പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു


ധീരജവാന്മാരുമായി ആശയവിനിമയം നടത്തി

Posted On: 24 OCT 2022 2:26PM by PIB Thiruvananthpuram

"വര്‍ഷങ്ങളായി, നിങ്ങള്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്"

"ഭീകരത അവസാനിപ്പിക്കുന്ന ഉത്സവമാണു ദീപാവലി"

"നാം ബഹുമാനിക്കുന്ന ഇന്ത്യ ഭൂമിശാസ്ത്രപരമായ പ്രദേശംമാത്രമല്ല; മറിച്ച്, ജീവസുറ്റ ചൈതന്യവും നമ്മുടെ അവബോധവും അനശ്വരമായ അസ്തിത്വവുമാണ്"

"രാജ്യത്തിനകത്തുള്ള ശത്രുക്കള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ അതിര്‍ത്തിയില്‍ കവചമായി നില്‍ക്കുകയാണ്"

"400ലധികം പ്രതിരോധ ഉപകരണങ്ങള്‍ ഇനി വിദേശത്തുനിന്നുവാങ്ങില്ലെന്നും ഇപ്പോള്‍ ഇന്ത്യയില്‍തന്നെ നിർമിക്കുമെന്നും തീരുമാനിച്ച നമ്മുടെ സായുധസേനയെ ഞാന്‍ അഭിനന്ദിക്കുന്നു"

"പുതിയ വെല്ലുവിളികള്‍, പുതിയ രീതികള്‍, ദേശീയ പ്രതിരോധത്തിന്റെ മാറുന്ന ആവശ്യകതകള്‍ എന്നിവയ്ക്കനുസൃതമായി രാജ്യത്തിന്റെ സൈനികശക്തി ഞങ്ങള്‍ പരിപാലിക്കുന്നു"

 

സായുധസേനയ്‌ക്കൊപ്പം ദീപാവലിദിവസം ചെലവഴിക്കുന്ന പതിവുകാത്ത പ്രധാനമന്ത്രി ഈ ദീപാവലി കാര്‍ഗിലില്‍ സേനയ്‌ക്കൊപ്പം ആഘോഷിച്ചു.

