പ്രധാനമന്ത്രിയുടെ ഓഫീസ്‌

വൈദ്യുതി മേഖലയുടെ നവീകരിച്ച വിതരണ മേഖല പദ്ധതിക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു


‘ഉജ്വൽ ഭാരത് ഉജ്വൽ ഭവിഷ്യ - പവർ @2047’ന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു



എൻടിപിസിയുടെ 5200 കോടിയിലധികം രൂപയുടെ ഹരിത ഊർജ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു



ദേശീയ സൗരോർജ പുരപ്പുറ പോർട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു



“വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിലും ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഊർജമേഖലയുടെ ശക്തി പ്രാധാന്യമർഹിക്കുന്നു”



“ഇന്നാരംഭിച്ച പദ്ധതികൾ ഇന്ത്യയുടെ പുനരുപയോഗ ഊർജലക്ഷ്യങ്ങളിലേക്കും പ്രതിബദ്ധതയിലേക്കും ഹരിതസ്വപ്നങ്ങളിലേക്കുമുള്ള പ്രയാണങ്ങൾക്കു കരുത്തേകും”



“ഇന്ധനസെൽ വൈദ്യുതവാഹനങ്ങളുള്ള രാജ്യത്തെ ആദ്യത്തെ സ്ഥലമായി ലഡാക്ക് മാറും”



“കഴിഞ്ഞ 8 വർഷത്തിനിടെ, രാജ്യത്ത് ഏകദേശം 1,70,000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനശേഷി കൂട്ടിച്ചേർത്തിട്ടുണ്ട്”



“രാഷ്ട്രീയത്തിൽ, സത്യം പറയാൻ ഏവർക്കും ധൈര്യമുണ്ടാകണം. എന്നാൽ ചില സംസ്ഥാനങ്ങൾ അത് ഒഴിവാക്കാൻ ശ്രമിക്കുന്നതാണു നാം കാണുന്നത്”



“വൈദ്യുതി ഉൽപ്പാദന-വിതരണ കമ്പനികളുടെ ഏകദേശം 2.5 ലക്ഷം കോടി രൂപ കുടുങ്ങിക്കിടക്കുന്നു”


“വൈദ്യുതി മേഖലയുടെ ആരോഗ്യം രാഷ്ട്രീയകാര്യമല്ല”

Posted On: 30 JUL 2022 3:04PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ 'ഉജ്വൽ ഭാരത് ഉജ്വൽ ഭവിഷ്യ - പവർ @2047'ന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ പങ്കെടുത്തു. നവീകരിച്ച വിതരണ മേഖല പദ്ധതിക്കും അദ്ദേഹം തുടക്കംകുറിച്ചു. എൻടിപിസിയുടെ വിവിധ ഹരിത ഊർജ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. ദേശീയ സൗരോർജ പുരപ്പുറ പോർട്ടലും അദ്ദേഹം ഉദ്ഘാടനംചെയ്തു.

 

വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു. മാണ്ഡിയിൽ നിന്നുള്ള ശ്രീ ഹൻസ്‌രാജ് കുസും പദ്ധതിയുമായി ബന്ധപ്പെട്ട തന്റെ അനുഭവത്തെക്കുറിച്ചു പ്രധാനമന്ത്രിയെ അറിയിച്ചു. മറ്റു കർഷകർക്കു പദ്ധതിയിൽ താൽപ്പര്യമുണ്ടായത് എങ്ങനെയെന്നു പ്രധാനമന്ത്രി ആരാഞ്ഞു. ശ്രീ ഹൻസ്‌രാജ് ഈ പദ്ധതിക്കു പ്രധാനമന്ത്രിയോടു നന്ദി പറയുകയും ഈ പദ്ധതി തന്നെയും കുടുംബത്തെയും എങ്ങനെ സഹായിച്ചുവെന്നു വിശദീകരിക്കുകയും ചെയ്തു.

