വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

മുഖ്യധാരാ മാധ്യമങ്ങൾക്ക് ഏറ്റവും വലിയ ഭീഷണി മുഖ്യധാരാ മാധ്യമ ചാനലുകൾ തന്നെയാണ്: ശ്രീ അനുരാഗ് ഠാക്കൂർ

Posted On: 20 SEP 2022 9:47AM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: സെപ്റ്റംബർ 20, 2022

ഏഷ്യാ-പസഫിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്രോഡ്കാസ്റ്റിംഗ് ഡവലപ്‌മെന്റിന്റെ (എഐബിഡി) 47-ാമത് വാർഷിക സമ്മേളനവും 20-ാമത് യോഗവും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ 2022 സെപ്റ്റംബർ 19-ന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുഗൻ സന്നിഹിതനായിരുന്നു.

മുഖ്യധാരാ മാധ്യമങ്ങൾക്കുള്ള ഏറ്റവും വലിയ ഭീഷണി നവയുഗ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളല്ല, മറിച്ച് മുഖ്യധാരാ മാധ്യമ ചാനലുകൾ തന്നെയാണെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ ഠാക്കൂർ പറഞ്ഞു. വസ്തുതകളെ അഭിമുഖീകരിക്കുകയും സത്യം അവതരിപ്പിക്കുകയും എല്ലാ കക്ഷികളെയും അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ പത്രപ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു.

അതിഥിയെ സംബന്ധിച്ച ചാനലുകളുടെ തീരുമാനങ്ങൾ, ധ്വനി, ദൃശ്യങ്ങൾ എന്നിവ പ്രേക്ഷകരുടെ ദൃഷ്ടിയിൽ മാധ്യമങ്ങളുടെ വിശ്വാസ്യത നിർവചിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് സമയത്ത് അംഗരാജ്യങ്ങളെ ഓൺലൈനിൽ ബന്ധിപ്പിച്ചതിനും മഹാമാരിയുടെ ആഘാതം ലഘൂകരിക്കാൻ മാധ്യമങ്ങൾക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള നിരന്തരമായ സംഭാഷണം നടത്തുന്നതിനും മുൻകൈ എടുത്ത എഐബിഡി നേതൃത്വത്തെ ശ്രീ അനുരാഗ് ഠാക്കൂർ  അഭിനന്ദിച്ചു. എഐബിഡി ഡയറക്ടർ ശ്രീമതി ഫിലോമിനയെയും, എഐബിഡി ജനറൽ കോൺഫറൻസ് പ്രസിഡന്റ് ശ്രീ മയങ്ക് അഗർവാളിനെയും ഏഷ്യാ പസഫിക് മേഖലയിൽ കൊവിഡ് മഹാമാരിക്കെതിരെ ശക്തമായ മാധ്യമ പ്രതികരണം കെട്ടിപ്പടുക്കുന്നതിൽ ഒരുമിച്ച് പ്രവർത്തിച്ച അംഗരാജ്യങ്ങളെയും ശ്രീ ഠാക്കൂർ അഭിനന്ദിച്ചു.

നല്ല നിലവാരമുള്ള ഉള്ളടക്ക വിനിമയ മേഖലയിൽ സഹകരണം സ്ഥാപിക്കാൻ അംഗരാജ്യങ്ങളെ ശ്രീ ഠാക്കൂർ ആഹ്വാനം ചെയ്തു. പൊതു ധാരണകളും കാഴ്ചപ്പാടുകളും രൂപപ്പെടുത്താൻ ശാക്തീകരണത്തിന്റെ ഫലപ്രദമായ ഉപകരണമായ മാധ്യമങ്ങൾക്ക് അപാരമായ കഴിവുണ്ടെന്ന് മന്ത്രി പറഞ്ഞു. മാധ്യമ ആവാസവ്യവസ്ഥ കൂടുതൽ ഊർജ്ജസ്വലവും സഫലവുമാക്കുന്നതിന് മാധ്യമപ്രവർത്തകർക്കും പ്രക്ഷേപകർക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ, 2022 ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പ്രസാർ ഭാരതി സിഇഒ ശ്രീ മയങ്ക് അഗർവാളിന് സമ്മാനിച്ചു.

ഇന്ത്യയിലെ വിവിധ വിദേശ ദൗത്യങ്ങളുടെ തലവന്മാർ, എഐബിഡി അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, പ്രസാർ ഭാരതിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



(Release ID: 1860824) Visitor Counter : 102