പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

Posted On: 15 AUG 2022 12:19PM by PIB Thiruvananthpuram

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പൂര്‍ത്തിയാക്കുന്ന സുപ്രധാന വേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍! ഇന്ത്യയുടെ എല്ലാ കോണുകളിലും മാത്രമല്ല, ലോകമെങ്ങും തങ്ങളുടെ രാജ്യത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ഇന്ത്യക്കാര്‍ നമ്മുടെ ത്രിവര്‍ണപതാക അഭിമാനപൂര്‍വം ഉയര്‍ത്തിയിരിക്കുന്നത് കാണുമ്പോള്‍ അങ്ങേയറ്റം ആഹ്ളാദം  തോന്നുന്നു. ഇന്ത്യയെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങള്‍ക്കും ഞാന്‍ ഹൃദ്യമായ ആശംസകള്‍ നേരുന്നു. നമ്മുടെ സ്വാതന്ത്ര്യംആഘോഷിക്കുന്ന ഈ അമൃത മഹോത്സവത്തില്‍ എന്റെ പ്രിയപ്പെട്ട എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയംഗമമായ ആശംസകള്‍. ചരിത്രപ്രാധാന്യമുള്ള ദിവസമാണിത്. പുതിയ തീരുമാനത്തോടും പുതിയ ശക്തിയോടും കൂടി ഒരു പുതിയ പാതയിലൂടെ മുന്നേറാനുള്ളശുഭകരമായ അവസരമാണിത്.

സ്വാതന്ത്ര്യത്തിനുവേണ്ടി, അടിമത്തത്തിന്റെ മുഴുവന്‍ കാലഘട്ടവും നാം പോരാട്ടത്തിനായി ചെലവഴിച്ചു. നൂറ്റാണ്ടുകളുടെഅടിമത്തത്തിനെതിരായ സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യയുടെ ഒരു പ്രദേശം പോലും പങ്കെടുക്കാതെ പോയില്ല. കൂടാതെ ജനങ്ങൾ നിരവധിയായ ത്യാഗങ്ങള്‍ സഹിച്ചു. അത്തരത്തിലുള്ള എല്ലാ ധീരന്മാരെയും, ഓരോ മഹാത്മാവിന്റെയും ഓരോ ത്യാഗത്തിന്റെയും ഭാഗമായ ഇതിഹാസങ്ങളെയും നമസ്‌കരിക്കാനും അഭിവാദ്യം  ചെയ്യാനുമുള്ള അവസരമാണ് ഇന്ന് നമുക്കെല്ലാവര്‍ക്കും ലഭിക്കുന്നത്. അവരുടെ സംഭാവനകളെ ആദരവോടെ അംഗീകരിക്കാനും അചഞ്ചലമായ ദൃഢനിശ്ചയത്തോടെ അവരുടെ സ്വപ്നങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കാനുമുള്ള അവസരമാണിത്. രാഷ്ട്രത്തോടുള്ള കടമയുടെ പാതയില്‍ ജീവിതം മുഴുവന്‍ഉഴിഞ്ഞു വച്ച പൂജനീയ ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കര്‍, വീര്‍ സവര്‍ക്കര്‍ എന്നിവരോട് രാജ്യത്തെജനങ്ങള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ജീവിതകാലം മുഴുവന്‍ ഇവര്‍ മറ്റുള്ളവര്‍ക്കായി ത്യാഗം ചെയ്തു. മംഗള്‍ പാണ്ഡെ, താന്തിയോതോപ്പി, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ്, അഷ്ഫാഖുള്ള ഖാന്‍, രാം പ്രസാദ് ബിസ്മില്‍ എന്നിവരോടും ബ്രിട്ടീഷ്ഭരണത്തിന്റെ അടിത്തറ ഇളക്കിയ നമ്മുടെ എണ്ണമറ്റ വിപ്ലവകാരികളോടും ഈ രാജ്യം കടപ്പെട്ടിരിക്കുന്നു. റാണി ലക്ഷ്മീബായി, ജാല്‍കാരി ബായി, ദുര്‍ഗ്ഗ ഭാഭി, റാണി ഗൈദിന്‍ലിയു, റാണി ചെന്നമ്മ, ബീഗം ഹസ്രത്ത് മഹല്‍, വേലു നാച്ചിയാര്‍-ഇന്ത്യയിലെസ്ത്രീശക്തിയുടെ കഴിവ് തെളിയിച്ച ഈ ധീരസ്ത്രീകളോട് ഈ രാഷ്ട്രം കടപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ 'നാരി ശക്തി'യുടെ ദൃഢനിശ്ചയം എന്താണ്? ത്യാഗത്തിന്റെ കൊടുമുടി കൈവരിച്ച എണ്ണമറ്റ ധീരവനിതകളെ അനുസ്മരിക്കുമ്പോള്‍ ഓരോ ഭാരതീയനും അഭിമാനം കൊണ്ട്നിറയുന്നു.

ഡോ. രാജേന്ദ്ര പ്രസാദ് ജി, നെഹ്‌റു ജി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ , ശ്യാമപ്രസാദ് മുഖര്‍ജി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ദീന്‍ ദയാല്‍ഉപാധ്യായ, ജയ് പ്രകാശ് നാരായണ്‍, രാം മനോഹര്‍ ലോഹ്യ, ആചാര്യ വിനോബാ ഭാവെ, നാനാജി ദേശ്മുഖ് തുടങ്ങി സ്വാതന്ത്ര്യാനന്തരം രാജ്യം കെട്ടിപ്പടുത്ത എണ്ണമറ്റ മഹാന്മാരെ ആദരിക്കാനുള്ള ദിവസം കൂടിയാണിന്ന്.

സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറയുമ്പോള്‍ വനങ്ങളില്‍ ജീവിക്കുന്ന നമ്മുടെ ഗോത്രസമൂഹത്തിന്റെ സംഭാവന പരാമര്‍ശിക്കാതെപോരകാന്‍ കഴിയില്ല. ഭഗവാന്‍ ബിര്‍സ മുണ്ഡ, സിദ്ദു-കന്‍ഹു, അല്ലൂരി സീതാരാമ രാജു, ഗോവിന്ദ് ഗുരു തുടങ്ങി എണ്ണമറ്റ പേരുകള്‍സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി മാറുകയും വിദൂര വനങ്ങളിലെ എന്റെ ഗിരിവർഗ സഹോദരീ സഹോദരന്മാരെയും അമ്മമാരെയും യുവാക്കളെയും മാതൃരാജ്യത്തിനായി ജീവിക്കാനും മരിക്കാനും പ്രേരിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തില്‍ എല്ലാവിഭാഗങ്ങളുടേയും പങ്കുണ്ടായിരുന്നുവെന്നത് രാജ്യത്തിന്റെ സൗഭാഗ്യമാണ്. നാരായണഗുരു, സ്വാമി വിവേകാനന്ദന്‍, മഹര്‍ഷിഅരബിന്ദോ, ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയ പല മഹാന്മാരും ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ഓരോ ഗ്രാമത്തിലുംഇന്ത്യ എന്ന വികാരത്തെ ഉണര്‍ത്തുകയും ഈ വികാരം സജീവമായി നിലനിര്‍ത്തുകയും ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യം അമൃത മഹോത്സവം ആഘോഷിക്കുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്. 2021ൽ ദണ്ഡിയാത്രയോടെയാണ് ഇതെല്ലാം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ലക്ഷ്യങ്ങളുടെ വ്യാപ്തിവര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യയിലെ ഓരോ ജില്ലയിലും, ഓരോ കോണിലും, ജനങ്ങള്‍ പരിപാടികള്‍ സംഘടിപ്പിച്ചു. ചരിത്രത്തിലാദ്യമായായിരിക്കാം ഇത്രയും വലുതും സമഗ്രവുമായ ഒരു ഉത്സവം ഒരൊറ്റ ലക്ഷ്യത്തിനായി ആഘോഷിക്കുന്നത്.  ചിലകാരണങ്ങളാല്‍ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടാത്തതോ വിസ്മരിക്കപ്പെട്ടതോ ആയ ആ മഹാന്മാരെ ഓര്‍ക്കാന്‍ ഇന്ത്യയുടെ ഓരോകോണിലും ശ്രമം നടന്നു.  ഇന്ന്, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും അത്തരം എല്ലാ നായകന്മാരെയും മഹാന്‍മാരെയുംനിസ്വാര്‍ത്ഥരും ധീരരുമായ മനുഷ്യരെയും രാഷ്ട്രം തേടുകയും അവരെ സ്മരിക്കുകയും ചെയ്തു. 'അമൃത് മഹോത്സവം' ഈ മഹാന്മാരെഓര്‍മിക്കാനുള്ള അവസരമാണ്.

ഇന്നലെ ഓഗസ്റ്റ് 14 ന് 'വിഭജന വിഭിഷിക സ്മാരക ദിനത്തില്‍' വിഭജനത്തിന്റെ ആഴത്തിലുള്ള മുറിവുകള്‍ ഇന്ത്യ ദുഖത്തോടെഅനുസ്മരിച്ചു. കോടിക്കണക്കിന് ആളുകള്‍ ത്രിവര്‍ണപതാകയുടെ മഹത്വത്തിനായി വളരെയധികം സഹിച്ചു. മാതൃരാജ്യത്തോടുള്ളസ്‌നേഹം നിമിത്തം അവര്‍ വളരെയധികം സഹിച്ചു, അവര്‍ക്ക് ക്ഷമ നഷ്ടപ്പെട്ടില്ല. ഇന്ത്യയോടുള്ള സ്‌നേഹത്തോടെ ഒരു പുതിയ ജീവിതംആരംഭിക്കാനുള്ള അവരുടെ ദൃഢനിശ്ചയം പ്രചോദനം നല്‍കുന്നതും ആദരം അര്‍ഹിക്കുന്നതുമാണ്.

ഇന്ന് നാം 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷിക്കുമ്പോള്‍, രാജ്യത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്തവര്‍, കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവര്‍, രാജ്യത്തെ സംരക്ഷിച്ചവര്‍, രാജ്യത്തിന്റെ തീരുമാനങ്ങള്‍ നിറവേറ്റിയവര്‍എന്നിവര്‍ നല്‍കിയ സംഭാവനകളെ അനുസ്മരിക്കാനുള്ള അവസരമാണിത്. അത് സൈനിക ഉദ്യോഗസ്ഥരോ, പോലീസുദ്യോഗസ്ഥരോ, ബ്യൂറോക്രാറ്റുകളോ, ജനപ്രതിനിധികളോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരോ, സംസ്ഥാന ഭരണകൂടമോ, കേന്ദ്ര ഭരണകൂടമോ ആകട്ടെ. 75 വര്‍ഷത്തിനിടെ വിവിധ വെല്ലുവിളികള്‍ക്കിടയിലും രാജ്യത്തെ മുന്നോട്ടു കൊണ്ടു പോകാന്‍ സാധ്യമായതെല്ലാം ചെയ്ത രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ സംഭാവനയെ നാം ഓര്‍മിക്കണം. 


എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,

75 വര്‍ഷത്തെ ഈ യാത്ര ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരുന്നു. നല്ലതും ചീത്തയുമായ കാലത്തിന്റെ നിഴലിനിടയില്‍ നാം വിവിധനേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. നൂറുകണക്കിന് വര്‍ഷത്തെ കോളനിവാഴ്ച‍ ഇന്ത്യയ്ക്കും ഇന്ത്യക്കാരുടെ വികാരങ്ങള്‍ക്കും ആഴത്തിലുള്ള മുറിവുകള്‍ ഏല്‍പ്പിച്ചു എന്നത് ശരിയാണ്, പക്ഷേ ജനങ്ങള്‍ പ്രതിരോധിക്കാന്‍ കഴിവുള്ളവരും മാനസികമായി കരുത്തരുമായിരുന്നു. അതുകൊണ്ടാണ്, ക്ഷാമവും അവഹേളനവും ഉണ്ടായിട്ടും ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞത്. സ്വാതന്ത്ര്യസമരംഅതിന്റെ അവസാന ഘട്ടത്തിലായിരുന്നപ്പോള്‍, രാജ്യത്തെ ഭയപ്പെടുത്താനും നിരാശപ്പെടുത്താനും എല്ലാ ശ്രമങ്ങളും ഉണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടുപോകുമ്പോള്‍ രാജ്യം ഛിന്നഭിന്നമാകുകയും അവശതയിലാകുകയും ചെയ്യുമെന്ന്ആശങ്കയുണ്ടായിരുന്നു. ആഭ്യന്തരയുദ്ധങ്ങളില്‍പ്പെട്ട് ജനങ്ങൾ മരിക്കും, ഇന്ത്യ ഒരു ഇരുണ്ട യുഗത്തിലേക്ക് കൂപ്പുകുത്തുംഎന്നൊക്കെയായിരുന്നു പലരും ഭയപ്പെട്ടിരുന്നത്.

എന്നാല്‍ ഇത് ഇന്ത്യയുടെ മണ്ണാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ശക്തരായ ഭരണാധികാരികള്‍ക്കപ്പുറം നൂറ്റാണ്ടുകളായിഅതിജീവിക്കാനും സ്വാധീനം ചെലുത്താനുമുള്ള പരിധിയില്ലാത്ത ശേഷി ഈ രാജ്യത്തിനുണ്ട്. ഭക്ഷ്യ പ്രതിസന്ധിയായാലും യുദ്ധമായാലുംഎണ്ണമറ്റ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചിട്ടും നമ്മുടെ രാഷ്ട്രം ശക്തമായി ഉയര്‍ന്നുവന്നത് അത്തരം അപാരമായകഴിവുകളുടെയും പ്രതിരോധശേഷിയുടെയും ഫലമായാണ്. നമ്മുടെ നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നമ്മളില്‍ ഏല്‍പ്പിച്ച വെല്ലുവിളികള്‍ നാം അവസാനിപ്പിച്ചു. നിഴല്‍യുദ്ധം, പ്രകൃതിദുരന്തങ്ങള്‍, വിജയപരാജയങ്ങള്‍, പ്രതീക്ഷകള്‍, നിരാശ എന്നിവയൊക്കെ നാം‍ സഹിച്ചുവെങ്കിലും അത്തരം സന്ദര്‍ഭങ്ങളിലൊന്നും നാം‍ മനസ്സാന്നിധ്യം കൈവിട്ടിരുന്നില്ല. കരുത്തോടെ നാം അതിജീവിക്കുകയും മുന്നേറുകയുമായിരുന്നു.

