പ്രധാനമന്ത്രിയുടെ ഓഫീസ്‌

സബര്‍കാന്തയിലെ സബര്‍ ഡയറിയില്‍ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 28 JUL 2022 5:26PM by PIB Thiruvananthpuram

ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്!

ജനപ്രിയനും മൃദുഭാഷിയുമായ ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, പാര്‍ലമെന്റിലെ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനും ഗുജറാത്ത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റുമായ ശ്രീ സി.ആര്‍. പാട്ടീല്‍, ഗുജറാത്ത് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ജേതാഭായി, ഗുജറാത്ത് മന്ത്രിമാരെ, എം.എല്‍.എമാരെ, എംപിമാരെ, സബര്‍ ഡയറിയുടെ ഭാരവാഹികളെ, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കര്‍ഷകരെ, സഹോദരീസഹോദരന്മാരെ!

ഇന്ന് സബര്‍ ഡയറി കൂടുതല്‍ വിപുലീകരിച്ചു. കോടിക്കണക്കിന് രൂപയുടെ പുതിയ പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. പാല്‍പ്പൊടി പ്ലാന്റിനും എ-സെപ്റ്റിക് പാക്കിംഗ് വിഭാഗത്തിനും ആധുനിക സാങ്കേതിക വിദ്യയില്‍ ഒരു സംവിധാനംകൂടി വരുന്നതോടെ സബര്‍ ഡയറിയുടെ ശേഷി ഇനിയും വര്‍ധിക്കും. ഇന്ന് തറക്കല്ലിട്ട പുതിയ പ്ലാന്റ് സബര്‍ ഡയറിയുടെ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. സബര്‍ ഡയറിയെയും ഈ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ കര്‍ഷക സഹോദരങ്ങളെയും, ചെയര്‍മാനെയും ഡയറിയുടെ എല്ലാ ഡയറക്ടര്‍മാരെയും ഞാന്‍ അഭിനന്ദിക്കുകയും എന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നു.

സബര്‍ ഡയറിയുടെ കാര്യം വരുമ്പോള്‍, ഭുഭായിയെ ഓര്‍ക്കാതെ അത് അപൂര്‍ണ്ണമായിരിക്കും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭുഭായി പട്ടേല്‍ ആരംഭിച്ച ഈ സംരംഭം ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സഹായകമാണ്. ഇവിടെ വരുമ്പോള്‍ സബര്‍കാന്ത പഴയതു പോലെ തുടരുകയാണെന്നു തോന്നും. എന്നാല്‍ ഓരോ ദിവസവും പുതിയ എന്തെങ്കിലും സംഭവിക്കുന്നതായി കാണാം. ഞാന്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു ഭാഗവും സബര്‍കാന്തയില്‍ ഇല്ല. സബര്‍കാന്ത സന്ദര്‍ശിക്കുമ്പോള്‍ എല്ലാം സജീവമാകുന്നു. ഒരാള്‍ ബസ് സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍, ഖേര്‍, ഖേര്‍, ഖേര്‍ - വദാലി, വദാലി, വദാലി, ഖേര്‍-വദാലി, ഖേര്‍-ഭിലോഡ എന്ന് ഉറക്കെ പറയുന്നതു കേള്‍ക്കാം. ഞാന്‍ സബര്‍കാന്ത സന്ദര്‍ശിക്കുമ്പോഴെല്ലാം ഈ ശബ്ദം എന്റെ കാതുകളില്‍ അലയടിക്കുന്നു. ഞാന്‍ ഇവിടെ വരുമ്പോഴെല്ലാം എന്റെ പല സുഹൃത്തുക്കളുടെയും ഓര്‍മ്മകള്‍ സജീവമാണ്. എന്റെ ചില സുഹൃത്തുക്കളുടെ മരണത്തില്‍ ദുഃഖമുണ്ട്. ശ്രീറാം സംഖ്ല, ജയേന്ദ്ര സിംഗ്ഭായ് റാത്തോഡ്, എസ്.എം. ഖാന്ത്, ധിമന്ത് പട്ടേല്‍, എന്റെ സഹോദരന്‍ ഗജാനന്ദ് പ്രജാപതി, വിനോദ് ഖില്‍ജിഭായ്- എത്രയോ പഴയ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഇന്നും അവരുടെ മുഖം എന്റെ മുന്നില്‍ മിന്നിത്തിളങ്ങുന്നു. അത് വാല്‍ജിഭായ്, പ്രവീണ്‍ സിംഗ് ദിയോറ, അല്ലെങ്കില്‍ മൊദാസയിലെ രാജബലി എന്നിവരൊക്കെയാവട്ടെ, അവരുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നതിനാല്‍ നിരവധി ആളുകളുടെയും നിരവധി കുടുംബാംഗങ്ങളുടെയും ഓര്‍മ്മകള്‍ എന്നെ വേട്ടയാടുന്നു. ദയാഭായ് ഭട്ട്, മുല്‍ജിഭായ് പര്‍മര്‍ എന്നിങ്ങനെ വളരെയധികം ആദരിക്കപ്പെടുന്നവരും അത്തരത്തിലുള്ള നിരവധി മുതിര്‍ന്നവരും സുഹൃത്തുക്കളും ഉണ്ടായിട്ടുണ്ട്. അവരില്‍ പലരുടെയും കൂടെ ഞാന്‍ ജോലി ചെയ്തു. ഈ സ്ഥലം സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുമ്പോഴെല്ലാം ഞാന്‍ പലപ്പോഴും രാംനീക്ഭായിയെ കാണുമായിരുന്നു. മറ്റു പല കുടുംബങ്ങളെയും ഞാന്‍ കാണുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങളെല്ലാവരും എന്നെ വലിയ ഉത്തരവാദിത്തം എല്‍പിച്ചിരിക്കുന്നതിനാല്‍ പഴയ കാലത്തെ ഓര്‍ത്ത് ആസ്വദിക്കാന്‍ മാത്രമേ സാധിക്കുന്നുള്ളൂ.

