പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 നവംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ



മനസ്സ് പറയുന്നത് - ഭാഗം 95


Posted On: 27 NOV 2022 11:44AM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌ക്കാരം

ഒരിക്കല്‍ കൂടി 'മന്‍ കി ബാത്തില്‍' നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു. ഈ പരിപാടി 95-ാം അദ്ധ്യായമാണ്. മന്‍ കി ബാത്തിന്റെ' നൂറിലേക്ക് നമ്മള്‍ അതിവേഗം നീങ്ങുകയാണ്. 130 കോടി നാട്ടുകാരുമായി ബന്ധപ്പെടാനുള്ള മറ്റൊരു മാധ്യമമാണ് എനിയ്ക്കീ പരിപാടി. ഓരോ അദ്ധ്യായത്തിന് മുമ്പും ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ധാരാളം കത്തുകള്‍ വായിക്കുന്നതും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുള്ളവരുടെ ഓഡിയോ സന്ദേശങ്ങള്‍ കേള്‍ക്കുന്നതും എനിക്ക് ഒരു ആത്മീയ അനുഭവം പോലെയാണ്.

സുഹൃത്തുക്കളേ, ഒരു അദ്വിതീയ സമ്മാനത്തിന്റെ ചര്‍ച്ചയോടെ ഇന്നത്തെ പരിപാടി ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തെലങ്കാനയിലെ രാജണ്ണ സിര്‍സില്ല ജില്ലയില്‍  നെയ്ത്തുകാരനായ ഒരു സഹോദരനുണ്ട്.  യെല്‍ധി ഹരിപ്രസാദ് ഗാരു. സ്വന്തം കൈകൊണ്ട് നെയ്ത ജി-20 ലോഗോ അദ്ദേഹം എനിക്ക് അയച്ചുതന്നിട്ടുണ്ട്. ഈ അത്ഭുതകരമായ സമ്മാനം കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. ശ്രീ. ഹരിപ്രസാദ് തന്റെ കലയില്‍ വളരെ നിപുണനാണ്, അദ്ദേഹം എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നു. കൈകൊണ്ട് നെയ്ത ജി-20 ലോഗോയ്‌ക്കൊപ്പം ശ്രീ. ഹരിപ്രസാദ് എനിക്ക് ഒരു കത്ത് അയച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ജി-20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം ഇതില്‍ എഴുതിയിട്ടുണ്ട്. രാജ്യത്തിന്റെ ഈ നേട്ടത്തിന്റെആഹ്ളാദത്തിലാണ് അദ്ദേഹം സ്വന്തം കൈകൊണ്ട് ജി-20ന്റെ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. നെയ്ത്തിന്റെ ഈ അത്ഭുതകരമായ കഴിവ് പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ച അദ്ദേഹം ഇന്ന് തികഞ്ഞ ആവേശത്തോടെ അതില്‍ ഏര്‍പ്പെടുന്നു.

സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് ജി-20 ലോഗോയും ഇന്ത്യയുടെ പ്രസിഡന്‍സിയുടെ വെബ്‌സൈറ്റും പ്രകാശനം  ചെയ്യാനുള്ള അവസരം ലഭിച്ചു. ഒരു ജനകീയ  മത്സരത്തിലൂടെയാണ് ഈ ലോഗോ തിരഞ്ഞെടുത്തത്. ഹരിപ്രസാദ് ഗാരു അയച്ച ഈ സമ്മാനം കിട്ടിയപ്പോള്‍ എന്റെ മനസ്സില്‍ മറ്റൊരു ചിന്ത വന്നു. തെലങ്കാനയിലെ ഒരു ജില്ലയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പോലും ജി-20 പോലുള്ള ഉച്ചകോടിയുമായി എത്രമാത്രം ബന്ധമുണ്ടെന്ന് കാണുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഇന്ന്, ഹരിപ്രസാദ് ഗാരുവിനെപ്പോലെ പലരും എനിക്ക് കത്തയച്ചിട്ടുണ്ട്, രാജ്യം ഇത്രയും വലിയ ഒരു ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന്റെ പേരില്‍ ഹൃദയം അഭിമാനപൂരിതമായെന്ന്. പൂനെയില്‍ നിന്നുള്ള ശ്രീ.സുബ്ബറാവു ചില്ലാരയുടെയും കൊല്‍ക്കത്തയില്‍ നിന്നുള്ള ശ്രീ.തുഷാര്‍ ജഗ്‌മോഹന്റെയും സന്ദേശവും ഞാന്‍ നിങ്ങളെ അറിയിക്കാം. ജി-20നെ സംബന്ധിച്   പരപ്രേരണ കൂടാതെ സംരംഭങ്ങളില്‍ മുന്‍കൈ എടുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ  അവര്‍ വളരെയധികം അഭിനന്ദിച്ചു.

സുഹൃത്തുക്കളേ, ജി-20 ന് ലോക ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് 'ഭാഗവും ലോക വ്യാപാരത്തില്‍ നാലില്‍ മൂന്ന് പങ്കും ലോക ജിഡിപിയില്‍ 85% വിഹിതവുമുണ്ട്. നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ.  3 ദിവസത്തിന് ശേഷം, അതായത് ഡിസംബര്‍ 1 മുതല്‍, ഇന്ത്യ ഇത്രയും വലിയ ഒരു സംഘടനയുടെ, ഇത്രയും ശക്തമായ ഒരു സംഘടനയുടെ അധ്യക്ഷത വഹിക്കാന്‍ പോകുന്നു. എത്ര മഹത്തായ അവസരമാണ് ഇന്ത്യയ്ക്ക്, ഓരോ ഇന്ത്യക്കാരനും ലഭിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ കാലഘട്ടത്തില്‍ ഇന്ത്യക്ക് ഈ ഉത്തരവാദിത്തം ലഭിച്ചതിനാല്‍ ഇത് കൂടുതല്‍ സവിശേഷമായി മാറുന്നു.

