രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വനിതാ സംരംഭകര്‍ക്കായി ഗുജറാത്ത് സര്‍വകലാശാല ഒരുക്കിയ സ്റ്റാര്‍ട്ടപ്പ് സംവിധാനം 'ഹെര്‍സ്റ്റാര്‍ട്ടി'നു രാഷ്ട്രപതി തുടക്കംകുറിച്ചു; ഗുജറാത്ത് ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ-ഗിരിവര്‍ഗവികസന പദ്ധതികളുടെ ഉദ്ഘാടനവും/തറക്കല്ലിടലും രാഷ്ട്രപതി നിര്‍വഹിച്ചു

Posted On: 04 OCT 2022 1:37PM by PIB Thiruvananthpuram

ഗുജറാത്ത് സര്‍വകലാശാലയുടെ സ്റ്റാര്‍ട്ടപ്പ് സംവിധാനം 'ഹെര്‍സ്റ്റാര്‍ട്ടി'നു രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് (ഒക്ടോബര്‍ 4, 2022) അഹമ്മദാബാദില്‍ തുടക്കംകുറിച്ചു. വിദ്യാഭ്യാസവുമായും ഗിരിവര്‍ഗവികസനവുമായും ബന്ധപ്പെട്ട ഗുജറാത്ത് ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികള്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ രാഷ്ട്രപതി ഉദ്ഘാടനംചെയ്യുകയും/തറക്കല്ലിടുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമല്ല, ഇന്ത്യയുടെ ബഹിരാകാശപദ്ധതിയുടെ പിതാവ് ഡോ. വിക്രം സാരാഭായ്, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഗുജറാത്ത് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥികളാണെന്ന കാര്യം അഭിമാനാര്‍ഹമാണെന്നു രാഷ്ട്രപതി പറഞ്ഞു.

ഡോ. വിക്രം സാരാഭായിയെപ്പോലുള്ള പൂര്‍വവിദ്യാര്‍ഥികളുള്ള സ്ഥാപനം ശാസ്ത്രം, ഗവേഷണം, നൂതനാശയങ്ങള്‍ എന്നിവയില്‍ അഗ്രഗണ്യമാകുന്നതു സ്വാഭാവികമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഗുജറാത്ത് സര്‍വകലാശാലയുടെ കാമ്പസില്‍ 450ലധികം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കൂടാതെ, സ്ത്രീകള്‍ നയിക്കുന്ന 125ലധികം സ്റ്റാര്‍ട്ടപ്പുകളെ ഈ സര്‍വകലാശാല സജീവമായി പിന്തുണയ്ക്കുന്നു. കൂടാതെ ഏകദേശം 15,000 വനിതാ സംരംഭകര്‍ ഈ സംരംഭവുമായി ഓണ്‍ലൈനിലോ ഓഫ്ലൈനായോ ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സ്റ്റാര്‍ട്ടപ്പ്-സൗഹൃദ സര്‍വകലാശാലയില്‍ വനിതാസംരംഭകര്‍ക്കായി സമര്‍പ്പിച്ച സ്റ്റാര്‍ട്ടപ്പ് സംവിധാനം ഉദ്ഘാടനംചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ഈ വേദി വനിതാസംരംഭകരുടെ നവീകരണവും സ്റ്റാര്‍ട്ടപ്പ് ശ്രമങ്ങളും ഊര്‍ജിതമാക്കുമെന്നു മാത്രമല്ല, വിവിധ ഗവണ്മെന്റ്-സ്വകാര്യസംരംഭങ്ങളുമായി വനിതാസംരംഭകരെ ബന്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ വേദിയായി മാറുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു സൈനികവിദ്യാലയം, ഗേള്‍സ് ലിറ്ററസി റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയ പദ്ധതികള്‍ ഉദ്ഘാടനംചെയ്യാനായതിലും രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ശാസ്ത്രത്തിലും ഗവേഷണത്തിലും നവീകരണത്തിലും ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള അടിത്തറ സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ നിര്‍മിക്കപ്പെടുമെന്നതാണ് ഇതിനു കാരണം.