കാര്‍ഗിലിന്റെ മണ്ണിനോടുള്ള ആദരം എല്ലായ്പോഴും സായുധസേനയിലെ ധീരരായ പുത്രീപുത്രന്മാരിലേക്കു തന്നെ ആകര്‍ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കവേ സൈനികരെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. "വര്‍ഷങ്ങളായി നിങ്ങള്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്"- പ്രധാനമന്ത്രി പറഞ്ഞു. ജവാന്മാരുടെ സാന്നിധ്യത്തില്‍ ദീപാവലിയുടെ മാധുര്യം വർധിക്കുന്നുവെന്നും അവര്‍ക്കിടയിൽ നിലനില്‍ക്കുന്ന ദീപാവലിയുടെ വെളിച്ചം തന്റെ ചേതനയെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. "ഒരുവശത്തു രാജ്യത്തിന്റെ പരമാധികാര അതിര്‍ത്തികളും മറുവശത്തു പ്രതിജ്ഞാബദ്ധരായ സൈനികരും ഉണ്ട്; ഒരുവശത്തു മാതൃരാജ്യത്തിന്റെ മണ്ണിനോടുള്ള സ്നേഹം നമുക്കുണ്ട്, മറുവശത്തു ധീരരായ ജവാന്‍മാരുണ്ട്.  ഇത്രയും വലിയ ദീപാവലി മറ്റെവിടെയും എനിക്കു പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ല". നമ്മുടെ പാരമ്പര്യങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഗമായ ഈ ധീരതയുടെ ഇതിഹാസങ്ങൾ ഇന്ത്യ ആഹ്ലാദപൂര്‍വം ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ത്യയിലും ലോകത്തുമുള്ള എല്ലാവര്‍ക്കും ഞാന്‍ ഹൃദ്യമായ ദീപാവലി ആശംസകള്‍ നേരുന്നു''- പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഗില്‍ വിജയശേഷം ത്രിവര്‍ണപതാക ഉയര്‍ത്താതിരുന്ന കാലഘട്ടത്തിലും പാകിസ്ഥാനെതിരെ ഇത്തരം യുദ്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ ലോകത്തില്‍ ഇന്ത്യയുടെ സ്വാധീനത്തെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്നത്തെ ഭൗമ-രാഷ്ട്രീയ ഭൂപ്രകൃതിയില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയില്‍ വെളിച്ചത്തിന്റെ ഉത്സവം പരക്കട്ടെയെന്ന് ആശംസിച്ചു. ദീപാവലിയുടെ പ്രാധാന്യം വിശദീകരിച്ച പ്രധാനമന്ത്രി, "ഇതു ഭീകരതയുടെ അന്ത്യത്തിന്റെ ഉത്സവമാണ്" എന്നുപറഞ്ഞു. കാർഗിൽ അതാണു ചെയ്തതെന്നും വിജയാഘോഷങ്ങൾ ഇന്നും ഓർക്കുന്നുവെന്നും അതിനു ദീപാവലിയോടു സാമ്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഗില്‍ യുദ്ധത്തിനു താന്‍ സാക്ഷിയായിരുന്നെന്നും അതിനെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നതായും പ്രധാനമന്ത്രി അനുസ്മരിച്ചു. യുദ്ധസമയത്തു ശത്രുക്കള്‍ക്ക് ഉചിതമായ മറുപടി നല്‍കുമ്പോള്‍ ജവാന്മാര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ എത്തിയ തന്റെ 23 വര്‍ഷം പഴക്കമുള്ള ഫോട്ടോകള്‍ സംരക്ഷിച്ചതിനും തനിക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചതിനും അദ്ദേഹം അധികൃതരോടു നന്ദി രേഖപ്പെടുത്തി. "ഒരു സാധാരണ പൗരനെന്ന നിലയില്‍ എന്റെ കര്‍ത്തവ്യപാതയാണ് എന്നെ യുദ്ധക്കളത്തിലേക്കു നയിച്ചത്"- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മനസും ശരീരവും ആത്മാവും ലക്ഷ്യത്തിനായി സമര്‍പ്പിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നും വിജയത്തിന്റെ ആഹ്ലാദപ്രകടനങ്ങള്‍ നമുക്കുചുറ്റുമുള്ള വായുവില്‍ നിറയുന്നതായും കാര്‍ഗില്‍ വിജയദിവസത്തെ അനുസ്മരിച്ച് അദ്ദേഹം പറഞ്ഞു.

