പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗ്രേറ്റര്‍ നോയിഡയില്‍ അന്താരാഷ്ട്ര ക്ഷീര ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി 2022 പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു


"'വന്‍തോതിലുള്ള ഉല്‍പ്പാദനം' എന്നതിനേക്കാള്‍ 'ജനകീയ ഉല്‍പ്പാദനം' എന്നതാണ് ഇന്ത്യയുടെ ക്ഷീരമേഖലയുടെ സവിശേഷത"



"ഇന്ത്യയിലെ ക്ഷീര സഹകരണസംഘം ലോകത്തുതന്നെ സവിശേഷതയാര്‍ന്ന ഒന്നാണ്; ദരിദ്രരാജ്യങ്ങള്‍ക്ക് ഇതു മികച്ച വ്യവസായ മാതൃകയാകും"



"രാജ്യത്തെ രണ്ടുലക്ഷത്തിലധികം ഗ്രാമങ്ങളിലെ രണ്ടുകോടി കര്‍ഷകരില്‍നിന്നു ക്ഷീര സഹകരണസംഘങ്ങള്‍ പ്രതിദിനം രണ്ടുതവണ പാല്‍ ശേഖരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നു"



"ഉപഭോക്താക്കളില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 70 ശതമാനത്തിലധികം കര്‍ഷകര്‍ക്കു നേരിട്ടു നല്‍കുന്നു"



"വനിതകളാണ് ഇന്ത്യയുടെ ക്ഷീരമേഖലയുടെ യഥാര്‍ഥ നായകര്‍"



"എട്ടരലക്ഷംകോടി രൂപയിലധികം എന്ന നിലയില്‍, ക്ഷീരമേഖലയുടെ മൂല്യം ഗോതമ്പിന്റെയും അരിയുടെയും സംയുക്തമൂല്യത്തേക്കാള്‍ കൂടുതലാണ്"



"2014ല്‍ 146 ദശലക്ഷം ടണ്‍ പാലാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ അത് 210 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. അതായത് ഏകദേശം 44 ശതമാനം വര്‍ധന''



"ഇന്ത്യയുടെ ക്ഷീരോൽപ്പാദനം, ആഗോളതലത്തിലെ 2 ശതമാനം വളർച്ചയെ അപേക്ഷിച്ച്, 6 ശതമാനം വാര്‍ഷികവളർച്ച കൈവരിക്കുന്നു"



"ഇന്ത്യ പാലുല്‍പ്പാദിപ്പിക്കുന്ന മൃഗങ്ങളുടെ വലിയ വിവരശേഖരമൊരുക്കുന്നു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട എല്ലാ മൃഗങ്ങളെയും ഇതിലുൾപ്പെടുത്തും"



"2025ഓടെ 100% മൃഗങ്ങള്‍ക്കും കുളമ്പുരോഗങ്ങള്‍, ബ്രൂസെല്ലോസിസ് എന്നിവയ്ക്കെതിരെ പ്രതിരോധകുത്തിവയ്പുനല്‍കാൻ നാം തീരുമാനിച്ചു."



"നമ്മുടെ ശാസ്ത്രജ്ഞര്‍ ചർമമുഴരോഗത്തിനുള്ള തദ്ദേശീയ പ്രതിരോധമരുന്നും തയ്യാറാക്കിയിട്ടുണ്ട്"



"കന്നുകാലിമേഖലയുടെ ആദ്യാവസാനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ സംവിധാനത്തിനായാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്."




Posted On: 12 SEP 2022 12:36PM by PIB Thiruvananthpuram

ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റര്‍ ആന്‍ഡ് മാര്‍ട്ടില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ക്ഷീര ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി (IDF WDS) 2022 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു.

 

