പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി കുളു ദസറയിൽ പങ്കെടുത്തു

Posted On: 05 OCT 2022 4:21PM by PIB Thiruvananthpuram

നരേന്ദ്ര മോദി ഇന്ന് ഹിമാചൽ പ്രദേശിലെ കുളുവിലെ ധൽപൂർ ഗ്രൗണ്ടിൽ നടന്ന കുളു ദസറ ആഘോഷങ്ങളിൽ പങ്കെടുത്തു.

ഗ്രൗണ്ടിലെത്തിയ എത്തിയ പ്രധാനമന്ത്രിയെ സ്വാഗതം  ചെയ്തു. തുടർന്ന് ഭഗവാൻ രഘുനാഥ് ജിയുടെ വരവോടെ രഥയാത്രയ്ക്ക് തുടക്കമായി. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വൻ ജനാവലിയാണ് ചടങ്ങിൽ തടിച്ചുകൂടിയത്. ലക്ഷക്കണക്കിന് ഭക്തർക്കൊപ്പം പ്രധാന ആകർഷണകേന്ദ്രത്തിലേക്ക് നടന്ന് പ്രധാനമന്ത്രി ഭഗവാൻ രഘുനാഥിന് പ്രണാമം അർപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ചരിത്രപ്രസിദ്ധമായ കുളു ദസറ ആഘോഷങ്ങളിൽ ദേവന്മാരുടെ മഹാസമ്മേളനത്തോടൊപ്പം ദിവ്യ രഥയാത്രയ്ക്കും സാക്ഷ്യം വഹിച്ചു. ചരിത്രപരമായ ഒരു സന്ദർഭമെന്ന നിലയ്ക്ക്  കുളു ദസറ ആഘോഷങ്ങളിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുക്കുന്നത് ഇത് ആദ്യമായാണ്.

അന്താരാഷ്ട്ര കുളു ദസറ ഫെസ്റ്റിവൽ 2022 ഒക്ടോബർ 5 മുതൽ 11 വരെ കുളുവിലെ ധൽപൂർ ഗ്രൗണ്ടിൽ ആഘോഷിക്കുകയാണ്  . താഴ്വരയിലെ 300-ലധികം ദേവതകളുടെ സംഗമം എന്ന അർത്ഥത്തിൽ ഉത്സവം സവിശേഷമാണ്. ഉത്സവത്തിന്റെ ആദ്യ ദിവസം, ദേവന്മാർ നന്നായി അലങ്കരിച്ച പല്ലക്കുകളിൽ പ്രധാന ദേവതയായ ഭഗവാൻ രഘുനാഥ് ജിയുടെ ക്ഷേത്രത്തിൽ പ്രണാമം അർപ്പിക്കുകയും തുടർന്ന് ധൽപൂർ ഗ്രൗണ്ടിലേക്ക് പോകുകയും ചെയ്യുന്നു.

പ്രധാനമന്ത്രിക്കൊപ്പം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ ജയ് റാം താക്കൂർ, ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് താക്കൂർ, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ സുരേഷ് കുമാർ കശ്യപ് എന്നിവരും ഉണ്ടായിരുന്നു.

നേരത്തെ  ബിലാസ്പൂരിലെ എയിംസ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചിരുന്നു. ബിലാസ്പൂരിലെ ലുഹ്നുവിൽ ഹിമാചൽ പ്രദേശിലെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.

ND

(Release ID: 1865380) Visitor Counter : 146