പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ ലോജിസ്റ്റിക്സ് നയം പ്രധാനമന്ത്രി പുറത്തിറക്കി


“ഇന്ത്യ ഉൽപ്പാദനകേന്ദ്രമായി ഉയർന്നുവരുന്നു എന്ന ചിന്ത ലോകത്തിന്റെ മനസിന് ഉറപ്പുനൽകുന്നു”


“നയം തുടക്കം മാത്രമാണ്; നയത്തിനൊപ്പം പ്രവൃത്തിയും ചേരുമ്പോൾ പുരോഗതിക്കു തുല്യമാകും”


“ദേശീയ ലോജിസ്റ്റിക്സ് നയത്തിനുപിന്നിൽ 8 വർഷത്തെ കഠിനാധ്വാനമുണ്ട്”


“13-14 ശതമാനം എന്നതിൽനിന്ന്, എത്രയുംവേഗം ലോജിസ്റ്റിക്സ് ചെലവ് ഒറ്റയക്കത്തിലേക്കു കൊണ്ടുവരിക എന്നതാണു നമ്മുടെയേവരുടെയും ലക്ഷ്യം”


“ഏകീകൃത ലോജിസ്റ്റിക്സ് സമ്പർക്കമുഖസംവിധാനം (യുഎൽഐപി) ഗതാഗതമേഖലയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരൊറ്റ പോർട്ടലിൽ കൊണ്ടുവരും”


“ഗതിശക്തിയും ദേശീയ ലോജിസ്റ്റിക്സ് നയവും ചേർന്നു രാജ്യത്തെ പുതിയ തൊഴിൽ സംസ്കാരത്തിലേക്കാണിപ്പോൾ കൊണ്ടുപോകുന്നത്”


“വികസിക്കാൻ തീരുമാനിച്ച ഇന്ത്യക്ക് ഇപ്പോൾ വികസിത രാജ്യങ്ങളുമായി കൂടുതൽ മത്സരിക്കേണ്ടതുണ്ട്; അതിനാൽ എല്ലാം മത്സരാധിഷ്ഠിതമാകണം”


“അടിസ്ഥാനസൗകര്യവികസനത്തിലും വ്യാവസായികവിപുലീകരണത്തിലും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിലും വളരെയധികം സാധ്യതകളാണു ദേശീയ ലോജിസ്റ്റിക്സ് നയത്തിനുള്ളത്”

Posted On: 17 SEP 2022 7:41PM by PIB Thiruvananthpuram

ദേശീയ ലോജിസ്റ്റിക്സ് നയം (എൻഎൽപി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പുറത്തിറക്കി.

 

ദേശീയ ലോജിസ്റ്റിക്സ് നയം പുറത്തിറക്കിയതിലൂടെ, ഇന്ത്യ വികസിതരാജ്യമാകണമെന്ന ‘പ്രാൺ’ നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണുണ്ടായതെന്നു ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. “ഏതറ്റംവരെയും അതിവേഗം വിതരണം ഉറപ്പാക്കാനും, ഗതാഗതസംബന്ധമായ വെല്ലുവിളികൾ അവസാനിപ്പിക്കാനും, ഉൽപ്പാദകരുടെ സമയവും പണവും ലാഭിക്കാനും, കാർഷികോൽപ്പന്നങ്ങൾ പാഴാകുന്നതു തടയാനും, യോജിച്ച ശ്രമങ്ങൾ നടത്തി. ആ ശ്രമങ്ങളുടെ പ്രത‌ിഫലനങ്ങളിലൊന്നാണ് ഇന്നത്തെ ദേശീയ ലോജിസ്റ്റിക്സ് നയം.”- പ്രധാനമന്ത്രി പറഞ്ഞു. ഏകോപനത്തിൽ വരുന്ന പുരോഗതി ഈ മേഖലയ്ക്കാവശ്യമായ വേഗം പകരും.

