ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

75 ദിവസം - സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ അർഹരായ എല്ലാ മുതിർന്നവർക്കും സൗജന്യ കോവിഡ് കരുതൽ ഡോസ് നൽകുന്നതിനായി ‘കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവ’ നാളെ മുതൽ ആരംഭിക്കും

Posted On: 14 JUL 2022 5:25PM by PIB Thiruvananthpuram

75 ദിവസത്തേക്ക് - സർക്കാർ കോവിഡ് വാക്‌സിനേഷൻ സെന്ററുകളിൽ (സിവിസി) അർഹരായ എല്ലാ മുതിർന്നവർക്കും (18 വയസും അതിനുമുകളിലും) സൗജന്യ കരുതൽ ഡോസ് നൽകുന്നതിനായി ‘കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവ’ നാളെ (2022 ജൂലൈ 15) മുതൽ ആരംഭിക്കും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞം  'മിഷൻ മോഡിൽ' നടപ്പിലാക്കുന്നത്.

ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷന്റെ അധ്യക്ഷതയിൽ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായും NHM എംഡിമാരുമായും നടത്തിയ ഒരു വെർച്വൽ  യോഗത്തിൽ, അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകുകയും കരുതൽ ഡോസ് നൽകുകയും ചെയ്തുകൊണ്ട് സമ്പൂർണ്ണ കോവിഡ്-19 വാക്സിനേഷനിലേക്ക് എത്താൻ തീവ്രശ്രമം നടത്താൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു.

18 വയസും അതിനുമുകളിലും പ്രായമുള്ളവരിലും (8%), 60 വയസും അതിൽ കൂടുതലുമുള്ളവരിലും (27%) കരുതൽ ഡോസുകൾ സ്വീകരിച്ചവരുടെ എണ്ണത്തിലെ കുറവ് ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി എടുത്തുപറഞ്ഞു.

കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവ 2022 സെപ്റ്റംബർ 30 വരെ തുടരും. 18 വയസോ അതിനു മുകളിലോ പ്രായമുള്ളവരിൽ, 2-ാം ഡോസ് ലഭിച്ച തീയതി മുതൽ 6 മാസം (അല്ലെങ്കിൽ 26 ആഴ്ച) പൂർത്തിയാക്കിയ എല്ലാ വ്യക്തികളും കരുതൽ ഡോസിന് അർഹരായവരിൽ ഉൾപ്പെടുന്നു.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 75 ദിവസത്തേക്ക് ജന പങ്കാളിത്തത്തോടെ ‘കോവിഡ് വാക്സിനേഷൻ അമൃത് മഹോത്സവ' ക്യാമ്പുകൾ നടത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു.

വൻകിട ഓഫീസ് സമുച്ചയങ്ങൾ (പൊതു-സ്വകാര്യ), വ്യാവസായിക സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, അന്തർസംസ്ഥാന ബസ് സ്റ്റേഷനുകൾ, സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ പ്രത്യേക തൊഴിൽസ്ഥല വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. അത്തരം എല്ലാ പ്രത്യേക പ്രതിരോധ കുത്തിവെപ്പ്  ക്യാമ്പുകളിലും വാക്സിനേഷൻ, കോവിൻ പോർട്ടൽ മുഖേന ചെയ്യേണ്ടതും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും നൽകേണ്ടതുമാണ്.

സംരംഭം വിജയകരമായി നടപ്പിലാക്കുന്നതിന് ജില്ല/ബ്ലോക്ക്/സിവിസി തിരിച്ചുള്ള സെഷൻ പ്ലാനുകൾ തയ്യാറാക്കേണ്ടതുണ്ട്. അച്ചടി, ഇലക്‌ട്രോണിക്, സാമൂഹ്യ മാധ്യമങ്ങൾ, ബഹുജന മാധ്യമങ്ങൾ എന്നിവിടങ്ങളിൽ ഈ ഉദ്യമത്തിന്റെ വിപുലമായ പ്രചാരണം നടത്താൻ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. സംസ്ഥാന തലത്തിലുള്ള പുരോഗതിയുടെ പ്രതിവാര അവലോകനം നടത്തണമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

****



(Release ID: 1841591) Visitor Counter : 162