പ്രധാനമന്ത്രിയുടെ ഓഫീസ്‌

എസ്‌സിഒ (ഷാങ്ഹായി സഹകരണ സംഘടന) ഉച്ചകോടി 2019-ല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം (ജൂണ്‍ 14, 2019)

പോസ്റ്റഡ് ഓണ്‍: 14 JUN 2019 3:09PM by PIB Thiruvananthpuram

 കിര്‍ഗിസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റും ഇന്നത്തെ യോഗത്തിന്റെ ചെയര്‍മാനുമായ ആദരണീയരേ,

 പ്രഗത്ഭരേ, സഹപ്രവര്‍ത്തകരെ, സുഹൃത്തുക്കളെ,

 ഒന്നാമതായി, എസ്സിഒ ഉച്ചകോടിയുടെ കാര്യക്ഷമമായ നേതൃത്വത്തിന് പ്രസിഡന്റ് ജീന്‍ബെക്കോവിനെയും കിര്‍ഗിസ് റിപ്പബ്ലിക്കിനെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  ഉദാരമായ ആതിഥ്യമര്യാദയ്ക്കും ഗംഭീരമായ സ്വീകരണത്തിനും ഞാന്‍ അദ്ദേഹത്തോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. എസ്സിഒ നേതാക്കളുടെ ഈ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.  എസ്സിഒയില്‍ ഇന്ത്യ പൂര്‍ണ അംഗമായിട്ട് രണ്ട് വര്‍ഷമായി. എസ്സിഒയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങള്‍ നല്ല സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര രംഗത്ത് എസ്സിഒയുടെ പങ്കും വിശ്വാസ്യതയും വര്‍ധിപ്പിക്കുന്നതിന് ഞങ്ങള്‍ വിപുലമായ ഇടപെടലുകള്‍ തുടരുകയാണ്.

 ശ്രേഷ്ഠതരേ,

 ഇന്ത്യയുടെ ചരിത്രവും നാഗരികതയും സംസ്‌കാരവും ആയിരക്കണക്കിന് വര്‍ഷങ്ങളായി എസ്സിഒ മേഖലയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ പങ്കിട്ട പ്രദേശത്തിന് ആധുനിക യുഗത്തില്‍ മികച്ച ഗതാഗത പരസ്പരബന്ധം ആവശ്യമാണ്.  അന്താരാഷ്ട്ര ഉത്തര ദക്ഷിണ ഗതാഗത ഇടനാഴി, ചബഹാര്‍ തുറമുഖം, അഷ്ഗാബത്ത് കരാര്‍ തുടങ്ങിയ സംരംഭങ്ങള്‍ പരസ്പര ബന്ധത്തില്‍ ഇന്ത്യയുടെ ശ്രദ്ധയെ വ്യക്തമായി ഊന്നിപ്പറയുന്നു. 2017 മുതല്‍ ഞങ്ങള്‍ കാബൂളിനും കാണ്ഡഹാറിനും ന്യൂഡല്‍ഹിക്കും മുംബൈക്കും ഇടയില്‍ വ്യോമയാന ഇടനാഴി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. പരമാധികാരം, പ്രാദേശിക സമഗ്രത, സദ്ഭരണം, സുതാര്യത, പ്രായോഗികത, വിശ്വാസ്യത എന്നിവയോടുള്ള ആദരവ് പരസ്പരം ബന്ധിപ്പിക്കുന്ന  സംരംഭങ്ങളുടെ അടിസ്ഥാനമായിരിക്കണം. ആളുകള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ശാരീരിക ബന്ധത്തേക്കാള്‍ കുറവല്ല.  ഞങ്ങളുടെ ഇ-ടൂറിസ്റ്റ് വിസ സേവനങ്ങള്‍ മിക്ക എസ്‌സിഒ രാജ്യങ്ങളിലും ലഭ്യമാണ്.എസ്സിഒ രാജ്യങ്ങളിലെ വിനോദസഞ്ചാരികളുടെ എളുപ്പത്തിനായി ഇന്ത്യന്‍ വിനോദസഞ്ചാര വകുപ്പിന്റെ വെബ്സൈറ്റില്‍ റഷ്യന്‍ ഭാഷയില്‍ റഷ്യന്‍ ഇന്റര്‍ഫേസുകളുള്ള 24X7 ടൂറിസ്റ്റ് ഹെല്‍പ്പ്ലൈന്‍ ഉടന്‍ ഉണ്ടാകുമെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

