പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജൂലായ് നാലിന് ഭീമവാരവും ഗാന്ധിനഗറും സന്ദര്‍ശിക്കും


ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 125-ാം ജന്മവാര്‍ഷികാഘോഷം ആന്ധ്രാപ്രദേശിലെ ഭീമവാരത്ത്‌ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും

ഡിജിറ്റല്‍ ഇന്ത്യ വാരം- 2022 ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡിജിറ്റല്‍ ഇന്ത്യ വാരം് 2022-ന്റെ വിഷയം: പുതിയ ഇന്ത്യയുടെ ടെക്കാബ്ദത്തെ ഉത്തേജിപ്പിക്കുന്നു

'ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി', 'ഡിജിറ്റല്‍ ഇന്ത്യ ജെനസിസ്', 'ഇന്ത്യ സ്റ്റാക്ക്. ഗ്ലോബല്‍' എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ' എന്റെ പദ്ധതി' ', ' മേരി പെഹ്ചാന്‍' എന്നിവയും രാജ്യത്തിനു സമര്‍പ്പിക്കും.

ചിപ്പു മുതൽ സ്റ്റാർട്ട് അപ്പ് വരെ പരിപാടിക്കു പിന്തുണ നല്‍കുന്ന 30 സ്ഥാപനങ്ങളുടെ ആദ്യ കൂട്ടായ്മ പ്രധാനമന്ത്രി പ്രഖ്യാപിക്കും

Posted On: 01 JUL 2022 12:10PM by PIB Thiruvananthpuram

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലായ് 4-ന് ആന്ധ്രാപ്രദേശിലെ ഭീമാവരം, ഗുജറാത്തിലെ ഗാന്ധിനഗര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 11ന്, ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വര്‍ഷം നീളുന്ന 125-ാം ജന്മവാര്‍ഷിക ആഘോഷം ഭീമാവരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4:30 ന്, ഗാന്ധിനഗറില്‍ ഡിജിറ്റല്‍ ഇന്ത്യ വാരം 2022 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.


  പ്രധാനമന്ത്രി  ഭീമാവരത്ത് 

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവത്തിന്റെ ഭാഗമായി, സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനും അവരെക്കുറിച്ചു രാജ്യത്തുടനീളമുള്ള ആളുകളെ ബോധവാന്മാരാക്കാനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.  ഈ ഉദ്യമത്തിന്റെ ഭാഗമായി ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ ഒരു വര്‍ഷം നീളുന്ന 125-ാം ജന്മവാര്‍ഷികാഘോഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭീമാവരത്ത് ഉദ്ഘാടനം ചെയ്യും. അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.

 1897 ജൂലൈ 4 ന് ജനിച്ച അല്ലൂരി സീതാരാമ രാജു, പശ്ചിമഘട്ട മേഖലയിലെ ആദിവാസി സമൂഹങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന്റെ പേരിലാണു സ്മരിക്കപ്പെടുന്നത്. 1922ല്‍ ആരംഭിച്ച റമ്പാ കലാപത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. നാട്ടുകാര്‍ അദ്ദേഹത്തെ 'മന്യം വീരുഡു' (കാടുകളുടെ നായകന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്.

 ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് ഗവണ്മെന്റ് ആസൂത്രണം ചെയ്തിരിക്കുന്നത്.  വിജയനഗരം ജില്ലയിലെ പാന്‍ഡ്രാങ്കിയിലുള്ള അല്ലൂരി സീതാരാമ രാജുവിന്റെ ജന്മസ്ഥലവും ചിന്താപ്പള്ളി പൊലീസ് സ്റ്റേഷനും ( ഈ പൊലീസ് സ്റ്റേഷന്‍ ആക്രമണമാണ്  റമ്പ കലാപത്തിന് തുടക്കം കുറിച്ചത്) റമ്പ കലാപത്തിന്റെ 100 വര്‍ഷത്തോടനുബന്ധിച്ച് പുനഃസ്ഥാപിക്കും. ധ്യാനഭാവത്തില്‍ അല്ലൂരി സീതാരാമ രാജുവിന്റെ പ്രതിമയുള്ള മൊഗല്ലുവില്‍ മ്യൂറല്‍ പെയിന്റിംഗുകളിലൂടെയും സംവേദനാത്മക സംവിധാനത്തിലൂടെയും സ്വാതന്ത്ര്യ സമര സേനാനിയുടെ ജീവിതകഥ ചിത്രീകരിക്കുന്ന അല്ലൂരി ധ്യാന മന്ദിര്‍ നിര്‍മ്മിക്കുന്നതിനും ഗവണ്‍മെന്റ് അംഗീകാരം നല്‍കി.