 

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ ഇന്ത്യയിൽ കാര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നു രാവിലെ ചീറ്റയെ തുറന്നുവിട്ടതു പരാമർശിച്ച്, ചരക്കുകൾ ചീറ്റയെപ്പോലെ വേഗത്തിൽ നീങ്ങണമെന്നാണ് നാമെല്ലാവരും ആഗ്രഹിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

 

‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ പ്രതിധ്വനിയും രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ പ്രതിധ്വനിയും എല്ലായിടത്തുമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “രാജ്യം വലിയ കയറ്റുമതി ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും അവ നിറവേറ്റുകയും ചെയ്യുന്നു. ഇന്ത്യ ഉൽപ്പാദനകേന്ദ്രമായി ഉയർന്നുവരുന്നു എന്ന ചിന്ത ലോകത്തിന്റെ മനസിന് ഉറപ്പുനൽകുന്നു. പിഎൽഐ പദ്ധതിയെക്കുറിച്ചു നാം പഠിക്കുമ്പോൾ ലോകം അത് അംഗീകരിച്ചതായി കാണാം.”- പ്രധാനമന്ത്രി പറഞ്ഞു.

 

ഇത്തരമൊരു സാഹചര്യത്തിൽ ദേശീയ ലോജിസ്റ്റിക്സ് നയം എല്ലാ മേഖലകളിലും പുതിയ ഊർജം കൊണ്ടുവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. നയം തുടക്കം മാത്രമാണ്; നയത്തിനൊപ്പം പ്രവൃത്തിയും ചേരുമ്പോൾ പുരോഗതിക്കു തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവൃത്തികൾക്കായുള്ള മാനദണ്ഡങ്ങളും മാർഗരേഖയും സമയക്രമവും ഒരുമിച്ചു വരുമ്പോൾ നയവും പുരോഗതിക്കു തുല്യമായ പ്രവൃത്തിയും ഉയർന്നുവരുന്നു- അദ്ദേഹം വിശദീകരിച്ചു. “ഇന്നത്തെ ഇന്ത്യ ഏതെങ്കിലും നയം കൊണ്ടുവരുന്നതിനുമുമ്പ് അടിത്തറയൊരുക്കുന്നു. എങ്കിൽ മാത്രമേ നയം വിജയകരമായി നടപ്പാക്കാൻ കഴിയൂ. ദേശീയ ലോജിസ്റ്റിക്സ് നയത്തിനു പിന്നിൽ 8 വർഷത്തെ കഠിനാധ്വാനമുണ്ട്. നയപരമായ മാറ്റങ്ങളും പ്രധാന തീരുമാനങ്ങളും ഉണ്ട്. അതോടൊപ്പം, ഞാൻ എന്നെക്കുറിച്ചു പറയുകയാണെങ്കിൽ, അതിനുപിന്നിൽ എന്റെ 22 വർഷത്തെ ഭരണപരിചയമുണ്ട്.”-  അദ്ദേഹം പറഞ്ഞു.

 

സാഗർമാല, ഭാരത്മാല തുടങ്ങിയ പദ്ധതികൾ വ്യവസ്ഥാപിതമായ അടിസ്ഥാനസൗകര്യവികസനത്തിനായി, ലോജിസ്റ്റിക്സ് സമ്പർക്കസംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള സമർപ്പിത ചരക്ക് ഇടനാഴികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തിയെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. രാജ്യത്തെ തുറമുഖങ്ങളുടെ മൊത്തം ശേഷി ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും കണ്ടെയ്നർ കപ്പലുകൾ വന്നു ജോലികഴിഞ്ഞു തിരികെപ്പോകുന്ന ശരാശരിസമയം 44 മണിക്കൂറിൽനിന്ന് 26 മണിക്കൂറായി കുറഞ്ഞിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി 40 എയർ കാർഗോ ടെർമിനലുകൾ നിർമിച്ചിട്ടുണ്ട്. 30 വിമാനത്താവളങ്ങളിൽ ശീതസംഭരണസൗകര്യം ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് 35 മൾട്ടിമോഡൽ ഹബ്ബുകൾ വരുന്നു. “ജലപാതകളിലൂടെ നമുക്കു പരിസ്ഥിതിസൗഹൃദവും ചെലവുകുറഞ്ഞതുമായ ഗതാഗതത്തിനു കഴിയും. ഇതിനായി നിരവധി പുതിയ ജലപാതകളും രാജ്യത്തു നിർമിക്കുന്നുണ്ട്.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൊറോണക്കാലത്തെ കിസാൻ റെയിൽ, കിസാൻ ഉഡാൻ പരീക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്ന് 60 വിമാനത്താവളങ്ങളിൽ കൃഷി ഉഡാൻ സൗകര്യമുണ്ട്.