സുഹൃത്തുക്കളെ,
രണ്ട് പതിറ്റാണ്ട് മുമ്പ് ഇവിടെയുണ്ടായിരുന്ന അവസ്ഥയെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി അറിയാം. ഞാനും അത് കണ്ടിട്ടുണ്ട്. ഇന്ന്, ഗുജറാത്തിന്റെ പല ഭാഗങ്ങളിലും അമിതമായ മഴയുടെ പ്രശ്‌നം നാം അഭിമുഖീകരിക്കുകയാണ്. ഒരു ഗുജറാത്തിയെ സംബന്ധിച്ചിടത്തോളം മഴ ഒരു വലിയ സന്തോഷവും സംതൃപ്തിയും ആണ്. അത് സംസ്ഥാനത്തിന് പുറത്തുള്ള ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അഞ്ചും പത്തും വര്‍ഷമായി ഇവിടെ ക്ഷാമമുണ്ട്, ആളുകള്‍ മഴയ്ക്കായി കൊതിക്കുന്നു. കനത്ത മഴ ഇവിടെ ആളുകളെ വികാരഭരിതരാക്കുന്നു. ക്ഷാമകാലത്ത് ഒരു വിളയും സാധ്യമല്ല. കാലിത്തീറ്റ ലഭിക്കുന്നത് വലിയ വെല്ലുവിളിയായതിനാല്‍ മൃഗസംരക്ഷണത്തിനും പ്രശ്നമുണ്ട്. ആളുകള്‍ തങ്ങളുടെ കുട്ടികളെ നഗരങ്ങളിലേക്ക് അയക്കാനും അവരുടെ ജീവിതകാലം മുഴുവന്‍ ഗ്രാമങ്ങളില്‍ ചെലവഴിക്കാനും ഇഷ്ടപ്പെടുന്ന നാളുകള്‍ നാം കണ്ടു. നിങ്ങളുടെ സഹകരണത്താലും അചഞ്ചലമായ വിശ്വാസത്താലും ഈ സാഹചര്യം മാറ്റാന്‍ ആ സമയത്ത് ഞാന്‍ തീരുമാനിച്ചു. ഗുജറാത്തില്‍ ജലസേചന സൗകര്യങ്ങള്‍ വികസിച്ചതോടെ, കൃഷിയിലും മൃഗസംരക്ഷണത്തിലും ക്ഷീരോല്‍പാദനത്തിലും നാം വലിയ പുരോഗതി കൈവരിച്ചു. ക്ഷീരോല്‍പാദനം സമ്പദ്വ്യവസ്ഥയ്ക്ക് സ്ഥിരതയും സുരക്ഷിതത്വവും നല്‍കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. സഹോദരിമാരോടൊപ്പം ഇരിക്കുമ്പോള്‍ ഞാന്‍ അവരുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. എങ്ങനെയുണ്ട്, എത്ര ലാഭമുണ്ട് എന്ന് ഞാന്‍ അവരോട് ചോദിച്ചു. ലാഭം കൊണ്ട് എന്താണ് ചെയ്യുന്നത് എന്നു ചോദിച്ചപ്പോള്‍ സ്വര്‍ണം വാങ്ങുന്നു അവര്‍ പറഞ്ഞു. അവര്‍ ആദ്യം ചെയ്യുന്നത് സ്വര്‍ണ്ണം വാങ്ങുക എന്നതാണ്.