ക്ഷീരമേഖലയില്‍ നിന്നുള്ള എല്ലാ പ്രമുഖരും ഇന്ന് ഇന്ത്യയില്‍ ഒത്തുകൂടിയതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സദസിനെ അഭിസംബോധനചെയ്തത്. ആശയങ്ങള്‍ കൈമാറുന്നതിനുള്ള മികച്ച മാധ്യമമായി ലോക ക്ഷീര ഉച്ചകോടി മാറുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ക്ഷീരമേഖലയുടെ സാധ്യതകള്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുക മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിനുപേരുടെ പ്രധാന ഉപജീവനമാര്‍ഗം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യയുടെ സാംസ്കാരിക ഭൂപ്രകൃതിയില്‍ 'പശുധൻ', പാലുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയിലെ ക്ഷീരമേഖലയ്ക്ക് നിരവധി സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. ലോകത്തിലെ മറ്റു വികസിത രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയിലെ ക്ഷീരമേഖലയുടെ ചാലകശക്തി ചെറുകിട കര്‍ഷകരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'വന്‍തോതിലുള്ള ഉല്‍പ്പാദനം' എന്നതിനേക്കാള്‍ 'ജനകീയ ഉല്‍പ്പാദനം' എന്നതാണ് ഇന്ത്യയുടെ ക്ഷീരമേഖലയുടെ സവിശേഷത. ഒന്നോ രണ്ടോ മൂന്നോ കന്നുകാലികളുള്ള ഈ ചെറുകിട കര്‍ഷകരുടെ പരിശ്രമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം. ഈ മേഖല രാജ്യത്തെ 8 കോടിയിലധികം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

ക്ഷീര സഹകരണ സംഘത്തിന്റെ വലിയ ശൃംഖല ഇന്ത്യയില്‍ ഉണ്ടെന്നും ലോകത്ത് മറ്റെവിടെയെങ്കിലും അത്തരമൊരു മാതൃക കണ്ടെത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഇന്ത്യന്‍ ക്ഷീര സമ്പ്രദായത്തിന്റെ രണ്ടാമത്തെ സവിശേഷസ്വഭാവം പ്രധാനമന്ത്രി വിശദീകരിച്ചു. ഈ ക്ഷീര സഹകരണ സംഘങ്ങള്‍ രാജ്യത്തെ രണ്ടു ലക്ഷത്തിലധികം ഗ്രാമങ്ങളിലെ രണ്ട് കോടിയോളം കര്‍ഷകരില്‍ നിന്ന് ദിവസത്തില്‍ രണ്ട് തവണ പാല്‍ ശേഖരിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. മുഴുവന്‍ പ്രക്രിയയിലും ഇടനിലക്കാരില്ല. ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ 70 ശതമാനത്തിലേറെയും കര്‍ഷകർക്കുതന്നെയാണു ലഭിക്കുന്നതെന്ന വസ്തുതയിലേക്കും പ്രധാനമന്ത്രി എല്ലാവരുടെയും ശ്രദ്ധക്ഷണിച്ചു. ലോകത്ത് മറ്റൊരു രാജ്യത്തിനും ഈ അനുപാതം ഇല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ക്ഷീരമേഖലയിലെ ഡിജിറ്റല്‍ പണമിടപാട് സംവിധാനത്തിന്റെ കാര്യക്ഷമത, മറ്റ് രാജ്യങ്ങള്‍ക്ക് നിരവധി പാഠങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

പ്രധാനമന്ത്രിയുടെ അഭിപ്രായത്തില്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ കഴിയുന്ന നാടന്‍ ഇനങ്ങളാണ് മറ്റൊരു പ്രത്യേകത. കരുത്തുറ്റ എരുമയുടെ ഇനങ്ങളില്‍ ഗുജറാത്തിലെ കച്ച് മേഖലയിലെ ബന്നി എരുമയെ ഉദാഹരണമായി അദ്ദേഹം ചൂണ്ട‌ിക്കാട്ടി. മുറ, മെഹ്സാന, ജഫ്രാബാദി, നിലി രവി, പണ്ഡര്‍പുരി തുടങ്ങിയ മറ്റ് എരുമ ഇനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പശു ഇനങ്ങളില്‍ ഗിര്‍, സഹിവാള്‍, രതി, കാന്‍ക്രേജ്, തര്‍പാര്‍ക്കര്‍, ഹരിയാന എന്നിവയെ അദ്ദേഹം പരാമര്‍ശിച്ചു.

 

ക്ഷീരമേഖലയിലെ സ്ത്രീകളുടെ ശക്തി മറ്റൊരു സവിശേഷ സ്വഭാവമായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിലെ ക്ഷീരമേഖലയിലെ തൊഴില്‍ ശക്തിയില്‍ സ്ത്രീകള്‍ക്ക് 70% പ്രാതിനിധ്യമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'ഇന്ത്യയുടെ ക്ഷീരമേഖലയുടെ യഥാര്‍ത്ഥ നേതാക്കള്‍ സ്ത്രീകളാണെന്ന്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അതോടൊപ്പം, ഇന്ത്യയിലെ ക്ഷീര സഹകരണ സംഘങ്ങളിലെ മൂന്നിലൊന്ന് അംഗങ്ങളും സ്ത്രീകളാണ്.' എട്ടരലക്ഷംകോടി രൂപയിലധികം എന്ന നിലയില്‍,  ക്ഷീരമേഖലയുടെ മൂല്യം ഗോതമ്പിന്റെയും അരിയുടെയും സംയുക്തമൂല്യത്തേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം നയിക്കുന്നത് ഇന്ത്യയുടെ സ്ത്രീശക്തിയാണ്.

