പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡല്‍ഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടില്‍ നടന്ന എന്‍സിസി റാലിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 28 JAN 2023 9:48PM by PIB Thiruvananthpuram

 

കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ രാജ്നാഥ് സിംഗ് ജി, ശ്രീ അജയ് ഭട്ട് ജി, സിഡിഎസ് അനില്‍ ചൗഹാന്‍ ജി, മൂന്ന് സേനാ മേധാവികളെ, പ്രതിരോധ സെക്രട്ടറി, ഡിജി എന്‍സിസി, ഇന്നെത്തിയിരിക്കുന്ന വളരെയധികം എണ്ണം അതിഥികളെ, എന്റെ പ്രിയ യുവ സുഹൃത്തുക്കളെ!

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എന്‍സിസി അതിന്റെ 75-ാം വാര്‍ഷികവും ആഘോഷിക്കുന്നു. വര്‍ഷങ്ങളായി എന്‍സിസിയെ പ്രതിനിധീകരിച്ച് രാഷ്ട്രനിര്‍മാണത്തിന് സംഭാവന നല്‍കിയവരെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ന് എന്റെ മുന്നിലുള്ള എന്‍സിസി കേഡറ്റുകള്‍ അതിലും പ്രത്യേകതയുള്ളവരാണ്. ഇന്നത്തെ പരിപാടി രൂപകല്‍പന ചെയ്ത രീതി കാണിക്കുന്നത് കാലം മാത്രമല്ല, അതിന്റെ രൂപവും മാറിയിരിക്കുന്നു എന്നാണ്. കാണികളുടെ എണ്ണവും മുമ്പത്തേക്കാള്‍ കൂടുതലാണ്. പരിപാടി വൈവിധ്യങ്ങളാല്‍ നിറഞ്ഞതാണ്, എന്നാല്‍ ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന അടിസ്ഥാന മന്ത്രം പ്രചരിപ്പിച്ചതിനാല്‍ ഇത് എന്നും ഓര്‍മ്മിക്കപ്പെടും. എന്‍സിസിയുടെ മുഴുവന്‍ ടീമിനെയും അതിന്റെ എല്ലാ ഓഫീസര്‍മാരെയും അഡ്മിനിസ്‌ട്രേറ്റര്‍മാരെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. എന്‍സിസി കേഡറ്റുകള്‍ എന്ന നിലയിലും രാജ്യത്തെ യുവജനങ്ങള്‍ എന്ന നിലയിലും നിങ്ങള്‍ ഒരു 'അമൃത' തലമുറയെ പ്രതിനിധീകരിക്കുന്നു. ഈ 'അമൃത' തലമുറ അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒരു പുതിയ ഉയരത്തിലെത്തിക്കുകയും ഇന്ത്യയെ സ്വയം പര്യാപ്തവും വികസിതവുമാക്കുകയും ചെയ്യും.