 പ്രധാനമന്ത്രി  ഗാന്ധിനഗറില്‍

'പുതിയ ഇന്ത്യയുടെ ടെകാബ്ദത്തെ ഉത്തേജിപ്പിക്കുന്നു' എന്ന പ്രമേയത്തില്‍ നടത്തുന്ന 2022ലെ ഡിജിറ്റല്‍ ഇന്ത്യ വാരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.  പരിപാടിയില്‍, സാങ്കേതികവിദ്യയുടെ പ്രവേശനക്ഷമത വര്‍ധിപ്പിക്കുക, ജീവിതം സുഗമമാക്കുന്നതിന് സേവന ലഭ്യത  കാര്യക്ഷമമാക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്തേജനം നല്‍കുക എന്നിവ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഒന്നിലധികം ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.

ശബ്ദാധിഷ്ഠിത പ്രവേശനം ഉള്‍പ്പെടെ ഇന്ത്യന്‍ ഭാഷകളില്‍ ഇന്റര്‍നെറ്റിലേക്കും ഡിജിറ്റല്‍ സേവനങ്ങളിലേക്കും എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുകയും ഇന്ത്യന്‍ ഭാഷകളില്‍ ഉള്ളടക്കം സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന 'ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.  ഇന്ത്യന്‍ ഭാഷകള്‍ക്കായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഭാഷാ സാങ്കേതിക പരിഹാരങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രധാന ഇടപെടല്‍ ബഹുഭാഷാ ഡാറ്റാസെറ്റുകളുടെ സൃഷ്ടിയായിരിക്കും.  ഭാഷാദാന്‍ എന്ന ക്രൗഡ് സോഴ്സിംഗ് സംരംഭത്തിലൂടെ ഈ ഡാറ്റാസെറ്റുകള്‍ നിര്‍മ്മിക്കുന്നതിന് ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി വന്‍തോതിലുള്ള പൗര ഇടപെടലുകളെ പ്രാപ്തമാക്കും.

രാജ്യത്തെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ വിജയകരമായ സ്റ്റാര്‍ട്ടപ്പുകള്‍ കണ്ടെത്തുന്നതിനും പിന്തുണയ്ക്കുന്നതിനും വളര്‍ത്തുന്നതിനും വിജയകരമാക്കുന്നതിനുമായി ഒരു ദേശീയ സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോമായ 'ഡിജിറ്റല്‍ ഇന്ത്യ ജെനെസിസ്' (ഇന്നവേറ്റീവ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അടുത്ത തലുറ പിന്തുണ) പ്രധാനമന്ത്രി ആരംഭിക്കും. മൊത്തം 750 കോടി രൂപയാണ് പദ്ധതിക്കായി വിഭാവനം ചെയ്തിരിക്കുന്നത്.

 ആധാര്‍, യുപിഐ, ഡിജിലോക്കര്‍, കോവിന്‍ വാക്സിനേഷന്‍ പ്ലാറ്റ്ഫോം, ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് ഇടം് (ജിഇഎം), ദിക്ഷ പ്ലാറ്റ്ഫോം, ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ആരോഗ്യ ദൗത്യം തുടങ്ങിയ ഇന്ത്യാ സ്റ്റാക്കിനു കീഴില്‍ നടപ്പാക്കുന്ന സുപ്രധാന പദ്ധതികളുടെ ആഗോള ശേഖരണമായ ഇന്ത്യാ സ്റ്റാക് ഗ്ലോബലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.  ആഗോള പൊതു ഡിജിറ്റല്‍ വസ്തു ശേഖരണത്തിലേക്കുള്ള ഇന്ത്യയുടെ ഈ വാഗ്ദാനം ജനസംഖ്യാ തോതില്‍ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതികള്‍ നിര്‍മ്മിക്കുന്നതിലെ നേതാവായി ഇന്ത്യയെ നിലനിറുത്താന്‍ സഹായിക്കും. കൂടാതെ അത്തരം സാങ്കേതിക പരിഹാരങ്ങള്‍ തേടുന്ന മറ്റ് രാജ്യങ്ങള്‍ക്ക് വളരെയധികം സഹായകരമാണെന്ന് തെളിയിക്കുകയും ചെയ്യും.