 

2014 മുതല്‍ ഇന്ത്യയുടെ ക്ഷീരമേഖലയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് അക്ഷീണം പ്രയത്നിച്ചുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതിലൂടെ പാലുല്‍പ്പാദനം വര്‍ധിപ്പിക്കുകയും, കര്‍ഷകരുടെ വരുമാനം വർധിക്കുകയും ചെയ്തു. 2014ല്‍ 146 ദശലക്ഷം ടണ്‍ പാലാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത്. ഇപ്പോള്‍ അത് 210 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. അതായത് ഏകദേശം 44 ശതമാനം വര്‍ധന''- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ 2 ശതമാനം ഉല്‍പാദന വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യയില്‍ പാലുല്‍പാദന വളര്‍ച്ചാ നിരക്ക് 6 ശതമാനത്തില്‍ കൂടുതലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

 

ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം മേഖലകളിലെ വെല്ലുവിളികളും അഭിമുഖീകരിക്കുന്ന സന്തുലിത ക്ഷീര ആവാസവ്യവസ്ഥ വികസിപ്പിക്കാന്‍ ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള അധിക വരുമാനം, പാവപ്പെട്ടവരുടെ ശാക്തീകരണം, ശുചിത്വം, രാസരഹിത കൃഷി, ശുദ്ധമായ ഊർജം, കന്നുകാലികളുടെ സംരക്ഷണം എന്നിവ ഈ ആവാസവ്യവസ്ഥയില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

മൃഗസംരക്ഷണവും പാലുല്‍പ്പന്നങ്ങളും  ഗ്രാമങ്ങളില്‍ ഹരിതവും സുസ്ഥിരവുമായ വളര്‍ച്ചയുടെ കരുത്തുറ്റ മാധ്യമമായി പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാഷ്ട്രീയ ഗോകുല്‍ മിഷന്‍, ഗോബര്‍ധന്‍ യോജന, ക്ഷീരമേഖലയുടെ ഡിജിറ്റൽവൽക്കരണം, കന്നുകാലികള്‍ക്ക് സാര്‍വത്രിക പ്രതിരോധകുത്തിവയ്പ്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം തുടങ്ങിയ നടപടികള്‍ ആ ദിശയിലേക്കുള്ള ചുവടുകളാണ്.

 

ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ക്ഷീരമൃഗങ്ങളുടെ ഏറ്റവും വലിയ വി‌വ‌രശേഖരം ഇന്ത്യ നിര്‍മ്മിക്കുകയാണെന്നും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട എല്ലാ മൃഗങ്ങളെയും ഇതിലുൾപ്പെടുത്തുമെന്നും പറഞ്ഞു. ''നമ്മള്‍ മൃഗങ്ങളുടെ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമൊരുക്കുകയാണ്. അതിനു ഞങ്ങൾ 'പശു ആധാര്‍' എന്ന് പേരിട്ടു" - അദ്ദേഹം പറഞ്ഞു.

 

എഫ്പിഎകള്‍, വനിതാ സ്വയം സഹായസംഘങ്ങൾ, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ പോലുള്ള വളര്‍ന്നുവരുന്ന സംരംഭകഘടനകളെക്കുറിച്ചും ശ്രീ മോദി ഊന്നിപ്പറഞ്ഞു. അടുത്ത കാലത്തായി 1000ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഈ മേഖലയില്‍ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. ഗോബര്‍ദന്‍ യോജനയുടെ മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. ചാണകത്തില്‍ നിന്ന് ക്ഷീരോൽപ്പാദനകേന്ദ്രങ്ങൾ സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സാഹചര്യത്തിലേക്ക് എത്തുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തത്ഫലമായുണ്ടാകുന്ന വളം കര്‍ഷകര്‍ക്കും സഹായകമാകും.

