പ്രധാനമന്ത്രിയുടെ ഓഫീസ്‌

അരുണാചല്‍ പ്രദേശിലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായ ഡോണി പോളോയുടെയും മറ്റ് വികസന പദ്ധതികളുടെയും ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം

Posted On: 19 NOV 2022 2:47PM by PIB Thiruvananthpuram

ജയ് ഹിന്ദ്!
ജയ് ഹിന്ദ്!
ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!
 
അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീ ബി ഡി മിശ്ര ജി, യുവാവും ജനപ്രിയനുമായ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ജി, എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകന്‍ ശ്രീ കിരണ്‍ റിജിജു ജി, ഉപമുഖ്യമന്ത്രി ശ്രീ ചൗന മേന്‍ ജി, ബഹുമാനപ്പെട്ട എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍, മറ്റു പ്രമുഖര്‍, ഒപ്പം അരുണാചല്‍ പ്രദേശിലെ എന്റെ പ്രിയ സഹോദരീസഹോദരന്മാരേ,

ഞാന്‍ പലതവണ അരുണാചല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എപ്പോള്‍ വന്നാലും ഒരു പുത്തന്‍ ഊര്‍ജവും പുത്തന്‍ തീക്ഷ്ണാനുഭവവുമായി ഞാന്‍ പോകും. ഞാന്‍ അരുണാചല്‍ സന്ദര്‍ശിച്ചതിന്റെ എണ്ണം ഓര്‍മയില്‍ ഇല്ല. എന്നാല്‍ രാവിലെ 9.30ന് ഇത്രയും വലിയൊരു ചടങ്ങിന് ഞാന്‍ സാക്ഷിയാകുന്നത് ഇതാദ്യമാണ്. അരുണാചല്‍ മലനിരകളില്‍ നിന്ന് ഇവിടെ ഒത്തുകൂടിയ ഈ ആളുകള്‍ നിങ്ങളുടെ ജീവിതത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം കാണിക്കുന്നു. അതുകൊണ്ടാണ് നിങ്ങളെല്ലാവരും നിങ്ങളുടെ അനുഗ്രഹം ചൊരിയാന്‍ ഇത്രയധികം കൂട്ടത്തോടെ ഇവിടെ വന്നത്.
 
സഹോദരീ സഹോദരന്മാരേ,

അരുണാചലിലെ ജനങ്ങളുടെ ഊഷ്മളതയും സ്‌നേഹവും ഞാന്‍ ഊന്നിപ്പറയുകതന്നെ വേണം. അരുണാചലിലെ ജനങ്ങളുടെ മുഖത്ത് എപ്പോഴും വലിയ പുഞ്ചിരിയുണ്ട്. അവര്‍ ഒരിക്കലും അശുഭാപ്തിവിശ്വാസമോ നിരാശയോ കാണിക്കില്ല. അവര്‍ അവരുടെ അച്ചടക്കത്തിന് പേരുകേട്ടവരാണ്. അതിര്‍ത്തികളില്‍ അച്ചടക്കത്തിന്റെ അര്‍ത്ഥം എന്താണെന്നതിന് അവര്‍ മികച്ച ഉദാഹരണമായി. അരുണാചലിലെ എല്ലാ വീടുകളിലും എല്ലാ കുടുംബങ്ങളിലും ഓരോ വ്യക്തിയുടെ ജീവിതത്തിലും ഇത് ദൃശ്യമാണ്.

