ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
"പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്" സെപ്റ്റംബർ 9 ന് രാഷ്ട്രപതി സമാരംഭം കുറിക്കും
Posted On:
07 SEP 2022 3:07PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്‌റ്റംബര്‍ 07, 2022
2025-ഓടെ രാജ്യത്ത് നിന്ന് ക്ഷയരോഗം നിർമാർജനം ചെയ്യാനുള്ള ദൗത്യം പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന് ' സെപ്റ്റംബർ 9-ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു വെർച്വലായി സമാരംഭം കുറിക്കും. 2018 മാർച്ചിൽ ഡൽഹിയിൽ നടന്ന 'എൻഡ് ടിബി' ഉച്ചകോടിയിൽ 2030ലെ സുസ്ഥിര വികസന ലക്ഷ്യത്തേക്കാൾ (എസ്ഡിജി) അഞ്ച് വർഷം മുമ്പ് രാജ്യത്ത് നിന്നും ക്ഷയരോഗം ഉന്മൂലനം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ,സഹമന്ത്രി (എച്ച്‌എഫ്‌ഡബ്ല്യു) ഡോ. ഭാരതി പ്രവീൺ പവാർ, കേന്ദ്ര മന്ത്രിമാർ, ഗവർണർമാർ, ലഫ്റ്റനന്റ് ഗവർണർമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് അഭിയാൻ ആരംഭിക്കുന്നത്. വെർച്വൽ ആയി നടക്കുന്ന പരിപാടിയിൽ സംസ്ഥാന, ജില്ലാ ആരോഗ്യ ഭരണകൂടങ്ങൾ, വ്യവസായങ്ങൾ, പൊതുസമൂഹം, എൻജിഒകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ക്ഷയരോഗ ചികിത്സയിലുള്ളവരെ പിന്തുണക്കുന്നതിനും ക്ഷയരോഗ നിർമാർജനത്തിലേക്കുള്ള രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനും എല്ലാ സാമൂഹിക പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരാൻ ' 'പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാൻ' വിഭാവനം ചെയ്യുന്നു. അഭിയാന്റെ സുപ്രധാന ഘടകമായ നി-ക്ഷയ് മിത്ര സംരംഭവും രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
നി-ക്ഷയ് മിത്ര പോർട്ടൽ ക്ഷയരോഗ ചികിത്സയ്ക്ക് വിധേയരായവർക്ക് വിവിധ തരത്തിലുള്ള പിന്തുണ നൽകുന്നതിന് ദാതാക്കൾക്ക് ഒരു വേദി നൽകുന്നു. ത്രിതല പിന്തുണയിൽ പോഷകാഹാരം, അധിക രോഗനിർണയ മാർഗ്ഗങ്ങൾ, തൊഴിലധിഷ്ഠിത പിന്തുണ എന്നിവ ഉൾപ്പെടുന്നു. നി-ക്ഷയ് മിത്രകൾ എന്ന് വിളിക്കപ്പെടുന്ന ദാതാക്കൾ, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, കോർപ്പറേറ്റുകൾ, എൻജിഒകൾ, വ്യക്തികൾ തുടങ്ങിയവർ ആകാം.
'പ്രധാൻ മന്ത്രി ടിബി മുക്ത് ഭാരത് അഭിയാൻ' ഒരു രോഗി കേന്ദ്രീകൃത ആരോഗ്യ സംവിധാനത്തിലേക്ക് സമൂഹത്തിന്റെ പിന്തുണ നേടുന്നതിനുള്ള ഒരു ചുവടുവെപ്പാണ്.
RRTN/SKY
(Release ID: 1857407)
Visitor Counter : 224