പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ ധരംപൂരിൽ ശ്രീമദ് രാജ്‌ചന്ദ്ര മിഷന്റെ വിവിധ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു


ഗുജറാത്തിലെ വൽസാദിലെ ധരംപൂരിൽ ശ്രീമദ് രാജ്‌ചന്ദ്ര ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു


ഗുജറാത്തിലെ വൽസാദിൽ ശ്രീമദ് രാജ്‌ചന്ദ്ര സെന്റർ ഓഫ് എക്‌സലൻസ് ഫോർ വുമൺ, ശ്രീമദ് രാജ്‌ചന്ദ്ര മൃഗാശുപത്രി എന്നിവയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിച്ചു


“ആരോഗ്യപരിപാലനരംഗത്തു കൂട്ടായ പരിശ്രമമെന്ന മനോഭാവത്തിനു പുതിയ ആശുപത്രി കരുത്തുപകരുന്നു”


“‘നാരി ശക്തി’യെ ‘രാഷ്ട്രശക്തി’യായി മുൻനിരയിലെത്തിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്”



“സ്ത്രീകളുടെയും ഗിരിവർഗക്കാരുടെയും ദുർബലവിഭാഗങ്ങളുടെയും ശാക്തീകരണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവർ രാജ്യത്തിന്റെ ചേതനയെ സജീവമാക്കുന്നു”


Posted On: 04 AUG 2022 5:49PM by PIB Thiruvananthpuram

ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ധരംപൂരിൽ ശ്രീമദ് രാജ്ചന്ദ്ര മിഷന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദൂരദൃശ്യസംവിധാനത്തിലൂടെ നിർവഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, സ്ത്രീകൾക്കും സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്കും മികച്ച സേവനമാണ് ആശുപത്രിപദ്ധതികൾ നൽകുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ശ്രീമദ്  രാജ്ചന്ദ്ര മിഷന്റെ നിശബ്ദമായ സേവനമനോഭാവത്തെ അദ്ദേഹം അഭിനന്ദിച്ചു.

മിഷനുമായുള്ള തന്റെ ദീർഘകാല ബന്ധത്തെ അനുസ്മരിച്ച്, സേവനരംഗത്തെ അവരുടെ നേട്ടങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിലെ ഈ കർത്തവ്യമനോഭാവം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഗ്രാമീണ ആരോഗ്യമേഖലയിൽ ബഹുമാന്യനായ ഗുരുദേവിന്റെ നേതൃത്വത്തിൽ ശ്രീമദ് രാജ്ചന്ദ്ര മിഷൻ നടത്തുന്ന പ്രശംസനീയമായ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. പാവപ്പെട്ടവരുടെ സേവനത്തിനായുള്ള മിഷന്റെ പ്രതിബദ്ധതയ്ക്കു പുതിയ ആശുപത്രി കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ആശുപത്രിയും ഗവേഷണ കേന്ദ്രവും താങ്ങാനാകുന്ന ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ഏവർക്കും പ്രാപ്യമാക്കും. ‘അമൃതകാലത്ത്’ ആരോഗ്യകരമായ ഇന്ത്യ എന്ന കാഴ്ചപ്പാടിന് ഇതു ശക്തിപകരും. ആരോഗ്യപരിപാലനരംഗത്തു ‘സബ്കാ പ്രയാസ്’ (കൂട്ടായ പരിശ്രമം) എന്ന മനോഭാവത്തിന് ഇതു കരുത്തുപകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ അടിമത്തത്തിൽ നിന്നു കരകയറ്റാൻ പരിശ്രമിച്ച ഭാരതത്തിന്റെ മക്കളെ ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിൽ രാജ്യം അനുസ്മരിക്കുകയാണെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. രാജ്യചരിത്രത്തിന്റെ ഭാഗമായ മഹത്തായ സംഭാവന നൽകിയ സന്ന്യാസിയായിരുന്നു ശ്രീമദ് രാജ്ചന്ദ്രയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീമദ് രാജ്ചന്ദ്രയോടുള്ള മഹാത്മാഗാന്ധിയുടെ ആരാധനയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ശ്രീമദിന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുന്നതിനു ശ്രീ രാകേഷിന് അദ്ദേഹം നന്ദി അറിയിച്ചു.