 

ലോജിസ്റ്റിക്സ് മേഖല ശക്തിപ്പെടുത്തുന്നതിനു സാങ്കേതികവിദ്യ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇ-സഞ്ചിത് വഴിയുള്ള കടലാസുരഹിത എക്സിം വ്യാപാരപ്രക്രിയ, കസ്റ്റംസിന്റെ നേരിട്ടെത്തേണ്ടതില്ലാത്ത മൂല്യനിർണയങ്ങൾ, ഇ-വേ ബില്ലുകൾക്കുള്ള വ്യവസ്ഥകൾ, ഫാസ്‌ടാഗ് തുടങ്ങിയ സംരംഭങ്ങൾക്കായി ഗവണ്മെന്റ് പ്രവർത്തിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി. ലോജിസ്റ്റിക്സ് മേഖലയുടെ കാര്യക്ഷമത വളരെയധികം വർധിപ്പിച്ചു. ലോജിസ്റ്റിക്സ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ജിഎസ്‌ടി പോലുള്ള ഏകീകൃത നികുതി സംവിധാനത്തിന്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു. ഡ്രോൺ നയത്തിലെ മാറ്റവും പിഎൽഐ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതും ലോജിസ്റ്റിക്സ് മേഖലയിൽ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. “ഇത്രയുംചെയ്തതിനു ശേഷമാണു ഞങ്ങൾ ദേശീയ ലോജിസ്റ്റിക്സ് നയം കൊണ്ടുവന്നത്.”- അദ്ദേഹം വിശദീകരിച്ചു. “13-14 ശതമാനം എന്നതിൽനിന്ന്, എത്രയുംവേഗം ലോജിസ്റ്റിക്സ് ചെലവ് ഒറ്റയക്കത്തിലേക്കു കൊണ്ടുവരിക എന്നതാണു നമ്മുടെയേവരുടെയും ലക്ഷ്യം. ആഗോളതലത്തിൽ നാം മത്സരക്ഷമതയുള്ളവരാകണമെങ്കിൽ, ഇതു താരതമ്യേന എളുപ്പമുള്ള ലക്ഷ്യമാണ്”- പ്രധാനമന്ത്രി പറഞ്ഞു.

 

ഏകീകൃത ലോജിസ്റ്റിക്സ് സമ്പർക്കമുഖസംവിധാനം ‘യുഎൽഐപി’ ഗതാഗതമേഖലയുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരൊറ്റ പോർട്ടലിലേക്കു കൊണ്ടുവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതു കയറ്റുമതിക്കാരെ ദീർഘവും ബുദ്ധിമുട്ടേറിയതുമായ പ്രക്രിയകളിൽനിന്നു മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, നയത്തിനുകീഴിൽ പുതിയ ഡിജിറ്റൽ ഇടമായ ‘ലോജിസ്റ്റിക്സ് സേവനങ്ങൾ സുഗമമാക്കൽ ഇ-ലോഗ്സും’ ആരംഭിച്ചു. “ഈ പോർട്ടലിലൂടെ, വ്യവസായസംഘങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങളിലും പ്രകടനത്തിലും, ഗവണ്മെന്റ് ഏജൻസികളുമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാര്യങ്ങൾ നേരിട്ടു പരിഹരിക്കാൻ കഴിയും. ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള സമ്പൂർണസംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.”- അദ്ദേഹം പറഞ്ഞു.

 

പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി ദേശീയ ലോജിസ്റ്റിക്സ് നയത്തെ എല്ലാവിധത്തിലും പിന്തുണയ്ക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയ പിന്തുണയിലും മിക്കവാറും എല്ലാ വകുപ്പുകളും ഒരുമിച്ചു പ്രവർത്തിക്കാൻ തുടങ്ങിയതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. “സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ അടിസ്ഥാനസൗകര്യപദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വലിയ വിവരശേഖരം തയ്യാറാക്കിയിട്ടുണ്ട്. ഇന്ന്, ഏകദേശം 1500 തട്ടുകളിലായി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിൽനിന്നുള്ള വിവരങ്ങൾ പിഎം ഗതിശക്തി പോർട്ടലിൽ വരുന്നു.”- പ്രധാനമന്ത്രി അറിയിച്ചു. “ഗതിശക്തിയും ദേശീയ ലോജിസ്റ്റിക്സ് നയവും ചേർന്ന് ഇപ്പോൾ രാജ്യത്തെ പുതിയ തൊഴിൽ സംസ്കാരത്തിലേക്കു കൊണ്ടുപോകുകയാണ്. അടുത്തിടെ അംഗീകരിച്ച ഗതിശക്തി സർവകലാശാലയിൽനിന്നു പുറത്തുവരുന്ന പ്രതിഭകളും ഇതിനു വളരെയധികം സഹായിക്കും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇന്നു ലോകം ഇന്ത്യയെ ‘ജനാധിപത്യശക്തികേന്ദ്ര’മായാണു നോക്കിക്കാണുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ‘നിശ്ചയദാർഢ്യ’ത്തെയും ‘പുരോഗതി’യെയും വാഴ്ത്തുന്ന വിവിധ മേഖലകളിലെ വിദഗ്ധരിൽ മതിപ്പുളവാക്കുന്ന, ഇന്ത്യയുടെ ‘അസാമാന്യമായ കഴിവുകളുടെ ആവാസവ്യവസ്ഥ’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയോടുള്ള ലോകത്തിന്റെ മനോഭാവം ഇന്നു മാറിക്കൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്നു ലോകം ഇന്ത്യയെ ഏറെ ഗുണപരമായാണു വിലയിരുത്തുന്നത്. ഇന്ത്യയിൽ ഒരുപാടു പ്രതീക്ഷകളും കാത്തുസൂക്ഷിക്കുന്നു.

 

ആഗോളപ്രതിസന്ധിയുടെ നടുവി‌ൽ ഇന്ത്യയുടെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും പ്രതിരോധം ലോകത്തു പുതിയ ആത്മവിശ്വാസം നിറച്ചെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ നടത്തിയ പരിഷ്കാരങ്ങളും നടപ്പാക്കിയ നയങ്ങളും അഭൂതപൂർവമാണ്. അതുകൊണ്ടാണു നമ്മിൽ ലോകത്തിന്റെ വിശ്വാസം വർധിച്ചത്.”- പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിശ്വാസത്തിനൊത്തു ജീവിക്കാൻ അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു. “ഇതു നമ്മുടെഉത്തരവാദിത്വമാണ്. നമുക്കെല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ഇന്നു തുടക്കംകുറിച്ച ദേശീയ ലോജിസ്റ്റിക്സ് നയം ഇക്കാര്യത്തിൽ നമ്മുടെ രാജ്യത്തെ വളരെയധികം സഹായിക്കും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇന്ത്യക്കാരിൽ മത്സരാധിഷ്ഠിതസ്വഭാവം വേണമെന്നു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. “വികസിക്കാൻ തീരുമാനിച്ച ഇന്ത്യക്ക് ഇപ്പോൾ വികസിത രാജ്യങ്ങളുമായി കൂടുതൽ മത്സരിക്കേണ്ടതുണ്ട്. അതിനാൽ എല്ലാം മത്സരാധിഷ്ഠിതമായിരിക്കണം.”- അദ്ദേഹം പറഞ്ഞു. “സേവന മേഖലയാകട്ടെ, ഉൽപ്പാദനമേഖലയാകട്ടെ,  ഓട്ടോമൊബൈലോ ഇലക്ട്രോണിക്സോ എന്തുമാകട്ടെ, എല്ലാ മേഖലകളിലും നമുക്കു വലിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും അവ നേടുകയും വേണം”- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങളോടു ലോകത്തിനു താൽപ്പര്യം വർധിച്ചുവരുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ കാർഷിക ഉൽപ്പന്നങ്ങളാകട്ടെ, ഇന്ത്യയുടെ മൊബൈലാകട്ടെ, ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലാകട്ടെ; അവയെല്ലാം ഇന്നു ലോകത്തു ചർച്ച ചെയ്യപ്പെടുന്നു.” ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനുപേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച മെയ്ഡ് ഇൻ ഇന്ത്യ കോവിഡ് വാക്സിനുകളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

 

