രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2023 -ലെ റിപ്പബ്ലിക് ദിനത്തിന്റെ പൂര്‍വ്വസന്ധ്യയില്‍ രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുര്‍മു രാഷ്ട്രത്തോടായി  നടത്തിയ അഭിസംബോധനയുടെ മലയാള തര്‍ജ്ജമ

Posted On: 25 JAN 2023 7:42PM by PIB Thiruvananthpuram

പ്രിയപ്പെട്ട സഹ പൗരന്മാരെ,

നമസ്‌കാരം!

74-ാം റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന്, സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരനും എന്റെ ഹൃദയംഗമമായ ആശംസകള്‍. ഭരണഘടന നിലവില്‍ വന്ന നാള്‍ മുതല്‍ ഇന്നുവരെ, മറ്റു പല രാജ്യങ്ങള്‍ക്കും പ്രചോദനമായ വിസ്മയകരമായ യാത്രയായിരുന്നു അത്. ഓരോ പൗരനും ഇന്ത്യയുടെ ഗാഥയില്‍ അഭിമാനിക്കാനുള്ള വകയുണ്ട്. നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍, നാം നേടിയതെല്ലാം, ഒരു രാഷ്ട്രമെന്ന നിലയില്‍, ഒരുമിച്ചാണ് നാം ആഘോഷിക്കുന്നത്.

തീര്‍ച്ചയായും, നിലനില്‍ക്കുന്ന ഏറ്റവും പഴയ നാഗരികതകളി ലൊന്നാണ് ഇന്ത്യ. ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്നാണു വിളിക്കുന്നത്. എന്നിരുന്നാലും, ആധുനിക റിപ്പബ്ലിക് എന്ന നിലയില്‍ നാം ചെറുപ്പമാണ്. സ്വാതന്ത്ര്യത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ നാം എണ്ണമറ്റ വെല്ലുവിളികളും പ്രതികൂല സാഹചര്യങ്ങളും നേരിട്ടു. നീണ്ടകാലത്തെ വിദേശ ഭരണത്തിന്റെ വിവിധ ദൂഷ്യഫലങ്ങളിലെ രണ്ടെണ്ണമായിരുന്നു, വളരെ കൂടിയ അളവിലുള്ള ദാരിദ്ര്യവും നിരക്ഷരതയും. എന്നിട്ടും ഇന്ത്യയുടെ മനോഭാവം അചഞ്ചലമായി നിലകൊണ്ടു. പ്രത്യാശയോടും ആത്മവിശ്വാസത്തോടും, മനുഷ്യരാശിയുടെ ചരിത്രത്തിലെ അതുല്യമായ പരീക്ഷണത്തിനു നാം തുടക്കംകുറിച്ചു. ഇത്രയും വിശാലവും വൈവിധ്യപൂര്‍ണവുമായ ഒരു ജനത, ഒരു രാഷ്ട്രമായി ഒത്തുചേര്‍ന്നു മുന്നേറുന്നത് അഭൂതപൂര്‍വമായിരുന്നു. എല്ലാത്തിനുമുപരി, നാമെല്ലാം ഒന്നാണ്, നാമെല്ലാം ഇന്ത്യക്കാരാണ് എന്ന വിശ്വാസത്തോടെയാണ് നാം അങ്ങനെ ചെയ്തത്. വിവിധ മതങ്ങളും വിവിധ ഭാഷകളും നമ്മെ വിഭജിച്ചില്ല; അവ നമ്മെ ഒന്നിപ്പിക്കുകയാണ് ചെയ്തത്. അതിനാലാണ്, ഒരു ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയില്‍ നാം വിജയിച്ചത്. അതുതന്നെയാണ് ഇന്ത്യയുടെ സത്തയും.

കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച ഭരണഘടനയുടെ കാതല്‍ ആ സത്തയായിരുന്നു. റിപ്പബ്ലിക്കിന്റെ നിലനില്‍പ്പിനു മേല്‍നോട്ടം വഹിക്കുന്ന ഭരണഘടന സ്വാതന്ത്ര്യസമരത്തിന്റെ അനന്തരഫലമായിരുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനം സ്വാതന്ത്ര്യം നേടിയെടുക്കുക എന്നതു പോലെ നമ്മുടെ സ്വന്തം ആദര്‍ശങ്ങള്‍ വീണ്ടെടുക്കുകയുമായിരുന്നു. പതിറ്റാണ്ടുകളുടെ ആ പോരാട്ടവും ത്യാഗവും കോളനിവാഴ്ചയില്‍ നിന്ന് മാത്രമല്ല, അടിച്ചേല്‍പ്പിക്കപ്പെട്ട മൂല്യങ്ങളില്‍ നിന്നും സങ്കുചിതമായ ലോകവീക്ഷണങ്ങളില്‍ നിന്നുമുള്ള മോചനത്തിനും നമ്മെ സഹായിച്ചു. സമാധാനം, സാഹോദര്യം, സമത്വം തുടങ്ങിയ നമ്മുടെ പുരാതന മൂല്യങ്ങളെക്കുറിച്ച് പഠിക്കാന്‍ നമ്മെ സഹായിക്കുന്നതിന്, വിപ്ലവകാരികളും പരിഷ്‌കര്‍ത്താക്കളും, ദാര്‍ശനികരുമായും ആദര്‍ശശാലികളുമായും കൈകോര്‍ത്തു പ്രവര്‍ത്തിച്ചു. ആധുനിക ഇന്ത്യന്‍ ചിന്താഗതിക്കു രൂപംകൊടുത്തവര്‍,(आ नो भद्राः क्रतवो यन्तु विश्वतः)  എല്ലാ ദിക്കില്‍ നിന്നും ശ്രേഷ്ഠമായ ചിന്തകള്‍ നമ്മിലേക്ക് വരട്ടെ' എന്ന വേദോപദേശം പിന്തുടര്‍ന്ന് വിദേശത്തുനിന്നുള്ള പുരോഗമന ആശയങ്ങള്‍ക്കും സ്വാഗതമോതി. ദീര്‍ഘവും ഗഹനവുമായ ചിന്താപ്രക്രിയ നമ്മുടെ ഭരണഘടനയുടെ പൂര്‍ണതയിലെത്തിച്ചു.

നമ്മുടെ സ്ഥാപകരേഖ ലോകത്തു നിലനില്‍ക്കുന്ന ഏറ്റവും പഴക്കംചെന്ന നാഗരികതയുടെ മാനവിക തത്ത്വചിന്തയില്‍ നിന്നും, സമീപകാല ചരിത്രത്തില്‍ ഉയര്‍ന്നുവന്ന പുതിയ ആശയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഭരണഘടനയുടെ കരടുസമിതി തലവനായിരുന്ന ഡോ. ബി.ആര്‍. അംബേദ്കറോട് രാഷ്ട്രത്തിന് എന്നും നന്ദിയുണ്ടായിരിക്കും. അതിന് അന്തിമ രൂപം നല്‍കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കാണു വഹിച്ചത്. ഈ ദിനത്തില്‍, ഭരണഘടനയുടെ പ്രാരംഭ കരട് തയ്യാറാക്കിയ നിയമജ്ഞന്‍ ബി.എന്‍. റാവുവിന്റെയും, ഭരണഘടനാ നിര്‍മാണത്തില്‍ സഹായിച്ച മറ്റ് വിദഗ്ധരുടെയും ഉദ്യോഗസ്ഥരുടെയും പങ്കും നാം ഓര്‍ക്കേണ്ടതുണ്ട്. ആ നിര്‍മാണസഭയിലെ അംഗങ്ങള്‍ ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും സമുദായങ്ങളെയും പ്രതിനിധാനം ചെയ്തിരുന്നു എന്നതില്‍ നാം അഭിമാനിക്കുന്നു; അവരില്‍ 15 വനിതകളും ഉള്‍പ്പെട്ടിരുന്നു.

ഭരണഘടനയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന അവരുടെ കാഴ്ചപ്പാടാണ് നമ്മുടെ റിപ്പബ്ലിക്കിനെ പതിവായി മുന്നോട്ടു നയിക്കുന്നത്. ഈ കാലഘട്ടത്തില്‍, വളരെ ദരിദ്രവും നിരക്ഷരവുമായ രാഷ്ട്രമെന്ന നിലയില്‍ നിന്ന്, ലോകവേദിയില്‍ മുന്നേറുന്ന ആത്മവിശ്വാസമുള്ള രാഷ്ട്രമായി ഇന്ത്യ രൂപാന്തരം പ്രാപിച്ചു. നമുക്കു വഴിതെളിച്ച ഭരണഘടനാനിര്‍മാതാക്കളുടെ അറിവിന്റെ ഒത്തുചേരലില്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.

