പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബംഗളൂരു ടെക് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു


“എല്ലാമുൾക്കൊള്ളുന്നതും നൂതനവുമായ നഗരമാണു ബംഗളൂരു; സാങ്കേതികവിദ്യയുടെയും ആശയസാരഥ്യത്തിന്റെയും ആലയവും”

“ഇന്ത്യയുടെ നൂതനയുവത്വത്താലും, സാങ്കേതികവിദ്യ പ്രാപ്തമാക്കൽ മെച്ചപ്പെടുന്നതിനാലും ഭാവി വളരെ വലുതായിരിക്കും”

“ഇന്ത്യയിൽ, സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തിയാണു സാങ്കേതികവിദ്യ”


“ഏകോപനത്തിന്റെ പിന്തുണയുള്ള നവീകരണം കരുത്തായി മാറുന്നു”


“ചുവപ്പുനാടയുടെ പേരിൽ അറിയപ്പെടുന്ന നാടല്ല ഇപ്പോൾ ഇന്ത്യ. നിക്ഷേപകർക്കു ചുവന്ന പരവതാനി വിരിക്കുന്നതിനു പേരുകേട്ട നാടാണിത്”


Posted On: 16 NOV 2022 11:25AM by PIB Thiruvananthpuram

നൂതനാശയങ്ങളോടെയെത്തുന്ന ഇന്ത്യയിലെ യുവാക്കൾ സാങ്കേതികമികവും കഴിവുറ്റതുമായ ആഗോളവൽക്കരണം ഉറപ്പാക്കിയിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഇന്ത്യയിൽ, സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തിയാണു സാങ്കേതികവിദ്യ” - അദ്ദേഹം പറഞ്ഞു. ബംഗളൂരു ടെക് ഉച്ചകോടിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
 

എല്ലാമുൾക്കൊള്ളുന്നതും നൂതനവുമായ നഗരമാണു ബംഗളൂരുവെന്നും സാങ്കേതികവിദ്യയുടെയും ആശയസാരഥ്യത്തിന്റെയും ആലയമാണിതെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. വർഷങ്ങളായി, ഇന്ത്യയുടെ നൂതനാശയങ്ങളുടെ സൂചികയിൽ ബംഗളൂരു ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യയുടെ സാങ്കേതികവിദ്യയും നൂതനാശയങ്ങളും ഇതിനോടകം ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. എങ്കിലും, ഇന്ത്യയുടെ നൂതനയുവത്വത്താലും, സാങ്കേതികവിദ്യ പ്രാപ്തമാക്കൽ മെച്ചപ്പെടുന്നതിനാലും ഭാവി വളരെ വലുതായിരിക്കും. ഇന്ത്യയിലെ യുവാക്കൾ സാങ്കേതിക ആഗോളവൽക്കരണവും  പ്രതിഭയുടെ ആഗോളവൽക്കരണവും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ആഗോളനന്മയ്ക്കായി ഞങ്ങൾ ഞങ്ങളുടെ കഴിവുകൾ വിനിയോഗിക്കുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു. 

ആഗോള നവീകരണ സൂചികയിൽ 2015ൽ 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 40-ാം സ്ഥാനത്തേക്കു കുതിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. 2021 മുതൽ ഇന്ത്യയിലെ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി. 81,000 അംഗീകൃത സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ പ്രതിഭാസ്രോതസ്, നൂറുകണക്കിന് അന്താരാഷ്ട്ര കമ്പനികളെ അവരുടെ ഗവേഷണ-വികസന കേന്ദ്രങ്ങൾ ഇന്ത്യയിൽ സ്ഥാപിക്കാൻ പ്രചോദനമേകുന്നു. 