 

ത്രിപുരയിലെ ഖോവായിൽ നിന്നുള്ള ശ്രീ കലഹ റിയാങ് തന്റെ ഗ്രാമത്തിൽ വൈദ്യുതി വന്നതോടെയുണ്ടായ മാറ്റങ്ങളെക്കുറിച്ചു പ്രധാനമന്ത്രിയെ അറിയിച്ചു. സൗരോർജം വന്നതിനുശേഷം മണ്ണെണ്ണയെ ആശ്രയിക്കുന്നതു കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി എത്തിയതിനാൽ കൂടുതലായി വന്ന മറ്റു മാറ്റങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചു. ഒരുപാടു ദൂരം സഞ്ചരിച്ചാൽ മാത്രം ചാർജ് ചെയ്യാൻ കഴിഞ്ഞിരുന്ന മൊബൈൽ ഫോണുകൾ ഇപ്പോൾ ചാർജ് ചെയ്യാൻ കഴിയുന്നുണ്ടെന്നു ശ്രീ റിയാങ് പറഞ്ഞു. സൗരോർജം കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തി. പ്രാദേശിക വ്യവസായങ്ങളും സായാഹ്നങ്ങളിലെ ജീവിതവും മാറ്റത്തിനു വിധേയമായി. ഗവണ്മെന്റ് നടത്തുന്ന വിദ്യാഭ്യാസ ടിവി ചാനലുകൾ പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വൈദ്യുതി ലാഭിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

ദീൻദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജനയുടെ ഗുണഭോക്താവായ വിശാഖപട്ടണത്തെ ശ്രീ കാഗു ക്രാന്തി കുമാറും തന്റെ ജീവിതത്തിൽ വൈദ്യുതിയുണ്ടാക്കിയ ഗുണപരമായ സ്വാധീനത്തെക്കുറ‌ിച്ചു പറഞ്ഞു. ഓരോ പൗരനും പുരോഗതി പ്രാപിക്കുമ്പോൾ മാത്രമേ രാജ്യം പുരോഗതി പ്രാപിക്കൂ എന്നുപറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തുന്നുണ്ടെന്നത‌ിൽ സംതൃപ്തി രേഖപ്പെടുത്തി.

 

സംയോജിത ഊർജ വികസന പദ്ധതിയുടെ ഗുണഭോക്താവായ വാരാണസിയിലെ ശ്രീമതി പ്രമീളാദേവിയെ `ഹരഹര മഹാദേവ' എന്നുപറഞ്ഞാണു പ്രധാനമന്ത്രി അഭിവാദ്യം ചെയ്തത്. വാരാണസിയിൽ നിന്നുള്ള പാർലമെന്റ് അംഗമായ പ്രധാനമന്ത്രി, തന്റെ ആദരം ബാബ വിശ്വനാഥിനെ അറിയിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു. മെച്ചപ്പെട്ട സുരക്ഷയും മനോഹാരിതയും ഉറപ്പുവരുത്താൻ തലയ്ക്കു മീതെ നിൽക്കുന്ന വയറുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

 

അഹമ്മദാബാദിൽ നിന്നുള്ള ശ്രീ ധിരൻ സുരേഷ്ഭായ് പട്ടേൽ സൗരോർജ പാനലുകൾ സ്ഥാപിച്ചതിനെക്കുറിച്ചു സംസാരിച്ചു. പുരപ്പുറത്തു പാനലുകൾ സ്ഥാപിച്ചു ധിരൻഭായ് വൈദ്യുതി വിൽപ്പനക്കാരനായി മാറിയെന്നു പ്രധാനമന്ത്രി പറഞ്ഞു. 2047ഓടെ ഊർജമേഖലയിൽ രാജ്യത്തിന്റെ ആത്മവിശ്വാസം ഉറപ്പാക്കാൻ കഴിഞ്ഞ വർഷം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പങ്കാളിത്തമാണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.