ബാബാസാഹേബ് അംബേദ്കറും മറ്റുള്ളവരും നമുക്കായി ഭൂപടവും ധാര്‍മികചട്ടക്കൂടും ഒരുക്കിയ സാഹചര്യത്തില്‍, ആ വഴിയിലൂടെ സഞ്ചരിക്കേണ്ട ചുമതല നമ്മുടെ ഉത്തരവാദിത്വമായി തുടരുകയാണ്. അവരുടെ പ്രതീക്ഷകളോട് നാം വലിയ തോതില്‍ സത്യസന്ധത പുലര്‍ത്തുന്നുണ്ട്; എങ്കിലും എല്ലാവരുടെയും ഉന്നമനത്തിനായുള്ള ഗാന്ധിജിയുടെ 'സര്‍വോദയ' എന്ന ആദര്‍ശം സാക്ഷാത്കരിക്കാനായി ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നു നാം മനസിലാക്കുന്നു. എങ്കിലും, എല്ലാ മേഖലകളിലും നാം കൈവരിച്ച പുരോഗതി പ്രോത്സാഹജനകമാണ്.

പ്രിയപ്പെട്ട സഹപൗരന്മാരേ,

'സര്‍വോദയ' എന്ന നമ്മുടെ ദൗത്യത്തില്‍, സാമ്പത്തിക രംഗത്ത് കൈവരിച്ച പുരോഗതിയാണ് ഏറ്റവും പ്രോത്സാഹജനകമായത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി. ലോകമെമ്പാടുമുള്ള കടുത്ത സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നേട്ടം കൈവരിച്ചതെന്ന് എടുത്തുപറയേണ്ടതുണ്ട്. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സാമ്പത്തിക വളര്‍ച്ചയെ ബാധിച്ച്, മഹാമാരി നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. കോവിഡ്-19, പ്രാരംഭ ഘട്ടത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചു. എന്നിരുന്നാലും, കഴിവുറ്റ നമ്മുടെ നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളാല്‍ നയിക്കപ്പെടുകയും, നമ്മുടെ അതിജീവിനശേഷി യാല്‍ നയിക്കപ്പെടുകയും ചെയ്ത നാം,  വൈകാതെ മാന്ദ്യത്തില്‍ നിന്ന് കരകയറുകയും വളര്‍ച്ചാഗാഥ പുനരാരംഭിക്കുകയും ചെയ്തു. സമ്പദ്വ്യവസ്ഥയുടെ മിക്ക മേഖലകള്‍ക്കും മഹാമാരിയുടെ പരിണിതഫലമായി ഇളക്കം തട്ടി. ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഗവണ്മെന്റിന്റെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളാണ് ഇത് സാധ്യമാക്കിയത്. 'ആത്മനിര്‍ഭര്‍ ഭാരത്' സംരംഭം, വിശേഷിച്ചും, വലിയ പ്രതികരണമാണ് ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത്. മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ആനുകൂല്യ പദ്ധതികളും നടപ്പാക്കി.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പദ്ധതികളിലും പരിപാടി കളിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും, ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ അവരെ സഹായിച്ചുവെന്നതും വലിയ സംതൃപ്തിയേകുന്ന കാര്യമാണ്. 2020 മാര്‍ച്ചില്‍ പ്രഖ്യാപിച്ച 'പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന' നടപ്പാക്കിയതിലൂടെ, അഭൂതപൂര്‍വമായി കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, രാജ്യം സാമ്പത്തിക തടസം നേരിട്ട സമയത്ത്, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഗവണ്മെന്റ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ഈ സഹായം ലഭിച്ചതിനാല്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല. പാവപ്പെട്ട കുടുംബങ്ങളുടെ ക്ഷേമം പരമപ്രധാനമായി നിലനിര്‍ത്തിക്കൊണ്ട്, ഈ പദ്ധതിയുടെ കാലാവധി തുടര്‍ച്ചയായി ദീര്‍ഘിപ്പിച്ചു. സഹപൗരന്മാരായ ഏകദേശം 81 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഈ സഹായം കൂടുതല്‍ വിപുലപ്പെടുത്തിക്കൊണ്ട്, 2023ലും ഗുണഭോക്താക്കള്‍ക്ക് അവരുടെ പ്രതിമാസ റേഷന്‍ സൗജന്യമായി ലഭിക്കുമെന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ചു. ചരിത്രപരമായ ഈ നീക്കത്തിലൂടെ, ദുര്‍ബല വിഭാഗങ്ങളെ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്വം ഗവണ്മെന്റ് ഏറ്റെടുക്കുകയും, സാമ്പത്തിക വികസനത്തില്‍ നിന്ന് പ്രയോജനം നേടുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