 

മറ്റു മേഖലകള്‍ക്കൊപ്പം വിദ്യാഭ്യാസമേഖലയിലും ഗുജറാത്ത് ശ്രദ്ധേയപുരോഗതി കൈവരിച്ചതായി രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ സംസ്ഥാനത്തെ സ്‌കൂള്‍ കൊഴിഞ്ഞുപോക്കുനിരക്ക് 22ല്‍നിന്ന് 1.37 ശതമാനമായി കുറഞ്ഞു. അധ്യാപക-വിദ്യാര്‍ഥി അനുപാതം 40ല്‍ നിന്ന് 26 ആയി ഉയര്‍ന്നു. ഇന്ന്, 'വിദ്യാസമീക്ഷാകേന്ദ്ര'ത്തിലൂടെ, ഏകദേശം 55,000 സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും തത്സമയം നിരീക്ഷിക്കാനാകും. ഇതു വിദ്യാര്‍ഥികളുടെ പഠനഫലം മികച്ചതാക്കാന്‍ സഹായിക്കുന്നു. 'മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സി'നു കീഴില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 20,000 സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണു ലക്ഷ്യമിടുന്നതെന്നു രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ഉന്നതവിദ്യാഭ്യാസമേഖലയിലും ഗുജറാത്ത് ഗണ്യമായ പുരോഗതി കൈവരിച്ചതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2001-02ല്‍ സംസ്ഥാനത്തെ കോളേജുകളുടെ എണ്ണം 775 ആയിരുന്നെങ്കില്‍ 2020-21ല്‍ ഇത് 3100ലധികമായി ഉയര്‍ന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ മൂല്യനിര്‍ണയത്തിനായി ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ ഗുണനിലവാരനിരീക്ഷണസെല്ലായ 'ഗരിമ സെല്‍' സ്ഥാപിച്ചത് ഈ സംസ്ഥാനത്താണ്. 'വന്‍ ബന്ധു-കല്യണ്‍ യോജന' ഫലപ്രദമായി നടപ്പാക്കിയതോടെ ഗിരിവര്‍ഗസമൂഹത്തിലെ സാക്ഷരതാനിരക്കില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി അവര്‍ പറഞ്ഞു. ഈ പദ്ധതി ഗിരിവര്‍ഗവിദ്യാര്‍ഥികള്‍ക്കിടയിലെ സ്‌കൂള്‍ കൊഴിഞ്ഞുപോക്കുനിരക്കു കുറച്ചു.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ, വികസനത്തിന്റെ പല മാനദണ്ഡങ്ങളിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണു ഗുജറാത്തെന്നു രാഷ്ട്രപതി പറഞ്ഞു. വ്യവസായം, നവീകരണം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ സമഗ്രവികസനത്തില്‍ സംസ്ഥാനം മികച്ച നിലവാരം കാട്ടിത്തരികയും ചെയ്തു.

ഓരോ സംസ്ഥാനത്തിനും അതിന്റേതായ വികസനമാതൃകയുണ്ടെന്നും അതു സംസ്ഥാനത്തിന്റെ വിഭവങ്ങളും ആവശ്യങ്ങളും അനുസരിച്ചാണെന്നും രാഷ്ട്രപതി പറഞ്ഞു. എന്നാല്‍ ഗുജറാത്ത് സര്‍വതോമുഖമായ പുരോഗതി കൈവരിച്ച രീതി മറ്റു സംസ്ഥാനങ്ങള്‍ക്കു സമഗ്രമായ വികസനത്തിന്റെ പാത കാണിച്ചുകൊടുത്തു. എല്ലാ സംസ്ഥാനങ്ങളും പരസ്പരം പഠിച്ചും അവരുടെ വിജയകരമായ മാതൃകകള്‍ സ്വീകരിച്ചും മുന്നോട്ടുപോയാല്‍, അമൃതകാലത്ത് ഇന്ത്യ വികസിതരാജ്യമെന്ന സ്ഥാനം ഉറപ്പിക്കുമെന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 Please click here to see the President's Speech - 

--NS--


(Release ID: 1865076) Visitor Counter : 191