പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-വിയറ്റ്‌നാം വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ ആമുഖ പ്രസംഗം

Posted On: 21 DEC 2020 2:22PM by PIB Thiruvananthpuram

ആദരണീയരെ, നമസ്‌കാരം!

സെന്‍ട്രല്‍ വിയറ്റ്‌നാമില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും പേരില്‍ ഞാന്‍ ആദ്യമായി അനുശോചനം അറിയിക്കുന്നു. ഈ സാഹചര്യം നേരിടാന്‍ ഇന്ത്യ അയച്ച ദുരിതാശ്വാസ സാമഗ്രികള്‍ നിങ്ങളെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ആദരണീയരെ,

വിയറ്റ്‌നാം കോവിഡ് -19 മഹാമാരിയെ വിജയകരമായി കൈകാര്യം ചെയ്തത് ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. ഇതിനായി നിങ്ങളെയും വിയറ്റ്‌നാം പൗരന്മാരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ആദരണീയരെ,

കഴിഞ്ഞ മാസം ആസിയാന്‍-ഇന്ത്യ വെര്‍ച്വല്‍ ഉച്ചകോടിയില്‍ നാം കണ്ടുമുട്ടി. ഇന്ന് വീണ്ടും നിങ്ങളോട് സംസാരിക്കാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഒരു പ്രധാന സ്തംഭമാണ് വിയറ്റ്‌നാം, ഞങ്ങളുടെ ഇന്‍ഡോ-പസഫിക് വിഷന്റെ ഒരു സുപ്രധാന പങ്കാളിയുമാണ്. നമ്മുടെ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ വ്യാപ്തി ഇന്ന് വളരെ വിശാലമാണ്. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളും അതിവേഗം വളരുകയും പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

വിയറ്റ്‌നാമുമായുള്ള ഞങ്ങളുടെ ബന്ധത്തെ ദീര്‍ഘകാലവും തന്ത്രപരവുമായ വീക്ഷണത്തില്‍ നിന്നാണ് ഞങ്ങള്‍ കാണുന്നത്. സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയാണ് ഇന്തോ-പസഫിക് മേഖലയിലെ നമ്മുടെ പങ്കാളിത്തലക്ഷ്യങ്ങള്‍. മേഖലയില്‍ സ്ഥിരതയും സമാധാനവും നിലനിര്‍ത്തുന്നതില്‍ നമ്മുടെ പങ്കാളിത്തത്തിന് കാര്യമായ സംഭാവന നല്‍കാന്‍ കഴിയും.

ഇന്നത്തെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ നമ്മുടെ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിലുള്ള നമ്മുടെ സഹകരണത്തിന്റെ വിവിധ വശങ്ങള്‍ നാം വിലയിരുത്തും. പ്രാദേശികവും ബഹുമുഖവുമായ തലങ്ങളില്‍ നമ്മുടെ പരസ്പര സഹകരണം ചര്‍ച്ച ചെയ്യാനുള്ള നല്ല അവസരം കൂടിയാണിത്.

നിരവധി ആഗോള വെല്ലുവിളികളിലുംം നമ്മുടെ പ്രദേശത്തിന്റെ ഭാവിയിലും നമ്മുടെ വീക്ഷണങ്ങളില്‍ സമാനതകളുണ്ട്, നമ്മുടെ പങ്കാളിത്ത മൂല്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയും. അടുത്ത വര്‍ഷം നമ്മള്‍ യു.എന്‍ രക്ഷാസമിതിയില്‍ അംഗങ്ങളാകും. അങ്ങനെ, ആഗോളതലത്തില്‍ നമ്മുടെ സഹകരണത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കും.

2021 മുതല്‍ 2023 വരെയുള്ള നമ്മുടെ ഉഭയകക്ഷി ഇടപെടലുകള്‍ക്കായുള്ള ഒരു സംയുക്ത ദര്‍ശന രേഖയും (വിഷന്‍ ഡോക്യുമെന്റും) പ്രവര്‍ത്തന പദ്ധതിയും ഇന്ന് നമ്മള്‍ പുറത്തിറക്കുന്നു എന്നത് സന്തോഷകരമാണ്. സമാധാനത്തിനും സമൃദ്ധിക്കും ജനങ്ങള്‍ക്കും വേണ്ടിയുള്ള ഈ സംയുക്ത ദര്‍ശനം നമ്മുടെ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശം ലോകത്തിനാകെ നല്‍കും. നമ്മുടെ ചര്‍ച്ചയ്‌ക്കൊപ്പം ഇരുരാജ്യങ്ങളും തമ്മില്‍ ഏഴ് സുപ്രധാന കരാറുകളും ഒപ്പുവച്ചിട്ടുണ്ട്.

പ്രതിരോധം, ശാസ്ത്ര ഗവേഷണം, ആണവോര്‍ജ്ജം, പെട്രോ-കെമിക്കല്‍സ്, പുനരുപയോഗ ഊര്‍ജം, കാന്‍സര്‍ ചികിത്സ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണിത്. നമ്മുടെ വികസന സഹകരണം, സാംസ്‌കാരിക സംരക്ഷണം എന്നീ മേഖലകളിലും നാം പുതിയ മുന്‍കൈകള്‍ കൈക്കൊള്ളുന്നുണ്ട്. ഇതെല്ലാം നമ്മുടെ വര്‍ദ്ധിച്ചുവരുന്ന പരസ്പര സഹകരണത്തിന്റെ വികാസത്തെയും സാദ്ധ്യതകളെയും പ്രതിഫലിപ്പിക്കുന്നു.

ആദരണീയരെ,

ഈ വെര്‍ച്വല്‍ ഉച്ചകോടിയിലേക്ക് ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു, ഇപ്പോള്‍ ആമുഖ അഭിപ്രായങ്ങള്‍ക്കായി താങ്കളെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

--ND--



(Release ID: 1869107) Visitor Counter : 55