 

വരുന്ന 25 വർഷത്തിനുള്ളിൽ ഇന്ത്യയുടെ പുരോഗതിക്കു ഗതിവേഗം നൽകുന്നതിൽ ഊർജ-വൈദ്യുത മേഖലകൾക്കു വലിയ പങ്കുവഹിക്കാനാകുമെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിലും ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും ഊർജമേഖലയുടെ ശക്തി പ്രാധാന്യമർഹിക്കുന്നു. ഇന്നാരംഭിച്ച പദ്ധതികൾ ഹരിത ഊർജത്തിന്റെയും ഊർജസുരക്ഷയുടെയും ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പുകളാണെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതികൾ ഇന്ത്യയുടെ പുനരുപയോഗ ഊർജലക്ഷ്യങ്ങളിലേക്കും പ്രതിബദ്ധതയിലേക്കും ഹരിതസ്വപ്നങ്ങളിലേക്കുമുള്ള പ്രയാണങ്ങൾക്കു കരുത്തേകും. ലഡാക്കിലും ഗുജറാത്തിലുമായി രണ്ടു വലിയ ഹരിത ഹൈഡ്രജൻ പദ്ധതികളുടെ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ലഡാക്കിൽ സ്ഥാപിക്കുന്ന പ്ലാന്റ് രാജ്യത്തെ വാഹനങ്ങൾക്കായി ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കും. ഹരിത ഹൈഡ്രജൻ അധിഷ്ഠിത ഗതാഗതത്തിന്റെ വാണിജ്യപരമായ ഉപയോഗം സാധ്യമാക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്. ഇന്ധനസെൽ ഉപയോഗിച്ചു വൈദ്യുതവാഹനങ്ങൾ സഞ്ചരിക്കുന്ന രാജ്യത്തെ ആദ്യ സ്ഥലമായി ഉടൻ തന്നെ ലഡാക്ക് മാറും. ഇത് ലഡാക്കിനെ കാർബൺ ന്യൂട്രൽ മേഖലയാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

പെട്രോളിലും വ്യോമയാന ഇന്ധനത്തിലുമുള്ള എഥനോൾമിശ്രണത്തിനുശേഷം പ്രകൃതിവാതക പൈപ്പ് ലൈനുകളിൽ ഹരിതഹൈഡ്രജൻ ചേർക്കുന്നതിലേക്കാണു രാജ്യം നീങ്ങുന്നതെന്നും  പ്രധാനമന്ത്രി അറിയിച്ചു. ഇതു പ്രകൃതിവാതകത്തിന്റെ ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കും.

 

2014നു മുമ്പുള്ള വൈദ്യുതിമേഖലയുടെ ദയനീയാവസ്ഥ ഓർത്ത്, എട്ടുവർഷം മുമ്പ്, രാജ്യത്തിന്റെ ഊർജസംവിധാനങ്ങളുടെ എല്ലാമേഖലയും മാറ്റിമറിക്കാൻ ഗവണ്മെന്റ് മുൻകൈ എടുത്തിരുന്നുവെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. വൈദ്യുതിസംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഉൽപ്പാദനം, പ്രക്ഷേപണം, വിതരണം, കണക്ഷൻ എന്നീ നാലു വ്യത്യസ്തദിശകൾ ഒരുമിച്ചു പ്രവർത്തിച്ചു.

 