നമ്മുടെ മുഖ്യമന്ത്രി പെമ  ജിയുടെ നേതൃത്വത്തില്‍ ഈ ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ കഠിനാധ്വാനവും വികസനത്തിനായുള്ള പ്രതിബദ്ധതയുമാണ് അരുണാചലിനെ ഇന്ന് ഈ പുതിയ ഉയരത്തിലെത്തിച്ചിരിക്കുന്നത്. പേമ ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകാം; 2019 ഫെബ്രുവരിയിലാണ് ഈ വിമാനത്താവളത്തിന്റെ തറക്കല്ലിട്ടതെന്നും തറക്കല്ലിടാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പെമ ജി പോലും പരാമര്‍ശിച്ചിട്ടുണ്ട്. നമ്മുടെ തൊഴില്‍ സംസ്‌കാരത്തില്‍, തറക്കല്ലിട്ട എല്ലാ പദ്ധതികളും ഞങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കറിയാം. പദ്ധതികള്‍ അനിശ്ചിതത്വത്തിലാക്കുന്ന കാലം പോയി. എന്നാല്‍ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. 2019 ഫെബ്രുവരിയില്‍ ഞാന്‍ അതിന്റെ തറക്കല്ലിട്ടു. 2019 മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ഈ രാഷ്ട്രീയ വക്താക്കളും കമന്റേറ്റര്‍മാരുമെല്ലാം പഴയ മനസ്സോടെ വിമാനത്താവളം ഒരിക്കലും വരില്ലെന്ന് ആക്രോശിക്കാനും എഴുതാനും തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരികയാണെന്നും അതുകൊണ്ടാണ് തറക്കല്ലിടാന്‍ മോദി ഇവിടെയെത്തിയത് എന്നും അവര്‍ പറഞ്ഞു.  എല്ലാത്തിനും പിന്നിലെ കാരണമായി അവര്‍ തിരഞ്ഞെടുപ്പിനെ കാണുന്നു. ഓരോ നല്ല പ്രവൃത്തിക്കും തിരഞ്ഞെടുപ്പിന്റെ നിറം പകരുന്നത് ഫാഷനായി മാറിയിരിക്കുന്നു.
ഇന്ന് ഈ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഇവര്‍ക്കെല്ലാം തക്കതായ മറുപടിയാണ്, അവരുടെ മുഖത്തേറ്റ അടിയാണ്. ഈ രാഷ്ട്രീയ നിരൂപകരോട് അവരുടെ പഴയ ചിന്താഗതി മാറ്റാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ രാജ്യം ഒരു പുതിയ ഉത്സാഹത്തോടെയും ആവേശത്തോടെയും മുന്നേറുകയാണ്. അതിനാല്‍, രാഷ്ട്രീയത്തിന്റെ തുലാസില്‍ അതിനെ തൂക്കിനോക്കുന്നത് നിര്‍ത്തുക. തിരഞ്ഞെടുപ്പ് ഗിമ്മിക്ക് എന്ന് വിളിച്ചിരുന്നവര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നമ്മുടെ വിമാനത്താവളം ഈ ഗംഭീരവും ആധുനികവുമായ രൂപത്തില്‍ രൂപപ്പെടുന്നത് കാണുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ അത് ഉദ്ഘാടനം ചെയ്യുന്നു എന്നത് എന്റെ ഭാഗ്യമാണ്. ഇന്ന് അരുണാചല്‍ പ്രദേശം മുഴുവന്‍ ഞങ്ങളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇതും അഭിമാനകരമായ കാര്യമാണ്.
തിരഞ്ഞെടുപ്പ് അടുത്തില്ല. എന്നിട്ടും ഉദ്ഘാടനം നടക്കുന്നത് നാടിന്റെ വികസനവും രാജ്യത്തെ ജനങ്ങളുടെ വികസനവുമാണ് ഈ ഗവണ്‍മെന്റിന്റെ മുന്‍ഗണന. വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും രാജ്യത്തിന്റെ വികസനത്തിന് വേണ്ടി മാത്രമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ നോക്കൂ, ഇപ്പോള്‍ ഞാന്‍ അരുണാചലിലാണ്. ഇവിടെ സൂര്യന്‍ ആദ്യം ഉദിക്കും, വൈകുന്നേരം ഞാന്‍ സൂര്യന്‍ അസ്തമിക്കുന്ന ദാമനിലായിരിക്കും. ഇടയ്ക്ക് കാശിയും സന്ദര്‍ശിക്കും. ഒരേയൊരു സ്വപ്നവുമായി ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിക്കുന്നു - എന്റെ രാജ്യം മുന്നോട്ട് പോകണം. ഞങ്ങള്‍ ഒരിക്കലും തിരഞ്ഞെടുപ്പ് മനസ്സില്‍ വെച്ചല്ലപ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ സ്വപ്‌നം ഭാരതമാതാവും ഇന്ത്യയിലെ 130 കോടി പൗരന്മാരും മാത്രമാണ്.