ഇന്ത്യയിൽ നിർമ‌ിക്കുന്ന ഉൽപ്പന്നങ്ങൾ ലോകവിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനു ശക്തമായ പിന്തുണാസംവിധാനം ഉണ്ടായിരിക്കേണ്ടതു നിർണായകമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ദേശീയ ലോജിസ്റ്റിക്സ് നയം ഈ പിന്തുണാസംവിധാനം നവീകരിക്കാൻ നമ്മെ വളരെയധികം സഹായിക്കും.”- അദ്ദേഹം പറഞ്ഞു. ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയുകയും രാജ്യത്തിന്റെ കയറ്റുമതി വർധ‌ിക്കുകയും ചെയ്യുമ്പോൾ ചെറുകിട വ്യവസായങ്ങൾക്കും അവയിൽ പ്രവർത്തിക്കുന്നവർക്കുമാണ് ഏറ്റവും പ്രയോജനം ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ലോജിസ്റ്റിക്സ് മേഖലയെ ശക്തിപ്പെടുത്തുന്നതു സാധാരണക്കാരന്റെ ജീവിതം സുഗമമാക്കുക മാത്രമല്ല ചെയ്യുന്നത്. തൊഴിലാളികളോടുള്ള ആദരം വർധിപ്പിക്കുന്നതിനും സഹായിക്കും.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

“ദേശീയ ലോജിസ്റ്റിക്സ് നയത്തിന് അടിസ്ഥാനസൗകര്യവികസനത്തിലും വ്യവസായവിപുലീകരണത്തിലും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിലും വലിയ സാധ്യതകളുണ്ട്. ഈ സാധ്യതകൾ നാം ഒരുമിച്ചു സാക്ഷാത്കരിക്കണം.”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

ലോജിസ്റ്റിക്സ് മേഖലയുടെ പ്രതിനിധികളായ ടിവിഎസ് വിതരണശൃംഖലാ പ്രതിവിധികൾക്കായുള്ള മാനേജിങ് ഡയറക്ടർ ആർ ദിനേശ്; അഗർവാൾ പാക്കേഴ്സ് ആൻഡ് മൂവേഴ്സ് സിഇഒ രമേഷ് അഗർവാൾ, എക്സ്പ്രസ്ബീസ് ലോജിസ്റ്റിക്സ് സ്ഥാപകനും സിഇഒയുമായ അമിതാഭ് സാഹ എന്നിവർ ചടങ്ങിൽ അഭിപ്രായങ്ങൾ പങ്കുവച്ചു.

 

കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര റോഡ്-ഗതാഗത-ദേശീയപാതാമന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര തുറമുഖം-ഷിപ്പിങ്- ജലപാതാമന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവർ പങ്കെടുത്തു.

 

പശ്ചാത്തലം

 

മറ്റു വികസിത സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യയിൽ ലോജിസ്റ്റിക്സ് ചെലവു കൂടുതലായതിനാലാണു ദേശീയ ലോജിസ്റ്റിക്സ് നയത്തിന്റെ ആവശ്യകത ഉയർന്നത്. ആഭ്യന്തരവിപണിയിലും കയറ്റുമതി വിപണിയിലും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനു രാജ്യത്തു ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ലോജിസ്റ്റിക്സ് ചെലവു കുറയുന്നതു സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ കാര്യക്ഷമത വർധിപ്പിക്കും. മൂല്യവർധനയെയും ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കും.

 

2014 മുതൽ, വ്യവസായനടത്തിപ്പുസൗകര്യവും ജീവിതസൗകര്യവും മെച്ചപ്പെടുത്തുന്നതിനു ഗവണ്മെന്റ് വലിയ ഊന്നലാണു നൽകുന്നത്. മൊത്തത്തിലുള്ള ലോജിസ്റ്റിക്സ് ആവാസവ്യവസ്ഥയുടെ വികസനത്തിനായി, വിവിധ മേഖലകളും വകുപ്പുകളും അധി‌കാരപരിധികളും ഉൾപ്പെടുന്ന ചട്ടക്കൂടു സ്ഥാപിക്കുകയാണു ദേശീയ ലോജിസ്റ്റിക്സ് നയം ചെയ്യുന്നത്. ചെലവു വർധിക്കുന്നതിന്റെയും കാര്യക്ഷമതയില്ലായ്മയുടെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമഗ്രമായ ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുനിന്നുള്ള ചരക്കുകളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിനും സാമ്പത്തികവളർച്ച വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ശ്രമം കൂടിയാണ് ഈ നയം.