 

മൃഗസംരക്ഷണത്തിനും കൃഷിക്കും വൈവിധ്യം ആവശ്യമാണ്. കൃഷിയുമായി മൃഗസംരക്ഷണത്തെ താരതമ്യപ്പെടുത്തി, ഏകവർഗകൃഷി മാത്രമല്ല ഒരേയൊരു പരിഹാരമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇന്ന് തദ്ദേശീയ ഇനങ്ങള്‍ക്കും സങ്കരയിനങ്ങള്‍ക്കും ഒരേ ശ്രദ്ധയാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. കാലാവസ്ഥാവ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ സാധ്യതയും ഇത് കുറയ്ക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

 

കര്‍ഷകരുടെ വരുമാനത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമായ മൃഗങ്ങളിലെ രോഗങ്ങളെകുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ''മൃഗങ്ങൾക്ക് അസുഖം വരുമ്പോള്‍ അത് കര്‍ഷകന്റെ ജീവിതത്തെ ബാധിക്കുന്നു. അവന്റെ വരുമാനത്തെ ബാധിക്കുന്നു. ഇത് മൃഗങ്ങളുടെ കാര്യക്ഷമതയെയും പാലിന്റെ ഗുണനിലവാരത്തെയും മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളെയും ബാധിക്കുന്നു" - എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍, മൃഗങ്ങള്‍ക്കുള്ള സാര്‍വത്രിക പ്രതിരോധകുത്തിവയ്പിനായി ഇന്ത്യ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "2025-ഓടെ 100% മൃഗങ്ങള്‍ക്കും കുളമ്പുരോഗം, ബ്രൂസെല്ലോസിസ് എന്നിവയ്ക്കെതിരെ കുത്തിവയ്പ് നല്‍കുമെന്ന് നാം തീരുമാനിച്ചു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഈ രോഗങ്ങളില്‍ നിന്ന് പൂര്‍ണമുക്തരാകാനാണ് നാം ലക്ഷ്യമിടുന്നത്'', പ്രധാനമന്ത്രി പറഞ്ഞു.

 

ചർമമുഴരോഗം മൂലം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അടുത്തകാലത്തായി കന്നുകാലികള്‍ക്ക് ജീവഹാനിയുണ്ടായതായി നിരീക്ഷിച്ച പ്രധാനമന്ത്രി, ഇക്കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റും വിവിധ സംസ്ഥാന ഗവണ്മെന്റുകളും ചേര്‍ന്ന് പരിശോധന നടത്താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ് നല്‍കി.  "നമ്മുടെ ശാസ്ത്രജ്ഞര്‍ ചർമമുഴ രോഗത്തിനുള്ള തദ്ദേശീയ പ്രതിരോധമരുന്നും തയ്യാറാക്കിയിട്ടുണ്ട്'- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാക്കാന്‍ മൃഗങ്ങളെ നിരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

മൃഗങ്ങൾക്കുള്ള പ്രതിരോധകുത്തിവയ്പാകട്ടെ, മറ്റേതെങ്കിലും ആധുനിക സാങ്കേതികവിദ്യയാകട്ടെ, ഇതിലെല്ലാം, കൂട്ടാളികളായ രാജ്യങ്ങളില്‍ നിന്ന് പഠിക്കാന്‍ പരിശ്രമിക്കുന്നതോടൊപ്പം, ക്ഷീരമേഖലയില്‍ സംഭാവന നല്‍കാന്‍ ഇന്ത്യ എപ്പോഴും തയ്യാറാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ''ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇന്ത്യ അതിവേഗം പ്രവര്‍ത്തിച്ചു''- ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

 

വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള മേഖലയുടെ ആദ്യാവസാനമുള്ള പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന ഡിജിറ്റൽ സംവിധാനത്തിനായി ഇന്ത്യ പ്രവർത്തിക്കുകയാണെന്നു പ്രസംഗം ഉപസംഹരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖല മെച്ചപ്പെടുത്തുന്നതിനാവശ്യമായ കൃത്യമായ വിവരങ്ങൾ ഇതു നൽകും. ഇത്തരത്തിലുള്ള നിരവധി സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ടു ലോകമെമ്പാടും നടക്കുന്ന പ്രവർത്തനങ്ങളും ഈ ഉച്ചകോടി മുന്നോട്ടുവയ്ക്കും. ഈ മേഖലയുമായി ബന്ധപ്പെട്ട വൈദഗ്ധ്യം പങ്കിടാനുള്ള വഴികൾ നിർദേശിക്കണമെന്നും പ്രധാനമന്ത്രി ഏവരോടും അഭ്യർഥിച്ചു. “ഇന്ത്യയിലെ ക്ഷീരമേഖലയെ ശാക്തീകരിക്കാനുള്ള യജ്ഞത്തിന്റെ ഭാഗമാകാൻ ക്ഷീരവ്യവസായത്തിലെ ആഗോളപ്രമുഖരെ ഞാൻ ക്ഷണിക്കുന്നു.  അന്താരാഷ്ട്ര ക്ഷീര ഫെഡറേഷന്റെ മികച്ച പ്രവർത്തനങ്ങളെയും സംഭാവനകളെയും ഞാൻ അഭിനന്ദിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മൽസ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരോൽപ്പാദന മന്ത്രി പർഷോത്തം രൂപാല, സഹമന്ത്രി ഡോ. എൽ മുരുകൻ, കേന്ദ്ര കൃഷി, ഭക്ഷ്യസംസ്കരണ സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ, പാർലമെന്റ് അംഗങ്ങളായ സുരേന്ദ്ര സിങ് നഗർ, ഡോ. മഹേഷ് ശർമ, അന്താരാഷ്ട്ര ക്ഷീര ഫെഡറേഷൻ പ്രസിഡന്റ് പി ബ്രസാലെ, അന്താരാഷ്ട്ര ക്ഷീര ഫെഡറേഷൻ ഡയറക്ടർ ജനറൽ കരോലിൻ ഇമോണ്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 75 ലക്ഷം കർഷകർ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിപാടിയിൽ പങ്കെടുത്തു.

 

പശ്ചാത്തലം

 

'ഡയറി ഫോർ ന്യൂട്രീഷൻ ആൻഡ് ലൈവ്‌ലിഹുഡ്'  (പോഷകാഹാരത്തിനും ഉപജീവനത്തിനും  ക്ഷീരമേഖല ) എന്ന വിഷയം കേന്ദ്രീകരിച്ചു സെപ്റ്റംബർ 12 മുതൽ 15 വരെ  നാലുദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി  വ്യവസായപ്രമുഖർ, വിദഗ്ധർ, കർഷകർ, നയ ആസൂത്രകർ എന്നിവരുൾപ്പെടയുള്ള ആഗോള-ഇന്ത്യൻ ക്ഷീരപങ്കാളികളുടെ കൂട്ടായ്മയാണ്. ഈ  ഉച്ചകോടിയിൽ  50 രാജ്യങ്ങളിൽ നിന്നായി 1500 ഓളം പേർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏതാണ്ട് അരനൂറ്റാണ്ടുമുമ്പ് 1974ലാണ് ഇന്ത്യയിൽ ഇത്തരത്തിലുള്ള അവസാന ഉച്ചകോടി നടന്നത്.

 

ചെറുകിട നാമമാത്ര ക്ഷീരകർഷകരെ, പ്രത്യേകിച്ചു സ്ത്രീകളെ, ശാക്തീകരിക്കുന്ന സഹകരണമാതൃകയിൽ അധിഷ്ഠിതമായതിനാൽ ഇന്ത്യൻ ക്ഷീരവ്യവസായം സവിശേഷമാണ്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസരിച്ച്, ക്ഷീരമേഖലയുടെ ഉന്നമനത്തിനായി ഗവൺമെന്റ് ഒന്നിലധികം നടപടികൾ സ്വീകരിച്ചു, അതിന്റെ ഫലമായി കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ പാലുൽപ്പാദനം 44 ശതമാനത്തിലധികം വർധിച്ചു. ആഗോള പാലിന്റെ ഏകദേശം 23% വരുന്ന, പ്രതിവർഷം ഏകദേശം 210 ദശലക്ഷം ടൺ ഉൽപ്പാദിപ്പിക്കുകയും 8 കോടിയിലധികം ക്ഷീര കർഷകരെ ശാക്തീകരിക്കുകയും ചെയ്യുന്ന, ഇന്ത്യൻ ക്ഷീരവ്യവസായത്തിന്റെ വിജയഗാഥ  ഉച്ചകോടിയിൽ അവതരിപ്പിക്കും. ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളെക്കുറിച്ച്  ഇന്ത്യയിലെ ക്ഷീരകർഷകർക്കു മനസിലാക്കാനും  ഉച്ചകോടി അവസരമൊരുക്കും.

*****

ND

(Release ID: 1858703) Visitor Counter : 249