ഇന്ത്യയിലെ യുവാക്കളിൽ സാങ്കേതികപ്രാപ്യത വർധിച്ചുവരുന്നതിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തു നടക്കുന്ന മൊബൈൽ, ഡാറ്റ വിപ്ലവത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി. കഴിഞ്ഞ 8 വർഷത്തിനിടെ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ 60 ദശലക്ഷത്തിൽനിന്ന് 810 ദശലക്ഷമായി ഉയർന്നു. സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ 150 ദശലക്ഷത്തിൽനിന്ന് 750 ദശലക്ഷമായി. നഗരപ്രദേശങ്ങളെ അപേക്ഷിച്ചു ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റിന്റെ വളർച്ച വേഗത്തിലാണ്. “ഇൻഫർമേഷൻ സൂപ്പർ-ഹൈവേയുമായി പുതിയൊരു ജനസമൂഹം ബന്ധപ്പെടുന്നു”- ശ്രീ മോദി പറഞ്ഞു. ഇന്ത്യയിലെ സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിൽ മാനുഷികസ്പർശം എങ്ങനെ കൊണ്ടുവരാമെന്നും ഇന്ത്യ തെളിയിച്ചിട്ടുണ്ട്. “ഇന്ത്യയിൽ, സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തിയാണു സാങ്കേതികവിദ്യ”- അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷാപദ്ധതിയായ ആയുഷ്മാൻ ഭാരത് 200 ദശലക്ഷം കുടുംബങ്ങൾക്ക്, അതായത് 600 ദശലക്ഷംപേർക്ക്, സുരക്ഷാവലയൊരുക്കുന്നതും സാങ്കേതികതലത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധകുത്തിവയ്പുയജ്ഞമായ കോവിഡ് പ്രതിരോധകുത്തിവയ്പുയജ്ഞവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമേഖലയിൽനിന്നുള്ള ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 10 ദശലക്ഷത്തിലധികം വിജയകരമായ ഓൺലൈൻ, സൗജന്യ ഓപ്പൺ കോഴ്സുകളുടെ ഏറ്റവും വലിയ ഓൺലൈൻ ശേഖരമാണു രാജ്യത്തുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാമാരിക്കാലത്ത് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ, ഏറ്റവും കുറഞ്ഞ ഡാറ്റ നിരക്കുകൾ പാവപ്പെട്ട വിദ്യാർഥികളെ സഹായിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. 

ദാരിദ്ര്യത്തിനെതിരായ യുദ്ധത്തിൽ ഇന്ത്യ സാങ്കേതികവിദ്യയെ ആയുധമാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നിർധനസൗഹൃദ നടപടികളെക്കുറിച്ചു വിശദീകരിക്കാൻ സ്വാമിത്വ പദ്ധതിക്കും ജൻധൻ-ആധാർ-മൊബൈൽ (ജെഎഎം) ത്രയത്തിനുമായി ഡ്രോണുകൾ ഉപയോഗിച്ചതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സ്വാമിത്വ പദ്ധതി ഭൂസ്വത്തുക്കൾ രേഖപ്പെടുത്തുന്നതിൽ ആധികാരികത കൊണ്ടുവരികയും പാവപ്പെട്ടവർക്കു വായ്പകൾ പ്രാപ്യമാക്കുകയും ചെയ്തു. ജെഎഎം നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം ഉറപ്പാക്കുകയും നിരവധി ക്ഷേമപദ്ധതികളുടെ നട്ടെല്ലായി മാറുകയുംചെയ്തു- പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ് നടത്തുന്ന വിജയകരമായ ഇ-വാണിജ്യവേദിയായ ജിഇഎമ്മിനെക്കുറ‌ിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. “വലിയ ഉപഭോക്താവിനെ കണ്ടെത്താൻ ചെറുകിട വ്യവസായങ്ങളെ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം, ഇത് അഴിമതിക്കുള്ള സാധ്യതയും കുറച്ചു. അതുപോലെ, സാങ്കേതികവിദ്യ ഓൺലൈൻ പണമിടപാടുകളെയും സഹായിച്ചു. ഇതു പദ്ധതികൾക്കു വേഗംപകരുകയും സുതാര്യത വർധിപ്പിക്കുകയുംചെയ്തു. കഴിഞ്ഞ വർഷം ഇത് ഒരു ട്രില്യൺരൂപയുടെ സംഭരണമൂല്യത്തിലെത്തി”- ജിഇഎമ്മിന്റെ മുന്നേറ്റം ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു. 