കരുത്തുറ്റ സംസ്‌കാരത്തിന്റെയും മൂല്യങ്ങളുടെയും അന്തര്‍ലീനമായ സാധ്യതയും മനസ്സിലും ആത്മാവിലും ആഴത്തില്‍ പതിഞ്ഞിരിക്കുന്നചിന്തകളുടെ കരുത്തും ഇന്ത്യക്കുണ്ടെന്ന് ലോകത്തിന് അറിയില്ലായിരുന്നു. അതായത് ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ജനാധിപത്യമുള്ളവര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുമ്പോൾ, അത് ലോകത്തിലെ ഏറ്റവും ശക്തരായ സുല്‍ത്താനേറ്റുകള്‍ക്ക്നാശത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഈ ജനാധിപത്യ മാതാവ്, നമ്മുടെ ഇന്ത്യ, ഈ വിലമതിക്കാനാവാത്ത ശക്തി നമുക്കുണ്ടെന്ന്എല്ലാവര്‍ക്കും മുന്നില്‍ തെളിയിച്ചിട്ടുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 

പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും ഉയര്‍ച്ചതാഴ്ചകള്‍ക്കും നടുവില്‍ 75 വര്‍ഷത്തെ യാത്രയില്‍ എല്ലാവരുടെയുംപരിശ്രമത്തിലൂടെയാണ് നമുക്ക് ഇത്രയും ദൂരം മുന്നേറാനായത്. 2014 ല്‍ എന്റെ നാട്ടുകാര്‍ എനിക്ക് ഈ ഉത്തരവാദിത്വം നല്‍കിയപ്പോള്‍, ചുവപ്പു കോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് എന്റെ പ്രിയപ്പെട്ട ജനങ്ങള്‍ക്ക് മഹത്വത്തിന്റെ സ്തുതിഗീതങ്ങള്‍ പാടാന്‍ അവസരം ലഭിച്ച സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ്  ഞാന്‍. എന്നാല്‍ ഇന്ന് ഞാന്‍ പഠിച്ചതെല്ലാം നിങ്ങള്‍ എല്ലാവരില്‍ നിന്നും പഠിച്ചതാണ്. നിങ്ങളുടെ സന്തോഷവും സങ്കടങ്ങളും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ടവരോ, ഭ്രഷ്ട്കല്‍പിക്കപ്പെട്ടവരോ, ചൂഷണം ചെയ്യപ്പെട്ടവരോ, ഇരകളാക്കപ്പെട്ടവരോ, നിരാലംബരോ, ഗിരിവർഗക്കാരോ, സ്ത്രീകളോ, യുവാക്കളോ, കര്‍ഷകരോ, അല്ലെങ്കില്‍ ദിവ്യാംഗരോ ആകട്ടെ; നിങ്ങളുടെ ആത്മാവിനെയും നിങ്ങളുടെ രാജ്യത്തിനുവേണ്ടിയുള്ള പ്രതീക്ഷകളെയുംഅഭിലാഷങ്ങളെയും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. നിങ്ങളുടെ സ്വപ്നങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതെന്തും ഉപയോഗിച്ച്, മുഖ്യധാരയുടെ ഭാഗമാകുന്നതില്‍ നിന്ന് പിന്നോക്കം പോവുകയും അവഗണിക്കപ്പെടുകയും ചെയ്ത ജനങ്ങളെ ശാക്തീകരിക്കുന്നതില്‍ഞാന്‍ പൂര്‍ണമായും മുഴുകി.

ഇന്ത്യയുടെ കിഴക്കോ പടിഞ്ഞാറോ, വടക്കോ തെക്കോ സമുദ്രത്തട്ടുകളില്‍ നിന്നോ ഹിമാലയന്‍ കൊടുമുടികളില്‍ നിന്നോ ആകട്ടെ,  മഹാത്മാഗാന്ധിയുടെ ‘എല്ലാവരേയും ഉള്‍ക്കൊള്ളുക’ എന്ന ആശയം സാക്ഷാത്കരിക്കാന്‍ ഞാന്‍ എന്നെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നു. അവസാനത്തെ വ്യക്തിയേയും ശാക്തീകരിക്കുകയും ഉയര്‍ത്തുകയും ചെയ്യുക എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ഞാന്‍ എന്നെത്തന്നെ സമര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിൽ ഈ ദൗത്യത്തിന്റെ ഫലം എനിക്ക് കാണാന്‍ കഴിയും. അമൃത്മഹോത്സവത്തില്‍ 75 വര്‍ഷം എന്ന മഹത്തായ വര്‍ഷത്തിലേക്ക് നാം ഇന്ന് കടക്കുകയാണ്. ഈ അമൃത് കാലത്തിന്റെ ആദ്യപ്രഭാതത്തില്‍ ഇത്രയും മഹത്തായ ഒരു രാഷ്ട്രത്തെ കാണുമ്പോള്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

പ്രിയപ്പെട്ട നാട്ടുകാരേ,

ഇന്ത്യക്കാര്‍ ഒരു മാതൃകാ സമൂഹമായി ഉയര്‍ന്നുവന്നിരിക്കുന്നുവെന്ന ഏറ്റവും വലിയ സൗഭാഗ്യത്തിനാണ് ഇന്ന് ഞാന്‍ സാക്ഷ്യംവഹിക്കുന്നത്.  ഒരു മാതൃകാ സമൂഹമാകുക എന്നത് ഏതൊരു രാഷ്ട്രത്തിന്റെയും ഏറ്റവും വലിയ സ്വത്താണ്. ഇന്ന് ഇന്ത്യയുടെ ഓരോമുക്കിലും മൂലയിലും നമ്മുടെ സമൂഹത്തിലെ ഓരോ വിഭാഗവും ശ്രേണിയും അഭിലാഷങ്ങളാല്‍ നിറയുന്നു എന്നതില്‍ നമു‍ക്ക്അഭിമാനമുണ്ട്.
രാജ്യത്തെ ഓരോ പൗരനും കാര്യങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്നു, കാര്യങ്ങൾ മാറുന്നത് കാണാൻ ആഗ്രഹിക്കുന്നു, പക്ഷേ കാത്തിരിക്കാൻ തയ്യാറല്ല. ഈ കാര്യങ്ങൾ തന്റെ കൺമുന്നിൽ സംഭവിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു, അത് തന്റെ കടമയുടെ ഭാഗമായി ചെയ്യാൻ ആഗ്രഹിക്കുന്നു. അവന് വേഗത വേണം, പുരോഗതി ആഗ്രഹിക്കുന്നു. തന്റെ കൺമുന്നിൽ 75 വർഷമായി കാത്തുസൂക്ഷിച്ച എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള ആകാംക്ഷയും ആവേശവുമാണ്. ഇത് ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. കാരണം, അഭിലാഷമുള്ള ഒരു സമൂഹം ഉണ്ടാകുമ്പോൾ, സർക്കാരുകൾക്ക് പോലും വാളിന്റെ മുനയിൽ നടക്കേണ്ടിവരുന്നു, ഒപ്പം കാലത്തിനൊത്ത് ആർജിക്കേണ്ടതുമാണ്. കേന്ദ്ര സർക്കാരായാലും സംസ്ഥാന സർക്കാരുകളായാലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായാലും ഏതുതരം ഭരണസംവിധാനമായാലും എല്ലാവരും ഈ അഭിലാഷ സമൂഹത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്, അവരുടെ അഭിലാഷങ്ങൾക്കായി നമുക്ക് കൂടുതൽ കാത്തിരിക്കാനാവില്ല. നമ്മുടെ അഭിലാഷ സമൂഹം വളരെക്കാലമായി കാത്തിരിക്കുകയാണ്. എന്നാൽ ഇപ്പോൾ അവർ തങ്ങളുടെ ഭാവി തലമുറയെ കാത്തിരിക്കാൻ നിർബന്ധിതരല്ല, അതിനാൽ ഈ 'അമൃത് കാല'ത്തിന്റെ ആദ്യ പ്രഭാതം ആ അഭിലാഷ സമൂഹത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു വലിയ സുവർണ്ണാവസരം നമുക്ക് സമ്മാനിച്ചിരിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,

ഈയിടെയായി, അത്തരം ഒരു ശക്തിയെ നമ്മൾ കാണുകയും അനുഭവിക്കുകയും ചെയ്തു, അതാണ് ഇന്ത്യയിലെ കൂട്ടായ ബോധത്തിന്റെ നവോത്ഥാനം. അത്തരം കൂട്ടായ ബോധത്തിന്റെ നവോത്ഥാനം, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നിരവധി പോരാട്ടങ്ങളുടെ അമൃത്, ഇപ്പോൾ സംരക്ഷിക്കപ്പെടുകയും സമാഹരിക്കുകയും ചെയ്യുന്നു. അത് ഒരു പ്രമേയമായി മാറുകയാണ്, പ്രയത്നത്തിന്റെ പര്യവസാനം കണക്കാക്കുകയും നേട്ടത്തിന്റെ പാത ദൃശ്യമാവുകയും ചെയ്യുന്നു. ബോധത്തിന്റെ ഈ ഉണർവ്, ഈ നവോത്ഥാനം നമ്മുടെ ഏറ്റവും വലിയ സമ്പത്താണെന്ന് ഞാൻ കരുതുന്നു.

ഈ നവോത്ഥാനം നോക്കൂ.  ഓഗസ്റ്റ് 10 വരെ, രാജ്യത്തിനുള്ളിലെ ശക്തിയെക്കുറിച്ച് നമ്മുടെ ജനങ്ങള്‍ക്ക് പോലും അറിയില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി, ത്രിവര്‍ണ്ണ പതാകയുടെ യാത്ര ആഘോഷിക്കാന്‍ രാജ്യം സജ്ജമാക്കിയ രീതി, ത്രിവര്‍ണ പതാകകാണിച്ച എന്റെ രാജ്യത്തിനുള്ളിലെ ശക്തിയെക്കുറിച്ച് സാമൂഹിക ശാസ്ത്രത്തിലെ വിദഗ്ദ്ധര്‍ക്ക് പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഇത്തിരിച്ചറിവിന്റെയും നവോത്ഥാനത്തിന്റെയും നിമിഷമാണ്. ജനങ്ങള്‍ക്ക് ഇനിയും ഇത് മനസ്സിലാകാനുണ്ട്. ഇന്ത്യയുടെ ഓരോ കോണിലും'ജനതാ കര്‍ഫ്യൂ' ആചരിക്കാന്‍ ഇറങ്ങുമ്പോള്‍ ഒരാള്‍ക്ക് ഈ ബോധം അനുഭവിക്കാന്‍ കഴിയും. കൈയടിച്ചും പാത്രങ്ങള്‍ കൊട്ടിയുംകൊറോണ യോദ്ധാക്കളുമായി രാജ്യം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഒരുമയുടെ ഒരു വികാരമുണ്ട്. വിളക്ക് കൊളുത്തി കൊറോണ പോരാളികളെ അഭിവാദ്യം ചെയ്യാന്‍ രാജ്യം ഇറങ്ങുമ്പോഴാണ് ഈ ബോധം അനുഭവപ്പെടുന്നത്. കൊറോണക്കാലത്ത്, വാക്‌സിനുകള്‍ എടുക്കണോ വേണ്ടയോ അല്ലെങ്കില്‍ വാക്‌സിനുകള്‍ ഉപയോഗപ്രദമാണോ അല്ലയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നുലോകം. ആ സമയത്ത്, എന്റെ രാജ്യത്തെ ഗ്രാമങ്ങളിലെ ദരിദ്രര്‍ പോലും 200 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി ലോകത്തെഅത്ഭുതപ്പെടുത്തി. ഇതാണ് ബോധം; ഇത് സാധ്യതയാണ്, ഇത് ഇന്ന് രാജ്യത്തിന് പുതിയ ശക്തി നല്‍കി.

എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,

ഒരു സുപ്രധാന സാധ്യത എനിക്കിപ്പോള്‍ കാണാന്‍ കഴിയുന്നുണ്ട്. അഭിവാഞ്ഛയുള്ള സമൂഹത്തെപ്പോലെ, നവോത്ഥാനം പോലെ, ഇന്ത്യയോടുള്ള ലോകത്തിന്റെ മുഴുവന്‍ മനോഭാവവും സ്വാതന്ത്ര്യത്തിന്റെ നിരവധി ദശകങ്ങള്‍ക്ക് ശേഷം പുതിയ രീതിയിലേക്ക്മാറിയിരിക്കുന്നു. ലോകം അഭിമാനത്തോടെയും പ്രതീക്ഷയോടെയുമാണ് ഇന്ത്യയെ ഇന്ന് നോക്കിക്കാണുന്നത്. ഇന്ത്യയുടെ മണ്ണിലെപ്രശ്‌നങ്ങള്‍ക്ക് ലോകം പരിഹാരം തേടിത്തുടങ്ങി, സുഹൃത്തുക്കളെ. ലോകത്തിലെ ഈ മാറ്റം, ലോകത്തിന്റെ ചിന്താഗതിയിലെ ഈ മാറ്റംകഴിഞ്ഞ 75 വര്‍ഷത്തെ നമ്മുടെ അനുഭവത്തിന്റെയും യാത്രയുടെയും ഫലമാണ്. 