സുഹൃത്തുക്കളെ,
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുകയും മൃഗസംരക്ഷണ മേളകള്‍ ആരംഭിക്കുകയും ചെയ്ത രാജ്യത്തെ ഒരു സംസ്ഥാനമാണ് ഗുജറാത്ത്. മൃഗങ്ങളുടെ തിമിര ചികില്‍സയും ദന്തചികിത്സയും വരെ നാം ശ്രദ്ധിച്ചു. മൃഗാരോഗ്യ മേളകളില്‍ പശുക്കളുടെ ശസ്ത്രക്രിയയില്‍ 15 മുതല്‍ 20 വരെ കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അവയുടെ വയറ്റില്‍ നിന്ന് പുറത്തുവരുന്നത് നിങ്ങള്‍ക്കറിയാമല്ലോ. അത് ആളുകളെ കണ്ണീരിലാഴ്ത്തും. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയാനുള്ള പ്രചരണം ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് നമ്മുടെ മൃഗങ്ങളുടെ ശത്രുവാണ്. മറുവശത്ത്, മൃഗങ്ങളെ പരിപാലിക്കുന്നതിലൂടെ അവയ്ക്ക് നല്ല പോഷണം ലഭ്യമാക്കാന്‍ ശ്രമിക്കുകയും വേണം. ഇന്ന് എന്റെ സഹോദരിമാര്‍ എന്നോട് വളരെ സന്തോഷകരമായ ഒരു കാര്യം പങ്കിട്ടു. ഇതിന് വളരെ കുറച്ച് പ്രചരണം മാത്രമേ ലഭിച്ചിട്ടുള്ളൂ. മൃഗങ്ങള്‍ക്ക് അസുഖം വരുമ്പോള്‍ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് സുഖപ്പെടുത്തുമെന്ന് അവര്‍ എന്നോട് പറഞ്ഞു. അതായത്, മൃഗങ്ങളുടെ രോഗശാന്തിക്കുള്ള നമ്മുടെ പരമ്പരാഗത സ്വാഭാവിക പാരമ്പര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുന്നു. ആയുര്‍വേദ മരുന്നുകളുടെ സഹായത്തോടെ മൃഗങ്ങളുടെ ചികിത്സയില്‍ സഹായിച്ച ഗുജറാത്തിലെ ക്ഷീരമേഖലയിലെ ജനങ്ങളെയും സബര്‍ ഡയറിയെയും ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

2001ല്‍ ഞാന്‍ ഇവിടെ അധികാരമേറ്റപ്പോള്‍ അത്താഴസമയത്ത് വൈദ്യുതി നല്‍കണമെന്ന് ആളുകള്‍ എന്നോട് ആവശ്യപ്പെടുമായിരുന്നു. ഗുജറാത്തില്‍ വൈകുന്നേരം വൈദ്യുതി ഉണ്ടായിരുന്നില്ല. നാം ജ്യോതിഗ്രാം യോജനയുടെ പ്രചാരണം ആരംഭിച്ചു. ഇന്ന്, 20-22 വയസ്സുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇരുട്ട് എന്ന് പറയുന്നത് എന്താണെന്നുപോലും അറിയില്ല. ഞങ്ങള്‍ ഗുജറാത്തില്‍ ജ്യോതിഗ്രാം പദ്ധതി ആരംഭിച്ചു. ജ്യോതിഗ്രാം പദ്ധതി ഗുജറാത്തിലെ വീടുകളില്‍ മാത്രമല്ല ടിവികളിലും വെളിച്ചം കൊണ്ടുവന്നു. ഗ്രാമങ്ങളില്‍ ശീതീകരിച്ച പാല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിച്ചു, ഇതുവഴി പാലിന്റെ ശേഖരണം വര്‍ദ്ധിക്കുകയും പാല്‍ കേടാകുന്നത് അവസാനിക്കുകയും ചെയ്തു. വാനുകളില്‍ പുതിയ പാല്‍ കൊണ്ടുവരുന്നതുവരെ പാല്‍ ശീതീകരണ കേന്ദ്രങ്ങളില്‍ സുരക്ഷിതമായിരുന്നു. അതോടെ നഷ്ടവും കുറഞ്ഞുതുടങ്ങി. അതിനു കാരണം  വൈദ്യുതിയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗുജറാത്തില്‍ വികസിപ്പിച്ചെടുത്ത സംവിധാനങ്ങള്‍ ഇന്ന് മികച്ച ഫലം നല്‍കുന്നു. ഇന്ന് ഗുജറാത്തിലെ ക്ഷീരവിപണി ഒരു ലക്ഷം കോടി രൂപയിലെത്തി.