സ്ത്രീകളുടെയും ഗിരിവർഗക്കാരുടെയും ദുർബലവിഭാഗങ്ങളുടെയും ശാക്തീകരണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവർ രാജ്യത്തിന്റെ ചേതനയെ സജീവമാക്കി നിലനിർത്തുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വനിതകൾക്കായുള്ള മ‌ികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതുപോലുള്ള വലിയ ചുവടുവയ്പു പരാമർശിച്ച്, വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യത്തിലൂടെയും പെൺമക്കളെ ശാക്തീകരിക്കുന്നതിൽ ശ്രീമദ് രാജ്ചന്ദ്രയ്ക്ക് ഏറെ നിർബന്ധമുണ്ടായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. നന്നേ ചെറുപ്പത്തിൽതന്നെ സ്ത്രീശാക്തീകരണത്തെക്കുറിച്ചു ശ്രീമദ് ആത്മാർഥമായി സംസാരിച്ചിരുന്നു. ‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിൽ രാജ്യത്തെ സ്ത്രീശക്തിയെ ദേശീയ ശക്തിയാക്കി മുൻനിരയിൽ എത്തിക്കേണ്ടതു നമ്മുടെയെല്ലാം ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

സഹോദരിമാരുടെയും പെൺമക്കളുടെയും പുരോഗതിക്കു തടസം നിൽക്കുന്നതെല്ലാം നീക്കാനാണു കേന്ദ്രഗവണ്മെന്റ് ശ്രമിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇന്നു പിന്തുടരുന്ന ആരോഗ്യ നയം നമുക്കു ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തെ സംബന്ധിച്ചും ചിന്തിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മനുഷ്യർക്കു മാത്രമല്ല, മൃഗങ്ങൾക്കും രാജ്യവ്യാപകമായി പ്രതിരോധകുത്തിവയ്പു ക്യാമ്പെയ്ൻ നടത്തുന്നുണ്ട്.

പദ്ധതിയെക്കുറിച്ച്

വൽസാദിലെ ധരംപൂരിലുള്ള ശ്രീമദ് രാജ്ചന്ദ്ര ആശുപത്രിയുടെ പദ്ധതിച്ചെലവ് ഏകദേശം 200 കോടി രൂപയാണ്.  അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള  250 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണിത്. അത് ലോകോത്തര മെഡിക്കൽ സൗകര്യങ്ങൾ പ്രദാനം ചെയ്യും. പ്രത്യേകിച്ചു ദക്ഷിണ ഗുജറാത്ത് മേഖലയിലെ ജനങ്ങൾക്ക്.

ശ്രീമദ് രാജ്ചന്ദ്ര മൃഗാശുപത്രി 150 കിടക്കകളുള്ള ആശുപത്രിയായി മാറും. ഏകദേശം 70  കോടി രൂപ ചെലവിലാണിതു നിർമ‌ിക്കുക.  മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങളും വെറ്ററിനറി ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സമർപ്പിത സംഘവും ഇവിടെയുണ്ടാകും. മൃഗങ്ങളുടെ പരിപാലനത്തിനായി പരമ്പരാഗത വൈദ്യശാസ്ത്രത്തോടൊപ്പം  സമഗ്രമായ വൈദ്യപരിചരണവും നൽകും.

വനിതകൾക്കായുള്ള ശ്രീമദ് രാജ്ചന്ദ്ര മികവിന്റെ കേന്ദ്രം 40 കോടി രൂപ ചെലവിലാണു നിർമിക്കുക. വിനോദത്തിനുള്ള സൗകര്യങ്ങൾ, സ്വയം വികസന സെഷനുകൾക്കുള്ള ക്ലാസ് മുറികൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ ഉണ്ടായിരിക്കും. ഇത് 700ലധികം ഗിരിവർഗ സ്ത്രീകൾക്കു ജോലി നൽകുകയും ആയിരക്കണക്കിനുപേർക്ക് ഉപജീവനമാർഗമേകുകയും ചെയ്യും.

***

-ND-

(Release ID: 1848488) Visitor Counter : 146