നാം വിവിധ നടപടികളുമായി മുന്നോട്ട് പോകാന്‍ തുടങ്ങിയ രീതി ലോകം നിരീക്ഷിക്കുന്നു, ആത്യന്തികമായി ലോകവും ഒരു പുതിയപ്രത്യാശയോടെ ജീവിക്കുന്നു. പ്രതീക്ഷകള്‍ നിറവേറ്റാനുള്ള ശക്തി യഥാര്‍ത്ഥത്തില്‍ എവിടെയാണെന്ന് ലോകം തിരിച്ചറിയാന്‍തുടങ്ങിയിരിക്കുന്നു. ഞാന്‍ അതിനെ ട്രിപ്പിള്‍ പവര്‍ അല്ലെങ്കില്‍ 'ത്രിശക്തി' ആയി കാണുന്നു, അതായത് അഭിലാഷം, പുനരുജ്ജീവനം, ലോകത്തിന്റെ പ്രതീക്ഷകള്‍ എന്നിവ. നമ്മള്‍ ഇതിനെക്കുറിച്ച് പൂര്‍ണ്ണമായും ബോധവാന്മാരാണ്, ഇന്ന്, ഇങ്ങനെ ഉണരുന്നതില്‍ എന്റെരാജ്യത്തെ ജനങ്ങള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്. 130 കോടി ജനങ്ങളും ദശാബ്ദങ്ങള്‍ നീണ്ട അനുഭവസമ്പത്തിന് ശേഷം സുസ്ഥിരമായ ഒരുഗവണ്‍മെന്റിന്റെ പ്രാധാന്യം, രാഷ്ട്രീയ സ്ഥിരതയുടെ ശക്തി, നയങ്ങള്‍, നയങ്ങളില്‍ വിശ്വാസം എങ്ങനെ വികസിക്കുന്നു എന്നീകാര്യങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. ലോകവും ഇപ്പോള്‍ അത് തിരിച്ചറിയുകയാണ്. ഇപ്പോള്‍ രാഷ്ട്രീയ സ്ഥിരത, നയങ്ങളിലെ ചലനാത്മകത, തീരുമാനമെടുക്കുന്നതിലെ വേഗത, സമഗ്രത, സാര്‍വത്രിക വിശ്വാസം എന്നിവ ഉണ്ടാകുമ്പോള്‍, എല്ലാവരുംവികസനത്തില്‍ പങ്കാളികളായി മാറുന്നു.

'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മന്ത്രത്തോടെയാണ് ഞങ്ങള്‍ യാത്ര ആരംഭിച്ചത്, എന്നാല്‍ ക്രമേണ 'സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്നിവയിലൂടെ ദേശവാസികള്‍ അതിന് കൂടുതല്‍ നിറങ്ങള്‍ ചേര്‍ത്തു. അതിനാല്‍, നമ്മുടെ കൂട്ടായ ശക്തിയും കൂട്ടായ സാധ്യതകളും നാം കണ്ടു. ഇന്ന് ഓരോ ജില്ലയിലും 75 അമൃത് സരോവര്‍ നിര്‍മ്മിക്കാനുള്ള കാമ്പയിനുമായി 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുകയാണ്. ഓരോ ഗ്രാമത്തില്‍ നിന്നുമുള്ള ജനങ്ങൾ കാമ്പയിനില്‍ ചേരുകയും അവരുടെ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. സ്വന്തം പ്രയത്‌നത്തിലൂടെ ജനങ്ങള്‍ അതത് ഗ്രാമങ്ങളിൽ ജലസംരക്ഷണത്തിനായിബൃഹത്തായ ഒരു കാമ്പയിൻ നടത്തുകയാണ്. അതിനാല്‍ സഹോദരീ സഹോദരന്മാരെ, ശുചിത്വത്തിനായുള്ള ഒരു പ്രചാരണമായാലും ദരിദ്രരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനമായാലും രാജ്യം ഇന്ന് പൂര്‍ണ്ണ ശക്തിയോടെ മുന്നേറുകയാണ്.

എന്നാൽ സഹോദരീ സഹോദരന്മാരേ,

'ആസാദി കാ അമൃത്കാല'ത്തില്‍ നമ്മുടെ 75 വര്‍ഷത്തെ യാത്രയില്‍ നിന്ന് കരുത്താര്‍ജ്ജിക്കുകയും ഊര്‍ജ്ജമുള്‍ക്കൊണ്ട് മുന്നോട്ട്പോകുകയും ചെയ്താല്‍, ഇന്ന് നാം 'ആസാദി കാ അമൃത്കാല'ത്തിലേക്ക് പ്രവേശിക്കുമ്പോള്‍, അടുത്ത 25 വര്‍ഷം നമ്മുടെ രാജ്യത്തിന് വളരെ  പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ഇന്ന് 130 കോടി ജനങ്ങളുടെ ശക്തിയെക്കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍, അവരുടെസ്വപ്നങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചുവപ്പുകോട്ടയുടെ  കൊത്തളങ്ങളില്‍ നിന്ന് അവരുടെ തീരുമാനങ്ങളുടെ ഗുണഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുമ്പോള്‍, വരുന്ന 25 വര്‍ഷത്തേക്ക് 'പഞ്ച് പ്രണ്‍'  (അഞ്ചു തീരുമാനങ്ങൾ )എന്നതില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാന്‍വിശ്വസിക്കുന്നത്. നിങ്ങളുടെ ദൃഢനിശ്ചയത്തിലും ശക്തിയിലും നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രാജ്യം സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047 ഓടെ ആ 'പഞ്ച പ്രണ്‍' ആലിംഗനം ചെയ്തുകൊണ്ട് സ്വാതന്ത്ര്യസമര സേനാനികളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം.

'പഞ്ച പ്രണ്‍' എന്ന് പറയുമ്പോള്‍, രാജ്യം ഒരു വലിയ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകണമെന്നതാണ് ആദ്യ പ്രതിജ്ഞ. ആ വലിയ പ്രതിജ്ഞ ഒരു വികസിത ഇന്ത്യയുടേതാണ്. ഇപ്പോള്‍ അതില്‍ കുറഞ്ഞ തീരുമാനങ്ങളൊന്നും നമുക്കാവശ്യമില്ല. വലിയ തീരുമാനം! രണ്ടാമത്തേത്  നമ്മുടെ അസ്തിത്വത്തിന്റെ ഒരു ഭാഗത്തും, നമ്മുടെ മനസ്സിന്റെയോ ശീലങ്ങളുടെയോ ആഴത്തിലുള്ള കോണുകളില്‍പോലും ഒരു തരത്തിലുള്ള അടിമത്ത ബോധവും ഉണ്ടാകാന്‍ പാടില്ല എന്നതാണ്. അത് അവിടെത്തന്നെ ഇല്ലാതാക്കണം. ഇപ്പോള്‍, നൂറുകണക്കിനു വര്‍ഷങ്ങളിലെ ഈ അടിമത്തം നമ്മെ ബന്ധിപ്പിച്ചിരിക്കുന്നു, നമ്മുടെ വികാരങ്ങളെ ബന്ധിപ്പിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കി, നമ്മില്‍ വികലമായ ചിന്തകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. നമ്മുടെ ഉള്ളിലും ചുറ്റുമുള്ള എണ്ണമറ്റ കാര്യങ്ങളില്‍ദൃശ്യമാകുന്ന അടിമത്ത മനസ്സില്‍ നിന്ന് നാം നമ്മെത്തന്നെ മോചിപ്പിക്കേണ്ടതുണ്ട്. ഇത് നമ്മുടെ രണ്ടാമത്തെ പ്രാണ്‍ ശക്തിയാണ്. 

നമ്മുടെ പൈതൃകത്തിലും പാരമ്പര്യത്തിലും നാം അഭിമാനം കൊള്ളണം എന്നതാണ് മൂന്നാമത്തെ പ്രാണ്‍. കാരണം, ഈ പാരമ്പര്യമാണ്ഇന്ത്യക്ക് മുന്‍കാലങ്ങളില്‍ സുവര്‍ണ്ണകാലം സമ്മാനിച്ചത്. ഈ പാരമ്പര്യത്തിനാണ് കാലത്തിനനുസരിച്ച് സ്വയം രൂപാന്തരപ്പെടുത്താനുള്ളസഹജമായ ശേഷിയുള്ളത്. ഈ സമ്പന്നമായ പൈതൃകമാണ് വേലിയേറ്റത്തിന്റെയും കാലത്തിന്റെയും പരീക്ഷണങ്ങളെ മറികടക്കുന്നത്. അത് പുതിയതിനെ ആശ്ലേഷിക്കുന്നു. അതിനാല്‍ ഈ പൈതൃകത്തില്‍ നാം അഭിമാനിക്കണം.

ഒരുമയും ഐക്യദാര്‍ഢ്യവും എന്നതാണ്  തുല്യപ്രാധാന്യമുള്ള നാലാം പ്രണ്‍. 130 ദശലക്ഷം ദേശവാസികളില്‍ ഐക്യവും സാഹോദര്യവും ഉണ്ടാകുമ്പോള്‍, ഐക്യം അതിന്റെ ഏറ്റവും ശക്തമായ പുണ്യമായി മാറുന്നു. 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' - നാലാം പ്രാണിന്റെ സ്വപ്നംസാക്ഷാത്കരിക്കുന്നതിനുള്ള ഏകീകൃത സംരംഭങ്ങളിലൊന്നാണ്.

അഞ്ചാം പ്രാണ്‍ പൗരന്മാരുടെ കടമയാണ്, അതില്‍ നിന്ന് പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ മാറിനില്‍ക്കാന്‍ കഴിയില്ല, കാരണം അവരും ഉത്തരവാദിത്വമുള്ള പൗരന്മാരാണ്. അടുത്ത 25 വര്‍ഷത്തേക്ക് നമുക്കുള്ള സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണമെങ്കില്‍ ഈ പ്രതിജ്ഞസുപ്രധാനമായ ജീവശക്തിയായിരിക്കും.

എന്റെ പ്രിയ സഹപൗരന്മാരെ,

നിങ്ങളുടെ സ്വപ്‌നങ്ങള്‍ വലുതായിരിക്കുമ്പോള്‍ നിങ്ങളുടെ തീരുമാനം വലുതായിരിക്കും. അപ്പോള്‍ പ്രയത്‌നങ്ങളും വലുതായിരിക്കണം.  ശക്തിയും വലിയ അളവു വരെ കൂട്ടി ചേര്‍ക്കപ്പെടും. 40 -42 കാലഘട്ടത്തെ ഓര്‍ക്കുക. കിരാതമായ ബ്രിട്ടീഷ് ഭരണത്തിന്റെ  വിലങ്ങുകളില്‍ നിന്ന് നമ്മുടെ രാജ്യം എങ്ങിനെ ഉയര്‍ന്നു വന്നു എന്ന് ചിന്തിക്കുക തന്നെ ദുഷ്‌കരം. ചില കൈകള്‍ ചൂലുകള്‍ എടുത്തുയർത്തി  ചിലത് തക്ലികളും.  നിരവധി പേര്‍ സത്യഗ്രഹത്തിന്റെ പാത തെരഞ്ഞെടുത്തു.  ചിലര്‍ സമര മാര്‍ഗ്ഗം  തെരഞ്ഞെടുത്തു ചിലര്‍ വിപ്ലത്തിന്റെതും.  എന്നാല്‍ എല്ലാവരുടെയും വലിയ പ്രതിജ്ഞ സ്വാതന്ത്ര്യമായിരുന്നു. അവരുടെ വലിയ ലക്ഷ്യത്തിന്റെ ശക്തി നോക്കുക.  അവര്‍ നമുക്കു വേണ്ടി സ്വാതന്ത്ര്യം നേടിയെടുത്തു. നമ്മള്‍ സ്വതന്ത്രരായി. അവരുടെ തീരുമാനം ചെറുതും പരിധികള്‍ ഉള്ളതുമായിരുന്നെങ്കില്‍ നാം അടിമത്വത്തിന്റെയും ക്ലേശങ്ങളുടെയും ദിനങ്ങളിലൂടെ കടന്നു പോകേണ്ടി വരുമായിരുന്നു. അവരുടെ അജയ്യമായ ആവേശത്തിനും വലിയ സ്വപ്‌നങ്ങള്‍ക്കും സ്തുതി.  ഒടുവില്‍ നമുക്ക് സ്വാതന്ത്ര്യം നേടാനായി.
എന്റെ പ്രിയ സഹപൗരന്മാരെ,
76-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ ധന്യമായ പ്രഭാതത്തിലേയ്ക്ക് നാം ഉണരുമ്പോള്‍ അടുത്ത 25 വര്‍ഷം കൊണ്ട് ഇന്ത്യയെ വികസിത രാജ്യമാക്കുക എന്നതായിരിക്കണം നമ്മുടെ തീരുമാനം. ഞാന്‍ ഇന്ന് ഇവിടെ കാണുന്ന   20, 22, 25 വയസ് പ്രായമുള്ളവയുവാക്കള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ 100 ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യമുണ്ടാകും. അപ്പോള്‍ നിങ്ങള്‍ക്ക് 50 -55 വയസ് പ്രായമുണ്ടാകും. അതായത് നിങ്ങളുടെ ജീവിതത്തിലെ ഈ സുവര്‍ണ കാലം,  ഈ 25 -30 വര്‍ഷങ്ങളാണ് ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള സമയം. പ്രതിജ്ഞയെടുത്ത് എന്നോടൊപ്പം നടക്കൂ സുഹൃത്തുക്കളെ.  ത്രിവര്‍ണ പതാകയുടെ പ്രതിജ്ഞാവാക്യം ചൊല്ലുക. നമുക്ക് എല്ലാവര്‍ക്കും പൂര്‍ണ ശക്തിയോടെ ഒന്നിക്കാം. എന്റെ രാജ്യം വികസിത രാജ്യമാകട്ടെ എന്നതാവട്ടെ നമ്മുടെ ഏറ്റവും വലിയ പ്രതിജ്ഞ.  വികസനത്തിന്റെ  ഓരോ മാനദണ്ഡത്തിലും ജനകേന്ദ്രീകൃതമായ ഒരു സംവിധാനം നമുക്ക് ഒരുക്കണം. ഒരോ വ്യക്തിയും അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും നമ്മുടെ മധ്യത്തിലുണ്ടാവണം. ഇന്ത്യ വലിയ പ്രതിജ്ഞകള്‍ എടുക്കുമ്പോള്‍ അത് നടപ്പിലാക്കുന്നു എന്നും നിങ്ങള്‍ക്കറിയാം.
ഞാന്‍  എന്റെ ആദ്യ പ്രസംഗത്തില്‍   ശുചിത്വത്തെ കുറിച്ച് പറഞ്ഞപ്പോള്‍ രാജ്യം മുഴുവന്‍ അതിനെ ആശ്ലേഷിച്ചു. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് ശുചിത്വം നടപ്പിലാക്കി.  ഇപ്പോള്‍ മാലിന്യത്തോട് എല്ലാവര്‍ക്കും വെറുപ്പാണ്.  ഈ  രാജ്യം  അതു പ്രാവര്‍ത്തികമാക്കി. ഇപ്പോഴും നടപ്പാക്കുന്നു, ഭാവിയിലും ഇതു തുടരും. ലോകം കൊറോണയുടെ വിഷമ വൃത്തത്തില്‍ നില്‍ക്കുമ്പോള്‍ ഈ രാജ്യം 200 കോടി പ്രതിരോധ കുത്തിവയ്പുകളെന്ന ലക്ഷ്യം പിന്നിട്ടു. അത് സമയബന്ധിതമായ രീതിയിലായിരുന്നു. എല്ലാ മുന്‍ റെക്കോഡുകളും അതില്‍ തിരുത്തപ്പെട്ടു. ഗള്‍ഫില്‍ നിന്നു വരുന്ന എണ്ണയാണ്  നമ്മുടെ ഏക ആശ്രയം. അതിനാല്‍ ജൈവ ഇന്ധനത്തിലേയ്ക്കു നീങ്ങാന്‍ നാം തീരുമാനിച്ചിരിക്കുന്നു. 10 ശതമാനം എഥനോൾ കലര്‍ത്തല്‍ നമ്മുടെ വലിയ സ്വപ്‌നമായിരുന്നു.  അത് സാധ്യമല്ല എന്നതായിരുന്നു മുന്‍ അനുഭവങ്ങള്‍.  എന്നാല്‍ രാജ്യം ആ സ്വപ്‌നവും നിര്‍ദ്ദിഷ്ട സമയത്തിനു മുന്നേ സാക്ഷാത്ക്കരിച്ചു.
സഹോദരി സഹോദരന്മാരെ, 2.5 കോടി ജനങ്ങള്‍ക്ക് ഇത്ര ചെറിയ സമയപരിധിക്കുള്ളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുക എന്നത് അത്ര ചെറിയ കാര്യമല്ല.  അതും രാജ്യം ചെയ്തു.  ഇന്ന് രാജ്യത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളിലേയ്ക്ക് നാം അതിവേഗം ടാപ്പുവെള്ളം എത്തിച്ചുകൊണ്ടിരിക്കുകയാണ്.  വെളിയിട വിസര്‍ജ്യ വിമുക്ത രാജ്യം എന്ന ലക്ഷ്യവും ഇന്ത്യ ഇന്ന് നേടിയിരിക്കുന്നു.
പ്രിയ സഹ പൗരന്മാരെ,