    സുഹൃത്തുക്കളേ, ജി-20 ന്റെ അധ്യക്ഷസ്ഥാനം നമുക്ക് ഒരു മികച്ച അവസരമായി മാറിയിരിക്കുന്നു. നാം ഈ അവസരം പൂര്‍ണ്ണമായി ഉപയോഗിക്കുകയും ആഗോള നന്മ, ലോകക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. സമാധാനമോ ഐക്യമോ, പരിസ്ഥിതിയോടുള്ള സംവേദനക്ഷമതയോ അല്ലെങ്കില്‍ സുസ്ഥിര വികസനമോ ആകട്ടെ, ഇവയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ക്ക് ഇന്ത്യയുടെ പക്കല്‍ പരിഹാരമുണ്ട്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന വിഷയം നമ്മള്‍ നല്‍കിയത് വസുധൈവ കുടുംബകത്തോടുള്ള നമ്മുടെ പ്രതിബദ്ധതയാണ്. നാം എപ്പോഴും പറയും, –

ഓം സര്‍വേഷാം സ്വസ്തിര്‍ ഭവതു
സര്‍വേഷാം ശാന്തിര്‍ ഭവതു
സര്‍വേഷാം പൂര്‍ണം ഭവതു
സര്‍വേഷാം മംഗളം ഭവതു
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

അതായത്, എല്ലാവര്‍ക്കും ക്ഷേമവും, എല്ലാവര്‍ക്കും സമാധാനവും, എല്ലാവര്‍ക്കും പൂര്‍ണതയും, എല്ലാവര്‍ക്കും സമൃദ്ധിയും ഉണ്ടാകണം. വരും ദിവസങ്ങളില്‍ ജി-20ഉമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. ഈ സമയത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് നിങ്ങളുടെ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ സംസ്‌കാരത്തിന്റെ വിവിധവും വിശിഷ്ടവുമായ വര്‍ണ്ണങ്ങള്‍ നിങ്ങള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൂടാതെ, ജി-20 ലേക്ക് വരുന്ന ആളുകള്‍ ഇപ്പോള്‍ പ്രതിനിധികളായി വന്നാലും, ഭാവിയിലെ വിനോദസഞ്ചാരികളായി അവര്‍ എത്തുമെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങളോടെല്ലാം എനിക്ക് ഒരു അഭ്യര്‍ത്ഥനകൂടിയുണ്ട്. പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോട്  അഭ്യര്‍ത്ഥനയുണ്ട്, ഹരിപ്രസാദ് ഗാരുവിനെപ്പോലെ നിങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ജി-20ന്റെ ഭാഗമാകണം. ജി-20ന്റെ ഇന്ത്യന്‍ ലോഗോ വളരെ കൂളായി സ്റ്റൈലായി  വസ്ത്രങ്ങളില്‍ ചേര്‍ക്കാം, ആലേഖനം ചെയ്യാം. സ്‌കൂളുകളോടും, കോളേജുകളോടും, സര്‍വ്വകലാശാലകളോടും ജി-20 യുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മത്സരങ്ങള്‍ക്കും അതത് സ്ഥലങ്ങളില്‍ അവസരമൊരുക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. www.g20.in എന്ന വെബ്‌സൈറ്റില്‍ പോയാല്‍ നിങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് അവിടെ ധാരാളം കാര്യങ്ങള്‍ കണ്ടെത്തും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നവംബര്‍ 18-ന്, ബഹിരാകാശ മേഖലയില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിക്കപ്പെടുന്നത് രാജ്യം മുഴുവന്‍ കണ്ടു. ഈ ദിവസം, ഇന്ത്യയുടെ സ്വകാര്യമേഖല രൂപകല്പന ചെയ്ത് തയ്യാറാക്കിയ ആദ്യ റോക്കറ്റ് ഇന്ത്യ ബഹിരാകാശത്തേക്ക്  അയച്ചു.   'വിക്രം-എസ്' എന്നാണ് ഈ റോക്കറ്റിന്റെ പേര്. തദ്ദേശീയമായ ബഹിരാകാശ സ്റ്റാര്‍ട്ടപ്പിന്റെ ഈ ആദ്യ റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചരിത്രപരമായ പറക്കല്‍ നടത്തിയപ്പോള്‍ തന്നെ ഓരോ ഇന്ത്യക്കാരനും അത് അഭിമാനമായി.

സുഹൃത്തുക്കളേ, 'വിക്രം-എസ്' റോക്കറ്റ് നിരവധി സവിശേഷതകള്‍കൊണ്ട് സജ്ജമാണ്. ഇത് മറ്റ് റോക്കറ്റുകളേക്കാള്‍ ഭാരം കുറഞ്ഞതും ചെലവ്കുറഞ്ഞതുമാണ്. ബഹിരാകാശ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് രാജ്യങ്ങളുടെ ചെലവിനേക്കാള്‍ വളരെ കുറവാണ് ഇതിന്റെ നിർമ്മാണ ചെലവ് . കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരം, ബഹിരാകാശ സാങ്കേതികവിദ്യയില്‍, ഇപ്പോള്‍ അത് ഇന്ത്യയുടെ ഐഡന്റിറ്റിയായി മാറിയിരിക്കുന്നു. ഈ റോക്കറ്റ് നിര്‍മ്മിക്കാന്‍ മറ്റൊരു ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു. ഈ റോക്കറ്റിന്റെ ചില പ്രധാന ഭാഗങ്ങള്‍ 3ഡി പ്രിന്റിംഗ് വഴിയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. യഥാര്‍ത്ഥത്തില്‍, 'വിക്രംഎസ്' വിക്ഷേപണ ദൗത്യത്തിന് നല്‍കിയ 'പ്രാരംഭ്' എന്ന പേര് തികച്ചും അനുയോജ്യമാണ്. ഇത് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് ഒരു പുതിയ യുഗത്തിന്റെ ഉദയത്തെ അടയാളപ്പെടുത്തുന്നു. രാജ്യത്ത് ആത്മവിശ്വാസം നിറഞ്ഞ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിത്. ഒരു കാലത്ത് കടലാസ് വിമാനം കൈകൊണ്ട് പറത്തിയിരുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ വിമാനം നിര്‍മ്മിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് വിഭാവനം ചെയ്യാം. ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി ആകാശത്ത് രൂപങ്ങള്‍ വരച്ചിരുന്ന കുട്ടികള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ റോക്കറ്റ് നിര്‍മ്മിക്കാനുള്ള അവസരം ലഭിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് വിഭാവനം ചെയ്യാം. സ്വകാര്യ മേഖലയ്ക്ക് ഇടം തുറന്നതോടെ യുവാക്കളുടെ ഈ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുകയാണ്. റോക്കറ്റുകള്‍ നിര്‍മ്മിക്കുന്ന ഈ യുവാക്കള്‍ പറയുന്നു ആകാശത്തിന് അതിരുകളില്ല.