സുഹൃത്തുക്കളെ,
2007ലും 2011ലും ഞാന്‍ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍, ക്ഷീര മേഖലയിലെ എന്റെ സുഹൃത്തുക്കളുമായി സംസ്‌കരണ പ്ലാന്റുകളെ കുറിച്ച് സംസാരിച്ചത് ഞാന്‍ ഓര്‍ക്കുന്നു. സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. പാല്‍ കമ്മിറ്റികളില്‍ സ്ത്രീകള്‍ക്ക് മുമ്പ് ജോലി കുറവായിരുന്നു. എന്നാല്‍ ഇന്ന് ആ കമ്മിറ്റികളില്‍ കുറഞ്ഞത് മൂന്ന് വനിതാ എക്‌സിക്യൂട്ടീവുകളെങ്കിലും ഉണ്ടെന്നതിലും ചിലയിടങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി എന്നതിലും എനിക്ക് സന്തോഷമുണ്ട്. അന്ന് ഞങ്ങള്‍ ഗുജറാത്തില്‍ ഒരു നിയമം ഉണ്ടാക്കിയിരുന്നു. ഇന്ന് കണ്ടുമുട്ടിയ സഹോദരിമാരോടും ഞാന്‍ അതേക്കുറിച്ച് അന്വേഷിച്ചു. പാല്‍ വാങ്ങാന്‍ വരുന്നവര്‍ ആ പണം സ്ത്രീകള്‍ക്ക് മാത്രം നല്‍കണമെന്നും പുരുഷന്‍മാര്‍ക്ക് നല്‍കരുതെന്നും അന്ന് ഞാന്‍ ചട്ടം വെച്ചിരുന്നു. പണം സ്ത്രീകളുടെ കൈകളില്‍ എത്തിയാല്‍ കൂടുതല്‍ നന്നായി വിനിയോഗിക്കും. അത് കുടുംബത്തിന്റെ പുരോഗതിക്കും മൃഗങ്ങളുടെ ക്ഷേമത്തിനും വേണ്ടിയായിരിക്കും ഉപയോഗിക്കുന്നത്. ഇന്ന് ഗുജറാത്തില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് പാലിന്റെ കൂലി ലഭിക്കുന്നത്. അതിന്റെ ഫലമായി എന്റെ സ്ത്രീകളും സഹോദരിമാരും അമ്മമാരും ശാക്തീകരിക്കപ്പെട്ടു.

ഗുജറാത്തില്‍ സഹകരണത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ പാരമ്പര്യമുണ്ട്. സഹകരണ സംഘങ്ങള്‍ കൊണ്ട് മാത്രമാണ് അഭിവൃദ്ധി ഉണ്ടാകുന്നത്. ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ വിജയം മറ്റ് കാര്‍ഷിക മേഖലകളിലേക്കും ഞങ്ങള്‍ വ്യാപിപ്പിക്കുകയാണ്. 10,000 ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ) സ്ഥാപിക്കാന്‍ ഞങ്ങള്‍ അതിവേഗം പ്രവര്‍ത്തിക്കുന്നു. ചെറുകിട കര്‍ഷകര്‍ക്ക് ഈ എഫ്പിഒകളുടെ സഹായത്തോടെ ഭക്ഷ്യ സംസ്‌കരണവും മൂല്യവുമായി ബന്ധപ്പെട്ട കയറ്റുമതി, വിതരണ ശൃംഖലകളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയും. ഗുജറാത്തിലെ എന്റെ കര്‍ഷക സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും ഇത് ഏറെ ഗുണം ചെയ്യും.

സഹോദരീ സഹോദരന്മാരേ,
കഴിഞ്ഞ എട്ട് വര്‍ഷമായി കേന്ദ്രഗവണ്‍മെന്റ് നടത്തിയ ശ്രമങ്ങള്‍ ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ വരുമാനം വര്‍ധിക്കാന്‍ കാരണമായി. ഹോര്‍ട്ടികള്‍ച്ചര്‍, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ചു. ഏറ്റവും പ്രധാനമായി, ഏറ്റവും ദരിദ്രരായ ഭൂരഹിതരായ കര്‍ഷകര്‍ അവരുടെ വരുമാനത്തില്‍ ഏറ്റവും ഉയര്‍ന്ന വര്‍ദ്ധനവ് നേടിയെടുത്തു. അതുപോലെ, ചെറിയ അളവു ഭൂമിയുള്ള കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിച്ചു. ഒരു വിധത്തില്‍, വിളകള്‍ വിതയ്ക്കുന്നത്ിനു പുറമെ മറ്റ് വരുമാന മാര്‍ഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക എന്ന തന്ത്രം ഇന്ന് സഹായകമാണ്.