പ്രതിബന്ധങ്ങൾ നീക്കംചെയ്യേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “നവീകരണം പ്രധാനമാണ്. എന്നാൽ ഏകോപനത്തിന്റെ പിന്തുണയോടെയേ അതു ശക്തിയായി മാറൂ. പ്രതിബന്ധങ്ങൾ അവസാനിപ്പിക്കാനും കൂട്ടായപ്രവർത്തനങ്ങൾ സജ്ജമാക്കാനും സേവനമുറപ്പാക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കൂട്ടായ പ്രവർത്തനവേദിയിൽ പ്രതിബന്ധങ്ങളൊന്നുമുണ്ടാകില്ല”- പ്രധാനമന്ത്രി പറഞ്ഞു. പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധത‌ി ഉദാഹരണമാക്കി, അടുത്ത ഏതാനും വർഷങ്ങളിൽ ഇന്ത്യ 100 ട്രില്യൺ രൂപ അടിസ്ഥാനസൗകര്യമേഖലയിൽ നിക്ഷേപിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കൂട്ടായ പ്രവർത്തനവേദിയായ ഗതിശക്തി ഉപയോഗിച്ചു കേന്ദ്രഗവണ്മെന്റിനും സംസ്ഥാന ഗവണ്മെന്റുകൾക്കും ജില്ലാ ഭരണസംവിധാനങ്ങൾക്കും വിവിധ വകുപ്പുകൾക്കും ഏകോപനത്തോടെ പ്രവർത്തിക്കാനാകും. പദ്ധതികൾ, ഭൂവിനിയോഗം, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരിടത്തു ലഭ്യമാകും. അതിനാൽ, ഓരോ പങ്കാളിക്കും ഒരേ വിവരങ്ങൾ അറിയാനാകും. ഇത് ഏകോപനം മെച്ചപ്പെടുത്തുകയും പ്രതിബന്ധങ്ങൾ ഉണ്ടാകുന്നതിനുമുമ്പു പരിഹരിക്കുകയും ചെയ്യുന്നു. ഇത് അംഗീകാരങ്ങളും അനുമതികളും വേഗത്തിലാക്കുന്നു- അദ്ദേഹം പറഞ്ഞു. 

ചുവപ്പുനാടയുടെ പേരിൽ അറിയപ്പെടുന്ന നാടല്ല ഇപ്പോൾ ഇന്ത്യയെന്നു പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപകർക്കു ചുവന്ന പരവതാനി വിരിക്കുന്നതിനു പേരുകേട്ട നാടാണിത്. “എഫ്‌ഡിഐ പരിഷ്കരണങ്ങളാകട്ടെ, ഡ്രോൺ നിയമങ്ങളുടെ ഉദാരവൽക്കരണമാകട്ടെ, സെമികണ്ടക്ടർ മേഖലയിലെ ചുവടുകളോ വിവിധ മേഖലകളിലെ ഉൽപ്പാദന ആനുകൂല്യപദ്ധതികളോ വ്യവസായനടത്തിപ്പു സുഗമമാക്കമലോ ആകട്ടെ, ഇന്ത്യയിൽ നിരവധി മികച്ച ഘടകങ്ങൾ ഒത്തുചേരുന്നു”- അദ്ദേഹം പറഞ്ഞു. ഒരഭ്യർഥനയോടെയാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്. “നിങ്ങളുടെ നിക്ഷേപത്തിനും ഞങ്ങളുടെ നവീകരണത്തിനും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. നിങ്ങളുടെ വിശ്വാസത്തിനും ഞങ്ങളുടെ സാങ്കേതികകഴിവുകൾക്കും കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. ലോകത്തെ അതിന്റെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനു നാം മുന്നിൽനിന്നു നയിക്കുമ്പോൾ, ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ നിങ്ങളെയേവരെയും ക്ഷണിക്കുന്നു”- അദ്ദേഹം ഉപസംഹരിച്ചു.

******

--ND--

(Release ID: 1876367) Visitor Counter : 133