കഴിഞ്ഞ 8 വർഷത്തിനിടെ രാജ്യത്ത് 1,70,000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദനശേഷി കൂട്ടിച്ചേർത്തതായി പ്രധാനമന്ത്രി അറിയിച്ചു. `ഒരു രാജ്യം ഒരു പവർ ഗ്രിഡ്' ഇന്നു രാജ്യത്തിന്റെ ശക്തിയായി മാറിയിരിക്കുന്നു. രാജ്യത്തെ മുഴുവൻ ബന്ധിപ്പിക്കുന്നതിന് ഏകദേശം 1,70,000 സർക്യൂട്ട് കിലോമീറ്റർ ട്രാൻസ്മിഷൻ ലൈനുകൾ സ്ഥാപിച്ചു. കൂടാതെ, സൗഭാഗ്യ പദ്ധതിക്കു കീഴിൽ 3 കോടി കണക്ഷനുകൾ നൽകുന്നതിലൂടെ നാം പൂർണതയിലേക്ക് അടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാകുമ്പോൾ 175 ജിഗാവാട്ട് പുനരുപയോഗ ഊർജശേഷി സൃഷ്ടിക്കാൻ നാം തീരുമാനിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്നു നാം ഈ ലക്ഷ്യത്തിനടുത്തെത്തിയിരിക്കുന്നു. ഇതുവരെ ഫോസിൽ-ഇതര സ്രോതസുകളിൽനിന്ന് ഏകദേശം 170 ജിഗാവാട്ട് ശേഷി സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപിത സൗരോർജശേഷിയുടെ കാര്യത്തിൽ ഇന്നു ലോകത്തിലെ ഏറ്റവും മികച്ച 4-5 രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റുകളിൽ പലതും ഇന്ന് ഇന്ത്യയിലാണ്. രാജ്യത്തിനിന്നു രണ്ടു വലിയ സൗരോർജ പ്ലാന്റുകൾ കൂടിയുണ്ട്. തെലങ്കാനയിലും കേരളത്തിലും നിർമിച്ച ഈ പ്ലാന്റുകൾ രാജ്യത്തെ ആദ്യത്തെയും രണ്ടാമത്തെയും വലിയ ഒഴുകുന്ന സൗരോർജ പ്ലാന്റുകളാണ്. വീടുകളിൽ സൗരോർജ പാനലുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം വൈദ്യുതി ലാഭിക്കുന്നതിനും ഗവണ്മെന്റ് ഊന്നൽ നൽകുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. “വൈദ്യുതി ലാഭിക്കുക എന്നതിനർത്ഥം ഭാവിയെ സമ്പന്നമാക്കുക എന്നാണ്. പിഎം കുസുമം യോജന ഇതിന്റെ മികച്ച ഉദാഹരണമാണ്. ഞങ്ങൾ കർഷകർക്കു സൗരോർജ പമ്പുകൾ ഒരുക്കുന്നു. വയലുകളുടെ ഓരത്തു സൗരോർജപാനലുകൾ സ്ഥാപിക്കാൻ സഹായിക്കുന്നു" - അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ വൈദ്യുതി ഉപഭോഗവും ബില്ലുകളും കുറയ്ക്കുന്നതിൽ ഉജാല പദ്ധതി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്ലിൽ ഓരോ വർഷവും 50,000 കോടി രൂപയാണു ലാഭിക്കുന്നത്.

 

കാലങ്ങൾ പിന്നിടവേ, നമ്മുടെ രാഷ്ട്രീയത്തിൽ ഗുരുതരമായ ക്രമക്കേടുകൾ വന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ, സത്യം പറയാൻ ഏവർക്കും ധൈര്യമുണ്ടാകണം. പക്ഷേ ചില സംസ്ഥാനങ്ങൾ അത് ഒഴിവാക്കാൻ ശ്രമിക്കുന്നു. ഈ തന്ത്രം ഹ്രസ്വകാലത്തേക്കു നല്ല രാഷ്ട്രീയമായി തോന്നാം. എന്നാൽ ഇന്നത്തെ സത്യം മാറ്റിവയ്ക്കുന്നത് ഇന്നത്തെ വെല്ലുവിളികളും, നാളേക്ക്, നമ്മുടെ കുട്ടികൾക്കും നമ്മുടെ ഭാവി തലമുറകൾക്കുമായി മാറ്റിവയ്ക്കുന്നതു പോലെയാണ്. ഇന്നത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ കാണാതെ ഭാവിയിലേക്ക് അവ ഉപേക്ഷിക്കാനുള്ള ചിന്ത രാജ്യത്തിനു നല്ലതല്ല- അദ്ദേഹം പറഞ്ഞു. ഈ ചിന്താപ്രക്രിയ പല സംസ്ഥാനങ്ങളിലെയും വൈദ്യുതിമേഖലയെ വലിയ പ്രശ്നങ്ങളിലേക്കു തള്ളിവിട്ടു.