 ശ്രേഷ്ഠരേ,

 എസ്‌സിഒ മേഖലയിലെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഐക്യവും സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ അഫ്ഗാനിസ്ഥാന്‍ ഒരു പ്രധാന ഘടകമാണ്. അഫ്ഗാന്‍ നേതൃത്വത്തിലുള്ള, അഫ്ഗാന്‍ ഉടമസ്ഥതയിലുള്ളതും അഫ്ഗാന്‍ നിയന്ത്രണം ഉള്‍ക്കൊള്ളുന്നതുമായ സമാധാന പ്രക്രിയയ്ക്കായി അഫ്ഗാനിസ്ഥാനിലെ ഗവണ്‍മെന്റിന്റെയും ജനങ്ങളുടെയും ശ്രമങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.   എസ്‌സിഒ അഫ്ഗാനിസ്ഥാന്‍ പരസ്പരബന്ധപ്പെടല്‍ ഗ്രൂപ്പിന്റെ തുടര്‍നടപടികള്‍ക്കുള്ള റോഡ്മാപ്പ് തയ്യാറായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

 ശ്രേഷ്ഠരേ,

 നമ്മുടെ മേഖലയില്‍ ആരോഗ്യകരമായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാട് നമുക്കുണ്ടായിരിക്കണം.  HEALTH എന്ന അക്ഷരങ്ങള്‍ ഞങ്ങളുടെ സഹകരണത്തിനുള്ള ഒരു നല്ല ടെംപ്ലേറ്റാണ്,

ആരോഗ്യ പരിരക്ഷാ സഹകരണത്തിന് എച്ച്, സാമ്പത്തിക സഹകരണത്തിന് ഇ, ഇതര ഊര്‍ജത്തിന് എ, സാഹിത്യത്തിനും സംസ്‌കാരത്തിനുമായി എല്‍, തീവ്രവാദ വിമുക്ത സമൂഹത്തിനായി ടി, മാനുഷിക സഹകരണത്തിന് എച്ച്, മാനുഷിക സഹകരണത്തിന് എച്ച്.

എസ്‌സിഒയുടെ 2019-2021 വര്‍ഷത്തെ ആരോഗ്യ പരിരക്ഷയ്ക്കു നാം ഊന്നല്‍ നല്‍കണം. ടെലി-മെഡിസിന്‍, മെഡിക്കല്‍ ടൂറിസം മേഖലകളിലെ അനുഭവം പങ്കുവെക്കുന്നതില്‍ ഇന്ത്യ സന്തുഷ്ടരാണ്.

- സാമ്പത്തിക സഹകരണത്തിന് ഇ

 നമ്മുടെ ജനങ്ങളുടെ ഭാവിയുടെ അടിത്തറയാണ് സാമ്പത്തിക സഹകരണം. ഏകപക്ഷീയതയും സംരക്ഷണവാദവും ആര്‍ക്കും ഒരു ഗുണവും ചെയ്തിട്ടില്ല. ലോകവ്യാപാര സംഘടനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിയമാധിഷ്ഠിതവും സുതാര്യവും വിവേചനരഹിതവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഒരു ബഹുമുഖ വ്യാപാര സംവിധാനം നമുക്ക് ആവശ്യമാണ്. ഇത് എല്ലാ അംഗങ്ങളുടെയും, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കും.സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് എസ്സിഒ അംഗ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് അതിവേഗം പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എസ്സിഒയിലെ സാമ്പത്തിക കാര്യങ്ങള്‍, ഡിജിറ്റല്‍വല്‍കരണം, ഐസിടി എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്ന പ്രധാന കരാറുകളില്‍ ഇന്ന് നാം ഒപ്പിടാന്‍ പോവുകയാണ്.

- ഇതര ഊര്‍ജത്തിന് എ

 കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഭൂമിയെ നമ്മുടെ മാതാവായി കണക്കാക്കുന്ന ഞങ്ങളുടെ തത്വശാസ്ത്രത്തിലാണ്. ഇന്ന്, ഇന്ത്യ പുനരുപയോഗ ഊര്‍ജത്തിന്റെ ആറാമത്തെ വലിയ ഉത്പാദക രാജ്യവും അഞ്ചാമത്തെ വലിയ സൗരോര്‍ജ്ജ ഉല്‍പാദന കേന്ദ്രവുമാണ്.  ഇന്ത്യയുടെ സംയുക്ത സംരംഭമാണ് അന്തര്‍ദേശീയ സൗരോര്‍ജ്ജ സഖ്യം. സൗരോര്‍ജ്ജ ചെലവ് കുറയ്ക്കുന്നതിന് സാങ്കേതികവിദ്യയും ധനസഹായവും സമാഹരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ സംരംഭത്തില്‍ എസ്‌സിഒയുടെ രാജ്യങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.  ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതില്‍ ഞങ്ങളുടെ അനുഭവം പങ്കിടാന്‍ തയ്യാറാണ്.  എസ്സിഒയ്ക്ക് കീഴില്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള 2019-21 വര്‍ഷത്തെ സഹകരണത്തിന്റെ രേഖ ഇന്ന് ഞങ്ങള്‍ അംഗീകരിച്ചു.