സുഹൃത്തുക്കളേ, ബഹിരാകാശ മേഖലയിലെ വിജയം അയല്‍രാജ്യങ്ങളുമായും ഇന്ത്യ പങ്കിടുന്നു. ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹം ഇന്നലെയാണ് ഇന്ത്യ വിക്ഷേപിച്ചത്. ഈ ഉപഗ്രഹം ഭൂട്ടാന്റെ പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വളരെ ഉയര്‍ന്ന റെസല്യൂഷന്‍ ഉള്ള ചിത്രങ്ങള്‍ അയയ്ക്കും. ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം ശക്തമായ ഇന്ത്യ-ഭൂട്ടാന്‍ ബന്ധത്തിന്റെ പ്രതിഫലനമാണ്.     
    
സുഹൃത്തുക്കളേ, കഴിഞ്ഞ ചില 'മന്‍ കി ബാത്ത്' അദ്ധ്യായങ്ങളില്‍ നമ്മള്‍ ബഹിരാകാശം, സാങ്കേതികവിദ്യ, ഇന്നൊവേഷന്‍ എന്നിവയെക്കുറിച്ച് ധാരാളം സംസാരിച്ചത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. ഇതിന് രണ്ട് പ്രത്യേക കാരണങ്ങളുണ്ട്, ഒന്ന് നമ്മുടെ യുവാക്കള്‍ ഈ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്നു എന്നതാണ്. They are thinking big and achieving big  ഇപ്പോള്‍ ചെറിയ നേട്ടങ്ങളില്‍ അവര്‍ തൃപ്തരാകാന്‍ പോകുന്നില്ല.

രണ്ടാമതായി, നവീകരണത്തിന്റെയും മൂല്യനിര്‍മ്മിതിയുടെയും ഈ ആവേശകരമായ യാത്രയില്‍, അവര്‍ തങ്ങളുടെ യുവസഹപ്രവര്‍ത്തകരെയും സ്റ്റാര്‍ട്ടപ്പുകളേയും പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. സുഹൃത്തുക്കളേ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതുമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍, നമുക്ക് എങ്ങനെ ഡ്രോണുകളെ മറക്കാനാകും? ഡ്രോണുകളുടെ മേഖലയിലും ഇന്ത്യ അതിവേഗം മുന്നേറുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ നിന്ന് ഡ്രോണുകള്‍ വഴി ആപ്പിള്‍ കൊണ്ടുപോകുന്നത് എങ്ങനെയെന്ന് നമ്മള്‍ കണ്ടു. ഹിമാചലിലെ ഒരു വിദൂര ജില്ലയാണ് കിന്നൗര്‍. ഈ സീസണില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ട്. ഇത്രയും മഞ്ഞുവീഴ്ചയോടെ, സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളുമായുള്ള കിന്നൗറിന്റെ ബന്ധം ആഴ്ചകളോളം വളരെ പ്രയാസകരമാണ്. അത്തരമൊരു സാഹചര്യത്തില്‍, അവിടെ നിന്നുള്ള ആപ്പിള്‍ നീക്കവും വളരെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഡ്രോണ്‍ സാങ്കേതികവിദ്യായുടെ   സഹായത്തോടെ ഹിമാചലിലെ സ്വാദിഷ്ടമായ കിന്നൗരി ആപ്പിള്‍ കൂടുതല്‍ വേഗത്തില്‍ ആളുകളിലേക്ക് എത്താന്‍ തുടങ്ങും. ഇത് നമ്മുടെ കര്‍ഷക സഹോദരങ്ങളുടെ ചെലവ് കുറയ്ക്കും. ആപ്പിള്‍ കൃത്യസമയത്ത് വിപണിയില്‍ എത്തും, ആപ്പിള്‍ പാഴാകുന്നത് കുറയും.

സുഹൃത്തുക്കളേ, നേരത്തെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ ഇന്ന് നമ്മുടെ നാട്ടുകാര്‍ തങ്ങളുടെ നൂതനാശയങ്ങളിലൂടെ സാധ്യമാക്കുന്നു. ഇത് കണ്ടാല്‍ ആരാണ് സന്തോഷിക്കാത്തത്? സമീപ വര്‍ഷങ്ങളില്‍, നമ്മുടെ രാജ്യം നേട്ടങ്ങളുടെ ഒരു നീണ്ട പാതയില്‍ എത്തിയിരിക്കുന്നു. നമ്മള്‍ ഭാരതീയര്‍ പ്രത്യേകിച്ച് നമ്മുടെ യുവതലമുറ ഈ യാത്ര ഇപ്പോള്‍ നിര്‍ത്താന്‍ പോകുന്നില്ലെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങള്‍ക്കായി ഞാന്‍ ഒരു ശബ്ദശകലം കേള്‍പ്പിക്കാം .....

                                               (ഗാനം )

നിങ്ങളെല്ലാം എപ്പോഴെങ്കിലും ഈ പാട്ട് കേട്ടിട്ടുണ്ടാകും. എല്ലാത്തിനുമുപരി, ഇത് ബാപ്പുവിന്റെ പ്രിയപ്പെട്ട ഗാനമാണ്, പക്ഷേ ഇത് പാടിയ ഗായകര്‍ ഗ്രീസില്‍ നിന്നുള്ളവരാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍, നിങ്ങള്‍ തീര്‍ച്ചയായും അതിശയിക്കും! ഈ കാര്യം നിങ്ങളില്‍ അഭിമാനം നിറയ്ക്കും. ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗ്രീസ് ഗായകന്‍  'കോണ്‍സ്റ്റാന്റിനോസ് കലൈറ്റ്‌സിസ്' ആണ്. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷിക ആഘോഷത്തിനിടെയാണ് അദ്ദേഹം ഇവിടം സന്ദര്‍ശിച്ചത്. എന്നാല്‍ ഇന്ന് ഞാന്‍ അത് ചര്‍ച്ച ചെയ്യുന്നത് മറ്റൊരു കാരണത്താലാണ്. അദ്ദേഹത്തിന് ഇന്ത്യയോടും ഇന്ത്യന്‍ സംഗീതത്തോടും വലിയ അഭിനിവേശമുണ്ട്. കഴിഞ്ഞ 42 (നാല്പത്തിരണ്ട്) വര്‍ഷങ്ങളില്‍ അദ്ദേഹം മിക്കവാറും എല്ലാ വര്‍ഷവും ഇന്ത്യയില്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ സംഗീതത്തിന്റെ ഉത്ഭവം, വ്യത്യസ്ത ഇന്ത്യന്‍ സംഗീത സംവിധാനങ്ങള്‍, വ്യത്യസ്തതരം രാഗങ്ങള്‍, താളങ്ങള്‍, രസങ്ങള്‍, വ്യത്യസ്ത ഘരാനകള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പഠിച്ചു. ഇന്ത്യന്‍ സംഗീതത്തിലെ നിരവധി മഹാരഥന്മാരുടെ സംഭാവനകളെക്കുറിച്ച് അദ്ദേഹം പഠിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യയിലെ ക്ലാസിക്കല്‍ നൃത്തങ്ങളുടെ വ്യത്യസ്ത വശങ്ങളും അദ്ദേഹം അടുത്ത് മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുമായി ബന്ധപ്പെട്ട ഈ അനുഭവങ്ങളെല്ലാം അദ്ദേഹം വളരെ മനോഹരമായി ഒരു പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നു. 'ഇന്ത്യന്‍ മ്യൂസിക്' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഏകദേശം 760 ചിത്രങ്ങള്‍ ഉണ്ട്. ഇതില്‍ ഭൂരിഭാഗവും അദ്ദേഹം തന്നെ എടുത്തതാണ്. മറ്റുരാജ്യങ്ങളില്‍ ഇന്ത്യന്‍സംസ്‌കാരത്തോടുള്ള അഭിനിവേശവും താല്‍പര്യവും ആനന്ദദായകമാണ്. 

    സുഹൃത്തുക്കളെ, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നമുക്ക് അഭിമാനം നിറയ്ക്കാന്‍ പോകുന്ന മറ്റൊരു വാര്‍ത്ത വന്നു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള സംഗീതോപകരണങ്ങളുടെ കയറ്റുമതി മൂന്നര മടങ്ങ് വര്‍ധിച്ചുവെന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമാകും. ഇലക്ട്രിക്കല്‍ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റിനെക്കുറിച്ച് പറയുമ്പോള്‍, അവയുടെ കയറ്റുമതി 60 മടങ്ങ് വര്‍ദ്ധിച്ചു. ലോകമെമ്പാടും ഭാരതീയ സംസ്‌കാരത്തോടും സംഗീതത്തോടുമുള്ള ആവേശം വര്‍ധിച്ചുവരുന്നു എന്നാണ് ഇത് കാണിക്കുന്നത്. യുഎസ്എ, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, യുകെ തുടങ്ങിയ വികസിത രാജ്യങ്ങളാണ് ഇന്ത്യന്‍ സംഗീതോപകരണങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. സംഗീതത്തിന്റെയും നൃത്തത്തിന്റെയും കലയുടെയും സമ്പന്നമായ പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ട് എന്നത് നമ്മുടെ എല്ലാവരുടെയും ഭാഗ്യമാണ്.