ഒരിക്കല്‍  തീരുമാനിച്ചു കഴിഞ്ഞാല്‍ നമ്മുടെ ലക്ഷ്യങ്ങള്‍ നമുക്കു നേടാനാവും എന്ന് അനുഭവങ്ങള്‍ നമ്മോടു പറയുന്നു. അത് ആവര്‍ത്തന ഊര്‍ജ്ജമായാലും പുതിയ മെഡിക്കല്‍ കോളജുകളായാലും എല്ലാ മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയിലാണ്. അതുകൊണ്ടാണ് വരുന്ന 25 വര്‍ഷങ്ങള്‍ ബൃഹത്തായ പ്രജ്ഞകളുടെതായിരിക്കും എന്നു ഞാന്‍ പറഞ്ഞത്. ഇതായിരിക്കണം നമ്മുടെ പ്രതിജ്ഞയും ജീവിതവും.
ഞാന്‍ സൂചിപ്പിച്ച രണ്ടാമത്തെ കാര്യം രാജ്യത്തിന്റെ നിലപാടും അടിമത്ത മനോഭാവവുമാണ്.  നമുക്ക് സാക്ഷ്യപത്രം നല്‍കാന്‍ എത്രനാള്‍ ലോകം കാത്തിരിക്കണം. ലോകത്തിന്റെ സാക്ഷ്യപത്രവുമായി നാം എത്രനാള്‍ ജീവിക്കും. നമുക്കു നമ്മുടെതായ നിലവാരങ്ങള്‍ വേണ്ടേ. 130 കോടി ജനങ്ങളുള്ള ഒരു  രാജ്യത്തിന് അതിന്റെതായ നിലവാരങ്ങള്‍ നിര്‍ണയിച്ചുകൂടെ.  നമ്മുടെ സാധ്യതകള്‍ക്കൊപ്പം വളരാനുള്ള സവിശേഷതയാകണം അത്. നമുക്ക് അടിമത്വത്തില്‍ നിന്നു മോചനം വേണം. അടിമത്വത്തിന്റെ വിദൂര കണിക  പോലും നമ്മുടെ മനസിന്റെ ഏഴു കടലുകള്‍ക്കപ്പുറത്തെങ്കിലും  ഉണ്ടാവാന്‍ പാടില്ല സുഹൃത്തുക്കളെ. അതിനാല്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ ഞാന്‍ കാണുന്നത് വലിയ പ്രതീക്ഷകളോടെയാണ്. ഇത് നമ്മുടെ വിദ്യാഭ്യാസ നയത്തിന്റെ മൗലിക ആശയമാണ്. നാം ഊന്നിപ്പറയുന്ന നൈപുണ്യം അത്തരം ഒരു ശക്തിയാണ്. അത് അടിമത്വത്തില്‍ നിന്നും നമ്മെ മോചിപ്പിക്കുന്ന ശക്തിയാണ്.
ചിലപ്പോള്‍ നമ്മുടെ കഴിവുകള്‍ ഭാഷയുടെ വിലങ്ങുകളില്‍ ബന്ധിതമായിരിക്കുന്നത് നാം അറിയുന്നു. ഇത് അടിമത്വ മനോഭാവത്തിന്റെ ഫലമാണ്. നമ്മുടെ രാജ്യത്തെ ഓരോ ഭാഷയിലും അഭിമാനിക്കണം.  നമുക്ക് ഭാഷ വശമുണ്ടാകാം വശമില്ലായിരിക്കാം.  പക്ഷെ നാം മാതൃ രാജ്യത്തിന്റെ    ഭാഷയില്‍ അഭിമാനിക്കണം. ഇത് നമ്മുടെ പൂര്‍വികര്‍ ലോകത്തിനു നല്‍കിയ ഭാഷയാണ്.

സുഹൃത്തുക്കളെ,
ഇന്ന് നാം ഡിജിറ്റല്‍ ഇന്ത്യയുടെ ഘടനയ്ക്കു സാക്ഷ്യം വഹിക്കുകയാണ്. നാം സ്റ്റാര്‍ട്ടപ്പുകളെ ഉറ്റു നോക്കുന്നു. ആരാണീ ആളുകള്‍.  ഇതാണ് ദ്വിതല ത്രിതല നഗരങ്ങളില്‍ അല്ലെങ്കില്‍ ഗ്രാമങ്ങളില്‍ പാവപ്പെട്ട കുടുംബങ്ങളില്‍  ജീവിക്കുന്നവരുടെ കഴിവുകളെ ഏകോപിപ്പിക്കുന്നവര്‍. ഇവരാണ് ഇന്ന് കണ്ടുപിടുത്തങ്ങളുമായി ലോകത്തിനു മുന്നിലേയ്ക്കു വരുന്ന നമ്മുടെ യുവാക്കള്‍. നാം കൊളോണിയല്‍ മനോഭാവം വെടിയണം. പകരം നാം നമ്മുടെ കഴിവുകളില്‍ വിശ്വാസം അര്‍പ്പിക്കണം.
രണ്ടാമതായി നാം നമ്മുടെ പൊതൃകത്തില്‍ അഭിമാനിക്കണം.നമ്മെ നമ്മുടെ രാജ്യവുമായി ബന്ധിപ്പിച്ചാല്‍ മാത്രമെ നമുക്ക്  ഉയരങ്ങള്‍ താണ്ടാനാവൂ. നാം ഉയരങ്ങളില്‍ പറക്കുമ്പോള്‍ ലോകത്തിനു പോലും പരിഹാരങ്ങള്‍ നല്‍കാന്‍ നമുക്കു സാധിക്കും.  നമ്മുടെ പൈതൃകത്തിലും സംസ്‌കാരത്തിലും അഭിമാനിച്ചപ്പോള്‍ നമുക്ക് അതിന്റെ സ്വാധീനം കാണാന്‍ സാധിച്ചു. ലോകം ഇന്ന് സമഗ്ര ആരോഗ്യ സംരക്ഷണത്തെ കുറിച്ചു സംസാരിക്കുന്നു. അപ്പോള്‍ അവര്‍ യോഗയെ, ഇന്ത്യയുടെ ആയൂര്‍വേദത്തെ, ഇന്ത്യയുടെ സമഗ്ര ജീവിത ശൈലിയെ  ഉറ്റു നോക്കുന്നു. ഇതാണ് നാം ലോകത്തിനു നല്‍കുന്ന നമ്മുടെ പാരമ്പര്യം. ഇന്ന് ലോകം അതിന്റെ സ്വാധീന വലയത്തിലാണ്. നമ്മുടെ ശക്തി നോക്കുക. പ്രകൃതിയോട് ഒപ്പം ജീവിക്കുവാന്‍ അറിവുള്ള ജനതയാണ് നാം. പ്രകൃതിയെ സ്‌നേഹിക്കേണ്ടത് എങ്ങിനെ എന്ന് നമുക്കറിയാം. ഇന്ന് ലോകം പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. നമുക്ക് ആ പാരമ്പര്യവും ആഗോള താപന  പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ഉണ്ട്. നമ്മുടെ പൂര്‍വികര്‍ അത് നമുക്ക് നല്‍കിയിട്ടുണ്ട്. നാം പരിസ്ഥിതി സൗഹൃദ ജീവിത ശൈലിയെ കുറിച്ചും ലൈഫ് മിഷനെ കുറിച്ചും  സംസാരിക്കുമ്പോള്‍, നാം ലോക ശ്രദ്ധ പിടിച്ചു പറ്റുന്നു. നമുക്ക് ഈ ശക്തിയുണ്ട്. പരുക്കന്‍ ധാന്യങ്ങലും ചെറുധാന്യങ്ങളും നമ്മുടെ വീട്ടിലുള്ളവയാണ്. ഇതാണ് നമ്മുടെ പാരമ്പര്യം. നമ്മുടെ കൃഷിക്കാരുടെ കഠിനാധ്വാനം മൂലം ചെറിയ തുണ്ടു ഭൂമികളില്‍ നെല്ലു തഴച്ചു വളരുന്നു. ഇന്ന് അന്താരാഷ്ട്ര തലത്തില്‍  ചെറുധാന്യ വര്‍ഷം ആചരിക്കാന്‍ തയാറെടുക്കുന്നു. അതായത് നമ്മുടെ പാരമ്പര്യം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. നമുക്ക് അതില്‍ അഭിമാനിക്കാം. നമുക്ക് ലോകത്തിനു ഇനിയും കൂടുതല്‍  നല്‍കാനുണ്ട്.
സാമൂഹിക സമ്മര്‍ദ്ദത്തിലേയ്ക്കു വരുമ്പോള്‍ ജനം നമ്മുടെ കുടുംബ മൂല്യങ്ങളെ കുറിച്ചു പറയുന്നു. വ്യക്തിപരമായ സമ്മര്‍ദ്ദത്തെ കുറിച്ചു പറയുമ്പോള്‍ ജനം യോഗയെ കുറിച്ചു പറയുന്നു.  കൂട്ടായ പിരിമുറുക്കത്തെ കുറിച്ചു പറയുമ്പോള്‍ ജനം ഇന്ത്യയിലെ കൂട്ടു കുടംബ സംവിധാനം ഒരു ആസ്തിയായി  പറയുന്നു. നമ്മുടെ അമ്മമാരും സഹോദരിമാരും ചെയ്ത ത്യാഗങ്ങള്‍ മൂലം നൂറ്റാണ്ടുകളായി രാജ്യത്ത് കൂട്ടു കുടുംബ സംവിധാനം നമ്മുടെ പാരമ്പര്യമായി തുടരുന്നു. ഇതാണ് നമ്മുടെ പൈതൃകം. ഈ പൈതൃകത്തെ  കുറിച്ച് നമുക്ക് എങ്ങിനെ അഭിമാനിക്കാതിരിക്കാനാവും. എല്ലാ ജീവജാലങ്ങളിലും ശിവനെ കാണുന്നവരാണ് നാം. ഓരോ മനുഷ്യരിലും നാം ഭഗവാന്‍ നാരായണനെ കാണുന്നു. നാം സ്ത്രീകളെ നാരായണി എന്നു വിളിക്കുന്നു. സസ്യങ്ങളില്‍ പോലും നാം ദിവ്യത്വം കാണുന്നു. നദികളെ മാതാവായി കരുതുന്ന ജനതയാണ് നാം. എല്ലാ ശിലകളിലും  ശങ്കരനെ കാണുന്ന ജനതയാണ് നാം.  ഇതാണ് നമ്മുടെ ശക്തി. നമുക്ക് നദികളെ മാതാവായി കാണാനേ സാധിക്കൂ. ഇത്ര വലുതാണ് നമ്മുടെ പ്രകൃതിസ്‌നേഹവും അഭിമാനവും. ഈ പൈതൃകത്തില്‍ നാം അഭിമാനിക്കുമ്പോള്‍. ലോകവും അതില്‍ അഭിമാനിക്കണം.

