വാണിജ്യ വ്യവസായ മന്ത്രാലയം

സംസ്ഥാനങ്ങളുടെ സ്റ്റാർട്ടപ്പ് റാങ്കിംഗ് 2021 ജൂലൈ 4-ന് പ്രഖ്യാപിക്കും

Posted On: 01 JUL 2022 12:49PM by PIB Thiruvananthpuram



ന്യൂ ഡൽഹി , ജൂലൈ 01, 2022


 സ്റ്റാർട്ട്-അപ്പ് അന്തരീക്ഷത്തെ പിന്തുണയ്ക്കുന്നതിനായി  സംസ്ഥാനങ്ങൾക്ക് റാങ്കിംഗ് നൽകുന്ന പരിപാടിയുടെ മൂന്നാം പതിപ്പിന്റെ ഫലം 2022 ജൂലായ് 4-ന് വാണിജ്യ-വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്‌സ്‌റ്റൈൽസ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ ന്യൂഡൽഹിയിൽ  നടക്കുന്ന ചടങ്ങിൽ  പ്രകാശനം ചെയ്യും.  

 വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT), രാജ്യത്തിന്റെ മത്സരപരവും സഹകരണപരവുമായ ഫെഡറലിസം പ്രോത്സാഹിപ്പിക്കുക  എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനങ്ങളുടെ സ്റ്റാർട്ട്-അപ്പ് റാങ്കിംഗ്   നടത്തുന്നത് .  സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്കുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിനും  സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി 2018-ലാണ് ഈ പരിപാടി ആരംഭിച്ചത്.

ഈ വർഷം മൊത്തം 24 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണ പ്രദേശങ്ങളും റാങ്കിങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം ഇത് 25 ആയിരുന്നു. ഇത്, ഇന്നുവരെയുള്ള ഏറ്റവും ഉയർന്ന കണക്കുമാണ് .  ആഗോളതലത്തിൽ മുൻനിര സ്റ്റാർട്ടപ്പ് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമ്പോൾ, രാജ്യത്തെ ടയർ-2, ടയർ -3 നഗരങ്ങളിലെ സംരംഭകത്വത്തിന്റെ വളർച്ച സാധ്യമായി .  2016-ൽ സ്റ്റാർട്ടപ്പ് നയങ്ങളുള്ള 4 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ ആണ് ഉണ്ടായിരുന്നത് . ഇന്ന്, സ്റ്റാർട്ടപ്പ് നയം ഉള്ള 30-ലധികം സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ട്. കൂടാതെ 27 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് അവരുടേതായ സംസ്ഥാന സ്റ്റാർട്ട്-അപ്പ് പോർട്ടൽ ഉണ്ട്.

  സ്റ്റാർട്ടപ്പുകൾക്കും പങ്കാളികൾക്കും നിയന്ത്രണവും നയവും സാമ്പത്തിക പിന്തുണയും നൽകുന്നതിന് 26 പ്രവർത്തന പോയിന്റുകൾ അടങ്ങുന്ന 7 വിശാലമായ പരിഷ്‌കരണ മേഖലകൾ ഈ പതിപ്പിന്  ഉണ്ടായിരുന്നു.ഇതിൽ ഘടനാപരമായ പിന്തുണ, നവീകരണവും സംരംഭകത്വവും വളർത്തൽ, വിപണിയിലേക്കുള്ള പ്രവേശനം, ഇൻകുബേഷൻ പിന്തുണ, ഫണ്ടിംഗ് പിന്തുണ, മെന്റർഷിപ്പ് പിന്തുണ,  ശേഷി വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു.

ഈ മൂന്നാം പതിപ്പ്, 2019 ഒക്ടോബർ 1 മുതൽ 2021 ജൂലൈ 31 വരെയുള്ള കാലയളവിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്റ്റാർട്ടപ്പുകൾക്കു നൽകിയ പിന്തുണ വിലയിരുത്തി. അവയുടെ പ്രവർത്തനം 6 മാസ കാലയളവിൽ വിലയിരുത്തുകയും 13 വ്യത്യസ്ത ഭാഷകളിലായി 7,200-ലധികം ഗുണഭോക്താക്കളിൽ നിന്ന് അഭിപ്രായം ശേഖരിക്കുകയും ചെയ്തു. ആഗോള മഹാമാരിക്കിടയിൽ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നൽകിയ വിപുലമായ പിന്തുണ എടുത്തുകാണിക്കുന്ന ഈ പതിപ്പ് പ്രത്യേകതയുള്ളതാണ് .

 സംസ്ഥാന സ്റ്റാർട്ടപ്പ് റാങ്കിംഗ്  ഫലങ്ങൾ 2021ഉം,മെന്റർഷിപ്പ്, മാർഗനിർദേശം,സഹായം, വളർച്ച (MAARG)എന്നിവയ്ക്കായുള്ള  മാർഗനിർദേശകരുടെ പോർട്ടലും 2022 ജൂലൈ 4 തിങ്കളാഴ്ച 11:30 AM-ന് പ്രഖ്യാപിക്കും.  സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ പങ്കെടുത്ത എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥരും ന്യൂഡൽഹിയിലെ അശോക് ഹോട്ടലിൽ നടക്കുന്ന  പ്രഖ്യാപന  ചടങ്ങിൽ പങ്കെടുക്കും

 
IE/SKY
 


(Release ID: 1838573) Visitor Counter : 190