"നാം ബഹുമാനിക്കുന്ന ഇന്ത്യ കേവലം ഭൂമിശാസ്ത്രപരമായ പ്രദേശം മാത്രമല്ല; മറിച്ച്, ജീവസുറ്റ ചൈതന്യവും നമ്മുടെ അവബോധവും അനശ്വരമായ അസ്തിത്വവുമാണ്"- അദ്ദേഹം പറഞ്ഞു. "നാം ഇന്ത്യയെക്കുറിച്ചു സംസാരിക്കുമ്പോള്‍, ഇന്ത്യയുടെ സംസ്കാരത്തിന്റെ അനശ്വരചിത്രം മനസിലെത്തുകയും പാരമ്പര്യത്തിന്റെ വലയം സ്വയമുണരുകയും ഇന്ത്യയുടെ ശക്തിയുടെ മാതൃക വളരാന്‍ തുടങ്ങുകയും ചെയ്യുന്നു"- മോദി പറഞ്ഞു. ആകാശത്തോളം ഉയരത്തിലുള്ള ഹിമാലയത്തില്‍ നിന്നാരംഭിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തെ ഉള്‍ക്കൊള്ളുന്ന മഹത്വങ്ങളുടെ പ്രവാഹമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂതകാലത്തിലെ, അഭിവൃദ്ധിപ്രാപിച്ചിരുന്ന, പല നാഗരികതകളും മണല്‍പ്പരപ്പുകളാക്കി നശിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യയുടെ സാംസ്കാരിക പ്രവാഹത്തിന്റെ നിലനില്‍പ്പു തടസമില്ലാതെ തുടരുന്നുവെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തെ ധീരരായ പുത്രന്മാരും പുത്രിമാരും അവരുടെ ശക്തിയിലും വിഭവങ്ങളിലും പൂര്‍ണവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ രാഷ്ട്രം അനശ്വരമായിത്തീരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ഗില്‍ യുദ്ധഭൂമി ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയുടെ തിളക്കമാര്‍ന്ന തെളിവാണ്. "ഇന്ത്യന്‍ സായുധസേനയുടെ ധൈര്യത്തിനും ശൗര്യത്തിനും മുന്നില്‍, പര്‍വതശിഖരത്തില്‍ ഇരിക്കുന്ന ശത്രുക്കള്‍ ദുര്‍ബലരായിരുന്നു എന്നതിന്റെ തെളിവാണ് ദ്രാസ്, ബാതാലിക്, ടൈഗര്‍ ഹില്‍ എന്നിവ"- മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അതിര്‍ത്തികള്‍ കൈകാര്യം ചെയ്യുന്നവര്‍ ഇന്ത്യയുടെ സുരക്ഷയുടെ പ്രതിരോധശേഷിയുള്ള തൂണുകളാണെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തികള്‍ സുരക്ഷിതമാകുമ്പോള്‍ മാത്രമേ രാജ്യം സുരക്ഷിതമാകുകയുള്ളുവെന്നും അതിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ കരുത്തിനെക്കുറിച്ചുുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ രാജ്യത്തിന്റെയാകെ മനോവീര്യം വർധിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്കിടയിലെ ഐക്യത്തെക്കുറിച്ച സൂചിപ്പിച്ച പ്രധാനമന്ത്രി സ്വച്ഛ് ഭാരത് ദൗത്യത്തിന്റെയും വൈദ്യുതീകരണത്തിന്റെയും കുടിവെള്ളവിതരണത്തിന്റെയും ഉദാഹരണം ചൂണ്ടിക്കാട്ടി, ഇക്കാര്യങ്ങളില്‍ ഓരോ ജവാനും അഭിമാനം കൊള്ളുന്നുവെന്നും അഭിപ്രായപ്പെട്ടു. ദൂരെയുള്ള ജവാന്മാരുടെ വീടുകളില്‍ ഇത്തരം സേവനങ്ങള്‍ എത്തുമ്പോള്‍ അതവര്‍ക്കു സംതൃപ്തി നല്‍കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്പര്‍ക്കസൗകര്യങ്ങൾ വര്‍ധിച്ചത്, ജവാന്‍മാര്‍ക്കു തങ്ങളുടെ വീട്ടിലേക്കു ബന്ധപ്പെടുന്നത് എളുപ്പമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 7-8 വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍നിന്നു ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയതിന്റെ സമീപകാല നേട്ടവും അദ്ദേഹം എടുത്തുപറഞ്ഞു. 