സുഹൃത്തുക്കളേ, 'നിതി ശതക'ത്തിലൂടെ മഹാനായ ഋഷികവി ഭര്‍തൃഹരിയെ നമുക്കെല്ലാവര്‍ക്കും അറിയാം. കല, സംഗീതം, സാഹിത്യം എന്നിവയോടുള്ള നമ്മുടെ അടുപ്പമാണ് മനുഷ്യത്വത്തിന്റെ യഥാര്‍ത്ഥ സ്വത്വമെന്ന് അദ്ദേഹം ഒരു ശ്ലോകത്തില്‍ പറയുന്നു. വാസ്തവത്തില്‍, നമ്മുടെ സംസ്‌കാരം അതിനെ മാനവികതയ്ക്ക് അപ്പുറം ദൈവികതയിലേക്ക് കൊണ്ടുപോകുന്നു. വേദങ്ങളില്‍ സാമവേദത്തെ നമ്മുടെ വൈവിധ്യമാര്‍ന്ന സംഗീതത്തിന്റെ  ഉറവിടം എന്ന് വിളിക്കുന്നു. മാതാവ് സരസ്വതിയുടെ വീണയോ, ഭഗവാന്‍ കൃഷ്ണന്റെ പുല്ലാങ്കുഴലോ, ഭോലേനാഥിന്റെ ഡമരു ആകട്ടെ, നമ്മുടെ ദേവീദേവന്മാരും സംഗീതത്തില്‍ നിന്ന് അകലെയല്ല. നമ്മള്‍ ഇന്ത്യക്കാര്‍ എല്ലാറ്റിലും സംഗീതം കണ്ടെത്തുന്നു. നദിയുടെ ഓളങ്ങള്‍, മഴത്തുള്ളികള്‍, പക്ഷികളുടെ ചിലക്കല്‍ അല്ലെങ്കില്‍ കാറ്റില്‍ പ്രതിധ്വനിക്കുന്ന ശബ്ദങ്ങള്‍, സംഗീതം നമ്മുടെ സംസ്‌കാരത്തില്‍ എല്ലായിടത്തും ഉണ്ട്. ഈ സംഗീതം ശരീരത്തിന് വിശ്രമം നല്കുക മാത്രമല്ല, മനസ്സിനെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. സംഗീതം നമ്മുടെ സമൂഹത്തെയും ബന്ധിപ്പിക്കുന്നു. ഭാംഗ്രയ്ക്കും ലാവണിക്കും ഉന്മേഷവും സന്തോഷവും ഉണ്ടെങ്കില്‍, രബീന്ദ്രസംഗീതം നമ്മുടെ ആത്മാവിനെ ഉണര്‍ത്തുന്നു. രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗക്കാര്‍ക്ക് വ്യത്യസ്തമായ സംഗീത പാരമ്പര്യമുണ്ട്. പരസ്പരം പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ അത് നമ്മെ പ്രചോദിപ്പിക്കുന്നു.

സുഹൃത്തുക്കളേ, നമ്മുടെ സംഗീത രൂപങ്ങള്‍ നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുക മാത്രമല്ല, ലോക സംഗീതത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സംഗീതത്തിന്റെ പ്രശസ്തി ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചു. ഒരു ശബ്ദശകലം കൂടി കേള്‍പ്പിക്കാം.

       (ഗാനം )

വീടിനടുത്തുള്ള ഏതോ ക്ഷേത്രത്തില്‍ ഭജന കീര്‍ത്തനം നടക്കുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. എന്നാല്‍ ഈ ശബ്ദം ഇന്ത്യയില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ നിന്നും നിങ്ങളിലേക്ക് എത്തിയിരിക്കുന്നു. 19, 20 നൂറ്റാണ്ടുകളില്‍ ഇവിടെ നിന്ന് ധാരാളം ആളുകള്‍ ഗയാനയിലേക്ക് പോയി. ഇന്ത്യയുടെ പല പാരമ്പര്യങ്ങളും അവര്‍ ഇവിടെ നിന്ന് കൊണ്ടുപോയി. ഉദാഹരണത്തിന്, നമ്മള്‍ ഇന്ത്യയില്‍ ഹോളി ആഘോഷിക്കുമ്പോള്‍, ഗയാനയിലും ഹോളിയുടെ വര്‍ണ്ണങ്ങളെക്കുറിച്ചു ഉച്ചത്തില്‍ സംസാരിക്കുന്നു. ഹോളിയുടെ നിറങ്ങളുള്ളിടത്ത് ഫഗ്വയുടെ അഥവാ ഫഗുവയുടെ സംഗീതവും ഉണ്ട്. ഗയാനയിലെ ഫഗ്വയില്‍ ശ്രീരാമനും കൃഷ്ണനും ഉള്‍പ്പെടുന്ന വിവാഹഗാനങ്ങള്‍ ആലപിക്കുന്ന ഒരു പ്രത്യേക പാരമ്പര്യമുണ്ട്. ഈ ഗാനങ്ങളെ 'ചൗതാല്‍' എന്നാണ് വിളിക്കുന്നത്. നമ്മുടെ ഇവിടെയുള്ള അതേതരം ഈണത്തിലും ഉയര്‍ന്ന പിച്ചിലുമാണ് അവ പാടുന്നത്. ഇത് മാത്രമല്ല, ചൗതാല്‍ മത്സരവും ഗയാനയില്‍ നടക്കുന്നു. അതുപോലെ, നിരവധി ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഫിജിയിലേക്ക് പോയി. അവര്‍ പരമ്പരാഗത ഭജന്‍കീര്‍ത്തനങ്ങള്‍ പാടുമായിരുന്നു , പ്രധാനമായും രാമചരിതമാനസില്‍ നിന്നുള്ള ഈരടികള്‍. ഫിജിയില്‍ ഭജന്‍കീര്‍ത്തനവുമായി ബന്ധപ്പെട്ട നിരവധി സഭകളും അവര്‍ രൂപീകരിച്ചു. ഇന്നും ഫിജിയില്‍ രാമായണ മണ്ഡലികള്‍ എന്ന പേരില്‍ രണ്ടായിരത്തിലധികം ഭജനകീര്‍ത്തന മണ്ഡലികളുണ്ട്. ഇന്ന് എല്ലാ ഗ്രാമങ്ങളിലും പ്രദേശങ്ങളിലും അവരെ കാണാം. ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഞാന്‍ ഇവിടെ നല്‍കിയിരിക്കുന്നത്. ലോകമെമ്പാടും നിങ്ങള്‍ നോക്കുകയാണെങ്കില്‍,  ഈ ഇന്ത്യന്‍ സംഗീത പ്രേമികളുടെ പട്ടിക വളരെ നീണ്ടതാണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാരമ്പര്യമുള്ള നാടുകളില്‍ ഒന്നാണ് നമ്മുടെ രാജ്യം എന്നതില്‍ നാമെല്ലാവരും എപ്പോഴും അഭിമാനിക്കുന്നു. അതിനാല്‍, നമ്മുടെ പാരമ്പര്യങ്ങളും പരമ്പരാഗത അറിവുകളും സംരക്ഷിക്കേണ്ടതും അത് പ്രോത്സാഹിപ്പിക്കേണ്ടതും കഴിയുന്നത്ര മുന്നോട്ട് കൊണ്ടുപോകേണ്ടതും നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. നമ്മുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ ചില സുഹൃത്തുക്കള്‍ അത്തരത്തിലുള്ള പ്രശംസനീയമായ ഒരു ശ്രമം നടത്തുകയാണ്. ഈ പ്രയത്‌നം എനിക്ക് വളരെ ഇഷ്ടപ്പെട്ടു, അതിനാല്‍ 'മന്‍ കി ബാത്ത് ' ശ്രോതാക്കളുമായി ഇത് പങ്കിടാമെന്നു ഞാന്‍ കരുതി.