ഖാദി, ഗ്രാമവ്യവസായങ്ങളും ഇതിന് ഉത്തമ ഉദാഹരണമാണ്. ഖാദി, ഗ്രാമവ്യവസായങ്ങളുടെ വിറ്റുവരവ് ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഈ മേഖലയിലെ ഗ്രാമങ്ങളില്‍ ഒന്നര കോടിയിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതാണു കാരണം. അതുപോലെ, 2014-ന് മുമ്പുള്ള 7-8 വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ തേന്‍ ഉല്‍പാദനം വര്‍ദ്ധിച്ചു. കര്‍ഷകര്‍ക്ക് പെട്ടികള്‍ നല്‍കി സബര്‍കാന്തയിലുടനീളമുള്ള തേന്‍ ഉല്‍പാദനത്തിനായി തങ്ങളും തയ്യാറെടുക്കുന്നതായി സബര്‍ ഡയറിയിലുള്ളവര്‍ എന്നോട് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തേന്‍ ഉല്‍പ്പാദനം ഏകദേശം ഇരട്ടിയോളം വര്‍ധിക്കും. മറ്റൊരു നേട്ടമുണ്ട്. വയലില്‍ ഒരു തേനീച്ചയുണ്ടെങ്കില്‍, ഒരു കര്‍ഷകത്തൊഴിലാളിയെപ്പോലെ അത് നിങ്ങളുടെ കൂട്ടാളിയായി പ്രവര്‍ത്തിക്കുന്നു. കൃഷിക്ക് തേനീച്ച പൂരകമാണ്.

മാത്രമല്ല, ഇന്ന് പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് 10 ശതമാനത്തിലേറെയാണ്. എങ്ങനെയാണ് ഈ എഥനോള്‍ നിര്‍മ്മിക്കുന്നത്? കരിമ്പ്, ചോളം എന്നിവയില്‍ നിന്നാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതുവരെ ഗള്‍ഫില്‍ നിന്നാണ് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോള്‍ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കാന്‍ ഉമി ഉപയോഗിക്കുന്നു. ഇതിലൂടെ നമ്മുടെ വിഭവങ്ങള്‍ മാത്രമല്ല, പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്നു. 2014 വരെ രാജ്യത്ത് 40 കോടി ലിറ്ററില്‍ താഴെ മാത്രമേ എഥനോള്‍ കലര്‍ന്നിട്ടുള്ളൂ. ഇന്നത് 400 കോടി ലിറ്ററാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരു പ്രത്യേക പ്രചരണം നടത്തി 3 കോടിയിലധികം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും നമ്മുടെ ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ആദ്യമായാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കിയത്.

സഹോദരീ സഹോദരന്മാരേ,
വേപ്പ് പൂശിയ യൂറിയ വിതരണം ചെയ്യുക, അടച്ചുപൂട്ടിയ വളം ഫാക്ടറികള്‍ പുനരാരംഭിക്കുക, നാനോ വളങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ നടപടികളിലൂടെ കൃഷിച്ചെലവ് കുറയ്ക്കാന്‍ നാം നിരന്തരം ശ്രമിക്കുന്നു.  ചാക്കുകളിലുള്ള വളത്തില്‍ന നിന്ന് വ്യത്യസ്തമായി, നാനോ വളങ്ങള്‍ ഒരു കുപ്പിയില്‍ വരുന്നു. എന്നാല്‍, ഒരുപോലെ ഉപയോഗപ്രദവുമാണ്. കുറഞ്ഞ പ്രയത്‌നത്തില്‍ അത് കൂടുതല്‍ ലാഭകരമാണ്. ഇന്ന് നാനോ വളം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, യൂറിയയുടെ വില ലോകമെമ്പാടും പലമടങ്ങ് വര്‍ദ്ധിച്ചു, പക്ഷേ രാജ്യത്തെ കര്‍ഷകര്‍ക്ക് ഈ ഭാരം ഞങ്ങള്‍ വരുത്തിവെച്ചിട്ടില്ല. വളം ഇറക്കുമതി ചെയ്യണം. പെട്ടെന്ന് വില പലമടങ്ങ് വര്‍ദ്ധിച്ചു. എന്നാല്‍ ഈ ഭാരം നമ്മുടെ കര്‍ഷകരുടെമേല്‍ വീഴാന്‍ ഡല്‍ഹിയിലെ നിങ്ങളുടെ ഈ ഗവണ്‍മെന്റ് അനുവദിച്ചില്ല. അതിന്റെ ഭാരം ഇന്ന് കേന്ദ്ര ഗവണ്‍മെന്റ് വഹിക്കുകയാണ്. 50 കിലോ യൂറിയയുടെ ഒരു ചാക്കിനു ഗവണ്‍മെന്റ് ചെലവിടുന്നത് 3500 രൂപയാണ്. എത്ര? ഒരു ചാക്കിന് 3500 രൂപയാണ് വില. എത്ര? 3,500 രൂപ! കര്‍ഷകരില്‍ നിന്ന് ഗവണ്‍മെന്റ് ഈടാക്കുന്നത് എത്രയാണ്? 300 രൂപ മാത്രം! 3,500 രൂപ വിലയുള്ള ചാക്ക് എന്റെ കര്‍ഷക സഹോദരങ്ങള്‍ക്ക് ഭാരമാകരുത്. അതിനാല്‍ രാജ്യത്തുടനീളം 300 രൂപയ്ക്കാണ് ഇത് നല്‍കുന്നത്. നേരത്തെ 50 കിലോഗ്രാം ഡിഎപിക്ക് 500 രൂപയായിരുന്നു ഗവണ്‍മെന്റിനുള്ള ഭാരം. ഇന്ന് ലോകത്ത് വിലക്കയറ്റം മൂലം 2500 രൂപയുടെ ഭാരമാണ് ഗവണ്‍മെന്റിന് വഹിക്കേണ്ടി വരുന്നത്. എന്നാല്‍ കര്‍ഷകര്‍ ഈ ഭാരം താങ്ങേണ്ടിവരുന്ന സാഹചര്യം ഞങ്ങള്‍ സൃഷ്ടിക്കുന്നില്ല.