ഇന്ന് ഈ വിമാനത്താവളത്തോടൊപ്പം 600 മെഗാവാട്ട് ശേഷിയുള്ള കമെങ് ജലവൈദ്യുത പദ്ധതിയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇതും ഒരു വലിയ നേട്ടമാണ്. വികസനത്തിന്റെ 'പറക്കലും' വികസനത്തിനായുള്ള 'ഊര്‍ജ്ജവും' ഈ സംയോജനമാണ് അരുണാചലിനെ പുതിയ വേഗതയില്‍ പുതിയ ഉയരങ്ങളിലെത്തിക്കുക. ഈ നേട്ടത്തിന്, അരുണാചല്‍ പ്രദേശിലെയും എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം, വടക്കുകിഴക്കന്‍ മേഖല തികച്ചും വ്യത്യസ്തമായ ഒരു കാലഘട്ടത്തിന് സാക്ഷ്യം വഹിച്ചു. പതിറ്റാണ്ടുകളായി ഈ പ്രദേശം അവഗണനയുടെയും നിസ്സംഗതയുടെയും ഇരയാണ്. അന്ന് ഡല്‍ഹിയില്‍ നയങ്ങള്‍ രൂപീകരിച്ചവര്‍ക്ക് ഇവിടെ തെരഞ്ഞെടുപ്പില്‍ വിജയിക്കുക മാത്രമായിരുന്നു ലക്ഷ്യം. പതിറ്റാണ്ടുകളായി ഈ സ്ഥിതി തുടര്‍ന്നുവെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. അടല്‍ജിയുടെ ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ ആദ്യമായി സ്ഥിതിഗതികള്‍ മാറ്റാന്‍ ശ്രമിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ച ആദ്യ ഗവണ്‍മെന്റാണിത്.
എന്നാല്‍ അദ്ദേഹത്തിനു ശേഷമുള്ള ഗവണ്‍മെന്റ് ആ കുതിപ്പ് മുന്നോട്ടുകൊണ്ടുപോയില്ല. 2014 ന് ശേഷം, സേവനം ചെയ്യാന്‍ നിങ്ങള്‍ എനിക്ക് അവസരം നല്‍കിയപ്പോള്‍ മാറ്റത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിച്ചു. അരുണാചല്‍ പ്രദേശ് വിദൂര പ്രദേശമാണെന്ന് മുന്‍ ഗവണ്‍മെന്റുകള്‍ വിശ്വസിച്ചിരുന്നു. ദൂരെയുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥലങ്ങള്‍ അവസാന ഗ്രാമങ്ങളായി നേരത്തെ കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ നമ്മുടെ ഗവണ്‍മെന്റ് ഈ സ്ഥലങ്ങളെ അവസാന ഗ്രാമങ്ങളായല്ല, പകരം രാജ്യത്തിന്റെ ആദ്യ ഗ്രാമങ്ങള്‍ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. അതിന്റെ ഫലമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം രാജ്യത്തിന്റെ മുന്‍ഗണനയായി മാറി.
ഇപ്പോള്‍ അത് സംസ്‌കാരമോ കൃഷിയോ വാണിജ്യമോ കണക്റ്റിവിറ്റിയോ ആകട്ടെ - വടക്കുകിഴക്കിന് മുന്‍ഗണന ലഭിക്കുന്നു, അവസാനത്തേതല്ല. അത് വ്യാപാരമോ ടൂറിസമോ ടെലികോമോ തുണിത്തരമോ ആകട്ടെ - വടക്കുകിഴക്കന്‍ മേഖലയ്ക്ക് മുന്‍തൂക്കം ലഭിക്കുന്നു. ഡ്രോണ്‍ സാങ്കേതികവിദ്യ മുതല്‍ കൃഷി ഉഡാന്‍ വരെ, വിമാനത്താവളങ്ങള്‍ മുതല്‍ തുറമുഖ ഗതാഗതം വരെ - വടക്കുകിഴക്കന്‍ മേഖലയാണ് ഇപ്പോള്‍ രാജ്യത്തിന്റെ മുന്‍ഗണന.
അത് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമോ നീളമേറിയ റെയില്‍പ്പാതയോ ആകട്ടെ, റെയില്‍പ്പാത സ്ഥാപിക്കുകയോ റെക്കോഡ് വേഗതയില്‍ ഒരു ഹൈവേ നിര്‍മ്മിക്കുകയോ ചെയ്യുകയാകട്ടെ, വടക്കുകിഴക്കന്‍ രാജ്യത്തിന് ഒന്നാം സ്ഥാനം നല്‍കുന്നു. അതിന്റെ ഫലമായി, ഇന്ന് വടക്കുകിഴക്കന്‍ മേഖലയില്‍ പ്രതീക്ഷയുടെയും അവസരങ്ങളുടെയും ഒരു പുതിയ യുഗം ആരംഭിച്ചിരിക്കുന്നു.
നവ ഇന്ത്യയുടെ ഈ സമീപനത്തിന്റെ മികച്ച ഉദാഹരണമാണ് ഇന്നത്തെ സംഭവം. അരുണാചല്‍ പ്രദേശിലെ നാലാമത്തെ പ്രവര്‍ത്തന വിമാനത്താവളമാണ് ഡോണി-പോളോ എയര്‍പോര്‍ട്ട്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏഴു പതിറ്റാണ്ടിനിടയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആകെ 9 വിമാനത്താവളങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ നമ്മുടെ ഗവണ്‍മെന്റ് വെറും എട്ട് വര്‍ഷത്തിനുള്ളില്‍ ഏഴ് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം വ്യോമ ഗതാഗതവുമായി ബന്ധിപ്പിച്ചിരിക്കുന്ന അത്തരം നിരവധി മേഖലകള്‍ ഇവിടെയുണ്ട്. തല്‍ഫലമായി, ഇപ്പോള്‍ വടക്കുകിഴക്കന്‍ മേഖലകളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി.