സുഹൃത്തുക്കളേ, നാഗാലാന്‍ഡിലെ നാഗാ സമൂഹത്തിന്റെ ജീവിതശൈലി, അവരുടെ കല, സംസ്‌കാരം, സംഗീതം ഇത് എല്ലാവരെയും ആകര്‍ഷിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകത്തിന്റെ ഒരു പ്രധാന ഭാഗമാണിത്. നാഗാലാന്‍ഡിലെ ജനങ്ങളുടെ ജീവിതവും അവരുടെ കഴിവുകളും സുസ്ഥിരമായ ജീവിതശൈലിയെ മികച്ചതാക്കി മാറ്റുന്ന ഒന്നാണ്. ഈ പാരമ്പര്യങ്ങളും കഴിവുകളും സംരക്ഷിച്ച് അടുത്ത തലമുറയ്ക്ക് കൈമാറുന്നതിനായി അവിടെയുള്ള ആളുകള്‍ ഒരു സംഘടന രൂപീകരിച്ചു, അതിന്റെ പേര് 'ലിഡിക്രോയു'. ഈ സംഘടന നാഗാസംസ്‌കൃതിയുടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന വിവിധതലങ്ങള്‍ പുന:രുജ്ജീവിപ്പിച്ചു. ഉദാഹരണത്തിന്, നാഗ നാടോടി സംഗീതം അതില്‍ തന്നെ വളരെ സമ്പന്നമായ ഒരു വിഭാഗമാണ്. ഈ സംഘടന നാഗ മ്യൂസിക് ആല്‍ബങ്ങള്‍ പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുവരെ അത്തരം മൂന്ന് ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. നാടോടി സംഗീതവും നാടോടി നൃത്തവുമായി ബന്ധപ്പെട്ട ശില്‍പശാലകളും ഇക്കൂട്ടര്‍ സംഘടിപ്പിക്കുന്നു. ഇതിനെല്ലാം യുവാക്കള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ഇത് മാത്രമല്ല, പരമ്പരാഗത നാഗാലാന്‍ഡ് ശൈലിയിലുള്ള വസ്ത്ര നിര്‍മ്മാണം, തയ്യല്‍, നെയ്ത്ത് എന്നിവയിലും യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നു. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ മുളയില്‍ നിന്ന് പലതരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. പുതുതലമുറയിലെ യുവാക്കളെയും മുള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്നു. ഇതോടെ, ഈ യുവാക്കള്‍ അവരുടെ സംസ്‌കാരവുമായി ബന്ധപ്പെടുക മാത്രമല്ല, അവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ലിഡിക്രോയുവിലെ ആളുകള്‍ കൂടുതല്‍ കൂടുതല്‍ നാഗ നാടോടി സംസ്‌കാരത്തെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നു, അറിയിക്കാനും ശ്രമിക്കുന്നു.

സുഹൃത്തുക്കളേ, നിങ്ങളുടെ പ്രദേശത്തും അത്തരം സാംസ്‌കാരിക ശൈലികളും പാരമ്പര്യങ്ങളും ഉണ്ടാകും. നിങ്ങള്‍ക്കും നിങ്ങളുടെ മേഖലകളില്‍ അത്തരം ശ്രമങ്ങള്‍ നടത്താം. എവിടെയെങ്കിലും ഇത്തരം അതുല്യമായ ശ്രമങ്ങള്‍ നടക്കുന്നതായി നിങ്ങള്‍ക്ക് അറിയാമെങ്കില്‍, നിങ്ങള്‍ ആ വിവരം എന്നോടും പങ്കുവയ്ക്കണം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ നാട്ടില്‍ പറയുന്നത് 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നല്ലേ? അതായത്, ആരെങ്കിലും വിദ്യ ദാനം ചെയ്യുന്നുവെങ്കില്‍, അവന്‍ സമൂഹത്തിന്റെ താല്‍പ്പര്യത്തിനായി ഏറ്റവും വലിയ ജോലി ചെയ്യുന്നു. വിദ്യാഭ്യാസരംഗത്ത് ഒരു ചെറിയ വിളക്കിന് പോലും സമൂഹത്തെ മുഴുവന്‍ പ്രകാശിപ്പിക്കാന്‍ കഴിയും. ഇന്ന് രാജ്യത്തുടനീളം ഇത്തരം നിരവധി ശ്രമങ്ങള്‍ നടക്കുന്നുവെന്നത് എനിക്ക് വലിയ സന്തോഷം നല്‍കുന്നു. യുപിയുടെ തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് 70-80 കിലോമീറ്റര്‍ അകലെയുള്ള ഹര്‍ദോയിയിലെ ഒരു ഗ്രാമമാണ് ബന്‍സ. വിദ്യാഭ്യാസത്തിന്റെ വെളിച്ചം ഉണര്‍ത്തുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ ഗ്രാമത്തിലെ ശ്രീ. ജതിന്‍ ലളിത് സിംഗിനെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ശ്രീ. ജതിന്‍ ഇവിടെ 'കമ്മ്യൂണിറ്റി ലൈബ്രറി ആന്‍ഡ് റിസോഴ്‌സ് സെന്റെര്‍' ആരംഭിച്ചത്. ഹിന്ദി, ഇംഗ്ലീഷ് സാഹിത്യം, കമ്പ്യൂട്ടര്‍, നിയമം, നിരവധി സര്‍ക്കാര്‍ പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട 3000ലധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ കേന്ദ്രത്തിലുണ്ട്. ഈ ഗ്രന്ഥശാലയില്‍ കുട്ടികളുടെ ഇഷ്ടങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കിയിട്ടുണ്ട് . കോമിക് പുസ്തകങ്ങളോ, കളിപ്പാട്ടങ്ങളോ ആകട്ടെ, കുട്ടികള്‍ക്ക് അവ വളരെ ഇഷ്ടമാണ്. കളിക്കുമ്പോള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനാണ് കൊച്ചുകുട്ടികള്‍ ഇവിടെയെത്തുന്നത്. അത് ഓഫ്‌ലൈനായാലും ഓണ്‍ലൈന്‍ വിദ്യാഭ്യാസമായാലും 40 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ ഈ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികളെ നയിക്കുന്ന തിരക്കിലാണ്. ഗ്രാമത്തിലെ 80 ഓളം വിദ്യാര്‍ത്ഥികള്‍ ദിവസവും ഈ ലൈബ്രറിയില്‍ പഠിക്കാന്‍ എത്തുന്നു.