80,000ത്തിലധികം സ്റ്റാര്‍ട്ടപ്പുളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് വികസിപ്പിക്കുന്നതിനായി ഒരേസമയം 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച്, രണ്ടുദിവസംമുമ്പ് ഐഎസ്ആർഒ പുതിയ നേട്ടത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. ത്രിവര്‍ണപതാക ഇന്ത്യക്കാര്‍ക്കു സംരക്ഷണകവചമായി പ്രവര്‍ത്തിച്ച യുക്രൈന്‍ യുദ്ധകാലത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ബാഹ്യവും ആഭ്യന്തരവുമായ ശത്രുക്കള്‍ക്കെതിരായ പോരാട്ടം ഇന്ത്യ വിജയകരമായി ഏറ്റെടുത്തതിന്റെ ഫലമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. "രാജ്യത്തിനകത്തുള്ള ശത്രുക്കള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമ്പോള്‍ നിങ്ങള്‍ അതിര്‍ത്തിയില്‍ കവചമായി നില്‍ക്കുകയാണ്". ഭീകരവാദം, നക്സലിസം, തീവ്രവാദം എന്നിവയെ വേരോടെ പിഴുതെറിയാനുള്ള വിജയകരമായ ശ്രമമാണു രാജ്യം നടത്തിയതെന്നു ശ്രീ മോദി ചൂണ്ടിക്കാട്ടി. ഒരുകാലത്തു രാജ്യത്തിന്റെ വലിയ ഭാഗത്തെ വിഴുങ്ങിയ നക്സലിസത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി അതിന്റെ വ്യാപ്തി തുടര്‍ച്ചയായി ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നു പറഞ്ഞു. അഴിമതിയെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, നിർണായകമായ യുദ്ധമാണ് ഇന്ത്യ നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. "അഴിമതിക്കാരന്‍ എത്ര ശക്തനായാലും, അയാള്‍ക്കു നിയമത്തില്‍നിന്നു രക്ഷപ്പെടാന്‍ കഴിയില്ല". ദുര്‍ഭരണം നമ്മുടെ വികസനത്തിന്റെ വഴിയില്‍ തടസങ്ങള്‍ സൃഷ്ടിച്ച്, രാജ്യത്തിന്റെ സാധ്യതകളെ പരിമിതപ്പെടുത്തിയി‌രുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം എന്നീ മന്ത്രങ്ങളാല്‍ ഞങ്ങള്‍ മുമ്പുണ്ടായിരുന്ന പോരായ്മകളെല്ലാം ഇല്ലാതാക്കുന്നു"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആധുനിക യുദ്ധങ്ങളിലെ സാങ്കേതികവിദ്യകളുടെ പുരോഗതിയെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ഭാവിയിലെ യുദ്ധങ്ങളുടെ സ്വഭാവം മാറാന്‍ പോകുകയാണെന്നും ഈ പുതിയ യുഗത്തില്‍, പുതിയ വെല്ലുവിളികള്‍, പുതിയ രീതികള്‍, ദേശീയ പ്രതിരോധത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകള്‍ എന്നിവയ്ക്കനുസൃതമായി രാജ്യത്തിന്റെ സൈനിക ശക്തിയെ തയ്യാറാക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ദശാബ്ദങ്ങളായി സൈന്യത്തില്‍ വലിയ തോതിലുള്ള പരിഷ്കരണങ്ങളുടെ ആവശ്യകതയെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, എല്ലാ വെല്ലുവിളികള്‍ക്കുമെതിരെ ദ്രുതഗതിയിലുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനു നമ്മുടെ സേനയുടെ മെച്ചപ്പെട്ട ഏകോപനം ഉണ്ടാകുന്നതിനു സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ഉറപ്പുനല്‍കി. ഇതിനായി സിഡിഎസ് പോലൊരു സ്ഥാപനം രൂപീകരിച്ചിട്ടുണ്ട്. നമ്മുടെ ജവാന്മാര്‍ക്ക് അവരുടെ കടമ നിര്‍വഹിക്കുന്നതില്‍ കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ അതിര്‍ത്തിയില്‍ ആധുനിക അടിസ്ഥാനസൗകര്യങ്ങളുടെ ശൃംഖല സൃഷ്ടിക്കുകയാണ്"- അദ്ദേഹം പറഞ്ഞു. രാജ്യത്തു നിരവധി സൈനിക സ്കൂളുകള്‍ തുറക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വയംപര്യാപ്ത ഇന്ത്യയെക്കുറിച്ചു പരാമര്‍ശിക്കവേ, രാജ്യത്തിന്റെ സുരക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഇന്ത്യന്‍ സൈന്യങ്ങളില്‍ ആധുനിക- തദ്ദേശീയ ആയുധങ്ങള്‍ ഉണ്ടാകുക എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശ ആയുധങ്ങളെയും സംവിധാനങ്ങളെയും ആശ്രയിക്കുന്നതു കുറയ്ക്കാന്‍ പ്രതിരോധത്തിന്റെ മൂന്നുവിഭാഗങ്ങളും തീരുമാനിച്ചതായും സ്വയംപര്യാപ്തത കൈവരിക്കുമെന്നു പ്രതിജ്ഞയെടുത്തതായും പ്രധാനമന്ത്രി അറിയിച്ചു. "400ലധികം പ്രതിരോധ ഉപകരണങ്ങള്‍ ഇനി വിദേശത്തുനിന്നു വാങ്ങില്ലെന്നും ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ നിർമിക്കുമെന്നും തീരുമാനിച്ച നമ്മുടെ മൂന്നു സൈനികവിഭാഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു"- അദ്ദേഹം പറഞ്ഞു. തദ്ദേശീയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ ജവാന്മാര്‍ രാജ്യത്തു നിർമിക്കുന്ന ആയുധങ്ങളുമായി പോരാടുമ്പോള്‍ അവരുടെ ആത്മവിശ്വാസം അതിന്റെ പാരമ്യത്തിലെത്തുമെന്നും പറഞ്ഞു. പ്രചണ്ഡ് ലഘു പോർ ഹെലികോപ്റ്ററുകള്‍, തേജസ് ഫൈറ്റര്‍ ജെറ്റുകള്‍, കൂറ്റന്‍ വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് എന്നിവയുടെ ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അരിഹന്ത്, പൃഥ്വി, ആകാശ്, ത്രിശൂല്‍, പിനാക്, അര്‍ജുന്‍ എന്നിവയിലെ ഇന്ത്യയുടെ മിസൈല്‍ ശക്തിയെക്കുറിച്ചും എടുത്തുപറഞ്ഞു. മിസൈല്‍ പ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിരാജ്യമായി ഇന്ത്യ മാറിയിട്ടുണ്ടെന്നും ഡ്രോണുകള്‍ പോലുള്ള ആധുനികവും ഫലപ്രദവുമായ സാങ്കേതികവിദ്യയില്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"യുദ്ധം അവസാനമാര്‍ഗമായിമാത്രം കണക്കാക്കുന്ന പാരമ്പര്യമാണു ഞങ്ങള്‍ പിന്തുടരുന്നത്"- അദ്ദേഹം പറഞ്ഞു. ഇന്ത്യ എല്ലായ്പോഴും ലോകസമാധാനത്തിനായി നിലകൊള്ളുന്നതായി അദ്ദേഹം പറഞ്ഞു. "ഞങ്ങള്‍ യുദ്ധത്തിന് എതിരാണ്, നമ്മുടെ സൈന്യങ്ങള്‍ക്ക് കഴിവും തന്ത്രവും ഉണ്ട്. ആരെങ്കിലും നമ്മെ എതിരിടുകയാണെങ്കില്‍, ശത്രുക്കള്‍ക്കു സ്വന്തം ഭാഷയില്‍ ഉചിതമായ മറുപടി നല്‍കാന്‍ നമ്മുടെ സൈന്യങ്ങള്‍ക്ക് അറിയാം"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിമത്തമനോഭാവം ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, പുതുതായി ഉദ്ഘാടനംചെയ്ത കര്‍ത്തവ്യപഥം ഉദാഹരണമാക്കി. ദേശീയ യുദ്ധസ്മാരകമോ ദേശീയ പൊലീസ് സ്മാരകമോ ആകട്ടെ, ഇവ പുതിയ ഇന്ത്യക്കു പുതിയ മുഖച്ഛായ സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാകയെക്കുറിച്ചു പരാമര്‍ശിക്കവേ, ശിവാജിയുടെ ധീരതയുടെ പ്രചോദനം ഇപ്പോള്‍ നാവികപതാകയില്‍ ചേര്‍ത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഇന്നു ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ഇന്ത്യയിലും അതിന്റെ വളര്‍ച്ചാസാധ്യതകളിലുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഈ ശക്തിക്ക് 'ആസാദി കാ അമൃത് കാൽ' യഥാർഥസാക്ഷിയാകാന്‍ പോകുന്നതായി ശ്രീ മോദി പറഞ്ഞു. "ഇതില്‍ നിങ്ങളുടെ പങ്കു വളരെ വലുതാണ്, കാരണം നിങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണ്"- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സായുധസേനയിലെ ജവാന്മാര്‍ക്കായി  കവിത ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.

 


 

ND

(Release ID: 1870622) Visitor Counter : 180