സമ്പദ്വ്യവസ്ഥ മികച്ച അടിത്തറയില്‍ നില്‍ക്കുമ്പോള്‍, പ്രശംസനീയമായ നിരവധി സംരംഭങ്ങള്‍ ആരംഭിക്കാനും മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങള്‍ക്ക് കഴിഞ്ഞു. എല്ലാ പൗരന്മാര്‍ക്കും വ്യക്തിപരമായും കൂട്ടായും അവരുടെ യഥാര്‍ഥ കഴിവുകള്‍ തിരിച്ചറിയാനും അഭിവൃദ്ധി പ്രാപിക്കാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. വിദ്യാഭ്യാസം ഈ ആവശ്യത്തിനുള്ള ശരിയായ അടിത്തറ പണിയുമ്പോള്‍, ദേശീയ വിദ്യാഭ്യാസ നയം അഭിലഷണീയമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. വിദ്യാഭ്യാസത്തിന്റെ രണ്ട് ലക്ഷ്യങ്ങളെ അത് ശരിയായി അഭിസംബോധന ചെയ്യുന്നു: സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിന്റെ ഉപാധിയെന്ന നിലയിലും സത്യം കണ്ടെത്തുന്നതിനുള്ള മാര്‍ഗം എന്ന നിലയിലും. ഈ നയം നമ്മുടെ നാഗരിക പാഠങ്ങളെ സമകാലിക ജീവിതത്തിന് പ്രസക്തമാക്കുന്നു. അതേസമയം, 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ക്ക് പഠിതാവിനെ തയ്യാറാക്കുകയും ചെയ്യുന്നു. പഠനപ്രക്രിയ വിപുലീകരിക്കുന്നതിലും ആഴത്തിലാക്കുന്നതിലും സാങ്കേതികവിദ്യയുടെ പങ്കിനെ ദേശീയ വിദ്യാഭ്യാസ നയം അഭിനന്ദിക്കുന്നു.

കോവിഡ്-19ന്റെ ആദ്യനാളുകള്‍ മുതല്‍ നാം തിരിച്ചറിഞ്ഞതു പോലെ, സാങ്കേതികവിദ്യ ജീവിതത്തെ മാറ്റിമറിക്കുന്ന സാധ്യതകളാണു വാഗ്ദാനം ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യ ദൗത്യം ഗ്രാമ-നഗര വിഭജനം നികത്തി വിവര വിനിമയ സാങ്കേതിക വിദ്യകള്‍ ഏവരിലേക്കും എത്തിക്കുന്നതിനാണു പരിശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതിനനുസരിച്ച് വിദൂര സ്ഥലങ്ങളില്‍ കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റിന്റെ നേട്ടങ്ങള്‍ കൊയ്യുകയും ഗവണ്മെന്റ് നല്‍കുന്ന വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ശാസ്ത്ര സാങ്കേതിക മേഖലകളിലും നമ്മുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ നമുക്ക് വകയുണ്ട്. ബഹിരാകാശ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ വിരലിലെണ്ണാവുന്ന മുന്‍നിരരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്‌കരണങ്ങള്‍ നടക്കുന്നതിനാല്‍, ഇപ്പോള്‍ സ്വകാര്യ സംരംഭങ്ങളെയും ഗവേഷണങ്ങളുടെ ഭാഗമാകാന്‍ ക്ഷണിക്കുന്നു. ഇന്ത്യന്‍ ബഹിരാകാശസഞ്ചാരികളെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാനുള്ള 'ഗഗന്‍യാന്‍' പദ്ധതി പുരോഗമിക്കുകയാണ്. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയാണിത്. എന്നിരുന്നാലും, നക്ഷത്രങ്ങളുടെ അടുത്തെത്തുമ്പോഴും നാം നമ്മുടെ കാലുകള്‍ നിലത്തുറപ്പിച്ചു നില്‍ക്കും.

ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന് കരുത്ത് പകരുന്നത് അസാധാരണ സ്ത്രീകളുടെ സംഘമാണ്. നമ്മുടെ സഹോദരിമാരും പെണ്‍മക്കളും മറ്റ് മേഖലകളിലും ഒട്ടും പിന്നിലല്ല. സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ഇനി വെറും മുദ്രാവാക്യങ്ങളല്ല. കാരണം ഈ ആദര്‍ശങ്ങളില്‍ സമീപ വര്‍ഷങ്ങളില്‍ നാം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' ക്യാമ്പയിനിലെ ജനപങ്കാളിത്തത്തോടെ, എല്ലാ പ്രവര്‍ത്തനമേഖല കളിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തുമ്പോഴും വിവിധ പ്രൊഫഷണലുകളുടെ പ്രതിനിധി സംഘങ്ങളെ കാണുമ്പോഴും യുവതികളുടെ ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തുന്നു. നാളത്തെ ഇന്ത്യയെ രൂപപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് അവരാണെന്നതില്‍ എനിക്ക് സംശയമില്ല. ജനസംഖ്യയുടെ ഈ പകുതിയെ അവരുടെ കഴിവിന്റെ പരമാവധി രാഷ്ട്രനിര്‍മാണത്തിന് സംഭാവനയേകാന്‍ പ്രോത്സാഹിപ്പിച്ചാല്‍ എന്തൊക്കെ അത്ഭുതങ്ങള്‍ കൈവരിച്ചുകൂടാ?

ശാക്തീകരണത്തിന്റെ ഇതേ കാഴ്ചപ്പാടാണ് പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളോടുള്ള ഗവണ്മെന്റിന്റെ സമീപനത്തെ നയിക്കുന്നത്. വാസ്തവത്തില്‍, പ്രതിബന്ധങ്ങള്‍ നീക്കി അവരെ വികസനത്തില്‍ സഹായിക്കുക മാത്രമല്ല, അവരില്‍ നിന്ന് പഠിക്കുക കൂടിയാണ് ലക്ഷ്യം. ആദിവാസി സമൂഹങ്ങള്‍ക്ക്, പ്രത്യേകിച്ച്, പരിസ്ഥിതി സംരക്ഷണം മുതല്‍ സമൂഹത്തെ കൂടുതല്‍ ഒത്തൊരുമയുള്ളതാക്കുന്നത് വരെയുള്ള പല മേഖലകളിലും സമ്പന്നമായ പാഠങ്ങള്‍ നല്‍കാനുണ്ട്.

പ്രിയ സഹപൗരന്മാരേ,

ഭരണത്തിന്റെ എല്ലാ വശങ്ങളെയും പരിവര്‍ത്തനം ചെയ്യുന്നതിനും ആളുകളുടെ സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജം പ്രയോജനപ്പെടുത്തുന്നതിനും ഉള്ള  സമീപ വര്‍ഷങ്ങളിലെ ഒരു കൂട്ടം സംരംഭങ്ങളുടെ ഫലമായി, ലോകം ഇന്ത്യയെ ഒരു പുതിയ ആദരവോടെ വീക്ഷിക്കാന്‍ തുടങ്ങി. വിവിധ ലോക ഫോറങ്ങളിലെ നമ്മുടെ ഇടപെടലുകള്‍ നല്ല മാറ്റമുണ്ടാക്കാന്‍ തുടങ്ങി. ലോക വേദിയില്‍ ഇന്ത്യ നേടിയെടുത്ത ആദരവ് പുതിയ അവസരങ്ങള്‍ക്കും അതോടൊപ്പം ഉത്തരവാദിത്തങ്ങള്‍ക്കും കാരണമായി. ഈ വര്‍ഷം, നിങ്ങള്‍ക്കറിയാവുന്നതുപോലെ, 20 രാജ്യങ്ങളുടെ ഗ്രൂപ്പിന്റെ അധ്യക്ഷ  സ്ഥാനം ഇന്ത്യ വഹിക്കുന്നു. സാര്‍വത്രിക സാഹോദര്യം എന്ന മുദ്രാവാക്യവുമായി, എല്ലാവരുടെയും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു. അങ്ങനെ, ജി 20 അധ്യക്ഷത, ജനാധിപത്യവും ബഹുമുഖത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരവും മെച്ചപ്പെട്ട ലോകത്തെയും മികച്ച ഭാവിയും രൂപപ്പെടുത്തുന്നതിനുള്ള ശരിയായ ഫോറവുമാണ്. ഇന്ത്യയുടെ നേതൃത്വത്തില്‍, കൂടുതല്‍ സമത്വവും സുസ്ഥിരവുമായ ലോകക്രമം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജി20 യ്ക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