സഹോദരി സഹോദരന്മാരെ,
വസുധൈവ കുടുംബകം എന്ന  മന്ത്രം ലോകത്തിനു നല്‍കിയ ജനതയാണ് നാം. ഏവം സദ് വിപ്ര ബഹുധാ വദന്തി എന്ന തത്വത്തില്‍ വിശ്വസിക്കുന്നവരാണ് നാം.  അങ്ങയെക്കാള്‍ വിശുദ്ധന്‍ എന്ന മനോഭാവത്തിന്റെ കാലത്ത് ലോകം ഇന്ന് കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. ഞാനാണ് എല്ലാവരെയുംകാള്‍ കേമന്‍ എന്ന മനോഭാവമാണ് എല്ലാ  മാനസിക പിരിമുറുക്കങ്ങള്‍ക്കും കാരണം.ഇത്  പരിഹരിക്കാനുള്ള ജ്ഞാനം നമുക്കുണ്ട്. നമ്മുടെ ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നു, ഏകം സദ് വിപ്ര ബഹുധാ വദന്തി എന്ന്. അര്‍ത്ഥം പരമമായ സത്യം ഒന്നേയുള്ളു. എന്നാല്‍ അത് വ്യത്യസ്ത രീതികളില്‍ അവതരിക്കുന്നു. ഇതാണ് നമ്മുടെ മഹത്വം. യത് പിണ്ഡെ, തത് ബ്രഹ്മാണ്ഡെ എന്ന് പറയുന്നവരാണ് നാം,  അതായത് പ്രപഞ്ചത്തില്‍ ഉള്ളവ എന്തും എല്ലാ ജീവജാലങ്ങളിലും ഉണ്ട് എന്ന്.  എത്ര സമ്പന്നമായ ചിന്ത. ഇത്തരം മാനുഷിക മൂല്യങ്ങളുടെ പ്രചാരകരാണ് നാം.
ലോകത്തിന്റെ ക്ഷേമം കാണുന്ന ജനങ്ങളാണ് നാം. നാം ചരിക്കുന്ന പാതയില്‍  സമൂഹ നന്മ പോലെ വ്യക്തികളുടെ നന്മയും ഉണ്ട്. സര്‍വെ ഭവന്തു സുഖിനാ, സര്‍വെ സന്തു നിരാമയ എന്ന വിശ്വാസ സംഹിതയില്‍  നാം വിശ്വസിക്കുന്നു. അതായത് നമ്മുടെ മാത്രം ജനങ്ങളുടെ നന്മയല്ല, ലോകം മുഴുവന്റെയും നന്മയാണ് നാം ആഗ്രഹിക്കുന്നത് . ഇതെല്ലാമം നമ്മുടെ മൂല്യങ്ങളില്‍ രൂഢമൂലമായിരിക്കുന്നു.  എല്ലാവര്‍ക്കും സമൃദ്ധിയും സന്തോഷവും ഉണ്ടാകട്ടെ, എല്ലാവരും രോഗങ്ങളില്‍ നിന്നു സ്വതന്ത്രരാകട്ടെ, ആരും ദുഖിക്കരുത്, എല്ലാവരും മംഗളകരമായതു മാത്രം ദര്‍ശിക്കട്ടെ. എല്ലാവരുടെയും സന്തോഷവും നല്ല ആരോഗ്യവും ആഗ്രഹിക്കുന്നതാണ് നമ്മുടെ പൈതൃകം. അതിനാല്‍ നമ്മുടെ മൂല്യ സംവിധാനത്തെ കുറിച്ച് നാം അഭിമാനിക്കണം, അതിനെ ആദരിക്കാന്‍ പഠിക്കണം. ഇതാണ് നമ്മുടെ പ്രതിജ്ഞയുടെ ശക്തി, അടുത്ത 25 വര്‍ഷത്തെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള നിര്‍ണായക ഘടകവും ഇതു തന്നെ.
അതുപോലെ എന്റെ പ്രിയ സഹ പൗരന്മാരെ,
മറ്റൊരു സുപ്രധാന വിഷയം ഒരുമയും ഐക്യവുമാണ്.  നമ്മുടെ ഈ മഹാരാജ്യത്തിന്റെ വൈവിധ്യം നാം ആഘോഷിക്കേണ്ടതു തന്നെ. അനേകം പാരമ്പര്യങ്ങളുടെയും വിശ്വാസങ്ങളുടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ നാം അഭിമാനിക്കണം. നമുക്ക് ഇതെല്ലാം തുല്യമാണ്. ആരും അധീനനല്ല, ആരും അധിപനുമല്ല.  എല്ലാവരും തുല്യര്‍. ഈ ഒരുമ മനോഭാവവമാണ് ഐക്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. ഐക്യത്തിന്റെ അടിത്തറ, കുടുംബത്തില്‍ ആയിരിക്കണമെങ്കില്‍ അവിടെ പുത്രനും പുത്രിക്കും തുല്യ പ്രാധാന്യം ഉണ്ടായിരിക്കണം.  തലമുറകളായി കുടംബം ലിംഗ അസമത്വത്തിന്റെ വിത്തുകളാണ് വിതയ്ക്കുന്നത് എങ്കില്‍ ഐക്യത്തിന്റെ ചൈതന്യം സമൂഹത്തില്‍ ഒരിക്കലും നെയ്യപ്പെടുകയില്ല. ലിംഗ സമത്വം നമ്മുടെ പ്രഥമ വ്യവസ്ഥയാണ്. ഐക്യത്തെ കുറിച്ച് നാം സംസാരിക്കുമ്പോള്‍  എന്തുകൊണ്ട് ഒരു മാനദണ്ഡം ആയിക്കൂടാ. ഇന്ത്യ ആദ്യം. എന്റെ എല്ലാ പ്രയത്‌നങ്ങളും എന്റെ എല്ലാ ചിന്തകളും വാക്കുകളും കാഴ്ച്ചപ്പാടും, വിക്ഷണവും  എല്ലാം ഇന്ത്യ ആദ്യം എന്നതിനാണ്.  ഇതുവഴി ഐക്യത്തിന്റെ  പാത നമുക്ക് എല്ലാവര്‍ക്കും തുറക്കാം എന്റെ സുഹൃത്തേ. നമ്മെ എല്ലാവരെയും ഐക്യത്തില്‍  ഉറപ്പിക്കുന്ന ഈ മന്ത്രത്തെ നാം ആശ്ലേഷിക്കേണ്ടതാണ്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ വിവേചനങ്ങളെയും ഇങ്ങനെ   ഉന്മുലനം ചെയ്യാന്‍ സാധിക്കും എന്നു എനിക്കു പൂര്‍ണ വിശ്വാസമുണ്ട്. ശ്രമേവ ജായതെ അതായത് തൊഴിലിനെ ആദരിക്കുക എന്ന ആപ്ത വാക്യത്തിന്റെ മൂല്യത്തെ നാം പ്രമാണമാക്കണം. അത് നമ്മുടെ സ്വഭാവത്തില്‍ ഉണ്ടായിരിക്കണം.
എന്നാല്‍ എന്റെ സഹോദരി സഹോദരന്മാരെ,
ചുവപ്പുകോട്ടയുടെ  ഈ കൊത്തളത്തില്‍ നിന്ന് ഞാന്‍ എന്റെ ശാശ്വത ദുഖങ്ങളില്‍ ഒന്ന് നിങ്ങളുമായി പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു. എനിക്കു ദുഖം അടക്കാന്‍ സാധിക്കുന്നില്ല. ചുവപ്പുകോട്ടയുടെ ഈ വേദിക്ക് യോജിച്ചതല്ല അത് എന്ന് എനിക്കറിയാം. എങ്കിലും എന്റെ സഹപൗര ന്മാരെ എന്റെ അഗാധമായ ദുഖ വികാരങ്ങള്‍ അറിയിക്കട്ടെ. നിങ്ങള്‍ക്കു മുന്നില്‍ ഇതു തുറന്നു പറഞ്ഞില്ലെങ്കില്‍ പിന്നെ ഇത് ഞാന്‍ മറ്റാരുടെ മുന്നില്‍ പറയും.  നമ്മുടെ അനുദിന സംസാരത്തിലും സ്വഭാവത്തിലും നാം വക്രത കാണുന്നു. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. സ്ത്രീകളെ അപമാനിക്കുന്ന ഭാഷയും വാക്കുകളും നാം ചിലപ്പോഴെങ്കിലും പ്രയോഗിക്കുന്നു. സ്ത്രീകളെ അവഹേളിക്കുന്ന ഈ സ്വഭാവം അസാനിപ്പിക്കാന്‍ തീരുമാനിച്ചുകൂടെ. രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള വലിയ സമ്പത്താണ് സ്ത്രീകളുടെ അഭിമാനം. ഈ ശ്ക്തി ഞാന്‍ കാണുന്നു. അതുകൊണ്ട് ഞാന്‍ ഇതിന് നിര്‍ബന്ധിക്കുന്നു.
പ്രിയ സഹപൗരന്മാരെ,
ഇനി ഞാന്‍ അഞ്ചാമത്തെ തീരുമാനത്തെ  കുറിച്ചു പറയാം. അത്  പൗരധര്‍മമാണ്‌ . എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിച്ച, വ്യക്തിപരമായി എങ്കിലും പുരോഗതി നേടിയ എല്ലാ രാജ്യങ്ങളെയും മനസിലാക്കുന്നതിനു ശ്രമിക്കവെ ചില കാര്യങ്ങള്‍ ഉയര്‍ന്നു വന്നു. ഒന്ന് ചിട്ടയായ ജീവിതം. അടുത്തത് ജോലിയോടുള്ള ആദരവ്.  വ്യക്തികളുടെ, സമൂഹത്തിന്റെ, കുടുംബത്തിന്റെ, രാജ്യത്തിന്റെ, ജീവിതത്തില്‍ വിജയം ഉണ്ടാവണം. അതിനുള്ള അടിസ്ഥാന മാര്‍ഗ്ഗവും ചാലക ശക്തിയും ഇതാണ്.
24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക എന്ന്ത് ഗവണ്‍മെന്റിന്റെ ജോലിയാണ്.  എന്നാല്‍ അത് പരമാവധി സൂക്ഷിച്ചുപയോഗിക്കുക എന്നത് പൗരന്മാരുടെ കടമയുമാണ്. എല്ലായിടത്തും വെള്ളം എത്തിക്കുക ന്നെത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വവും പ്രവൃത്തിയുമാണ്. എന്നാല്‍ ഓരോ തുള്ളിക്കും കൂടുതല്‍ വിളവ് എന്ന മുദ്രാവാക്യത്തില്‍ ഊന്നി വെള്ളം നാം സൂക്ഷിച്ച് ഉപയോഗിക്കണം. അതിനായി ശബ്ദം ഉയരണം. രാസവളങ്ങള്‍ ഒഴിവാക്കി കൃഷി ചെയ്യുക എന്നത് നമ്മുടെ ചുമതലയാണ്. ജൈവകൃഷിയും പ്രകൃതി കൃഷിയുമാണ് ഉത്തമം. സുഹൃത്തുക്കളെ പോലീസായാലും ജനങ്ങളായാലും, ഭരണാധികാരി ആയാലും പൗരധര്‍മ്മത്തില്‍ നിന്നു മാറിനില്‍ക്കാന്‍ പാടില്ല.  ഓരോരുത്തരും പൗരധര്‍മ്മം അനുഷ്ടിച്ചാല്‍ സമയത്തിനു മുന്നേ തന്നെ നാം ആഗ്രഹിക്കുന്ന ലക്ഷ്യം കൈവരിക്കാം എന്ന് എനിക്ക് ഉറപ്പുണ്ട്.