സുഹൃത്തുക്കളെ,
ഇപ്പോള്‍, രാജ്യത്തിന്റെ വികസനത്തില്‍ എന്‍സിസിയുടെ പങ്കിനും നിങ്ങള്‍ ചെയ്യുന്ന പ്രശംസനീയമായ പ്രവര്‍ത്തനത്തിനും നാം സാക്ഷ്യം വഹിച്ചു. നിങ്ങളുടെ സഖാക്കളില്‍ ഒരാള്‍ ഏകതാ ജ്വാല എനിക്ക് കൈമാറി. കന്യാകുമാരി മുതല്‍ ഡല്‍ഹി വരെയുള്ള ഈ യാത്ര 60 ദിവസം കൊണ്ട് നിങ്ങള്‍ പൂര്‍ത്തിയാക്കി. ദിവസവും 50 കിലോമീറ്റര്‍ വീതം ഓടി. 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിന്റെ ചൈതന്യം ശക്തിപ്പെടുത്തുന്നതിനായി നിരവധി സഹയാത്രികര്‍ ഈ യൂണിറ്റി ഫ്‌ളെയിം റണ്ണില്‍ പങ്കെടുത്തു. നിങ്ങള്‍ ശരിക്കും പ്രശംസനീയവും പ്രചോദനാത്മകവുമായ ജോലിയാണു ചെയ്തത്. ആകര്‍ഷകമായ സാംസ്‌കാരിക പരിപാടിയും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും നിങ്ങളുടെ വൈദഗ്ധ്യത്തിന്റെയും ഉത്സാഹത്തിന്റെയും ഈ പ്രകടനത്തിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ,
റിപ്പബ്ലിക് ദിന പരേഡില്‍ നിങ്ങളും പങ്കെടുത്തു. ഈ പരേഡ് ആദ്യമായി കാര്‍ത്തവ്യ പഥില്‍ നടന്നതിനാല്‍ സവിഷേഷമായിരുന്നു. ഈ ദിവസങ്ങളില്‍ ഡല്‍ഹിയിലെ കാലാവസ്ഥ അല്‍പ്പം തണുപ്പേറിയതാണ്. നിങ്ങളില്‍ പലര്‍ക്കും ഈ കാലാവസ്ഥ പരിചയമില്ലായിരിക്കാം. എന്നിരുന്നാലും, ഡല്‍ഹിയിലെ ചില സ്ഥലങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ സമയം ചെലവഴിക്കുമോ? ദേശീയ യുദ്ധ സ്മാരകവും പോലീസ് സ്മാരകവും സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍, നിങ്ങള്‍ അവിടെ പോകണം. അതുപോലെ, നിങ്ങള്‍ ചെങ്കോട്ടയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മ്യൂസിയവും സന്ദര്‍ശിക്കണം. സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരെയും പരിചയപ്പെടുത്തുന്നതിനായി ഒരു ആധുനിക പ്രധാനമന്ത്രി മ്യൂസിയവും നിര്‍മ്മിച്ചിട്ടുണ്ട്. കഴിഞ്ഞ 75 വര്‍ഷത്തെ രാജ്യത്തിന്റെ വികസന യാത്രയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ബാബാസാഹേബ് അംബേദ്കറുടെയും മനോഹരമായ മ്യൂസിയങ്ങളും ഇവിടെ കാണാം. ഇവിടെ ഒരുപാട് മനസ്സിലാക്കാനുണ്ട്. ഒരുപക്ഷേ, നിങ്ങള്‍ക്ക് ഈ സ്ഥലങ്ങളില്‍ നിന്ന് കുറച്ച് പ്രചോദനവും പ്രോത്സാഹനവും ലഭിക്കുകയും നിശ്ചയദാര്‍ഢ്യമുള്ള ലക്ഷ്യങ്ങളുമായി തുടര്‍ച്ചയായ പുരോഗതി കൈവരിക്കുകയും ചെയ്യും.

