വ്യോമയാന മന്ത്രാലയം

അന്താരാഷ്ട്ര സൗര സഖ്യവും (ഐഎസ്എ) ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനും (ഐസിഎഒ) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

Posted On: 28 SEP 2022 9:00AM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്തംബർ 28, 2022

2022 സെപ്തംബർ 26 ന് മോൺട്രിയലിൽ നടന്ന ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അസംബ്ലിയുടെ 42-ാമത് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ, വ്യോമയാന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യയുടെ സാന്നിധ്യത്തിൽ അന്താരാഷ്ട്ര സൗര സഖ്യവും (ISA) ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനും തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു.  


നിരവധി യുഎൻ സംഘടനകൾ ഉൾപ്പെടെ 32 പങ്കാളി സംഘടനകളുടെയും 121 അംഗ രാജ്യങ്ങളുടെയും സഖ്യമാണ് ഐഎസ്എ. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് സൗരോർജ്ജത്തിന്റെ കാര്യക്ഷമമായ ഉപഭോഗത്തിനായി ഐ എസ് എ പ്രവർത്തിക്കുന്നു. എൽ‌ഡി‌സി-കളിലും എസ്‌എൽ‌ഡി‌സി-കളിലും സ്വാധീനം ചെലുത്തുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, അംഗരാജ്യങ്ങൾക്ക് പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിക്കുന്നതിന് ചെലവ് കുറഞ്ഞതും പരിവർത്തനപരവുമായ പരിഹാരങ്ങൾ ആവിഷ്‌കരിക്കാൻ ഐ‌എസ്‌എ ശ്രമിക്കുന്നു.

COP 26-ൽ 2070-ൽ നെറ്റ് സീറോ കാർബൺ ലക്ഷ്യത്തിനായി ഇന്ത്യ പ്രതിജ്ഞയെടുത്തു. ഫ്രാൻസിന്റെ പിന്തുണയോടെ, സൗരോർജ്ജ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സുഗമമാക്കാൻ ഇന്ത്യ രാജ്യങ്ങളെ ക്ഷണിച്ചു. ഒരു ട്രില്യൺ ഡോളർ നിക്ഷേപത്തിനായും കൂടാതെ വിദൂര മേഖലയിലെ സമൂഹങ്ങൾക്ക് സൗരോർജ്ജത്തിന്റെ ചെലവ് താങ്ങാനാവുന്നതാക്കാനും ഐഎസ്എ പ്രതിജ്ഞാബദ്ധമാണ്.

വ്യോമയാന മേഖലയിലെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പ്രതിജ്ഞാബദ്ധമാണ്.  ഈ ധാരണാപത്രത്തിലൂടെ ഐഎസ്എയും ഐസിഎഒയും തമ്മിലുള്ള പങ്കാളിത്തം, സൗരോർജ്ജം ഉപയോഗിക്കാനുള്ള രാജ്യങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിനുള്ള നിരവധി ഇടപെടലുകൾക്ക് കാരണമാകും. എല്ലാ അംഗരാജ്യങ്ങളിലുടനീളവും വ്യോമയാന മേഖലയിൽ സൗരോർജ്ജം ഉപയോഗിക്കുന്നതിന് ഇത് സാധ്യമാക്കും.
 
 
RRTN/SKY
 
*****


(Release ID: 1862920) Visitor Counter : 106