എന്റെ പ്രിയ സഹപൗരന്മാരെ,
ഇന്ന് മഹര്‍ഷി അരൊബിന്ദോയുടെ ജന്മവാര്‍ഷികം കൂടിയാണ്. ആ മഹാ മനുഷ്യന്റെ പാദങ്ങളില്‍ ഞാന്‍ പ്രണമിക്കുന്നു.  സ്വദേശിയിലൂടെ സ്വരാജ്, സ്വരാജിലൂടെ സുരാജ് എന്ന്് ആഹ്വാനം ചെയ്ത ആ വലിയ മനുഷ്യനെ നാം ഓര്‍മ്മിക്കണം. ഇതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. ലോകത്തിലെ മറ്റ് രാജ്യങ്ങളെ നാം എത്രനാള്‍  ആശ്രയിക്കും  എന്ന് നാം ഒന്നു ചിന്തിച്ചു നോക്കണം. നമുക്ക് ധാന്യങ്ങള്‍ ഉള്ളപ്പോള്‍ നാം എന്തിനു മറ്റുള്ളവരെ ആശ്രയിക്കണം.  നാം ഒരു തീരുമാനം എടുത്താന്‍ അത് സാധ്യമാണ്. അതിനാല്‍ ആത്മനിര്‍ഭര ഭാരതം ഓരോ പൗരന്റെയും ഓരോ ഗവണ്‍മെന്റിന്റെയും  സമൂഹത്തിലെ ഓരോ ഘടകത്തിന്റെയും ഉത്തരവാദിത്വമാണ്.  ആത്മനിര്‍ഭര ഭാരതം ഒരു ഗവണ്‍മെന്റ് പരിപാടിയോ വിഷയമോ അല്ല. ഇത് സമൂഹത്തിന്റെ ഒരു ബഹുജന മുന്നേറ്റമാണ്. നാം അതു മുന്നോട്ടു കൊണ്ടുപോകണം.
നാം കേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു ശബ്ദം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങള്‍ കേട്ടു. 75 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി  ഇന്ത്യയില്‍ നിര്‍മ്മിച്ച പീരങ്കി ചെങ്കോട്ടയില്‍ ആചാരവെടി മുഴക്കി ത്രിവര്‍ണ പതാകയെ അഭിവാദ്യം ചെയ്തു.  ഈ ശബ്ദം കേട്ട് പുളകിതരാകാത്ത ഇന്ത്യക്കാരുണ്ടോ.  പ്രിയ സഹോദരി സഹോദരന്മാരെ,  ഇന്ന് എന്റെ രാജ്യത്തെ സൈനികരെ ഞാന്‍ എന്റെ ഹൃദയാന്തരാളത്തില്‍ നിന്ന് അനുമോദിക്കുന്നു. സ്വാശ്രയത്വത്തിന്റെ ഈ ഉത്തരവാദിത്വം ഏറ്റെടുത്ത ജവാന്മാരെ, അവരുടെ ആത്മവിശ്വാസത്തെ, ധീരതയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഓരോ സൈനികനും അവന്റെ കൈകളില്‍ മരണത്തെ വഹിക്കുന്നുണ്ട്.  ജീവിതത്തിനും മരണത്തിനു മധ്യേ അവന്‍ ധൈര്യത്തോടെ നില്‍ക്കുന്നു. 300 പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യില്ല എന്ന് നമ്മുടെ സൈന്യം ഒരു തീരുമാനം എടുത്തപ്പോള്‍ രാജ്യം അവര്‍ക്കൊപ്പം നിന്നു. ആ തീരുമാനം ചെറുതല്ല.  ഈ തീരുമാനത്തില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാവിയുടെ വിത്തുകള്‍ ഞാന്‍ കാണുന്നു. അത് ഒരു വലിയ വടവൃക്ഷം പോലെ വളരട്ടെ. എന്റ് സൈനിക ഓഫീസര്‍മാര്‍ക്ക് വണക്കം വണക്കം വണക്കം.
അഞ്ചിനും ഏഴിനും മദ്ധ്യേ  പ്രായമുള്ള കുഞ്ഞുങ്ങളെയും ഞാന്‍ വണങ്ങുന്നു.  രാജ്യത്തിന്റെ മനസാക്ഷി ഉണര്‍ന്നിരിക്കുന്നു.  രാജ്യത്തെ എണ്ണമറ്റ  കുടംബങ്ങളിലെ ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ മേലില്‍ വിദേശ കളിക്കോപ്പുകള്‍ വേണ്ട  എന്ന് മാതാപിതാക്കളോട് പറഞ്ഞിരിക്കുന്നു. അഞ്ചു വയസുള്ള ഒരു കുട്ടി ഇത്തരം ഒരു തീരുമാനം എടുക്കുമ്പോള്‍ സ്വാശ്രയ ഇന്ത്യയുടെ  ചൈതന്യമാണ് അവനില്‍ പ്രതിഫലിക്കുന്നത്.
ഒരു ലക്ഷം കോടി രൂപയുടെ പി എല്‍ ഐ (ഉല്‍പാദനാനുബന്ധ പ്രോത്സാഹന)പദ്ധതിയെ കുറിച്ച് പറയുമ്പോള്‍  ലോകമെമ്പാടും നിന്നാണ്  ഭാഗ്യം പരീക്ഷിക്കാന്‍ ജനങ്ങള്‍ ഇന്ത്യയിലേയ്ക്ക് വരുന്നത്. അവര്‍ പുതിയ സാങ്കേതിക വിദ്യകളും ഒപ്പം കൊണ്ടുവരുന്നു. ഇന്ത്യയില്‍ അവര്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യ  ഒരു നിര്‍മാണ കേന്ദ്രമായി മാറുന്നു. ഇത് സ്വാശ്രയ ഇന്ത്യക്ക് അടിസ്ഥാനമിടുന്നു. അത് ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളാകട്ടെ, മൊബൈല്‍ ഫോണുകളാകട്ടെ,  രാജ്യം അതിവേഗത്തില്‍ പുരോഗമിക്കുന്നു.  കയറ്റുമതി ചെയ്യുന്ന നമ്മുടെ ബ്രഹ്മോസ് മിസൈലിനെ കുറിച്ച് ഏത് ഇന്ത്യക്കാരനാണ് അഭിമാനിക്കാത്തത്. ഇന്ന് നമ്മുടെ വന്ദേ ഭാരതം ട്രെയിനും മെട്രോ കോച്ചുകളും ലോകത്തിനു മുന്നില്‍ വളരെ ആകര്‍ഷണ വസ്തുക്കളാണ്.
എന്റെ സഹപൗരന്മാരെ,
ഇനി ഊര്‍ജ്ജ മേഖലയില്‍ കൂടി നമുക്ക് സ്വാശ്രയമാകണം.  ഊര്‍ജ്ജത്തിനു വേണ്ടി എത്ര നാളാണ് നാം മറ്റുള്ളവരെ ആശ്രയിക്കുക.  സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം ഹൈഡ്രജന്‍ ദൗത്യം, ജൈവ ഇന്ധനം,   തുടങ്ങി മറ്റ് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍, വൈദ്യുതി വാഹനങ്ങള്‍ എന്നിവയില്‍ നമുക്ക് സ്വാശ്രയമാകണം.  
എന്റെപ്രിയ സഹപൗരന്മാരെ,
 പ്രകൃതി കൃഷിയും ഇന്ന് സ്വാശ്രയത്വത്തിലേയ്ക്കുള്ള മാര്‍ഗമായിരിക്കുന്നു. രാജ്യത്തെ കാര്‍ഷിക മേഖലയില്‍ നാനോ വളം ഫാക്ടറികള്‍ പുതിയ പ്രതീക്ഷ ഉണര്‍ത്തുന്നു. എന്നാല്‍ പ്രകൃതി കൃഷിയും രാസ കൃഷിയും സ്വാശ്രയത്വത്തിന് ഉത്തേജനം നല്‍കും.  രാജ്യത്ത് ഹരിത തൊഴില്‍ രൂപത്തില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ രാജ്യത്ത് അതിവേഗം ഉണ്ടായിവരുന്നു. നമ്മുടെ നയങ്ങള്‍ വഴി ഇന്ത്യ ഇടങ്ങള്‍ തുറക്കുകയാണ്. ലോകത്തില്‍ തന്നെ ഡ്രോണുകളുടെ ഉപയോഗത്തില്‍ ഇന്ത്യ ഏറ്റവും പുതിയ നയങ്ങളാണ് മുന്നോട്ടു വച്ചിരിക്കുന്നത്. രാജ്യത്തെ യുവാക്കള്‍ക്ക് ഇത് പുതിയ സാധ്യതകളാണ് തുറക്കുന്നത്.
എന്റെ സഹോദരി സഹോദരന്മാരെ,
 മുന്നോട്ടു വരാന്‍ സ്വകാര്യ മേഖലയേയും ഞാന്‍ ആഹ്വാനം ചെയ്യുന്നു. നമുക്ക് ലോകത്തിന്‍ മുന്നിലെത്തണം. ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇന്ത്യ പിന്നിലാവരുത് എന്നതാണ് സ്വാശ്രയ ഇന്ത്യയുടെ ഒരു സ്വപ്‌നം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ പോലും നമുക്ക്  നമ്മുടെ ഉല്‍പ്പന്നങ്ങളെ ഒട്ടും  വീഴ്ച്ചയില്ലാത്തവ  എന്ന നിലയില്‍ ലോക വിപണിയില്‍ അവതരിപ്പിക്കണം.  സ്വദേശിയെ കുറിച്ച് നാം
 അഭിമാനിക്കണം.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
സൈനികനെ വാഴ്ത്തൂ, കര്‍ഷകനെ വാഴ്ത്തൂ എന്നര്‍ത്ഥം വരുന്ന ജയ് ജവാന്‍ ജയ് കിസാന്‍ എന്ന പ്രചോദനാത്മകമായ ആഹ്വാനത്തിന് നമ്മുടെ ആദരണീയനായ ലാല്‍ ബഹദൂര്‍ ശാസ്ത്രി ജിയെ ഇന്നും നാം ഓര്‍ക്കുന്നു. പിന്നീട് അടല്‍ ബിഹാരി വാജ്‌പേയ്  ജി ശാസ്ത്രത്തെ വാഴ്ത്തു എന്ന് അര്‍ത്ഥം വരുന്ന ജയ് വിജ്ഞാന്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ അതിന് വളരെയധികം പ്രാധാന്യവും നല്‍കി. എന്നാല്‍ ഈ പുതിയ ഘട്ടത്തില്‍ അമൃത് കാലില്‍ ഇപ്പോള്‍ നൂതനാശയങ്ങള്‍ വാഴ്ത്തട്ടെ എന്ന ജയ് അനുസന്ധാന്‍ കൂടി ചേര്‍ക്കേണ്ടത് അനിവാര്യമാണ്.
''ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍'.
രാജ്യത്തെ നമ്മുടെ യുവാക്കളില്‍ ഞാന്‍ അഗാധമായ വിശ്വാസം അര്‍പ്പിക്കുന്നു. തദ്ദേശീയമായ നൂതനാശയങ്ങളുടെ ശക്തിക്ക് സാക്ഷ്യം വഹിക്കുന്നു. ഇന്ന് നമുക്ക് ലോകത്തിന് മുന്നില്‍ കാണിക്കാന്‍ നിരവധി വിജയകഥകളുണ്ട് - യു.പി.ഐ-ഭീം  , നമ്മുടെ ഡിജിറ്റല്‍ പേയ്‌മെന്റ്, സാമ്പത്തിക സാങ്കേതികവിദ്യ മേഖലയിലെ  നമ്മുടെ ശ്രദ്ധേയമായ സ്ഥാനം. ഇന്ന് ലോകത്ത്, തത്സമയ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളുടെ 40 ശതമാനവും എന്റെ രാജ്യത്താണ് നടക്കുന്നത്. നൂതനാശയങ്ങളുടെ ശക്തി ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ,
ഇന്ന് നമ്മള്‍ 5ജി യുഗത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. നമുക്ക് ആഗോള ഘട്ടങ്ങളുമായി പൊരുത്തപ്പെടുന്നതിന് നിങ്ങള്‍ അധികം കാത്തിരിക്കേണ്ടതില്ല. ഓരോ ഗ്രാമത്തിലും അവസാന ആളില്‍ വരെ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തുന്നുവെന്ന് നമ്മള്‍ ഉറപ്പാക്കും. ഗ്രാമീണ ഇന്ത്യയിലൂടെയാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമെന്നാണ് ഞാന്‍ പൂര്‍ണ്ണമായി അറിഞ്ഞിട്ടുള്ളത്. ഇന്ന് ഗ്രാമങ്ങളില്‍ നാല് ലക്ഷം പൊതു സേവന കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവയെല്ലാം പരിപാലിക്കുന്നത് ആ ഗ്രാമങ്ങളിലെ യുവജനങ്ങളാണെന്നതില്‍ ഇന്ന് ഞാന്‍ സന്തുഷ്ടനാണ്. ഗ്രാമങ്ങളില്‍ നാലുലക്ഷം ഡിജിറ്റല്‍ സംരംഭകരെ പരിപോഷിപ്പിക്കുകയും എല്ലാ സേവനങ്ങളും പ്രയോജനപ്പെടുത്താന്‍ ഗ്രാമീണ ജനത ശീലിക്കുകയും ചെയ്യുന്നു എന്ന വസ്തുതയില്‍ രാഷ്ട്രത്തിന് അഭിമാനിക്കാം. ഒരു സാങ്കേതിക കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ശക്തി അതാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
സെമി കണ്ടക്റ്ററുകൾ  വികസിപ്പിക്കുകയും, 5ജി യുഗത്തിലേക്ക് പ്രവേശിക്കുകയും, ഒപ്റ്റിക്കല്‍ ഫൈബറുകളുടെ ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യുന്ന ഈ ഡിജിറ്റല്‍ ഇന്ത്യ സംഘടിതപ്രവര്‍ത്തനം ആധുനികവും വികസിതവുമാണെന്ന് സ്വയം സ്ഥാപിക്കുക മാത്രമല്ല, മൂന്ന് ആന്തരീക ദൗത്യങ്ങള്‍ സാദ്ധ്യമായതിന് കാരണം ഇതാണ്. വിദ്യാഭ്യാസ പരിസ്ഥിതി വ്യവ്‌സഥയുടെ സമ്പൂര്‍ണ പരിവര്‍ത്തനം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ വിപ്ലവം, കാര്‍ഷിക ജീവിത നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ.
സുഹൃത്തുക്കളെ,
മാനവരാശിയുടെ സാങ്കേതിക വിദ്യയായി വാഴ്ത്തപ്പെടുന്ന ഈ ദശകത്തില്‍ ഇന്ത്യ അഭൂതപൂര്‍വമായ മുന്നേറ്റം നടത്തുമെന്ന് എനിക്ക് മുന്‍കൂട്ടി കാണാന്‍ കഴിയും. സാങ്കേതികവിദ്യയുടെ ഒരു ദശാബ്ദമാണിത്. ഐ.ടി മേഖലയില്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. ഈ സാങ്കേതികവിദ്യാ ദശകത്തില്‍ സംഭാവന ചെയ്യാനുള്ള കഴിവുകള്‍ നമുക്കുണ്ട്.
നമ്മുടെ അടല്‍ ഇന്നൊവേഷന്‍ മിഷന്‍, നമ്മുടെ ഇന്‍കുബേഷന്‍ കേന്ദ്രങ്ങള്‍, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍, യുവതലമുറയ്ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്ന ഒരു പുതിയ മേഖലയായി വികസിപ്പിക്കുകയാണ്. അത് ബഹിരാകാശ ദൗത്യത്തിന്റെ കാര്യമായാലും, അത് നമ്മുടെ ആഴക്കടല്‍ ദൗത്യത്തിന്റെ കാര്യമായാലും, നമുക്ക് സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങണമോ അല്ലെങ്കില്‍ ആകാശത്ത് തൊടണമോ, എന്തായാലും ഇവയെല്ലാം പുതിയ മേഖലകളാണ്, അതിലൂടെ നാം മുന്നോട്ട് പോകുകയാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
