പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി നാളെ മേഘാലയയും ത്രിപുരയും സന്ദർശിക്കും



6,800 കോടിയിലധികം രൂപയ്ക്കുള്ള പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും

ഭവനം, റോഡ്, കൃഷി, ടെലികോം, ഐടി, ടൂറിസം, അതിഥിസല്‍ക്കാരം എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളെ ഉൾക്കൊള്ളുന്നതാണ് പദ്ധതികൾ

വടക്കുകിഴക്കൻ കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷത്തിലും ഷില്ലോങ്ങിൽ നടക്കുന്ന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും

അഗർത്തലയിൽ പിഎംഎവൈ-അർബൻ, റൂറൽ പദ്ധതികൾക്ക് കീഴിൽ രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ഗൃഹപ്രവേശന പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 17 DEC 2022 12:11PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡിസംബർ 18ന് മേഘാലയയും ത്രിപുരയും സന്ദർശിക്കും. ഷില്ലോങ്ങിൽ, വടക്കുകിഴക്കൻ കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ 10.30ന് ഷില്ലോങ്ങിലെ സ്റ്റേറ്റ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വടക്കുകിഴക്കൻ  കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം, ഏകദേശം 11:30 ന് , അദ്ദേഹം ഷില്ലോങ്ങിൽ ഒരു പൊതു ചടങ്ങിൽ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. തുടർന്ന് അഗർത്തലയിലേക്ക് പോകുന്ന അദ്ദേഹം ഉച്ചയ്ക്ക് 2:45 ന് ഒരു പൊതു ചടങ്ങിൽ വിവിധ പ്രധാന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും.

പ്രധാനമന്ത്രി  മേഘാലയയിൽ

വടക്കുകിഴക്കൻ കൗൺസിലിന്റെ (എൻഇസി) യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. 1972 നവംബർ 7-ന് കൗൺസിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കൻ മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിൽ എൻഇസി ഒരു പ്രധാന പങ്ക് വഹിക്കുകയും മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും മറ്റ് വികസന സംരംഭങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, കായികം, ജലവിഭവങ്ങൾ, കൃഷി, വിനോദസഞ്ചാരം, വ്യവസായം തുടങ്ങിയ മേഖലകളിലെ നിർണായക  മേഖലകളിൽ, മൂല്യവത്തായ മൂലധനവും സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കാൻ ഇത് സഹായിച്ചിട്ടുണ്ട്.

ഒരു പൊതുചടങ്ങിൽ, 2450 കോടിയിലധികം രൂപയുടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 

മേഖലയിലെ ടെലികോം കണക്റ്റിവിറ്റി കൂടുതൽ വർധിപ്പിക്കുന്ന ഒരു ഘട്ടത്തിൽ, പ്രധാനമന്ത്രി 4 ജി മൊബൈൽ ടവറുകൾ രാജ്യത്തിന് സമർപ്പിക്കും, അതിൽ 320 ലധികം എണ്ണം പൂർത്തീകരിച്ചു, ഏകദേശം 890 എണ്ണം നിർമ്മാണത്തിലാണ്. ഉംസാവ്‌ലിയിൽ ഐഐഎം ഷില്ലോങ്ങിന്റെ പുതിയ കാമ്പസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. പുതിയ ഷില്ലോംഗ് സാറ്റലൈറ്റ് ടൗൺഷിപ്പിലേക്ക് മികച്ച കണക്റ്റിവിറ്റി നൽകുകയും ഷില്ലോങ്ങിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുന്ന ഷില്ലോംഗ് - ഡീങ്‌പാസോ റോഡ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ  മൂന്ന് സംസ്ഥാനങ്ങളിലായി മറ്റ് നാല് റോഡ് പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

കൂൺ വിത്ത്‌  ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കർഷകർക്കും സംരംഭകർക്കും നൈപുണ്യ പരിശീലനം നൽകുന്നതിനുമായി അദ്ദേഹം മേഘാലയയിലെ കൂൺ വികസന കേന്ദ്രത്തിൽ സ്പോൺ ലബോറട്ടറി ഉദ്ഘാടനം ചെയ്യും. തേനീച്ചവളർത്തൽ കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും ശേഷി വർധിപ്പിക്കുന്നതിലൂടെയും സാങ്കേതിക വിദ്യയുടെ നവീകരണത്തിലൂടെയും മേഘാലയയിലെ സംയോജിത തേനീച്ചവളർത്തൽ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. കൂടാതെ, മിസോറാം, മണിപ്പൂർ, ത്രിപുര, അസം എന്നിവിടങ്ങളിൽ 21 ഹിന്ദി ലൈബ്രറികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

അസം, മേഘാലയ, മണിപ്പൂർ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായി ആറ് റോഡ് പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ടുറയിലെയും ഷില്ലോംഗ് ടെക്‌നോളജി പാർക്ക് ഫേസ്-II-ലെയും ഇന്റഗ്രേറ്റഡ് ഹോസ്പിറ്റാലിറ്റി ആൻഡ് കൺവെൻഷൻ സെന്ററിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ടെക്‌നോളജി പാർക്ക് രണ്ടാം ഘട്ടത്തിൽ  ഏകദേശം 1.5 ലക്ഷം ചതുരശ്ര അടി വിസ്തൃതി  ഉണ്ടായിരിക്കും. ഇത് പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ നൽകുകയും 3000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇന്റഗ്രേറ്റഡ് ഹോസ്പിറ്റാലിറ്റി ആൻഡ് കൺവെൻഷൻ സെന്ററിൽ ഒരു കൺവെൻഷൻ ഹബ്, ഗസ്റ്റ് റൂമുകൾ, ഫുഡ് കോർട്ട് തുടങ്ങിയവ ഉണ്ടായിരിക്കും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിലെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇത് ഒരുക്കും.

 പ്രധാനമന്ത്രി  ത്രിപുരയിൽ

 സുപ്രധാനമായ   4350 കോടിയിലധികം രൂപയുടെ വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.

എല്ലാവർക്കും സ്വന്തമായി ഒരു വീട് ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിലാണ് പ്രധാനമന്ത്രിയുടെ പ്രധാന ശ്രദ്ധ. മേഖലയിലും ഇത് ഉറപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പിൽ, പ്രധാനമന്ത്രി ആവാസ് യോജന - നഗര, പ്രധാനമന്ത്രി ആവാസ് യോജന - ഗ്രാമീണ - ഗുണഭോക്താക്കൾക്കായി ഗൃഹപ്രവേശന  പരിപാടി ആരംഭിക്കും. 3400 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഈ വീടുകൾ 2 ലക്ഷത്തിലധികം ഗുണഭോക്താക്കളെ ഉൾക്കൊള്ളും.

റോഡ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, അഗർത്തല നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുന്ന അഗർത്തല ബൈപാസ് (ഖയേർപൂർ - അംതാലി) NH-08 വീതി കൂട്ടുന്നതിനുള്ള പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ഗ്രാം സഡക് യോജന) പ്രകാരം 230 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള 32 റോഡുകൾക്കും 540 കിലോമീറ്ററിലധികം ദൂരമുള്ള 112 റോഡുകളുടെ നവീകരണത്തിനും അദ്ദേഹം തറക്കല്ലിടും.

അഗർത്തല ഗവൺമെന്റ് ഡെന്റൽ കോളേജിന്റെയും, ആനന്ദനഗറിലെ     സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റിന്റെയും  ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
--ND--


(Release ID: 1884392) Visitor Counter : 174