വിദ്യാഭ്യാസ മന്ത്രാലയം

എല്ലാ സ്‌കൂളുകളിലും കൈകഴുകാനുള്ള സൗകര്യമൊരുക്കാനും വിദ്യാർത്ഥികൾക്ക് ശുചിത്വ വിദ്യാഭ്യാസം നൽകുന്നതിന് അധ്യാപകരെ പരിശീലിപ്പിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു

Posted On: 22 DEC 2022 9:27AM by PIB Thiruvananthpuram

രാജ്യത്തുടനീളമുള്ള എല്ലാ സ്കൂളുകളിലും സോപ്പ് ഉപയോഗിച്ചു കൈകഴുകാനുള്ള സൗകര്യം ഒരുക്കാനും  വിദ്യാർത്ഥികൾക്ക് ശുചിത്വ വിദ്യാഭ്യാസം നൽകുന്നതിന് അധ്യാപകരെ പരിശീലിപ്പിക്കാനും കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പൈപ്പ് ജലവിതരണ  സംവിധാനവും ലളിതവും സുസ്ഥിരവുമായ സൗര സംവിധാനവും ലഭ്യമാക്കുന്നത് വേഗത്തിലാക്കാൻ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ & സാക്ഷരതാ വകുപ്പ്; ജൽ ശക്തി മന്ത്രാലയം; നീതി ആയോഗ്; ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രാലയം എന്നിവ പുറപ്പെടുവിച്ച സംയുക്ത നിർദേശപ്രകാരം ഒഡിഎഫ് പ്ലസ് അനുസരിച്ചു, ഗ്രാമങ്ങളിലെ എല്ലാ സ്കൂളുകളിലും ജൈവ വിഘടിതമാലിന്യങ്ങളും മലിന ജലവും കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് നിർദേശിക്കുന്നു.  സ്‌കൂളുകളിലെ എല്ലാ ശുചിമുറികളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.  എന്നിരുന്നാലും, അവയിൽ ചിലതിന് ഒറ്റ കുഴിയിൽ നിന്ന് ഇരട്ട കുഴികളിലേക്ക് പുനർനിർമ്മാണം ആവശ്യമായി വന്നേക്കാം. ഒറ്റ കുഴിയിൽ നിന്ന് ഇരട്ട കുഴികളിലേക്ക് പുനർനിർമ്മാണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായി ഇത് ചെയ്യാം.

ജൽ ജീവൻ മിഷനു കീഴിൽ, സ്‌കൂളുകളിലും അങ്കണവാടികളിലും സുരക്ഷിതമായ ടാപ്പ് ജലവിതരണം ഒരുക്കുന്നത് ഗവണ്മെന്റിന്റെ പ്രഥമ പരിഗണനയാണെന്നും നിർദ്ദേശത്തിൽ പറയുന്നു. യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ (UDISE) 2021-22 ഡാറ്റ പ്രകാരം, ഏകദേശം 10.22 ലക്ഷം ഗവണ്മെന്റ് സ്കൂളുകളിൽ, ഇതുവരെ 9.83 ലക്ഷം (ഏകദേശം 96%) ഗവണ്മെന്റ് സ്കൂളുകളിൽ പ്രവർത്തനക്ഷമമായ കുടിവെള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

 

ശുചിമുറികൾ, കൈകഴുകൽ സൗകര്യങ്ങൾ, കുടിവെള്ള സംവിധാനം എന്നിവയുടെ അറ്റകുറ്റപ്പണികൾക്കോ നിർമ്മാണത്തിനോ ആവശ്യമായ തുക 15-ാം ധനകാര്യ കമ്മീഷൻ, സംസ്ഥാന ധനകാര്യ കമ്മീഷൻ, എം.ജി.എൻ.ആർ.ഇ.ജി.എസ്, ജില്ലാ മിനറൽ ഫണ്ടുകൾ, മറ്റ് ഏതെങ്കിലും സ്രോതസ്സുകൾ എന്നിവയ്ക്ക് കീഴിൽ അനുവദിക്കുന്ന ഫണ്ടുകളിൽ നിന്ന് ഈ പദ്ധതികളുടെ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ചെലവഴിക്കാവുന്നതാണ്.
****


(Release ID: 1885742) Visitor Counter : 118