 

നമ്മുടെ വിതരണ മേഖലയിലെ നഷ്ടം രണ്ടക്കത്തിലാണെന്നു പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ലോകത്തിലെ വികസിത രാജ്യങ്ങളിൽ ഇത് ഒറ്റ അക്കത്തിലാണ്. ഇതിനർഥം നാം ധാരാളം വൈദ്യുതി പാഴാക്കുന്നുണ്ടെന്നും അതിനാൽ വൈദ്യുതിയുടെ ആവശ്യകത നിറവേറ്റാൻ ആവശ്യമായതിനേക്കാൾ കൂടുതൽ വൈദ്യുതി ഉൽപ്പാദിപ്പിക്കണം എന്നുമാണ്. പല സംസ്ഥാനങ്ങളിലും വിതരണ, പ്രസരണ നഷ്ടം കുറയ്ക്കുന്നതിനു നിക്ഷേപത്തിന്റെ അഭാവമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങൾക്ക് ഒരുലക്ഷം കോടി രൂപയിലധികം കുടിശ്ശികയുണ്ട് എന്നറിയുമ്പോൾ ജനങ്ങൾ ആശ്ചര്യപ്പെടുമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അവർ ഈ പണം വൈദ്യുതി ഉൽപ്പാദന കമ്പനികൾക്കു നൽകണം. പല ഗവണ്മെന്റ് വകുപ്പുകളിൽനിന്നും തദ്ദേശസ്ഥാപനങ്ങളിൽ നിന്നുമായി വൈദ്യുതിവിതരണകമ്പനികൾക്ക് 60,000 കോടി രൂപയിലധികം നൽകാനുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി സബ്സിഡിക്കായി കെട്ടിവച്ച പണംപോലും കൃത്യസമയത്തും പൂർണമായും ലഭ്യമാക്കാൻ ഈ കമ്പനികൾക്കു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കുടിശ്ശികയും 75,000 കോടിയിലേറെയാണ്. വൈദ്യുതി ഉൽപ്പാദനം മുതൽ വീടുകളിൽ എത്തിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ഏകദേശം രണ്ടര ലക്ഷം കോടി രൂപ കുടുങ്ങിക്കിടക്കുകയാണ്.

 

കുടിശ്ശിക തീർക്കാത്ത സംസ്ഥാനങ്ങളോട് അവ എത്രയും വേഗം തീർപ്പാക്കണമെന്നു പ്രധാനമന്ത്രി അഭ്യർഥിച്ചു. കൂടാതെ, ജനങ്ങൾ സത്യസന്ധമായി വൈദ്യുതി ബില്ലുകൾ അടയ്ക്കുമ്പോഴും എന്തുകൊണ്ടാണു ചില സംസ്ഥാനങ്ങളിൽ വീണ്ടും വീണ്ടും കുടിശ്ശിക വരുന്നത് എന്നതിനുള്ള കാരണങ്ങൾ സത്യസന്ധമായി പരിഗണിക്കണം. ഇതു 'രാജനീതി'യുടെ (രാഷ്ട്രീയം) വിഷയമല്ലെന്നും 'രാഷ്ട്രനീതി', രാഷ്ട്ര നിർമാണം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

 

വൈദ്യുതി മേഖലയുടെ ആരോഗ്യം എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് ഏവരെയും ഓർമിപ്പിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്.

 

പശ്ചാത്തലം

 

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വൈദ്യുതി മേഖലയില്‍ മാര്‍ഗദീപമാകുന്ന നിരവധി സംരംഭങ്ങള്‍ ഗവണ്മെന്റ് കൈക്കൊണ്ടു. ഈ പരിഷ്കാരങ്ങള്‍ എല്ലാവര്‍ക്കും താങ്ങാനാവുന്ന വൈദ്യുതി ലഭ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഈ മേഖലയെ മാറ്റിമറിച്ചു. നേരത്തെ വൈദ്യുതി ലഭ്യമല്ലാതിരുന്ന 18,000 ഗ്രാമങ്ങളില്‍ വൈദ്യുതീകരണം നടത്തിയത് ഏറ്റവും ഒടുവിലെ വ്യക്തിയില്‍പോലും വ്യാപനം ഉറപ്പാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയെയാണു സൂചിപ്പിക്കുന്നത്.