സുഹൃത്തുക്കളേ, ഝാര്‍ഖണ്ഡിലെ ശ്രീ. സഞ്ജയ് കശ്യപും പാവപ്പെട്ട കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കുന്നു. വിദ്യാര്‍ത്ഥി ജീവിതത്തില്‍ ശ്രീ. സഞ്ജയ്ക്ക് നല്ല പുസ്തകങ്ങളുടെ ദൗര്‍ലഭ്യം നേരിടേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പുസ്തകങ്ങളുടെ അഭാവം മൂലം തന്റെ പ്രദേശത്തെ കുട്ടികളുടെ ഭാവി ഇരുളടയാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ ദൗത്യം നിമിത്തം, ഇന്ന് ഝാര്‍ഖണ്ഡിലെ പല ജില്ലകളിലെയും കുട്ടികള്‍ക്ക് അദ്ദേഹം ഒരു 'ലൈബ്രറി മാന്‍' ആയി മാറിയിരിക്കുന്നു. ശ്രീ. സഞ്ജയ്ക്ക്  ജോലി ലഭിച്ചപ്പോള്‍, അദ്ദേഹത്തിന്റെ നാട്ടില്‍ ആദ്യമായി ലൈബ്രറി നിര്‍മ്മിച്ചു. ജോലിക്കിടെ സ്ഥലംമാറ്റം ലഭിച്ചിടത്തെല്ലാം ദരിദ്രരും ആദിവാസികളുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലൈബ്രറി തുറക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടു. ഇത് ചെയ്യുന്നതിനിടയില്‍, ഝാര്‍ഖണ്ഡിലെ പല ജില്ലകളിലും അദ്ദേഹം കുട്ടികള്‍ക്കായി ലൈബ്രറികള്‍ തുറന്നിട്ടുണ്ട്. ഒരു ലൈബ്രറി തുറക്കുക എന്ന അദ്ദേഹത്തിന്റെ ദൗത്യം ഇന്ന് ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ രൂപത്തിലാണ്. ശ്രീ. സഞ്ജയോ ശ്രീ. ജതിനോ ആകട്ടെ, അവരുടെ അത്തരം നിരവധി ശ്രമങ്ങള്‍ക്ക് ഞാന്‍ അവരെ പ്രത്യേകം അഭിനന്ദിക്കുന്നു

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ വൈദ്യശാസ്ത്രരംഗം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട. എന്നാല്‍ ചില രോഗങ്ങള്‍ ഇന്നും നമുക്ക് വലിയ വെല്ലുവിളിയായി തുടരുന്നു. അത്തരത്തിലുള്ള ഒരു രോഗമാണ്  മസ്‌കുലര്‍ ഡിസ്‌ട്രോഫി! ഇത് പ്രധാനമായും ഏത് പ്രായത്തിലും സംഭവിക്കാവുന്ന ഒരു ജനിതക രോഗമാണ്. അതില്‍ ശരീരത്തിന്റെ പേശികള്‍ ദുര്‍ബലമാകാന്‍ തുടങ്ങുന്നു. നിത്യജീവിതത്തിലെ ചെറിയ ജോലികള്‍ പോലും ചെയ്യാന്‍ രോഗിക്ക് ബുദ്ധിമുട്ടാകുന്നു. ഇത്തരം രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും വലിയ സേവനം ആവശ്യമാണ്. ഹിമാചല്‍ പ്രദേശിലെ സോളനില്‍ അത്തരമൊരു കേന്ദ്രമുണ്ട്. ഇത് മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗികള്‍ക്ക് പ്രതീക്ഷയുടെ പുതിയ കിരണമായി മാറി. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് മസ്‌കുലര്‍ ഡിസ്‌ട്രോഫിയുടെ കീഴിലുള്ള ഈ കേന്ദ്രത്തിന്റെ പേര് 'മാനവ് മന്ദിര്‍' എന്നാണ്. മാനവ് മന്ദിര്‍ അതിന്റെ പേരിന് അനുസൃതമായി മനുഷ്യസേവനത്തിന്റെ മികച്ച ഉദാഹരണമാണ്. മൂന്ന് നാല് വര്‍ഷം മുമ്പാണ് ഇവിടെ രോഗികള്‍ക്കുള്ള ഒപിഡിയും അഡ്മിഷന്‍ സേവനവും ആരംഭിച്ചത്. 50 ഓളം രോഗികള്‍ക്ക് കിടക്കാനുള്ള സൗകര്യവും മാനവ് മന്ദിരത്തിലുണ്ട്. ഫിസിയോതെറാപ്പി, ഇലക്ട്രോതെറാപ്പി, ജലചികിത്സ എന്നിവയ്‌ക്കൊപ്പം യോഗ-പ്രാണായാമം ഇവയുടെയും സഹായത്തോടെ ഇവിടെ ചികിത്സിക്കുന്നു.
        
