പ്രധാനമന്ത്രിയുടെ ഓഫീസ്
പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
Posted On:
07 DEC 2022 11:30AM by PIB Thiruvananthpuram
നമസ്കാരം സുഹൃത്തുക്കളെ,
ഇന്നു പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനമാണ്. ഓഗസ്റ്റ് 15നു മുമ്പാണു നാം കണ്ടുമുട്ടിയത് എന്നതിനാൽ ഈ സെഷൻ പ്രാധാന്യമർഹിക്കുന്നു. ഓഗസ്റ്റ് 15ന്, സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയായി. ഇപ്പോൾ നാം ‘അമൃതകാല’യാത്രയിൽ മുന്നോട്ടുപോകുകയാണ്. ജി20 അധ്യക്ഷപദവി ഇന്ത്യക്കു ലഭിച്ച സമയത്താണു നാം ഇന്നു കണ്ടുമുട്ടുന്നത്. ആഗോള സമൂഹത്തിൽ ഇന്ത്യ ഒരു സ്ഥാനമുറപ്പിക്കുകയും, ഇന്ത്യയിലുള്ള പ്രതീക്ഷകൾ വർധിക്കുകയും, ആഗോളവേദികളിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിക്കുകയും ചെയ്തതു കണക്കിലെടുക്കുമ്പോൾ, ഈ സാഹചര്യത്തിൽ ജി 20 അധ്യക്ഷപദവി വഹിക്കാനാകുന്നതു വലിയൊരു അവസരമാണ്.
ഈ ജി20 ഉച്ചകോടി നയതന്ത്ര പരിപാടി മാത്രമല്ല. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ കഴിവു സമഗ്രമായി പ്രകടിപ്പിക്കാനുള്ള അവസരംകൂടിയാണ്. ഇത്രയും വലിയ രാജ്യം, ജനാധിപത്യത്തിന്റെ മാതാവ്, വൈവിധ്യങ്ങളുടെ കലവറ, വളരെയധികം സാധ്യതകൾ; അതിനാൽത്തന്നെ, ലോകത്തിന് ഇന്ത്യയെ അറിയാനും ഇന്ത്യക്ക് അതിന്റെ കഴിവുകൾ ലോകത്തിനാകെ വെളിപ്പെടുത്താനുമുള്ള വലിയ അവസരമാണിത്.
അടുത്തിടെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും നേതാക്കളുമായി സൗഹാർദപരമായ അന്തരീക്ഷത്തിൽ ഞാൻ ചർച്ച നടത്തിയിരുന്നു. അതിന്റെ പ്രതിഫലനം തീർച്ചയായും സഭയിലും കാണാനാകും. അതേ മനോഭാവം സഭയിൽനിന്നു ദൃശ്യമാകും. അതു ലോകത്തിനുമുന്നിൽ ഇന്ത്യയുടെ സാധ്യതകൾ അവതരിപ്പിക്കുന്നതിന് ഉപയോഗപ്രദമാകും. നിലവിലെ ആഗോള സാഹചര്യത്തിൽ, രാജ്യത്തെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുന്നതിനുള്ള പുതിയ അവസരങ്ങൾ കണക്കിലെടുത്ത്, ഈ സെഷനിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ സ്വീകരിക്കാൻ ശ്രമിക്കും. എല്ലാ രാഷ്ട്രീയ കക്ഷികളും ചർച്ചയ്ക്കു കൂടുതൽ മൂല്യം നൽകുമെന്നും, തീരുമാനങ്ങൾക്ക് അവരുടെ കാഴ്ചപ്പാടുകൾ ഉപയോഗിച്ചു പുതിയ ശക്തി നൽകുമെന്നും, ഏതു ദിശയിലേക്കു മുന്നേറണമെന്നതു കൂടുതൽ വ്യക്തമായി ഉയർത്തിക്കാട്ടാൻ സഹായിക്കുമെന്നും, എനിക്കുറപ്പുണ്ട്. പാർലമെന്റിന്റെ ഈ കാലാവധിയുടെ ശേഷിക്കുന്ന സമയത്ത്, ആദ്യമായി സഭയിൽ വരുന്നവർക്കും പുതിയ എംപിമാർക്കും യുവ എംപിമാർക്കും കൂടുതൽ അവസരങ്ങൾ നൽകാൻ ഞാൻ അഭ്യർഥിക്കുകയാണ്. അവരുടെ ഭാവിക്കായും ജനാധിപത്യത്തിന്റെ ഭാവിതലമുറയെ സജ്ജമാക്കാനും ചർച്ചകളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുകയും വേണം.
