ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളിലെ ദേശീയ രോഗ നിയന്ത്രണ കേന്ദ്ര ശാഖകള്‍ക്ക് തറക്കല്ലിട്ടു;


ദ്രുതഗതിയിലുള്ള രോഗ നിർണയത്തിനും, സമയോചിതമായ നിരീക്ഷണത്തിനും ഈ കേന്ദ്രങ്ങൾ ഉത്തേജനം നൽകുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ

Posted On: 06 SEP 2022 1:51PM by PIB Thiruvananthpuram

കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ആരംഭിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ (ദേശീയ രോഗ നിയന്ത്രണ കേന്ദ്രം-എന്‍.സി.ഡി.സി) ശാഖകള്‍ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ തറക്കല്ലിട്ടു. ഇതോടൊപ്പം എന്‍.സി.ഡി.സി ലബോറട്ടറിയുടെയും റസിഡന്‍ഷ്യല്‍ ബ്ലോക്കുകളുടെയും ഉദ്ഘാടനവും അദ്ദേഹം നടത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിന്റെ കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ സെന്റര്‍ സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വെര്‍ച്ച്വലായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും  കേരളത്തിൽ നിന്ന് പങ്കെടുത്തു.

 

കേരളത്തില്‍ തിരുവനന്തപുരത്ത് ഐരാണിമുട്ടത്തുള്ള കുടുംബാരോഗ്യ കേന്ദ്രത്തിലാണ് എന്‍.സി.ഡി.സിയുടെ ശാഖ ആരംഭിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് എന്‍.സി.ഡി.സിയുടെ ശാഖകള്‍ ആരംഭിക്കുന്നത്.'' സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എന്‍.സി.ഡി.സി ശാഖകള്‍ വേഗത്തിലുള്ള നിരീക്ഷണം, ദ്രുതഗതിയില്‍ രോഗം കണ്ടെത്തല്‍, രോഗങ്ങളുടെ സമയോചിതമായ നിരീക്ഷണം എന്നിവയിലൂടെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉത്തേജനം നല്‍കും. എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുന്നതില്‍ ഗവണ്‍മെന്റ് ഒരു സമ്പൂര്‍ണ സമീപനമാണ് സ്വീകരിക്കുന്നത്'' തറക്കല്ലിടല്‍ ചടങ്ങില്‍ ഡോ. മന്‍സുഖ് മാണ്ഡവ്യ വ്യക്തമാക്കി.

 

രോഗ നിരീക്ഷണം വർധിപ്പിക്കുന്നതിനും രോഗലക്ഷണങ്ങൾ വിലയിരുത്തുന്നതിനും അടിയന്തര പൊതുജനാരോഗ്യ പ്രവർത്തനത്തിനുള്ള തെളിവുകൾ നൽകുന്നതിനും ഈ സൗകര്യം സഹായിക്കുമെന്ന്‌  ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത കേന്ദ്ര സഹമന്ത്രി  ശ്രീ വി മുരളീധരൻ പറഞ്ഞു. 

എൻ‌സി‌ഡി‌സി പോലുള്ള കാര്യക്ഷമവും ശക്തവും വിശ്വസനീയവുമായ ഒരു ഏജൻസി ഉള്ളത് കോവിഡ് മഹാമാരി പോലെയുള്ള സാഹചര്യങ്ങളിൽ ആരോഗ്യ സേവനങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കും. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തോടും ശ്രീ വി മുരളീധരൻ നന്ദി അറിയിച്ചു.

മൊത്തം 30 എന്‍.സി.ഡി.സി ശാഖകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനുള്ളത്. ഇത് എന്‍.സി.ഡി.സിയുടെ പ്രവര്‍ത്തനങ്ങളെ വികേന്ദ്രീകരിക്കുകയും രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനെ കാര്യക്ഷമമായി നേരിടുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും. ഇവയിൽ  ആദ്യത്തെ ബാച്ചിനാണ് ഇന്ന് തറക്കല്ലിട്ടത് . തിരുവനന്തപുരത്ത് ഐരാണിമുട്ടം കുടുംബാരോഗ്യ കേന്ദ്രത്തിലെ 1.5 ഏക്കര്‍ സ്ഥലത്താണ് എന്‍.സി.ഡി.സിയുടെ ശാഖയുടെ നിര്‍മ്മാണം നടക്കുക. മൊത്തം 14 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ  ചിലവ്  പ്രതീക്ഷിക്കുന്നത് 1.38 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് ഇതിനകം അനുവദിച്ചു കഴിഞ്ഞിട്ടുണ്ട്.

--ND--



(Release ID: 1857126) Visitor Counter : 183