സുഹൃത്തുക്കളേ,

അരുണാചല്‍ പ്രദേശിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പ്രതീകം കൂടിയാണ് ഇറ്റാനഗറിലെ ഈ ഡോണി-പോളോ വിമാനത്താവളം. ഡോണി എന്നാല്‍ സൂര്യനാണെന്നും പോളോ എന്നാല്‍ ചന്ദ്രനാണെന്നും പേമ ജി എന്നോട് പറഞ്ഞു. 'അരുണാചലിലെ ഡോണി-പോളോ സംസ്‌കാരം' നമ്മുടെ വികസന യാത്രയ്ക്കുള്ള പാഠമായി ഞാന്‍ കാണുന്നു. പ്രകാശം ഒന്നുതന്നെയാണ്, എന്നാല്‍ സൂര്യന്റെ കിരണങ്ങള്‍ക്കും ചന്ദ്രന്റെ തണുപ്പിനും അതിന്റേതായ പ്രാധാന്യവും ശക്തിയും ഉണ്ട്. അതുപോലെ, വികസനത്തെക്കുറിച്ച് പറയുമ്പോള്‍, അത് ഒരു വലിയ വികസന പദ്ധതിയായാലും പാവപ്പെട്ടവര്‍ക്കുള്ള ജനക്ഷേമ പദ്ധതിയായാലും, രണ്ടും വികസനത്തിന്റെ പ്രധാന വശങ്ങളാണ്.
ഇന്ന്, വിമാനത്താവളം പോലുള്ള പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കും പാവപ്പെട്ടവരുടെ സൗകര്യങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നു. ഇന്ന് ഒരു വിമാനത്താവളം നിര്‍മ്മിക്കപ്പെടുകയാണെങ്കില്‍, അതിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ 'ഉഡാന്‍' പദ്ധതിയിലും പ്രവര്‍ത്തിക്കുന്നു. വിമാന സര്‍വീസുകള്‍ ആരംഭിച്ചതിന് ശേഷം, വിനോദസഞ്ചാരികളുടെ എണ്ണം എങ്ങനെ വര്‍ധിപ്പിക്കാം അല്ലെങ്കില്‍ ചെറുകിട വ്യാപാരികള്‍ക്കും കടയുടമകള്‍ക്കും ടാക്‌സി ഡ്രൈവര്‍മാര്‍ക്കും എങ്ങനെ പ്രയോജനം ലഭിക്കും എന്നതുപോലുള്ള വിഷയങ്ങളിലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
 
സുഹൃത്തുക്കളേ,

ഇന്ന് അരുണാചല്‍ പ്രദേശില്‍, അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല, ഏറ്റവും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലും റോഡുകളും ഹൈവേകളും നിര്‍മ്മിക്കപ്പെടുന്നു. 50,000 കോടി രൂപയാണ് റോഡുകളുടെ നിര്‍മാണത്തിനായി കേന്ദ്ര ഗവണ്‍മെന്റ് ചെലവഴിക്കുന്നത്. ഇത്രയും നന്നായി വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതിനാല്‍, ധാരാളം വിനോദസഞ്ചാരികളും ഇവിടെയെത്തും. അരുണാചലിന്റെ എല്ലാ കോണുകളും പ്രകൃതി മനോഹരമാക്കിയിരിക്കുന്നു. എല്ലാ ഗ്രാമങ്ങളിലും ടൂറിസം വിപുലീകരണത്തിന് വലിയ സാധ്യതകളുണ്ട്. ഹോംസ്റ്റേകളിലൂടെയും പ്രാദേശിക ഉത്പന്നങ്ങളിലൂടെയും ഓരോ കുടുംബത്തിന്റെയും വരുമാനം വര്‍ധിപ്പിക്കാനാകും. അതിനായി എല്ലാ ഗ്രാമങ്ങളിലും എത്താനുള്ള സംവിധാനം ഉണ്ടാകണം. അതുകൊണ്ടാണ് ഇന്ന് അരുണാചല്‍ പ്രദേശിലെ 85 ശതമാനത്തിലധികം ഗ്രാമങ്ങളിലും പ്രധാനമന്ത്രി ഗ്രാം സഡക് പദ്ധതിക്ക് കീഴില്‍ റോഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
 
സുഹൃത്തുക്കളേ,

വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കും ശേഷം, ചരക്ക് സൗകര്യങ്ങള്‍ക്ക് അരുണാചലില്‍ വലിയ സാധ്യതകള്‍ വികസിക്കും. ഇതോടെ ഇവിടുത്തെ കര്‍ഷകര്‍ക്ക് അരുണാചലിന് പുറത്തുള്ള വന്‍കിട വിപണികളില്‍ ഉല്‍പന്നങ്ങള്‍ എളുപ്പത്തില്‍ വില്‍ക്കാനാകും. ഇപ്പോഴുള്ളതിനേക്കാള്‍ പലമടങ്ങ് പണം അവര്‍ സമ്പാദിക്കും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ അരുണാചലിലെ കര്‍ഷകര്‍ക്കും ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.
 
സുഹൃത്തുക്കളേ,

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി നമ്മുടെ ഗവണ്‍മെന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് മുളക്കൃഷി. ഇവിടുത്തെ ജീവിതശൈലിയുടെ പ്രധാന ഭാഗമാണ് മുള. ഇന്ന് മുള ഉല്‍പന്നങ്ങള്‍ രാജ്യത്തും ലോകമെമ്പാടും പ്രചാരത്തിലുണ്ട്. എന്നാല്‍ ബ്രിട്ടീഷ് ഭരണകാലം മുതല്‍, മുള മുറിക്കുന്നതിന് അത്തരം നിയമപരമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു, അത് നമ്മുടെ ആദിവാസി സഹോദരീസഹോദരന്മാരുടെയും നമ്മുടെ വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളുടെയും ജീവിതത്തില്‍ ഒരു തടസ്സമായി മാറി. അതിനാല്‍, ഞങ്ങള്‍ ആ നിയമം മാറ്റി. ഇപ്പോള്‍ നിങ്ങള്‍ക്ക് മുള വളര്‍ത്താം, മുള മുറിക്കാം, മുള വില്‍ക്കാം, മുളയുടെ മൂല്യം കൂട്ടാം, തുറന്ന വിപണിയില്‍ ബിസിനസ്സ് നടത്താം. നമുക്ക് വിളകള്‍ വളര്‍ത്തുന്നത് പോലെ മുളയും വളര്‍ത്താം.

സഹോദരീ സഹോദരന്‍മാരേ,

ദരിദ്രര്‍ ജീവിതത്തിന്റെ അടിസ്ഥാന ആശങ്കകളില്‍ നിന്ന് മോചനം നേടുമ്പോള്‍, അവര്‍ തങ്ങള്‍ക്കും രാജ്യത്തിനും വികസനത്തിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങുന്നു. അവഗണനയില്‍ നിന്നും ദുരിതത്തില്‍ നിന്നും കരകയറിയ ദരിദ്രരായ ദരിദ്രരായ ആളുകള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കുക എന്നതാണ് ഇന്ന് രാജ്യത്തിന്റെ മുന്‍ഗണന. വിദ്യാഭ്യാസവും ആതുരസേവനവും മലനിരകളില്‍ എപ്പോഴും പ്രശ്‌നമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍, മികച്ച ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ കൂടാതെ, ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം എല്ലാ പാവപ്പെട്ടവര്‍ക്കും ഒരു അടച്ചുറപ്പുള്ള വീട് നല്‍കുന്നുണ്ട്. ആദിവാസി മേഖലകളില്‍ 500 കോടി രൂപ ചെലവഴിച്ച് കേന്ദ്ര ഗവണ്‍മെന്റ് ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ തുറക്കുന്നത് ഒരു ആദിവാസി കുട്ടിയും വിദ്യാഭ്യാസത്തില്‍ പിന്നാക്കം പോകാതിരിക്കാനാണ്.
ചില കാരണങ്ങളാല്‍ അക്രമത്തിന്റെ പാതയിലേക്ക് വ്യതിചലിച്ച യുവാക്കളെ വേറിട്ട നയത്തിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇവര്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ശക്തിയുമായി ബന്ധിപ്പിക്കുന്നതിന്, അരുണാചല്‍ പ്രദേശും അരുണാചല്‍ സ്റ്റാര്‍ട്ടപ്പ് നയത്തിലൂടെ കൈകോര്‍ത്ത് നടക്കുന്നു. അതായത് നമ്മുടെ ശാശ്വതമായ വികസന പ്രവാഹം ഗ്രാമങ്ങളിലും ദരിദ്രരിലും യുവാക്കളിലും അതുപോലെ സ്ത്രീകളിലും എത്തി ഇന്ന് അവരുടെ ശക്തിയായി മാറുകയാണ്.
 
സുഹൃത്തുക്കളേ,

2014 ന് ശേഷം രാജ്യം എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാനുള്ള പ്രയത്‌നം ആരംഭിച്ചു. അരുണാചല്‍ പ്രദേശിലെ ഗ്രാമങ്ങള്‍ക്കും ഈ പ്രചാരണം ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ആദ്യമായി വൈദ്യുതി എത്തിയ ഇവിടെ അത്തരത്തിലുള്ള നിരവധി ഗ്രാമങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സൗഭാഗ്യ പദ്ധതി പ്രകാരം എല്ലാ വീടുകളും വൈദ്യുതിയുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ചു. ഇവിടെ അരുണാചലിലും ആയിരക്കണക്കിന് വീടുകള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന്‍ നല്‍കി. കൂടാതെ ഇവിടുത്തെ വീടുകളില്‍ വൈദ്യുതി എത്തിയപ്പോള്‍ അത് വീടുകളില്‍ മാത്രമല്ല, ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിലും വെളിച്ചമേകി.
 
സഹോദരീ സഹോദരന്മാരേ,

അരുണാചല്‍ പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലേക്കും എല്ലാ വീടുകളിലേക്കും വികസനത്തിന്റെ യാത്ര എത്തിക്കുക എന്ന ദൗത്യത്തിലാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് 'വൈബ്രന്റ് ബോര്‍ഡര്‍ വില്ലേജ്' പദവി നല്‍കി അവരെ ശാക്തീകരിക്കാനാണ് ഞങ്ങളുടെ ശ്രമം. അതിര്‍ത്തിയോട് ചേര്‍ന്നുള്ള എല്ലാ ഗ്രാമങ്ങളിലും സാധ്യതകളുടെ പുതിയ വാതിലുകള്‍ തുറക്കുമ്പോള്‍, അഭിവൃദ്ധി താനേ തുടങ്ങും.
വൈബ്രന്റ് ബോര്‍ഡര്‍ വില്ലേജ് പ്രോഗ്രാമിന് കീഴില്‍, അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളിലെ യുവാക്കളെ എന്‍സിസിയുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്‍സിസിയില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളില്‍ നിന്നുള്ള യുവാക്കളുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എന്‍സിസിയില്‍ ചേരുന്ന ഈ ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് സൈനിക ഉദ്യോഗസ്ഥരില്‍ നിന്ന് പരിശീലനം ലഭിക്കും. ഇത് യുവാക്കള്‍ക്ക് ശോഭനമായ ഭാവിക്ക് വഴിയൊരുക്കുക മാത്രമല്ല, രാജ്യത്തോടുള്ള സേവന മനോഭാവം അവരില്‍ വളര്‍ത്തുകയും ചെയ്യും.

സുഹൃത്തുക്കളേ,

'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന്' എന്ന മന്ത്രത്തെ പിന്തുടര്‍ന്ന്, അരുണാചല്‍ പ്രദേശിന്റെ വികസനത്തിനും ജനങ്ങള്‍ക്ക് 'ജീവിതം എളുപ്പമാക്കാനും' ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. വികസനത്തിന്റെ ഈ 'അരുണ്‍' അല്ലെങ്കില്‍ 'സൂര്യന്‍' ഇനിയും ഇതുപോലെ ഇവിടെ പ്രകാശം പരത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഈ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളെല്ലാം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സജീവമായ സഹകരണത്തിന് പെമ ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ഗവണ്‍മെന്റിനെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ സുഹൃത്തുക്കളെയും അമ്മമാരെയും സഹോദരിമാരെയും ഞാന്‍ അഭിനന്ദിക്കുന്നു.
 
ഞാന്‍ നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് നേരുന്നു! വളരെയധികം നന്ദി!

--ND--



(Release ID: 1878107) Visitor Counter : 110