കഴിഞ്ഞ കാലങ്ങളിൽ, മിക്കവാറും എല്ലാ രാഷ്ട്രീയ കക്ഷികളുടെയും എംപിമാരുമായി ഞാൻ അനൗപചാരിക കൂടിക്കാഴ്ച നടത്തിയപ്പോഴെല്ലാം, എല്ലാ എംപിമാരും ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു; സഭയിലെ ബഹളവും സഭ ഇടയ്ക്കിടെ നിർത്തിവയ്ക്കുന്നതും കാരണം തങ്ങൾ വളരെയധികം കഷ്ടപ്പെടുന്നു എന്ന്. പാർലമെന്റ് ജനാധിപത്യത്തിന്റെ വലിയ സർവകലാശാലയാണെന്നും സമ്മേളനം നടക്കാത്തതിനാലും ചർച്ചകളുടെ അഭാവത്താലും പഠിക്കാനും മനസിലാക്കാനുമുള്ള അവസരം ലഭിക്കുന്നില്ലെന്നും യുവ എംപിമാർ പറയുന്നു. അവസരങ്ങൾ ലഭിക്കാത്തതിനാൽ സഭയുടെ പ്രവർത്തനം വളരെ പ്രധാനമാണെന്നും ഇവർ പറയുന്നു. എല്ലാ കക്ഷികളിലെയും യുവ പാർലമെന്റംഗങ്ങളിൽനിന്നാണ് ഈ ശബ്ദം ഉയർന്നത്.
ചർച്ചകളിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നു പ്രതിപക്ഷ കക്ഷികളിലെ എംപിമാരും പറയുന്നു. സഭ ഇടയ്ക്കിടെ തടസപ്പെടുന്നതും മാറ്റിവയ്ക്കുന്നതും കാരണം തങ്ങൾ വളരെയധികം ബുദ്ധിമുട്ടുന്നുണ്ടെന്ന് അവർ പറയുന്നു. ഈ എംപിമാരുടെ വേദന മനസിലാക്കണമെന്ന് എല്ലാ സഭാനേതാക്കളോടും കക്ഷിനേതാക്കളോടും ഞാൻ അഭ്യർഥിക്കുന്നു. രാജ്യത്തിന്റെ വികസനത്തിലും തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിലും, തങ്ങളുടെ കഴിവുകൾ കൂട്ടിച്ചേർക്കാനുള്ള അവരുടെ ആവേശത്തിന്റെയും ഉത്സാഹത്തിന്റെയും പ്രയോജനം രാജ്യത്തിനു ലഭിക്കേണ്ടതു ജനാധിപത്യത്തിനു വളരെ പ്രധാനമാണ്. ഈ സമ്മേളനം കൂടുതൽ ഉൽപ്പാദനക്ഷമമാക്കുന്നതിനു കൂട്ടായ പരിശ്രമം നടത്താൻ എല്ലാ കക്ഷികളോടും പാർലമെന്റംഗങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു.
ഇന്നാദ്യമായി, നമ്മുടെ ഉപരാഷ്ട്രപതി രാജ്യസഭയുടെ അധ്യക്ഷനെന്ന നിലയിൽ തന്റെ കാലാവധിക്കു തുടക്കംകുറിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ ആദ്യ സമ്മേളനവും ആദ്യ ദിവസവും ആയിരിക്കുമെന്ന മറ്റൊരു പ്രത്യേകതയുമുണ്ട്. ഇന്ത്യയുടെ മഹത്തായ പൈതൃകത്തിലും ഗോത്രപാരമ്പര്യങ്ങളിലും രാജ്യം അഭിമാനിക്കുന്നതിൽ നമ്മുടെ രാഷ്ട്രപതി ദ്രൗപതി മുർമു ജി വലിയ പങ്കുവഹിച്ചു. അതുപോലെ, ഒരു കർഷകന്റെ മകൻ ഉപരാഷ്ട്രപതിയായും രാജ്യസഭയുടെ അധ്യക്ഷനായും പ്രവർത്തിക്കുന്നതിലും ഇന്ത്യക്ക് അഭിമാനിക്കാം. ഇത് എംപിമാരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്റെ പേരിലും ഞാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നു.
വളരെ നന്ദി, സുഹൃത്തുക്കളേ.
നമസ്കാരം!
--ND--
(Release ID: 1881353)
Visitor Counter : 171
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu