.
പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ചയുടെ കഥ
ആധാർ ആദ്യമായി അവതരിപ്പിച്ച 2009 മുതലുള്ള പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ യാത്ര അവിസ്മരണീയമാണെന്ന് സാമ്പത്തിക സർവേ നിരീക്ഷിക്കുന്നു. ഇപ്പോൾ പതിനാലു വർഷമാകുന്നു. അതിനു ശേഷമുള്ള ഡിജിറ്റൽ യാത്ര രാജ്യത്തെ വളരെയധികം മുന്നോട്ട് നയിച്ചു. ഡി പി ഐ വളർച്ചയ്ക്ക് ഉത്തേജകമായി പ്രവർത്തിച്ച മൂന്ന് വളർച്ചാ ചാലകങ്ങൾ അനുകൂലമായ ജനസംഖ്യാ ശാസ്‌ത്രം, മധ്യ വർഗത്തിന്റെ വിപുലമായ വികാസം, ഡിജിറ്റൽ പെരുമാറ്റ രീതികൾ എന്നിവയായിരുന്നു. ഈ വളർച്ചാ ചാലകങ്ങളെ പ്രയോജനപ്പെടുത്തുന്നതിലൂടെ, കടലാസ് രഹിതവും പണ രഹിതവുമായ ഇടപാടുകൾ നടത്താൻ ഓരോ വ്യക്തിയെയും വ്യവസായത്തെയും പ്രാപ്തരാക്കുന്ന ഒരു മത്സരാധിഷ്ഠിത ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഇന്ത്യ കെട്ടിപ്പടുത്തു. 'മൈ സ്‌കീം', യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ-ഏജ് ഗവേണൻസ് (ഉമാങ്), 'ഭാഷിണി' തുടങ്ങി ഗവൺമെന്റ് ആരംഭിച്ച വിവിധ പദ്ധതികളും ആപ്ലിക്കേഷനുകളും വിവിധ മേഖലകളിൽ കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകൾ വാഗ്ദാനം ചെയ്യുന്ന ഇ-ഗവൺമെന്റ് സേവനങ്ങൾ പ്രാപ്യമാക്കാൻ പൗരന്മാരെ പ്രാപ്‌തരാക്കുന്നു. ഓപ്പൺ ഫോർജ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ, ഓപ്പൺ സോഴ്സ് സോഫ്‌റ്റ്‌വെയറിന്റെ ഉപയോഗവും ഇ-ഗവേണൻസുമായി ബന്ധപ്പെട്ട സോഴ്സ് കോഡിന്റെ പങ്കിടലും പുനരുപയോഗവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് സർവേ കുറിപ്പുകൾ പറയുന്നു.
ആഗോളതലത്തിൽ അനുരണനം കണ്ടെത്തുന്ന പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ശക്തമായ ഗാഥ ഇന്ന് നമുക്കുണ്ടെന്ന് സാമ്പത്തിക സർവേ പറയുന്നു. ആരോഗ്യ സംരക്ഷണം, കൃഷി, ഫിൻടെക്, വിദ്യാഭ്യാസം, വൈദഗ്ധ്യം തുടങ്ങിയ മേഖലകളിൽ കോവിഡ്- 19 കാലത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ സ്വീകാര്യത സൂചിപ്പിക്കുന്നത്, ഇന്ത്യയിലെ സേവനങ്ങളുടെ ഡിജിറ്റൽ വിതരണത്തിന് സാമ്പത്തിക മേഖലകളിലുടനീളം വൻ സാധ്യതയുണ്ടെന്നാണ്. വികസ്വര രാജ്യങ്ങൾ ആഗോളതലത്തിൽ മികച്ച രീതികൾ പിന്തുടരണമെന്നാണ് സാധാരണയായി നിർദ്ദേശിക്കുന്നത്. എന്നിരുന്നാലും, ഇന്ത്യ എങ്ങനെ അതിന്റെ ഡിപിഐ സൃഷ്ടിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തു എന്നത് ആഗോളതലത്തിൽ പല രാജ്യങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
സാമ്പത്തിക സർവേയിൽ പറയുന്ന നിയമ നിർമ്മാണങ്ങളും ചട്ടക്കൂടുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പ് സംഭവവികാസങ്ങളുടെ വേഗത നിലനിർത്താൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്. വാതിൽപ്പടിയിൽ സേവനങ്ങൾ എത്തിക്കുന്നതിനുള്ള മാധ്യമമായി ആധാറുമായി ഡിജിറ്റൽ യാത്ര ആരംഭിച്ചപ്പോൾ, യു പി ഐ പണമിടപാടു സംവിധാനം അടിസ്ഥാന സൗകര്യങ്ങൾക്കു കരുത്തു പകർന്നു. കോ- വിൻ, ഇ - റുപ്പി, ടി ആർ ഡി എസ്, അക്കൗണ്ട് അഗ്രിഗേറ്ററുകൾ, ഒ എൻ ഡി സി, ഓപ്പൺ ക്രെഡിറ്റ് എനേബിൾമെന്റ് നെറ്റ്‌വർക്ക് (ഒ സി ഇ എൻ) തുടങ്ങിയ മറ്റ് സംരംഭങ്ങൾ നടപ്പിലാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ, ഇന്ത്യ സവിശേഷവും മികച്ചതുമായ ഡിജിറ്റൽ ഗാഥ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ യാത്ര തുടരുകയാണ്. ഇന്ത്യയുടെ പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യ മേഖലയിൽ ഉപയോഗിക്കപ്പെടാത്ത സാധ്യതകളുണ്ട്. ചുരുക്കത്തിൽ, ഭൗതിക - ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ തമ്മിലുള്ള സമന്വയം ഇന്ത്യയുടെ ഭാവി വളർച്ചാ ഗാഥയുടെ നിർണായക സവിശേഷതകളിൽ ഒന്നായിരിക്കുമെന്ന് സർവേ പറയുന്നു.
--NS--
(Release ID: 1895081)
Visitor Counter : 211