 

ഡിസ്കോമുകളുടെയും (വൈദ്യുതിവിതരണ കമ്പനികള്‍) വൈദ്യുതിവകുപ്പുകളുടെയും പ്രവര്‍ത്തനക്ഷമതയും സാമ്പത്തിക സുസ്ഥിരതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ ഉദ്യമമാണ് ഊര്‍ജമന്ത്രാലയത്തിന്റെ നവീകരിച്ച വിതരണ മേഖലാ പദ്ധതി. 2021-22 സാമ്പത്തിക വര്‍ഷംമുതല്‍ 2025-26 സാമ്പത്തിക വര്‍ഷംവരെയുള്ള അഞ്ചുവര്‍ഷത്തേയ്ക്ക് 3 ലക്ഷംകോടി രൂപയുടെ അടങ്കലാണു പദ്ധതിക്കുള്ളത്. ഏറ്റവും അവസാനത്തെ ഉപഭോക്താവിനുപോലും വിതരണത്തിന്റെ വിശ്വാസ്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനു ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള വിതരണ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണത്തിനും ശക്തിപ്പെടുത്തലിനും ഡിസ്കോമുകള്‍ക്കു സാമ്പത്തിക സഹായം നല്‍കാനാണു പദ്ധതി ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാന-മേഖലാ ഡിസ്കോമുകളുടെയും വൈദ്യുതി വകുപ്പുകളുടെയും സാമ്പത്തിക സുസ്ഥിരതയും പ്രവര്‍ത്തന കാര്യക്ഷമതയും 2024-25ഓടെ മെച്ചപ്പെടുത്തി എറ്റി ആൻഡ് സി (മൊത്തത്തിലുള്ള സാമ്പത്തിക സാങ്കേതിക) നഷ്ടം 12-15% തലത്തില്‍ എത്തിക്കാനും, എസിഎസ്-എആര്‍ആര്‍ (വിതരണത്തിന്റെ ശരാശരി ചെലവും ലഭിക്കുന്ന ശരാശരി വരുമാനവും തമ്മിലുള്ള) വിടവു പൂജ്യമായി കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

 

പരിപാടിയില്‍, 5200 കോടിയിലധികം രൂപ ചെലവുള്ള എന്‍ടിപിസിയുടെ വിവിധ ഹരിത ഊര്‍ജ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. തെലങ്കാനയില്‍ 100 മെഗാവാട്ടിന്റെ രാമഗുണ്ടം ഒഴുകുന്ന സൗരോര്‍ജപദ്ധതിയും കേരളത്തിലെ 92 മെഗാവാട്ടിന്റെ കായംകുളം ഒഴുകുന്ന സൗരോർജ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. രാജസ്ഥാനില്‍ 735 മെഗാവാട്ടിന്റെ നോഖ് സൗരോര്‍ജ പദ്ധതി, ലേയിൽ ഹരിത ഹൈഡ്രജന്‍ ചലനാത്മകത (ഗ്രീന്‍ ഹൈഡ്രജന്‍ മൊബിലിറ്റി) പദ്ധതി, ഗുജറാത്തിലെ കവാസില്‍ പ്രകൃതിവാതകത്തിനൊപ്പം ഹരിത ഹൈഡ്രജന്‍ മിശ്രണം പദ്ധതി എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

 

ഇന്ത്യയിലെ ഏറ്റവും വലിയ ഒഴുകുന്ന സൗരോര്‍ജ പിവി പദ്ധതിയാണു രാമഗുണ്ടത്തെ 4.5 ലക്ഷം 'മെയ്ഡ് ഇന്‍ ഇന്ത്യ' സൗരോര്‍ജ പിവി (ഫോട്ടോവോളറ്റൈല്‍) മൊഡ്യൂളുകളുള്ള പദ്ധതി. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 3 ലക്ഷം മെയ്ഡ് ഇന്‍ ഇന്ത്യ സോളാര്‍ പിവി പാനലുകള്‍ അടങ്ങുന്ന കായംകുളത്തേതാണു രണ്ടാമത്തെ ഏറ്റവും വലിയ ഒഴുകുന്ന സൗരോർജ പിവി പദ്ധതി.