ഗവണ്മെന്റ്  പദ്ധതികളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്ന സേവന വേദിയായ 'എന്റെ പദ്ധതി' പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കും. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ക്ക് അര്‍ഹതയുള്ള സ്‌കീമുകള്‍ കണ്ടെത്താന്‍ കഴിയുന്ന ഒറ്റത്തവണ തിരയലും കണ്ടെത്തല്‍ പോര്‍ട്ടലും വാഗ്ദാനം ചെയ്യുന്നതാണ് ഇത്. ഒരു പൗരനു ലോഗിന്‍ ചെയ്യാനുള്ളതെല്ലാം ഒറ്റ സൈനിംഗില്‍ സാധ്യമാക്കുന്ന  'മേരി പെഹ്ചാന്‍'-  പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും.നാഷണല്‍ സിംഗിള്‍ സൈന്‍-ഓണ്‍ (എന്‍എസ്എസ്ഒ) എന്നത് ഒരു ഉപയോക്തൃ പ്രാമാണീകരണ സേവനമാണ്, അതില്‍ ഒരൊറ്റ സെറ്റ് മുഖേന ഒന്നിലധികം ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലേക്കോ സേവനങ്ങളിലേക്കോ പ്രവേശനം നല്‍കുന്നു.

 ചിപ്സ് ടു സ്റ്റാര്‍ട്ടപ്പ് (സി2എസ്) പരിപാടിക്കു കീഴിലെ 30 സ്ഥാപനങ്ങളുടെ ആദ്യ കൂട്ടായ്മയും പ്രധാനമന്ത്രി പ്രഖ്യാപിക്കും. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, റിസര്‍ച്ച് തലങ്ങളില്‍ അര്‍ദ്ധചാലക ചിപ്പുകളുടെ രൂപകല്‍പ്പനയില്‍ പ്രത്യേകം വൈദഗ്ധ്യമുള്ള മനുഷ്യശക്തിയെ പരിശീലിപ്പിക്കാനും രാജ്യത്തെ സെമി കണ്ടക്ടർ രൂപകല്‍പ്പനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ഉത്തേജകമായി പ്രവര്‍ത്തിക്കാനും സി2എസ് ലക്ഷ്യമിടുന്നു. ഇത് സ്ഥാപനതലത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുകയും സ്ഥാപനങ്ങള്‍ക്ക് രൂപകല്‍പന ചെയ്യുന്നതിനായി അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. അര്‍ദ്ധചാലകങ്ങളില്‍ ശക്തമായ രൂപകല്‍പന അന്തരീക്ഷം നിര്‍മ്മിക്കാനുള്ള ഇന്ത്യ സെമി കണ്ടക്ടർ ദൗത്യത്തിന്റെ ഭാഗമാണിത്.

 ഡിജിറ്റല്‍ ഇന്ത്യ വാരത്തിന്റെ ഭാഗമായി 2022 ന് ജൂലൈ 4 മുതല്‍ 6 വരെ ഗാന്ധിനഗറില്‍ വിവിധ പരിപാടികള്‍ നടക്കും. ഡിജിറ്റല്‍ ഇന്ത്യയുടെ വാര്‍ഷികം ആഘോഷിക്കുകയും ആധാര്‍, യുപിഐ, കോവിന്‍, ഡിജിലോക്കര്‍ തുടങ്ങിയ പൊതു ഡിജിറ്റല്‍ വേദികള്‍ പൗരന്മാര്‍ക്ക് എങ്ങനെ സൗകര്യമൊരുക്കിയെന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇത് ആഗോള പ്രേക്ഷകര്‍ക്ക് ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുകയും, വിശാലമായ പങ്കാളികളുമായി സഹകരണവും വ്യാവസായിക അവസരങ്ങളും നല്‍കുകയും, അടുത്ത തലമുറ അവസരങ്ങളുടെ സാങ്കേതികത അവതരിപ്പിക്കുകയും ചെയ്യും.  ഗവണ്‍മെന്റ്, വ്യവസായം, അക്കാദമിക് മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുടെയും മേധാവികളുടെയും പങ്കാളിത്തത്തിന് ഇത് സാക്ഷ്യം വഹിക്കും.  ജീവിതം എളുപ്പമാക്കുന്ന ഡിജിറ്റല്‍ പരിഹാരങ്ങളും ഇന്ത്യന്‍ യൂണികോണുകളും സ്റ്റാര്‍ട്ടപ്പുകളും വികസിപ്പിച്ചെടുത്ത പരിഹാരങ്ങളും പ്രദര്‍ശിപ്പിക്കുന്ന 200-ലധികം സ്റ്റാളുകളുള്ള ഒരു ഡിജിറ്റല്‍ മേളയും സംഘടിപ്പിക്കുന്നുണ്ട്.  ഡിജിറ്റല്‍ ഇന്ത്യ വാരത്തില്‍ ജൂലൈ 7 മുതല്‍ 9 വരെ ഓൺലൈനില്‍ ഇന്ത്യ സ്റ്റാക്ക് വിജ്ഞാന വിനിമയവും ഉണ്ടായിരിക്കും.

-ND-


(Release ID: 1838626) Visitor Counter : 170