നൂറ്റാണ്ടുകളായി ഇന്ത്യ കാണുന്നുണ്ട്, രാജ്യത്ത് ചില മാതൃകാ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്, ചില വലിയ ഉയരങ്ങള്‍ കൈവരിക്കേണ്ടതുണ്ട്, എന്നാല്‍ അതേ സമയം ഒരു രാഷ്ട്രമെന്ന  നിലയില്‍ ഉയരങ്ങള്‍ കൈവരിക്കുമ്പോള്‍ നാം വേരൂന്നിയതും അടിത്തറയിട്ടിടത്തുമായിരിക്കണം, നമ്മള്‍ ഇത് മറക്കരുത്,
ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയുടെ സാദ്ധ്യത അടിസ്ഥാന തലത്തിന്റെ ശക്തിയെ ആശ്രയിച്ചിരിക്കുന്നത്. അതിനാല്‍, നമ്മുടെ ചെറുകിട കര്‍ഷകര്‍, സംരംഭകര്‍, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍, കുടില്‍ വ്യവസായങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, തെരുവ് കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍, ദിവസക്കൂലിക്കാര്‍, ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍, ബസ് സര്‍വീസ് ദാതാക്കള്‍ തുടങ്ങിയവരുടെ സാദ്ധ്യതകള്‍ നാം അംഗീകരിക്കുകയും ശക്തിപ്പെടുത്തുകയും വേണം. ഇവരാണ് ജനസംഖ്യയില്‍ വലിയ വിഭാഗം, അവരെ ശാക്തീകരിക്കപ്പെടണം. അങ്ങനെ ചെയ്യാന്‍ കഴിയുന്നതിലൂടെ ഇന്ത്യയുടെ സാദ്ധ്യതകള്‍ക്ക് ഉറപ്പുനല്‍കും, അതുകൊണ്ട് നമ്മുടെ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാന ശക്തിയായ ഈ വിഭാഗത്തിന് പരമാവധി ഊന്നല്‍ നല്‍കുന്ന ദിശയിലാണ് ഞങ്ങളുടെ ശ്രമങ്ങള്‍ പോകുന്നത്.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ
നമുക്ക് 75 വര്‍ഷത്തെ പരിചയമുണ്ട്, ഈ 75 വര്‍ഷത്തിനുള്ളില്‍ നാം  നിരവധി നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. 75 വര്‍ഷത്തെ അനുഭവത്തില്‍ നമ്മള്‍ പുതിയ സ്വപ്‌നങ്ങള്‍ നെഞ്ചേറ്റുകയും പുതിയ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. എന്നാല്‍ അമൃത കാലത്തു്  നമ്മുടെ മനുഷ്യവിഭവശേഷിയുടെ ഏറ്റവും മികച്ച ഫലം എന്തായിരിക്കണം? നമ്മുടെ പ്രകൃതി സമ്പത്തിന്റെ പരമാവധി ഫലം എങ്ങനെ നേടാം? ഈ ലക്ഷ്യവുമായാണ് നമുക്ക് മുന്നോട്ട് പോകേണ്ടത്. കഴിഞ്ഞ ഏതാനും വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിയമരംഗത്ത് പ്രവര്‍ത്തിക്കുന്ന കോടതികളില്‍ 'നാരിശക്തി'യുടെ കരുത്ത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഗ്രാമീണ മേഖലയിലെ ജനപ്രതിനിധികളെ നോക്കൂ. നമ്മുടെ ഗ്രാമങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നമ്മുടെ നാരി ശക്തി അര്‍പ്പണബോധത്തോടെ ഏര്‍പ്പെട്ടിരിക്കുകയാണ്. വിജ്ഞാനത്തിന്റെയോ ശാസ്ത്രത്തിന്റെയോ മേഖല നോക്കൂ, നമ്മുടെ രാജ്യത്തിന്റെ നാരി ശക്തി ഏറ്റവും മുകളില്‍ തന്നെ ദൃശ്യമാണ്. പോലീസ് സേനയില്‍ പോലും ജനങ്ങളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം നമ്മുടെ നാരി ശക്തി ഏറ്റെടുക്കുകയാണ്. ജീവിതത്തിന്റെ ഓരോ നടപ്പാതയിലും, അത് കളിക്കളമായാലും യുദ്ധക്കളമായാലും, ഇന്ത്യയുടെ നാരിശക്തി പുതിയ കരുത്തും പുതിയ വിശ്വാസവുമായി മുന്നോട്ട് വരികയാണ്. കഴിഞ്ഞ 75 വര്‍ഷത്തെ ഇന്ത്യയുടെ യാത്രയിലെ സംഭാവനകളെ അപേക്ഷിച്ച് പതിന്മടങ്ങ് സംഭാവന അടുത്ത 25 വര്‍ഷത്തിനുള്ളില്‍ എന്റെ അമ്മമാരും സഹോദരിമാരും പെണ്‍മക്കളുമായ നാരി ശക്തിയില്‍ നിന്നുണ്ടാകുമെന്ന് എനിക്ക് കാണാന്‍ കഴിയും. അതിനാല്‍, ഇത് വിലയിരുത്തലിന് അതീതമാണ്. അതെല്ലാം നിങ്ങളുടെ പരിധികള്‍ക്കുമപ്പുറമാണ്. ഈ വശത്തെ നമ്മള്‍ എത്രത്തോളം ശ്രദ്ധിക്കുന്നുവോ എത്രയും കൂടുതല്‍ അവസരങ്ങളും സൗകര്യങ്ങളും നമ്മുടെ പെണ്‍മക്കള്‍ക്ക് നല്‍കുന്നുവോ അവര്‍ അതിനേക്കാള്‍ വളരെ അധികം നമുക്ക് തിരിച്ചു തരും. അവര്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഈ അമൃത് കാലത്തില്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആവശ്യമായ കഠിനാദ്ധ്വാനത്തിനൊപ്പം നമ്മുടെ നാരി ശക്തിയുടെ ഗണ്യമായ പ്രയത്‌നവും ചേര്‍ത്താല്‍, അത് കഠിനാധദ്ധ്വാനവും, നമ്മുടെ സമയപരിധിയും കുറയ്ക്കും. നമ്മുടെ സ്വപ്‌നങ്ങള്‍ കൂടുതല്‍ തീവ്രവും ഊര്‍ജ്ജസ്വലവും തിളക്കമുള്ളതുമായിരിക്കും.
അതുകൊണ്ട് സുഹൃത്തുക്കളേ, നമുക്ക് നമ്മുടെ ഉത്തരവാദിത്തങ്ങളുമായി മുന്നോട്ട് പോകാം. നമുക്ക് ഫെഡറല്‍ ഘടന നല്‍കിയതിന് ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പികളോട് ഇന്ന് ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഈ അമൃത് കാലത്തില്‍ ഈ ആത്മാവിനെ നിലനിറുത്തിയും അതിന്റെ വികാരങ്ങളെ മാനിച്ചും തോളോട് തോള്‍ ചേര്‍ന്ന് നടന്നാല്‍ നമ്മുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും. പരിപാടികള്‍ വ്യത്യസ്തമായിരിക്കാം, പ്രവര്‍ത്തന ശൈലികള്‍ വിഭിന്നമായിരിക്കാം, എന്നാല്‍ പ്രതിജ്ഞകള്‍ വ്യത്യസ്തമാകില്ല, ഒരു രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ വ്യത്യസ്തമാകില്ല.
അത്തരമൊരു യുഗത്തിലേക്ക് നമുക്ക് നീങ്ങാം. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിമ്പോള്‍ കേന്ദ്രത്തിലെ ഗവണ്‍മെന്റ് നമ്മുടെ പ്രത്യയശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നതായിരുന്നില്ല, എന്ന് ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ഗുജറാത്തിന്റെ പുരോഗതി ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടിയാണെന്ന മന്ത്രം തന്നെയാണ് ഞാനും പിന്തുടരുന്നത്. നാം എവിടെയായിരുന്നാലും ഇന്ത്യയുടെ പുരോഗതിയായിരിക്കണം നമ്മുടെ ഹൃദയത്തിന്റെ കാതല്‍. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ച, നയിക്കുകയും നിരവധി മേഖലകളില്‍ മാതൃകയായി പ്രവര്‍ത്തിക്കുകയും ചെയ്ത നിരവധി സംസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ഇത് നമ്മുടെ ഫെഡറലിസത്തിന് കരുത്ത് പകരുന്നു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം നമുക്ക് സഹകരണ ഫെഡറലിസത്തോടൊപ്പം സഹകരണ മത്സര ഫെഡറലിസവും ആവശ്യമാണെന്നതാണ്. വികസനത്തിന് മത്സരമാണ് നമുക്ക് അനിവാര്യമായത്.
ഓരോ സംസ്ഥാനത്തിനും തങ്ങള്‍ മുന്നോട്ട് പോകുകയാണെന്നും കഠിനാദ്ധ്വാനം ചെയ്തുകൊണ്ട് മുന്നേറുമെന്നുള്ള തോന്നലുണ്ടാകണം. ഒരു പ്രത്യേക സംസ്ഥാനം 10 നല്ല പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെങ്കില്‍, മറ്റുള്ളവര്‍ 15 നല്ല പ്രവര്‍ത്തികള്‍ ചെയ്യണം. ഒരു സംസ്ഥാനം മൂന്ന് വര്‍ഷം കൊണ്ട് ഒരു ജോലി പൂര്‍ത്തിയാക്കിയാല്‍, മറ്റുള്ളവര്‍ അതേ ജോലി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം. വികസനത്തിന്റെ പുതിയ കൊടുമുടികളിലേക്ക് നമ്മെ കൊണ്ടുപോകാന്‍ ശ്രമിക്കേണ്ട സംസ്ഥാനങ്ങളും ഗവണ്‍മെന്റിന്റെ എല്ലാ യൂണിറ്റുകളും തമ്മില്‍ മത്സരത്തിന്റെ ഒരു അന്തരീക്ഷം ഉണ്ടാകണം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ,
അമൃത് കാലിന്റെ 25 വര്‍ഷത്തെ കുറിച്ച് പറയുമ്പോള്‍, ധാരാളം വെല്ലുവിളികളും പരിമിതികളും പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് എനിക്കറിയാം. അവയെ നമ്മള്‍ വിലകുറച്ചു കാണുന്നില്ല. നമ്മള്‍ തുടര്‍ന്നും വഴികള്‍ തേടുകയും നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നു, എന്നാല്‍ ഇവിടെ രണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചര്‍ച്ച ചെയ്യാന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടാകാം, എന്നാല്‍ സമയ പരിമിതി കണക്കിലെടുത്ത്, ഞാന്‍ ഇപ്പോള്‍ രണ്ട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇനിയും സമയമുള്ളപ്പോള്‍ നമ്മള്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, ഈ വെല്ലുവിളികളും പ്രശ്‌നങ്ങളും കാരണം അമൃത് കാലിന്റെ 25 വര്‍ഷത്തെ അത് കൂടുതല്‍ വഷളായേക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍, എല്ലാം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ തീര്‍ച്ചയായും രണ്ട് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു. ഒന്ന് അഴിമതിയും മറ്റൊന്ന് സ്വജനപക്ഷപാതവും കുടുംബാധികാര വ്യവസ്ഥയുമാണ്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ദാരിദ്ര്യത്തോട് മല്ലിടുന്ന, ജീവിക്കാന്‍ ഇടമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍, അനധികൃതമായി സമ്പാദിച്ച പണം സൂക്ഷിക്കാന്‍ ഇടമില്ലാത്തവരുമുണ്ട്. ഇതൊരു ശരിയായ സാഹചര്യമല്ല. അതുകൊണ്ട് നമ്മുടെ എല്ലാ ശക്തിയും ഉപയോഗിച്ച് അഴിമതിക്കെതിരെ പോരാടേണ്ടതുണ്ട്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ആധാര്‍, മൊബൈല്‍ തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് തെറ്റായ കൈകളിലേക്ക് എത്തേണ്ടിയിരുന്ന രണ്ട് ലക്ഷം കോടി രൂപ ലാഭിച്ച് കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ബാങ്കുകള്‍ കൊള്ളയടിച്ച് നാടുവിട്ടുപോയവരുടെ സ്വത്തുക്കള്‍ നമ്മള്‍ പിടിച്ചെടു്ത്തു, അവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമത്തിലുമാണ്. ചിലര്‍ ഇരുമ്പഴികള്‍ക്ക് പിന്നിലേക്ക് പോകാനും നിര്‍ബന്ധിതരായി. രാജ്യം കൊള്ളയടിച്ചവരെ തിരിച്ചുവരാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്.
സഹോദരീ സഹോദരന്മാരേ,