 

രാജസ്ഥാനിലെ ജയ്സാല്‍മീറിലെ നോഖിലെ 735 മെഗാവാട്ട് സോളാര്‍ പിവി പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ഉള്ളടക്ക ആവശ്യകത അടിസ്ഥാനമാക്കി ഒരൊറ്റ സ്ഥലത്ത് 1000 മെഗാവാട്ട് പവര്‍ ഉള്ള ട്രാക്കര്‍ സംവിധാനത്തോടുകൂടിയ ഉയര്‍ന്ന വാട്ടേജ് ഗുണഭോക്തൃ പിവി മൊഡ്യൂള്‍ സംവിധാനമുള്ള സൗരോര്‍ജ പദ്ധതിയാണ്. ലഡാക്കിലെ ലേയിലെ ഗ്രീന്‍ ഹൈഡ്രജന്‍ മൊബിലിറ്റി (ഹരിത ഹൈഡ്രജന്‍ ചലനക്ഷമത) പദ്ധതി ലേയിലും പരിസരത്തും അഞ്ച് ഇന്ധനസെല്‍ ബസുകള്‍ ഓടിക്കാന്‍ ലക്ഷ്യമിടുന്ന പൈലറ്റ് പദ്ധതിയാണ്. ഇന്ത്യയില്‍ പൊതു ഉപയോഗത്തിനായി ഇന്ധനസെല്‍ വൈദ്യുതവാഹനങ്ങളുടെ ആദ്യ വിന്യാസമാണ് ഈ പരീക്ഷണ പദ്ധതി. എന്‍ടിപിസി കവാസ് ടൗണ്‍ഷിപ്പിലെ ഹരിത ഹൈഡ്രജന്‍ മിശ്രണം പൈലറ്റ് പദ്ധതി‌ പ്രകൃതിവാതകത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹരിത ഹൈഡ്രജന്‍ മിശ്രണ പദ്ധതി ആയിരിക്കും.

 

പുരപ്പുറ സൗരോർജ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പ്രക്രിയയിലെ അപേക്ഷാരജിസ്‌ട്രേഷന്‍ മുതല്‍ പ്ലാന്റിന്റെ സ്ഥാപനത്തിനും പരിശോധനയ്ക്കും ശേഷം റസിഡന്‍ഷ്യല്‍ ഉപഭോക്താക്കള്‍ക്കു തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ സബ്സിഡി ലഭിക്കുന്നതുവരെയുള്ള എല്ലാ ഓണ്‍ലൈന്‍ പിന്തുടരലും പ്രാപ്തമാക്കുന്ന ദേശീയ പുരപ്പുറ സൗരോര്‍ജ പോര്‍ട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 25 മുതല്‍ 30 വരെയാണ് ഉജ്വല്‍ ഭാരത് ഉജ്വൽ ഭവിഷ്യ - പവര്‍ @ 2047. രാജ്യത്തുടനീളം സംഘടിപ്പിക്കപ്പെട്ട ഇത്, കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ വൈദ്യുതി മേഖലയില്‍ കൈവരിച്ച പരിവര്‍ത്തനത്തിന്റെ പ്രദര്‍ശനമാണ്. ഗവണ്‍മെന്റിന്റെ ഊര്‍ജസംബന്ധിയായ വിവ‌ിധ മുന്‍കൈകളിലും പദ്ധതികളിലും പരിപാടികളിലും തങ്ങളുടെ അവബോധവും പങ്കാളിത്തവും മെച്ചപ്പെടുത്തി പൗരന്മാരെ ശാക്തീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

center>
***
DS/AK -ND-

(Release ID: 1846501) Visitor Counter : 177