എന്റെ യുവ സുഹൃത്തുക്കളെ,
ഏതൊരു രാജ്യത്തെയും നയിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജം യുവാക്കളാണ്. നിങ്ങളുടെ പ്രായത്തില്‍ ഉത്സാഹവും അഭിനിവേശവുമുണ്ട്. നിങ്ങള്‍ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങള്‍ തീരുമാനങ്ങളാകുകയും ആ തീരുമാനങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ ദൃഢനിശ്ചയം ചെയ്യുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ വിജയിക്കും. ഇന്ത്യയിലെ യുവാക്കള്‍ക്ക് ഇത് പുതിയ അവസരങ്ങളുടെ സമയമാണ്. ഇന്ത്യയുടെ സമയം വന്നിരിക്കുന്നു എന്നാണ് എല്ലാവരും പറയുന്നത്. ഇന്ന് ലോകം മുഴുവന്‍ ഇന്ത്യയിലേക്കാണ് ഉറ്റുനോക്കുന്നത്. ഇതിന് പിന്നിലെ ഏറ്റവും വലിയ കാരണം ഇന്ത്യയിലെ യുവാക്കളാണ്. ഇന്ന്, ഇന്ത്യയിലെ യുവാക്കള്‍ എത്രമാത്രം അറിവുള്ളവരാണ് എന്നതിന്റെ ഒരു ഉദാഹരണം ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ 20 സമ്പദ്വ്യവസ്ഥകളുടെ ഗ്രൂപ്പായ ജി-20 യുടെ ഈ വര്‍ഷത്തെ അധ്യക്ഷ സ്ഥാനം ഇന്ത്യക്കാണെന്നു നിങ്ങള്‍ക്കറിയാം. രാജ്യത്തുടനീളമുള്ള നിരവധി യുവാക്കള്‍ ഇത് സംബന്ധിച്ച് എനിക്ക് കത്തുകള്‍ എഴുതിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. നിങ്ങളെപ്പോലുള്ള യുവാക്കള്‍ രാജ്യത്തിന്റെ നേട്ടങ്ങളിലും മുന്‍ഗണനകളിലും കാണിക്കുന്ന താല്‍പ്പര്യം കാണുമ്പോള്‍ ശരിക്കും അഭിമാനമുണ്ട്.

സുഹൃത്തുക്കളെ,

ആവേശം നിറഞ്ഞ യുവാക്കള്‍ക്കായിരിക്കും ഗവണ്‍മെന്റിന്റെ മുന്‍ഗണന. ഇന്നത്തെ ഇന്ത്യ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്ന എല്ലാ യുവ സുഹൃത്തുക്കള്‍ക്കും വേദിയൊരുക്കാന്‍ ശ്രമിക്കുന്നു. ഇന്ന് ഇന്ത്യയില്‍ യുവാക്കള്‍ക്കായി പുതിയ മേഖലകള്‍ തുറക്കപ്പെടുകയാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവമായാലും സ്റ്റാര്‍ട്ടപ്പ് വിപ്ലവമായാലും നൂതനാശയ വിപ്ലവമായാലും യുവാക്കളാണ് ഏറ്റവും വലിയ ഗുണഭോക്താക്കള്‍. പ്രതിരോധ മേഖലയില്‍ ഇന്ത്യ തുടര്‍ച്ചയായി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ പ്രയോജനം രാജ്യത്തെ യുവാക്കള്‍ക്കും ലഭിക്കുന്നു. റൈഫിളുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും പോലും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, ഇന്ന് സൈന്യത്തിന് ആവശ്യമായ നൂറുകണക്കിന് ഇനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. ഇന്ന്, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നാം അതിവേഗം പ്രവര്‍ത്തിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് പുതിയ സാധ്യതകളും അവസരങ്ങളും കൊണ്ടുവന്നു.

സുഹൃത്തുക്കളെ,
യുവാക്കളെ വിശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന ഫലങ്ങളുടെ ഉത്തമ ഉദാഹരണമാണ് നമ്മുടെ ബഹിരാകാശ മേഖല. യുവ പ്രതിഭകള്‍ക്കായി രാജ്യം ബഹിരാകാശ മേഖലയുടെ വാതിലുകള്‍ തുറന്നിരിക്കുന്നു. കൂടാതെ ആദ്യ സ്വകാര്യ ഉപഗ്രഹം ചുരുങ്ങിയ സമയത്തിനുള്ളില്‍ വിക്ഷേപിച്ചു. അതുപോലെ, ആനിമേഷന്‍, ഗെയിമിംഗ് മേഖല കഴിവുള്ള യുവാക്കള്‍ക്ക് വിപുലമായ അവസരങ്ങള്‍ കൊണ്ടുവന്നു. നിങ്ങള്‍ സ്വയം ഒരു ഡ്രോണ്‍ ഉപയോഗിച്ചിട്ടുണ്ടാവണം, അല്ലെങ്കില്‍ മറ്റാരെങ്കിലും അത് ചെയ്യുന്നത് കണ്ടിരിക്കണം. ഇപ്പോള്‍ ഡ്രോണുകളുടെ സാന്നിധ്യം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിനോദമോ ലോജിസ്റ്റിക്സോ കൃഷിയോ ആകട്ടെ, ഡ്രോണ്‍ സാങ്കേതികവിദ്യ സര്‍വ്വവ്യാപിയാണ്. എല്ലാത്തരം ഡ്രോണുകളും ഇന്ത്യയില്‍ ഒരുക്കാന്‍ ഇന്ന് രാജ്യത്തെ യുവാക്കള്‍ മുന്നോട്ട് വരുന്നു.