അഴിമതിക്കെതിരായ ഒരു നിര്‍ണായക കാലഘട്ടത്തിലേക്ക് നാം പ്രവേശിക്കുകയാണെന്ന് എനിക്ക് വ്യക്തമായി കാണാന്‍ കഴിയും. വലിയവര്‍ക്കുപോലും രക്ഷപ്പെടാനാവില്ല. ഈ മനോഭാവത്തോടെ ഇന്ത്യ ഇപ്പോള്‍ അഴിമതിക്കെതിരായ നിര്‍ണായക ഘട്ടത്തിലേക്ക് ചുവടുവെക്കുകയാണ്. ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് വലിയ ഉത്തരവാദിത്തത്തോടെയാണ് ഞാന്‍ ഇത് പറയുന്നത്. സഹോദരീ സഹോദരന്മാരേ, അഴിമതി ചിതലിനെപ്പോലെ രാജ്യത്തെ കാര്‍ന്നുതിന്നുകയാണ്. എനിക്ക് അതിനെതിരെ പോരാടേണ്ടതുണ്ട്, പോരാട്ടം ശക്തമാക്കേണ്ടതുണ്ട്, അതിനെ ഒരു നിര്‍ണായക ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ടതമുണ്ട്. അതുകൊണ്ട്, എന്റെ 130 കോടി ദേശവാസികളേ, ദയവായി എന്നെ അനുഗ്രഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക! ഈ യുദ്ധത്തില്‍ പോരാടാന്‍ നിങ്ങളുടെ പിന്തുണയും സഹകരണവും തേടാനാണ് ഇന്ന് ഞാന്‍ വന്നത്. ഈ യുദ്ധത്തില്‍ രാജ്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അഴിമതി സാധാരണക്കാരുടെ ജീവിതം തകര്‍ത്തു. അതിനാല്‍, സാധാരണ പൗരന്മാര്‍ക്ക് വീണ്ടും അന്തസ്സോടെ ജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രാജ്യത്ത് അഴിമതിയോടുള്ള വെറുപ്പ് പ്രകടമാണെങ്കിലും, ചിലപ്പോള്‍ അഴിമതിക്കാരോട് കാണിക്കുന്ന ഔദാര്യം ഒരു രാജ്യത്തിനും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത് ആശയങ്കയ്ക്കുള്ള വലിയ കാര്യവുമാണ്.
കോടതി ശിക്ഷിച്ചിട്ടും, അഴിമതിക്കാരാണെന്ന് തെളിയിക്കപ്പെട്ടിട്ടും, ജയില്‍ ശിക്ഷ അനുഭവിച്ചിട്ടും, അവര്‍ ജയിലില്‍ കഴിയുമ്പോഴും അവരെ മഹത്വവല്‍ക്കരിക്കുന്നത് തുടരുകയും അവരില്‍ അഭിമാനിക്കുകയും അവരുടെ പദവി ഉയര്‍ത്തുകയും ചെയ്യുന്നത് തുടരുന്ന നാണക്കേട് പല ആളുകളും ചെയ്യുന്നുണ്ട്. സമൂഹത്തില്‍ വൃത്തികേടുകളോട് വെറുപ്പ് ഉണ്ടാകാത്തിടത്തോളം, വൃത്തിയെക്കുറിച്ചുള്ള ബോധം ഉണ്ടാകില്ല, അഴിമതിക്കാരോടും അഴിമതിയോടും വെറുപ്പ് വളര്‍ത്തി, ഈ ആളുകളെ സാമൂഹിക നാണക്കേടിലേക്ക് താഴ്ത്തിയാലല്ലാതെ അത്തരം മാനസികാവസ്ഥ മാറില്ല. അതുകൊണ്ടാണ് അഴിമതിയെയും അഴിമതിക്കാരെയും കുറിച്ച് നാം വളരെ ബോധവാന്മാരാകേണ്ടത്.
എടുത്തുപറയേണ്ട മറ്റൊരു കാര്യം വ്യാപകമായ സ്വജനപക്ഷപാതമാണ്. സ്വജനപക്ഷപാതത്തെക്കുറിച്ചോ കുടുംബവാഴ്ചയെക്കുറിച്ചോ എപ്പോഴൊക്കെ ഞാന്‍ സംസാരിച്ചാലും ഞാന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമാണ് സംസാരിക്കുന്നതെന്നാണ് ആളുകള്‍ കരുതുന്നത്. ഒരിക്കലുമില്ല. നിര്‍ഭാഗ്യവശാല്‍, മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങളിലും ഇത് പോഷിപ്പിക്കപ്പെടുന്നു. കുടുംബ പക്ഷപാതപരമായ സ്വജനപക്ഷപാതം ഇന്ന് നമ്മുടെ പല സ്ഥാപനങ്ങളെയും പിടികൂടിയിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്തെ അപാരമായ പ്രതിഭകളുടെ കൂട്ടത്തെ ദോഷകരമായി ബാധിക്കുകയാണ്. എന്റെ രാജ്യത്തിന്റെ ഭാവി സാദ്ധ്യതകള്‍ കഷ്ടപ്പെടുകയാണ്. ഈ അവസരങ്ങളുടെ നിയമാനുസൃത മത്സരാര്‍ത്ഥികളും യഥാര്‍ത്ഥ യോഗ്യതയുള്ളവരുമായവര്‍ സ്വജനപക്ഷപാതം കാരണം പുറന്തള്ളപ്പെടുകയാണ്. അഴിമതിക്ക് ഇത് നല്ല കാരണമാണ്. മാനദണ്ഡങ്ങള്‍ക്കനുസൃതമായി സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തങ്ങള്‍ക്ക് അവസരമില്ലെന്ന് അവര്‍ കരുതുന്നതിനാല്‍, ഈ കഴിവുള്ളവരും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളും ഒരു ജോലി നേടുന്നതിന് കൈക്കൂലി നല്‍കുന്നതിനെ അവലംബിക്കുന്നു. സ്വജനപക്ഷപാതത്തിനെതിരെ കൂടുതല്‍ ബോധവാന്മാരാകുന്നതിനും അതിനോടുള്ള വിരോധം സൃഷ്ടിക്കുന്നതിനും നാമെല്ലാവരും കഠിനാദ്ധ്വാനം ചെയ്യണം. അത്തരം ശ്രമങ്ങള്‍ക്ക് മാത്രമേ നമ്മുടെ സ്ഥാപനങ്ങളെ സംരക്ഷിക്കാനും നമ്മുടെ ഭാവി തലമുറകളില്‍ ധാര്‍മ്മിക സ്വഭാവം വളര്‍ത്താനും കഴിയൂ. നമ്മുടെ സ്ഥാപനങ്ങളുടെ ശോഭനമായ ഭാവി ഉറപ്പാക്കാന്‍ ഇത് നിര്‍ബന്ധമാണ്. അതുപോലെ, രാഷ്ട്രീയത്തിലും, കുടുംബ പക്ഷപാതിത്വവും കുടുംബപിന്തുടര്‍ച്ചാവകാശവും രാജ്യത്തിന്റെ കരുത്തിനോട് ഏറ്റവും വലിയ അനീതിയാണ് ചെയ്തത്. ഇത് കുടുംബത്തിന് മാത്രം പ്രയോജനം ചെയ്യുന്ന ഒരു മാര്‍ഗ്ഗമായി മാറുന്നു, ദേശീയ നന്മയുമായി അതിന് യാതൊരു ബന്ധവുമുണ്ടാകുന്നില്ല.
അതുകൊണ്ട്, ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് ത്രിവര്‍ണ്ണ പതാകയ്ക്ക് കീഴില്‍ നിന്ന് ഇന്ത്യന്‍ ഭരണഘടനയെ ഓര്‍മ്മിക്കുമ്പോള്‍, എല്ലാ രാജ്യക്കാരോടും ഹൃദയം തുറന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്- ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പവിത്രീകരണത്തിനും ശുദ്ധീകരണത്തിനും, ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളുടെയും ശുദ്ധീകരണത്തിനും നമുക്ക് കൈകോര്‍ക്കാം, ഈ കുടുംബ മാനസികാവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയും യോഗ്യതയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുകയും വേണം. എന്നത്തേക്കാളും ഇന്ന് അത് അനിവാര്യമാണ്. അല്ലാത്തപക്ഷം, ആവാസവ്യവസ്ഥയില്‍ ഒരു കുടുംബാംഗവും തങ്ങള്‍ക്കുവേണ്ടി ഉറപ്പുനല്‍കാത്തതിനാല്‍ അവള്‍/അവന്‍ അര്‍ഹനാണെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല എന്ന കടുത്ത നീരസം എല്ലാവരും വഹിക്കും. ഇത്തരം മാനസികാവസ്ഥ ഒരു രാജ്യത്തിനും നല്ലതല്ല.
എന്റെ രാജ്യത്തെ പ്രിയ യുവാക്കളേ, നിങ്ങളുടെ ശോഭനമായ ഭാവിക്കായി, നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്കായി, സ്വജനപക്ഷപാതത്തിനെതിരായ പോരാട്ടത്തില്‍ ഞാന്‍ നിങ്ങളുടെ പിന്തുണ തേടുന്നു. കുടുംബപിന്തുടര്‍ച്ചാ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തില്‍ എനിക്ക് നിങ്ങളുടെ പിന്തുണ വേണം. ഇത് എന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നു. ജനാധിപത്യത്തിന്റെ ഉത്തരവാദിത്തം. ഈ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍ നിന്ന് സംസാരിക്കുന്ന വാക്കുകളുടെ ശക്തിയില്‍ ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഈ അവസരത്തെ പിന്തുണയ്ക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കായികലോകത്ത് ലഭിച്ച അംഗീകാരങ്ങളില്‍ നാം ഇത് ശ്രദ്ധിച്ചു. മുന്‍പ് നമുക്ക് ഇത്രയും വലിയ പ്രതിഭകള്‍ ഇല്ലായിരുന്നു എന്നല്ല. നമ്മുടെ മക്കളും പെണ്‍മക്കളും, ഇന്ത്യയിലെ യുവാക്കളും കായിക ലോകത്ത് ഒന്നും നേടുന്നില്ല എന്നല്ല. എന്നാല്‍ ദുഖകരമെന്നു പറയട്ടെ, സ്വജനപക്ഷപാത ചാനല്‍ കാരണം അവര്‍ പുറത്താകുന്നു. മറ്റ് രാജ്യങ്ങളിലെ മത്സരത്തില്‍ എത്താന്‍ യോഗ്യത നേടിയവര്‍ രാജ്യത്തിനായി മെഡല്‍ നേടുന്നതിനെക്കുറിച്ച് വളരെ കുറച്ച് മാത്രമാണ് താല്‍പര്യപ്പെട്ടിരുന്നത്. എന്നാല്‍ സുതാര്യത പുനഃസ്ഥാപിച്ചപ്പോള്‍, കായികതാരത്തിന്റെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍, കളിക്കളങ്ങളില്‍ പ്രതിഭകള്‍ ആദരിക്കപ്പെട്ടു. ആഗോളതലത്തില്‍ സ്‌റ്റേഡിയങ്ങളില്‍ ത്രിവര്‍ണ പതാക ഉയരുന്നതും ദേശീയഗാനം അലയടിക്കുന്നതും ഇന്ന് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.
കുടുംബാധിപത്യത്തില്‍ നിന്നും സ്വജനപക്ഷപാതത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഒരാള്‍ക്ക് അഭിമാനം തോന്നും, അതിനുള്ള ഫലങ്ങളും ഒപ്പം വരും. എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിരവധി വെല്ലുവിളികള്‍ ഇവിടെ ഉണ്ട് എന്നതില്‍ ഒരു തര്‍ക്കവുമില്ല. എന്നാല്‍ ഈ രാജ്യത്തിന് മുന്നില്‍ കോടിക്കണക്കിന് പ്രശ്‌നങ്ങളുണ്ടെങ്കില്‍, കോടിക്കണക്കിന് പരിഹാരങ്ങളും ഉണ്ട്, 130 കോടി രാജ്യവാസികളില്‍ എനിക്ക് വിശ്വാസവുമുണ്ട്. 130 കോടി ദേശവാസികള്‍ ഒരു നിശ്ചിത ലക്ഷ്യത്തോടെയും പരിഹരിക്കാനുള്ള പ്രതിജ്ഞയോടെയും ഒരു പടി മുന്നോട്ട് പോകുമ്പോള്‍, ഇന്ത്യയെ 130 ചുവടുകളÿാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ കാര്യശേഷിയുമായാണ് നാം മുന്നേറേണ്ടത്. ഇത് അമൃത് കാലിന്റെ ആദ്യ പ്രഭാതമാണ്, അടുത്ത 25 വര്‍ഷത്തേക്ക് ഒരു നിമിഷം പോലും നാം മറക്കരുത്. ഓരോ ദിവസവും, ഓരോ നിമിഷവും മാതൃരാജ്യത്തിനുവേണ്ടി ജീവിക്കുകയും ജീവിതത്തിന്റെ ഓരോ കണികയും സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള നമ്മുടെ യഥാര്‍ത്ഥ ആദരാഞ്ജലികളുമയിരിക്കും. എങ്കിലേ കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ രാജ്യത്തെ ഈ നിലയിലേക്ക് എത്തിക്കുന്നതില്‍ പങ്കുവഹിച്ച എല്ലാവരുടെയും പുണ്യ സ്മരണയ്ക്ക് പ്രയോജനമുണ്ടാകൂ.
പുതിയ സാദ്ധ്യതകള്‍ പരിപോഷിപ്പിച്ചും, പുതിയ പ്രതിജ്ഞകള്‍ തിരിച്ചറിഞ്ഞും ആത്മവിശ്വാസത്തോടെ മുന്നേറിക്കൊണ്ടും അമൃത് കാല്‍ ഇന്ന് ആരംഭിക്കാന്‍ ഞാന്‍ ദേശവാസികളോട് അഭ്യര്‍ത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം അമൃത് കാലിന്റെ ദിശയിലേക്ക് മാറിയിരിക്കുന്നു, അതിനാല്‍ ഈ അമൃത് കാലത്തില്‍ സബ്ക പ്രയസ് (എല്ലാവരുടെയും പ്രയത്‌നം) ആവശ്യമാണ്. സബ്ക പ്രയാസാണ് (എല്ലാവരുടെയൂം പ്രയത്‌നം) ഫലം നല്‍കാന്‍ പോകുന്നത്. ടീം ഇന്ത്യയുടെ ഉത്സാഹമാണ് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പോകുന്നത്. 130 കോടി രാജ്യക്കാരുള്ള ഈ ടീം ഇന്ത്യ ഒരു ടീമായി മുന്നോട്ട് പോയി എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കും. ഈ വിശ്വാസത്തോടെ എന്നോടൊപ്പം പറയുക,

ജയ് ഹിന്ദ്!
ജയ് ഹിന്ദ്!
ജയ് ഹിന്ദ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
വളയെധികം നന്ദി!

-ND-


(Release ID: 1852111) Visitor Counter : 1209