ജി20 ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ആഗോള ജിഡിപിയുടെ 85 ശതമാനവും പ്രതിനിധീകരിക്കുന്നതിനാല്‍, ആഗോള വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള അനുയോജ്യമായ ഒരു വേദിയാണിത്. എന്റെ മനസ്സില്‍, ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് അവയില്‍ ഏറ്റവും  പ്രാധാന്യമര്‍ഹിക്കുന്നത് . ആഗോള താപനില ഉയരുകയും തീവ്ര കാലാവസ്ഥ അപകടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. നാം ഒരു ധര്‍മ്മസങ്കടം നേരിടുന്നു: കൂടുതല്‍ കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍, നമുക്ക് സാമ്പത്തിക വളര്‍ച്ച ആവശ്യമാണ്, എന്നാല്‍ ആ വളര്‍ച്ച ഫോസില്‍ ഇന്ധനത്തില്‍ നിന്നാണ്. ദൗര്‍ഭാഗ്യവശാല്‍, ദരിദ്രര്‍ മറ്റുള്ളവരെക്കാള്‍ ആഗോളതാപനത്തിന്റെ ഭാരം വഹിക്കുന്നു. ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പരിഹാരങ്ങളിലൊന്ന്. സൗരോര്‍ജ്ജത്തിനും വൈദ്യുത വാഹനങ്ങള്‍ക്കും നയപരമായ ഉത്തേജനം നല്‍കിക്കൊണ്ട് ഇന്ത്യ ഈ ദിശയില്‍ പ്രശംസനീയമായ മുന്നേറ്റം നടത്തി. സാങ്കേതികവിദ്യ കൈമാറ്റത്തിന്റെയും സാമ്പത്തിക പിന്തുണയുടെയും രൂപത്തില്‍  ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന  സമ്പദ്വ്യവസ്ഥകള്‍ക്ക്,വികസിത രാജ്യങ്ങളില്‍ നിന്ന് സഹായം ആവശ്യമാണ്. 

വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിറുത്തുന്നതിന്, പുരാതന പാരമ്പര്യങ്ങളെ ഒരു പുതിയ വീക്ഷണത്തോടെ നോക്കേണ്ടതുണ്ട്. നമ്മുടെ അടിസ്ഥാന മുന്‍ഗണനകള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്. പരമ്പരാഗത ജീവിതമൂല്യങ്ങളുടെ ശാസ്ത്രീയ വശങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. വിശാലമായ പ്രപഞ്ചത്തില്‍, പ്രകൃതിയോടുള്ള ആദരവും വിനയവും നാം ഇനിയും ജ്വലിപ്പിക്കണം. അവിവേകമായ വ്യാവസായിക വല്‍ക്കരണത്തിന്റെ ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണുകയും ലോകത്തെ അതിന്റെ വഴികള്‍ തിരുത്താന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്ത മഹാത്മാഗാന്ധി നമ്മുടെ കാലത്തെ യഥാര്‍ത്ഥ പ്രവാചകനായിരുന്നു വെന്ന് ഞാന്‍ ഇവിടെ പ്രസ്താവിക്കട്ടെ.

ഈ ദുര്‍ബലമായ ഗ്രഹത്തില്‍ നമ്മുടെ കുട്ടികള്‍ സന്തോഷത്തോടെ ജീവിക്കണമെങ്കില്‍ നാം നമ്മുടെ ജീവിതശൈലി യില്‍ മാറ്റം വരുത്തേണ്ടതുണ്ട്. നിര്‍ദ്ദേശിക്കപ്പെട്ട മാറ്റങ്ങളില്‍ ഒന്ന് ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഐക്യരാഷ്ട്രസഭ ഇന്ത്യയുടെ നിര്‍ദ്ദേശം അംഗീകരിക്കുകയും 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ ഭക്ഷണത്തിലെ അവശ്യ ഘടകങ്ങളായിരുന്നു ചെറു ധാന്യങ്ങള്‍. അവ സമൂഹത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുന്നു. ചെറു ധാന്യങ്ങള്‍ പരിസ്ഥിതി സൗഹൃദമാണ്. കാരണം അവ വളരാന്‍ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ. എന്നാല്‍ അവ ഉയര്‍ന്ന അളവിലുള്ള പോഷണം നല്‍കുന്നു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ചെറു ധാന്യങ്ങളിലേക്ക് തിരിയുകയാണെങ്കില്‍, അത് പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