സുഹൃത്തുക്കളെ
ഈ പദ്ധതികളുടെയെല്ലാം ഗുണം ഗുജറാത്തിലെ കര്‍ഷകര്‍ക്കും ലഭിക്കുന്നുണ്ട്. വര്‍ഷങ്ങളായി അരവള്ളിയിലെ 50,000-ത്തിലധികം കര്‍ഷകരുടെ വയലുകള്‍ മൈക്രോ ഇറിഗേഷന്‍ സൗകര്യങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. അര്‍വല്ലി ജില്ലയിലെ കര്‍ഷക സഹോദരങ്ങളെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 100% ഡ്രിപ്പ് ഇറിഗേഷന്‍ ഉപയോഗിച്ച് കര്‍ഷകര്‍ തങ്ങളുടെ ഭൂമിയില്‍ നനയ്ക്കുന്ന നിരവധി ഗ്രാമങ്ങള്‍ ഇന്ന് ആരവല്ലിയിലുണ്ട്. നേരത്തെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തവിധം സുജലം-സുഫലം പദ്ധതി മൂലം സബര്‍കാന്തയിലെ പല താലൂക്കുകളിലും വെള്ളം എത്തിയിട്ടുണ്ട്. ഹത്മതി കനാലിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതി പൂര്‍ത്തീകരിച്ചത് പ്രദേശത്തിന്റെ മുഴുവന്‍ സൗന്ദര്യവും വര്‍ധിപ്പിച്ചു. നഗരങ്ങളിലെ വെള്ളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഹര്‍ ഘര്‍ ജല്‍ അഭിയാന് കീഴില്‍ കോടിക്കണക്കിന് രൂപയും ചെലവഴിക്കുന്നുണ്ട്.

സുഹൃത്തുക്കളെ,
ഇന്ന്, സബര്‍കാന്തയിലും അതിന്റെ പരിസര പ്രദേശങ്ങളിലും അഭൂതപൂര്‍വമായ കണക്റ്റിവിറ്റി അടിസ്ഥാനസൗകര്യമുണ്ട്. 150 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയായ ഷംലാജി-മോദസ റോഡ് ദക്ഷിണ ഗുജറാത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഇത് സബര്‍കാന്തയെ ദക്ഷിണ, മധ്യ ഗുജറാത്തുമായി ബന്ധിപ്പിക്കും. തല്‍ഫലമായി, ഖേദ്ബ്രഹ്മ, മേഘ്രാജ്, മാല്‍പൂര്‍, ഭിലോദ എന്നിങ്ങനെയുള്ള മുഴുവന്‍ ഗോത്രമേഖലയും അതിവേഗം വികസന നേട്ടം പങ്കുവെക്കുന്നു. ഹിമ്മത്‌നഗര്‍ മുതല്‍ ഖേദ്ബ്രഹ്മ വരെയുള്ള ബ്രോഡ്‌ഗേജ് പാതയുടെ പണി അതിവേഗം പുരോഗമിക്കുകയാണ്. സഹോദരീ സഹോദരന്മാരേ, ഹിമ്മത്നഗറില്‍ നിന്ന് മെഹ്സാനയിലേക്ക് പോകേണ്ടിവന്നാല്‍ നിങ്ങള്‍ ഏഴു തവണ ചിന്തിച്ചിരുന്നതായി നിങ്ങള്‍ ഓര്‍ക്കും. മുമ്പ് മണിക്കൂറുകളെടുത്തിരുന്നു, എന്നാല്‍ ഇപ്പോള്‍ പുതിയ റോഡുകളുടെ നിര്‍മ്മാണം കാരണം, നിങ്ങള്‍ മൂന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരുന്നു. ഹിമ്മത്നഗര്‍, മെഹ്സാന, വിജാപൂര്‍ എന്നിവിടങ്ങളില്‍ നിങ്ങള്‍ വേഗത്തില്‍ എത്തിച്ചേരുന്നു.