സുഹൃത്തുക്കളെ, എല്ലാത്തരം ഹൈടെക് സൗകര്യങ്ങളിലൂടെയും ഈ കേന്ദ്രം രോഗികളുടെ ജീവിതത്തില്‍ നല്ല മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്നു. മസ്‌കുലര്‍ ഡിസ്‌ട്രോഫിയുമായി ബന്ധപ്പെട്ട ഒരു വെല്ലുവിളി അതിനെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ്. അതുകൊണ്ടാണ് ഈ കേന്ദ്രം ഹിമാചല്‍ പ്രദേശില്‍ മാത്രമല്ല, രാജ്യത്തുടനീളം രോഗികള്‍ക്കായി ബോധവത്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഏറെയും മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതര്‍ തന്നെയാണ് എന്നതാണ്. സാമൂഹിക പ്രവര്‍ത്തക ശ്രീമതി. ഊര്‍മ്മിളാ ബാല്‍ദി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് മസ്‌കുലര്‍ ഡിസ്‌ട്രോഫി അദ്ധ്യക്ഷ ബഹന്‍ സഞ്ജന ഗോയല്‍, കൂടാതെ ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിപുല്‍ ഗോയല്‍ എന്നിവര്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനായി കഠിനാധ്വാനം ചെയ്യുന്നു. മാനവ് മന്ദിറിനെ ഒരു ആശുപത്രി ആയും ഗവേഷണ കേന്ദ്രമായും വികസിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ഇതോടെ രോഗികള്‍ക്ക് ഇവിടെ മെച്ചപ്പെട്ട ചികിത്സ ലഭിക്കും. ഈ ദിശയില്‍ ശ്രമിക്കുന്ന എല്ലാ ആളുകളെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു, കൂടാതെ മസ്‌കുലര്‍ ഡിസ്‌ട്രോഫി നേരിടുന്ന എല്ലാ ആളുകള്‍ക്കും സൗഖ്യം നേരുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇന്നത്തെ 'മന്‍ കി ബാത്തില്‍' നമ്മള്‍ ചര്‍ച്ച ചെയ്തത് നാട്ടുകാരുടെ സര്‍ഗ്ഗാത്മകവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഊര്‍ജ്ജത്തിന്റെയും ആവേശത്തിന്റെയും ഉദാഹരണങ്ങളാകുന്നതെങ്ങനെ? എന്നതാണ്. ഇന്ന് ഓരോ പൗരനും ഒന്നല്ലെങ്കില്‍ മറ്റേതെങ്കിലും മേഖലയില്‍, എല്ലാ തലത്തിലും രാജ്യത്തിന് വേണ്ടി വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നു. ഇന്നത്തെ ചര്‍ച്ചയില്‍ തന്നെ, ജി-20 പോലെയുള്ള ഒരു അന്താരാഷ്ട്ര ലക്ഷ്യത്തില്‍, നമ്മുടെ ഒരു നെയ്ത്തുകാരന്‍ തന്റെ ഉത്തരവാദിത്തം മനസ്സിലാക്കുകയും അത് നിറവേറ്റാന്‍ മുന്നോട്ട് വരികയും ചെയ്തു. അതുപോലെ, ആരെങ്കിലും പരിസ്ഥിതിക്ക് വേണ്ടി പരിശ്രമിക്കുന്നു, ഒരാള്‍ വെള്ളത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു, അങ്ങനെ പലരും വിദ്യാഭ്യാസം, വൈദ്യം, ശാസ്ത്ര സാങ്കേതിക വിദ്യ മുതല്‍ സംസ്‌കാരം പാരമ്പര്യങ്ങള്‍ വരെ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. കാരണം, ഇന്ന് നമ്മുടെ ഓരോ പൗരനും അവന്റെ/അവളുടെ കടമ മനസ്സിലാക്കുന്നു. ഒരു രാഷ്ട്രത്തിന്റെ പൗരന്മാരില്‍ അത്തരം കര്‍ത്തവ്യബോധം വരുമ്പോള്‍, അതിന്റെ സുവര്‍ണ്ണ ഭാവി സ്വയമേവ തീരുമാനിക്കപ്പെടുന്നു, കൂടാതെ, രാജ്യത്തിന്റെ സുവര്‍ണ്ണ ഭാവിയിലാണ് നമ്മുടെ എല്ലാവരുടെയും സുവര്‍ണ്ണ ഭാവി.
    
രാജ്യവാസികളുടെ പ്രയത്‌നത്തിന് ഞാന്‍ ഒരിക്കല്‍ കൂടി അവരെ അഭിവാദ്യം ചെയ്യുന്നു. അടുത്ത മാസം നാം  വീണ്ടും കാണും, ഇത്തരം രസകരമായ നിരവധി വിഷയങ്ങളെക്കുറിച്ച് തീര്‍ച്ചയായും സംസാരിക്കും. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അയയ്ക്കുന്നത് തുടരുക.

നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി!

--ND--



(Release ID: 1879279) Visitor Counter : 174