റിപ്പബ്ലിക്കിന്റെ ഒരു വര്‍ഷം കൂടി കടന്നുപോയി. മറ്റൊരു വര്‍ഷം ആരംഭിക്കുന്നു. അഭൂതപൂര്‍വമായ മാറ്റത്തിന്റെ കാലമാണിത്. മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ, ദിവസങ്ങള്‍ക്കുള്ളില്‍ ലോകം മാറി. ഈ മൂന്ന് വര്‍ഷത്തിനിടയില്‍, വൈറസിനെ പിന്നിലാക്കി എന്ന് നമുക്ക് തോന്നിയപ്പോഴെല്ലാം, അത് അതിന്റെ മോശം രൂപത്തില്‍ പിന്നെയും വന്നു. എന്നിരുന്നാലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കാരണം നമ്മുടെ നേതൃത്വവും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഭരണാധികാരികളും 'കൊറോണ പോരാളികളും' ഏത് സാഹചര്യത്തെയും നേരിടാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഈ കാലയളവില്‍ നാം പഠിച്ചു. അതേസമയം, സൂക്ഷ്മത കൈവിടാതിരിക്കാനും ജാഗ്രത പാലിക്കാനും നമ്മള്‍ ഓരോരുത്തരും പഠിച്ചിട്ടുണ്ട്.

പ്രിയ സഹപൗരന്മാരേ,

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തലമുറകള്‍ നമ്മുടെ റിപ്പബ്ലിക്കിന്റെ ഇതുവരെയുള്ള വികസന കഥയില്‍ നല്‍കിയ അമൂല്യമായ സംഭാവനകള്‍ക്ക് പ്രശംസ അര്‍ഹിക്കുന്നു. 'ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍' എന്ന മനോഭാവത്തോടെ ജീവിക്കാന്‍ നമ്മുടെ രാജ്യത്തെ പ്രാപ്തമാക്കുന്ന കര്‍ഷകര്‍, തൊഴിലാളികള്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരുടെ സംയോജിത ശക്തിയെ ഞാന്‍ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കുന്ന ഓരോ പൗരനെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും മഹത്തായ അംബാസഡര്‍മാരായ നമ്മുടെ പ്രവാസികള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു.

റിപ്പബ്ലിക് ദിനത്തില്‍, നമ്മുടെ അതിര്‍ത്തികള്‍ കാക്കുന്ന രാജ്യത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറായ നമ്മുടെ ജവാന്‍മാര്‍ക്ക് ഞാന്‍ പ്രത്യേക അഭിനന്ദനം അറിയിക്കുന്നു. സഹപൗരന്മാര്‍ക്ക് ആഭ്യന്തര സുരക്ഷയൊരുക്കുന്ന അര്‍ദ്ധസൈനിക സേനകളിലെയും പോലീസ് സേനകളിലെയും എല്ലാ ധീരരായ സൈനികര്‍ക്കും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു. സേവനത്തിനിടെ ജീവന്‍ ത്യജിച്ച നമ്മുടെ സായുധ സേനകളിലെയും അര്‍ദ്ധസൈനിക സേനകളിലെയും പോലീസ് സേനകളിലെയും എല്ലാ ധീരഹൃദയരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. എല്ലാ പ്രിയപ്പെട്ട കുട്ടികളുടെയും ശോഭനമായ ഭാവിക്കായി എന്റെ അനുഗ്രഹങ്ങള്‍ നേരുന്നു. ഒരിക്കല്‍ കൂടി, ഈ റിപ്പബ്ലിക് ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.


നന്ദി,

ജയ് ഹിന്ദ്! 

ജയ് ഭാരത്!

ND/RRTN/NS  MRD 
***


(Release ID: 1893755) Visitor Counter : 545