- സാഹിത്യത്തിനും സംസ്‌കാരത്തിനും എല്‍

 നമ്മുടെ യുവജനങ്ങളെ പരസ്പരം സാഹിത്യം പരിചയപ്പെടുത്തുന്നത് നമ്മുടെ ബന്ധങ്ങളെ കൂടുതല്‍ ആഴത്തിലാക്കും. ഇന്ത്യന്‍ സാഹിത്യത്തിലെ 10 മഹത്തായ സൃഷ്ടികള്‍ എസ്സിഒ രാജ്യങ്ങളുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യും. അടുത്തിടെ, ഉസ്‌ബെക്കിസ്ഥാന്റെ സഹകരണത്തോടെ, താഷ്‌കെന്റില്‍ ഒരു എസ്‌സിഒ ചലച്ചിത്രോല്‍സവം വിജയകരമായി സംഘടിപ്പിച്ചു. അതില്‍ ബോളിവുഡ്, ഉസ്ബെക്ക് ചിത്രങ്ങള്‍ ഉള്‍പ്പെടുന്നു. സാഹിത്യവും സംസ്‌കാരവും നമ്മുടെ സമൂഹത്തിന് നല്ല പ്രവര്‍ത്തനം നല്‍കുന്നു. പ്രത്യേകിച്ചും നമ്മുടെ സമൂഹത്തിലെ യുവജനങ്ങള്‍ക്കിടയില്‍ നിഷേധാത്മകവല്‍കരത്തിന്റെ വ്യാപനം തടയാന്‍ ഇതിന് കഴിയും.

- തീവ്രവാദ വിമുക്ത സമൂഹത്തിനായി ടി

 കഴിഞ്ഞ ഞായറാഴ്ച ശ്രീലങ്ക സന്ദര്‍ശന വേളയില്‍ ഞാന്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പോയിരുന്നു. എപ്പോള്‍ വേണമെങ്കിലും എവിടെയും മുളപൊട്ടുകയും നിരപരാധികളുടെ ജീവന്‍ അനുദിനം അപഹരിക്കുകയും ചെയ്യുന്ന ഭീകരതയുടെ ലജ്ജാകരമായ മുഖം അവിടെവച്ചു ഞാന്‍ ഓര്‍ത്തു. ഈ വിപത്തിനെ ചെറുക്കുന്നതിന്, എല്ലാ മാനവിക ശക്തികളും അവരുടെ ഇടുങ്ങിയ മേഖലകളില്‍ നിന്ന് പുറത്തുകടന്ന് ഒരുമിക്കണം. തീവ്രവാദികളെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങള്‍ അതിന്റെ പേരില്‍ ഉത്തരം പറയേണ്ടവരായിരിക്കണം. എസസിഒ അംഗങ്ങള്‍ തീവ്രവാദത്തെ ഇല്ലാതാക്കാന്‍ എസ്‌സിഒ-റാറ്റ്‌സിന്റെ ( മേഖലാ ഭീകരവാദ വിരുദ്ധ ഘടന) കഴിവ് ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഭീകരതയുടെ വിപത്തിനെ ചെറുക്കുന്നതിന് ഇന്ത്യ ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് ആഹ്വാനം ചെയ്യുന്നു.

- മാനുഷിക സഹകരണത്തിന് എച്ച്

 മേഖലയില്‍ മാനുഷിക സഹകരണത്തിലും ദുരന്തസാഹചര്യങ്ങളിലും ഇന്ത്യ പ്രഥമപ്രതികരണത്തിന്റെ പങ്ക് വഹിക്കുന്നു. എസ്‌സിഒ രാജ്യങ്ങളുമായി ഞങ്ങളുടെ അനുഭവവും വൈദഗ്ധ്യവും പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.  ദുരന്തപ്രതിരോധ അടിസ്ഥാന സൗകര്യം എന്ന വിഷയത്തില്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.

 ശ്രേഷ്ഠരേ,


 (സഹകരണത്തിനുള്ള ഉപയോഗപ്രദമായ രേഖ എന്ന നിലയില്‍ ബിഷ്‌കെക് പ്രഖ്യാപനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു). നമ്മുടെ ആതിഥേയന്‍ ആദരണീയനായ പ്രസിഡന്റ് ജീന്‍ബെക്കോവിന് ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു. അടുത്ത വര്‍ഷം എസ്സിഒയുടെ തലപ്പത്തിരിക്കുന്നതിന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ എന്റെ ആശംസകള്‍ അറിയിക്കാനും അഭിനന്ദിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു, എസ്സിഒയുടെ വിജയകരമായ പ്രസിഡന്റ് സ്ഥാനത്തിന് റഷ്യന്‍ ഫെഡറേഷന് ഇന്ത്യയുടെ പൂര്‍ണ സഹകരണം ഞാന്‍ ഉറപ്പ് നല്‍കുന്നു.

 നന്ദി.
.....


( റിലീസ് ഐ.ഡി: 1869025) സന്ദര്‍ശക കൗണ്ടര്‍ : 87
ഈ റിലീസ് വായിക്കുക: Bengali , Assamese , हिन्दी , English , Manipuri , Punjabi , Odia , Tamil , Telugu