ഹിമ്മത് നഗര്‍ മുതല്‍ അംബാജി വരെയാണ് നാലുവരിപ്പാത നിര്‍മ്മിച്ചത്. വടക്കന്‍ ഗുജറാത്ത്, ദക്ഷിണ ഗുജറാത്ത് അല്ലെങ്കില്‍ മധ്യ ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് മദര്‍ അംബ സന്ദര്‍ശിക്കുന്ന എല്ലാ ആളുകളും ഈ വഴിയാണ് പോകുന്നത്. അതായത്, ഈ പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ക്കും അവരുടെ ഉപജീവനമാര്‍ഗം ലഭിക്കുന്നു. ഇപ്പോള്‍ ഷംലാജി മുതല്‍ അഹമ്മദാബാദ് വരെ ആറുവരിപ്പാതയാക്കുന്നതിനുള്ള ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. 1300 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഹിമ്മത്നഗറിലെ മെഡിക്കല്‍ കോളേജ് വലിയ സഹായമായി മാറിയെന്ന് നിങ്ങള്‍ക്കറിയാം. നാം വളരെ അനുഗൃഹീതരാണ്.

സുഹൃത്തുക്കളെ,
കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുമ്പോള്‍ വിനോദസഞ്ചാരത്തിന് വളരെയധികം പ്രയോജനം ലഭിക്കുകയും നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും. വിശ്വാസങ്ങളും ഗോത്ര പാരമ്പര്യവും പ്രകൃതി പരിസ്ഥിതിയും നിറഞ്ഞ സ്ഥലങ്ങളാണ് സബര്‍കാന്തയും ബനസ്‌കാന്തയും. ഷംലാജി ക്ഷേത്രം പുതുക്കിപ്പണിയാനുള്ള ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഇന്ന് അവിടെ പോകുന്നവര്‍ ഷംലാജിയുടെ അവസ്ഥ അറിയുകയില്ല. ഈ പ്രദേശത്ത് നടക്കുന്ന വികസനം കാരണം, വിനോദസഞ്ചാരികളുടെ എണ്ണവും ഉപജീവനത്തിനുള്ള അവസരങ്ങളും വര്‍ദ്ധിക്കുന്നു.

സഹോദരീ സഹോദരന്മാരേ,
രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം തികയാന്‍ പോകുന്ന സമയത്താണ് ഞാന്‍ സബര്‍കാന്തയില്‍ വന്നത്, സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതവര്‍ഷത്തില്‍ പല്ചിതാരിയ ആദിവാസി കൂട്ടക്കൊലയ്ക്കും 100 വര്‍ഷം തികയുകയാണ്. ആദിവാസി നായകന്‍ മോത്തിലാല്‍ തേജാവത് ജിയുടെ നേതൃത്വത്തില്‍ ആദിവാസി സമൂഹങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തു. ആദിവാസികളെ കൂട്ടക്കൊല ചെയ്ത ബ്രിട്ടീഷുകാരെ സബര്‍കാന്തയിലെ ജനങ്ങള്‍ വിറളി പിടിപ്പിച്ചു. പക്ഷേ, നിര്‍ഭാഗ്യവശാല്‍, സ്വാതന്ത്ര്യാനന്തരം ഈ സംഭവം മറന്നുപോയി. ആദിവാസി സമൂഹത്തിന്റെ ത്യാഗങ്ങള്‍ വരും തലമുറയ്ക്ക് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചത് എന്റെ ഭാഗ്യമാണ്. അതുകൊണ്ടാണ് പാല്‍ചിത്താരിയ രക്തസാക്ഷി സ്മാരകം നവീകരിക്കുന്നതില്‍ നാം വിജയിച്ചത്. ആ അനശ്വര ത്യാഗങ്ങളുടെ പ്രചോദനം ഉള്‍ക്കൊണ്ട് ഇന്ന് ഷഹീദ് സ്മൃതി വാന്‍ പുതുതലമുറയ്ക്ക് ദേശസ്‌നേഹത്തിന്റെ പാത കാണിച്ചുകൊടുക്കുകയാണ്.