 

സമഗ്രമായ ആസൂത്രണത്തിനും നിർവഹണത്തിനുമായി എല്ലാ പങ്കാളികളെയും ഏകോപിപ്പിച്ചു ലോകോത്തര ആധുനിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയെന്നതാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. അതിലൂടെ  കാര്യക്ഷമതയും കൂട്ടായ്മയും കൈവരിക്കാനാകും. ബഹുതല സമ്പർക്കസൗകര്യങ്ങൾക്കായുള്ള ദേശീയ ആസൂത്രണപദ്ധതിയായ പിഎം ഗതിശക്തിക്കു കഴിഞ്ഞവർഷം പ്രധാനമന്ത്രി തുടക്കംകുറിച്ചത് ഈ ദിശയിലുള്ള മുൻകൈയെടുക്കൽ ആയിരുന്നു. ദേശീയ ലോജിസ്റ്റിക്സ് നയം കൂടിവരുന്നതോടെ പിഎം ഗതിശക്തിക്കു കൂടുതൽ ഉത്തേജനം ലഭിക്കുകയും പദ്ധതി സമ്പൂർണമാകുകയും ചെയ്യും.

--ND--

 

National Logistics Policy is a comprehensive effort to enhance efficiency of the logistics ecosystem in India. https://t.co/70ZlTMQILp

— Narendra Modi (@narendramodi) September 17, 2022

Make in India और आत्मनिर्भर होते भारत की गूंज हर तरफ है।

भारत export के बड़े लक्ष्य तय कर रहा है, उन्हें पूरे भी कर रहा है।

भारत manufacturing hub के रूप में उभर रहा है, वो दुनिया के मन में स्थिर हो रहा है: PM @narendramodi

— PMO India (@PMOIndia) September 17, 2022

ऐसे में National Logistics Policy सभी sectors के लिए नई ऊर्जा लेकर आई है: PM @narendramodi

— PMO India (@PMOIndia) September 17, 2022

Logistic connectivity को सुधारने के लिए, systematic Infrastructure development के लिए हमने सागरमाला, भारतमाला जैसी योजनाएं शुरू कीं, Dedicated Freight Corridors के काम में अभूतपूर्व तेजी लाए: PM @narendramodi

— PMO India (@PMOIndia) September 17, 2022

आज भारतीय Ports की Total Capacity में काफी वृद्धि हुई है और container vessels का औसत टर्न-अराउंड टाइम 44 घंटे से अब 26 घंटे पर आ गया है।

वॉटरवेज के जरिए हम Eco-Friendly और Cost Effective ट्रांसपोर्टेशन कर पाएं, इसके लिए देश में अनेकों नए वॉटरवेज भी बनाए जा रहे हैं: PM

— PMO India (@PMOIndia) September 17, 2022

सरकार ने technology की मदद से भी logistics sector को मजबूत करने का प्रयास किया है।

ई-संचित के माध्यम से paperless EXIM trade process हो,

Customs में faceless assessment हो,

e-way bills, FASTag का प्रावधान हो,

इन सभी ने logistics sector की efficiency बहुत ज्यादा बढ़ा दी है: PM

— PMO India (@PMOIndia) September 17, 2022

नेशनल लॉजिस्टिक्स पॉलिसी को सबसे ज्यादा सपोर्ट अगर किसी से मिलने वाला है, तो वो है पीएम गतिशक्ति नेशनल मास्टर प्लान।

मुझे खुशी है कि आज देश के सभी राज्य और केंद्र शासित इकाइयां इससे जुड़ चुके हैं और लगभग सभी विभाग एक साथ काम करना शुरु कर चुके हैं: PM @narendramodi

— PMO India (@PMOIndia) September 17, 2022

दुनिया के बड़े-बड़े एक्सपर्ट कह रहे हैं कि भारत आज ‘democratic superpower’ के तौर पर उभर रहा है।

एक्सपर्ट्स, भारत के ‘extraordinary talent ecosystem’ से बहुत प्रभावित हैं।

एक्सपर्ट्स, भारत की ‘determination’ और ‘progress’ की प्रशंसा कर रहे हैं: PM @narendramodi

— PMO India (@PMOIndia) September 17, 2022

भारत में बने प्रॉडक्ट्स दुनिया के बाजारों में छाएं, इसके लिए देश में Support System का मजबूत होना भी उतना ही जरूरी है।

नेशनल लॉजिस्टिक्स पॉलिसी हमें इस सपोर्ट सिस्टम को आधुनिक बनाने में बहुत मदद करेगी: PM @narendramodi

— PMO India (@PMOIndia) September 17, 2022


(Release ID: 1860233) Visitor Counter : 323