സുഹൃത്തുക്കളെ,
യുവാക്കളില്‍ ഭൂരിഭാഗവും നമ്മുടെ സുരക്ഷാ സേനകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു മികച്ച അവസരമാണ്, പ്രത്യേകിച്ച് നമ്മുടെ പെണ്‍മക്കള്‍ക്ക്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പോലീസിലും അര്‍ദ്ധസൈനിക വിഭാഗത്തിലും പെണ്‍കുട്ടികളുടെ എണ്ണം ഇരട്ടിയായി. സേനയുടെ മൂന്ന് വിഭാഗങ്ങളിലും മുന്‍നിരയില്‍ സ്ത്രീകളെ നിയോഗിക്കുന്നതിന് അനുമതി ലഭിച്ചു. ഇന്ന് സ്ത്രീകള്‍ ആദ്യമായി അഗ്‌നിവീറുമാരായി ഇന്ത്യന്‍ നാവികസേനയില്‍ ചേര്‍ന്നു. സായുധ സേനയിലെ യുദ്ധച്ചുമതലകള്‍ സ്ത്രീകളും ഏറ്റെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്‍ഡിഎ പൂനെയില്‍ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു. പട്ടാള സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനാനുമതിയും നമ്മുടെ ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ട്. ഇന്ന് 1500 ഓളം പെണ്‍കുട്ടികള്‍ സൈനിക് സ്‌കൂളുകളില്‍ പഠിക്കാന്‍ തുടങ്ങിയതില്‍ എനിക്ക് സന്തോഷമുണ്ട്. എന്‍.സി.സിയില്‍ പോലും മാറ്റങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കുന്നു. എന്‍സിസിയില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം കഴിഞ്ഞ ദശകത്തില്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരികയാണ്. ഇവിടെ നടന്ന പരേഡും പെണ്‍കുട്ടികളുടെ നേതൃത്വത്തിലായിരുന്നു. അതിര്‍ത്തിയിലും തീരപ്രദേശങ്ങളിലും എന്‍സിസിയുടെ പങ്ക് വിപുലീകരിക്കുന്നതിനായി നിരവധി യുവാക്കള്‍  അണിനിരക്കുന്നുണ്ട്. ഇതുവരെ ഒരു ലക്ഷത്തോളം കേഡറ്റുകള്‍ അതിര്‍ത്തിയില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും ചേര്‍ന്നിട്ടുണ്ട്. ഇത്രയും വലിയ യുവശക്തി രാഷ്ട്രനിര്‍മ്മാണത്തിലും രാജ്യത്തിന്റെ വികസനത്തിലും ഏര്‍പ്പെടുമ്പോള്‍, ഒരു ലക്ഷ്യവും അസാധ്യമായി നിലനില്‍ക്കില്ലെന്ന് ഞാന്‍ വളരെ ആത്മവിശ്വാസത്തോടെ പറയുന്നു. ഒരു സംഘടന എന്ന നിലയിലും വ്യക്തിഗതമായും രാജ്യത്തിന്റെ ദൃഢനിശ്ചയങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ നിങ്ങളെല്ലാം സ്വന്തം പങ്ക് വര്‍ധിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഭാരതമാതാവിനു വേണ്ടിയുള്ള സ്വാതന്ത്ര്യ സമര കാലത്ത് രാജ്യത്തിനുവേണ്ടി ത്യാഗത്തിന്റെ പാത തിരഞ്ഞെടുത്തവരാണ് പലരും. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍, രാജ്യത്തിനുവേണ്ടി ഓരോ നിമിഷവും ജീവിക്കുന്നത് ലോകത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നു. രാജ്യത്തെ ശിഥിലമാക്കാനായി ചിലര്‍, ഈ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിനുള്ള 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന ആശയങ്ങളില്‍ തെറ്റുകള്‍ കണ്ടെത്താന്‍ ഒഴികഴിവുകള്‍ അവലംബിക്കുന്നു. നിരവധി വിഷയങ്ങളുടെ മറവില്‍ ഭാരതമാതാവിന്റെ മക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമം നടക്കുന്നു. ഇത്രയും ദുഷ്‌കരമായ ശ്രമങ്ങള്‍ നടത്തിയിട്ടും ഒരിക്കലും ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ ഒരു വിള്ളലുണ്ടാകില്ല. അതിനാല്‍, ഐക്യത്തിന്റെ മന്ത്രം ഒരു വലിയ ഔഷധമാണ്, ഒരു വലിയ ശക്തിയാണ്. ഇന്ത്യയുടെ ഭാവിയിലേക്കുള്ള ഐക്യത്തിന്റെ ഈ മന്ത്രം ദൃഢനിശ്ചയവും സാധ്യതയും മഹത്വം കൈവരിക്കാനുള്ള ഏക മാര്‍ഗവുമാണ്. ആ പാത പിന്തുടരുകയും ആ പാതയിലെ തടസ്സങ്ങളെ ചെറുക്കുകയും വേണം. രാജ്യത്തിന് വേണ്ടി ജീവിച്ച് സമൃദ്ധമായ ഇന്ത്യയെ കണ്‍മുന്നില്‍ കാണണം. മഹത്തായ ഇന്ത്യയെ കാണാന്‍ ഇതിലും ചെറിയൊരു ദൃഢനിശ്ചയം ഉണ്ടാവില്ല. ഈ ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണത്തിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു. അടുത്ത 25 വര്‍ഷം ഇന്ത്യയുടെ അമൃത കാലമാണ്, അതു നിങ്ങള്‍ക്കും അമൃത കാലമാണ്. വികസിത രാജ്യമായി 2047 ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ ചുക്കാന്‍ പിടിക്കും. സുഹൃത്തുക്കളേ, 25 വര്‍ഷത്തിന് ശേഷം നിങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് സങ്കല്‍പ്പിക്കുക. അതിനാല്‍, നമുക്ക് ഒരു നിമിഷവും അവസരവും നഷ്ടപ്പെടുത്തേണ്ടതില്ല. ഭാരതമാതാവിനെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള ദൃഢനിശ്ചയം നാം മനസ്സില്‍ സൂക്ഷിക്കുകയും പുതിയ നേട്ടങ്ങള്‍ക്കായി മുന്നേറുകയും വേണം. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. പൂര്‍ണ്ണ ശക്തിയോടെ എന്നോടൊപ്പം പറയൂ: ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്! ഭാരത് മാതാ കീ ജയ്!

വന്ദേമാതരം, വന്ദേമാതരം!

വന്ദേമാതരം, വന്ദേമാതരം!

വന്ദേമാതരം, വന്ദേമാതരം!

വന്ദേമാതരം, വന്ദേമാതരം!

ഒത്തിരി നന്ദി.
 
നിരാകരണി: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവര്‍ത്തനമാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പ്രസംഗം.

--NS--



(Release ID: 1894842) Visitor Counter : 129