സ്വാതന്ത്ര്യത്തിനുവേണ്ടി ഗോത്രവര്‍ഗ സമൂഹം നല്‍കിയ സംഭാവനകള്‍ക്ക് ദേശീയ അംഗീകാരം നേടിക്കൊടുക്കാന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ എനിക്ക് അവസരം ലഭിച്ചു എന്നതും എന്റെ ഭാഗ്യമാണ്. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15-ന് ജനജാതീയ ഗൗരവ് ദിവസായി ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നമ്മുടെ ഗവണ്‍മെന്റ് രാജ്യത്തുടനീളമുള്ള ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി പ്രത്യേക മ്യൂസിയങ്ങളും നിര്‍മ്മിക്കുന്നു.

സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ ഈ സുപ്രധാന ഘട്ടത്തില്‍ മറ്റൊരു സുപ്രധാന യാദൃശ്ചികത സംഭവിച്ചു. ഗോത്ര സമൂഹത്തില്‍ നിന്ന് വരുന്ന രാജ്യത്തിന്റെ മകള്‍ ഇതാദ്യമായാണ് ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിലെത്തുന്നത്. രാജ്യം ശ്രീമതിദ്രൗപതി മുര്‍മുവിനെ അതിന്റെ രാഷ്ട്രപതിയാക്കി. 130 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് ഇത് അഭിമാന നിമിഷമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നമ്മുടെ പൂര്‍വികര്‍ സ്വപ്നം കണ്ട സമ്പൂര്‍ണ്ണ ജനാധിപത്യം ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെടുകയാണ്.

സുഹൃത്തുക്കളെ,
ഇന്ന്, സബര്‍കാന്തയുടെ ഈ പുണ്യഭൂമിയില്‍ നിന്നുള്ള ഗുജറാത്തിലെ എല്ലാ ജനങ്ങളോടും രാജ്യക്കാരോടും ഞാന്‍ ഒരു അഭ്യര്‍ത്ഥന നടത്തുന്നു, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ആരംഭിക്കുന്നതായി നമ്മുടെ മുഖ്യമന്ത്രി സൂചിപ്പിച്ചു. ഓഗസ്റ്റ് 13 മുതല്‍ രാജ്യത്തെ എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തും. ഈ ത്രിവര്‍ണ പതാക സബര്‍കാന്തയിലും അര്‍വല്ലിയിലും ഗുജറാത്ത് മുഴുവനും ഉയര്‍ത്തിക്കൊണ്ടാണ് 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്ന ഈ പുണ്യ ദൃഢനിശ്ചയം നാം ഗുജറാത്തിലും രാജ്യത്താകെയും ഏറ്റെടുക്കേണ്ടത്.  രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം ചെയ്തവര്‍ നിങ്ങളുടെ വീട്ടില്‍ ത്രിവര്‍ണ്ണ പതാക പാറുന്നത് കാണുമ്പോള്‍ നിങ്ങളെ അനുഗ്രഹിക്കും.

ഇന്ന്, സബര്‍കാന്ത എനിക്ക് നല്‍കിയ ബഹുമാനവും ഒപ്പം എന്റെ വളരെയധികം അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹവുമാണ് എന്റെ ശക്തിയും ഊര്‍ജ്ജവും പ്രചോദനവും. നിങ്ങളുടെ അനുഗ്രഹങ്ങളോടെ, ഗുജറാത്ത് എനിക്ക് നല്‍കിയ മൂല്യങ്ങള്‍ക്കൊപ്പം ജനങ്ങളുടെ ക്ഷേമത്തിനായുള്ള ശ്രമങ്ങള്‍ ഞാന്‍ തുടരട്ടെ! ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും എത്തട്ടെ! നിങ്ങളുടെ അനുഗ്രഹമാണ് എന്റെ ഏറ്റവും വലിയ സമ്പത്ത്. സബര്‍ ഡയറിയുടെ തുടര്‍ച്ചയായ വിപുലീകരണത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രയത്‌നിക്കുന്ന മുഴുവന്‍ സംഘത്തോടും ഞാന്‍ അഗാധമായ നന്ദിയുള്ളവനാണ്. ഒത്തിരി നന്ദി. നിങ്ങളുടെ രണ്ടു കൈകളും ഉയര്‍ത്തി എന്നോട് ഉച്ചത്തില്‍ പറയുക:

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

ഭാരത് മാതാ കീ ജയ്!

നന്ദി!

-ND-



(Release ID: 1846391) Visitor Counter : 108