ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

ഗവണ്‍മെന്റ് വായ്പ തിരിച്ചടയ്ക്കാന്‍ കൊച്ചി തുറമുഖ അതോറിറ്റിക്കു മൂന്നുവര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കുന്നതിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 14 JUN 2022 4:19PM by PIB Thiruvananthpuram


ഗവണ്‍മെന്റ് വായ്പാകുടിശ്ശിക തിരിച്ചടയ്ക്കാന്‍ കൊച്ചി തുറമുഖ അതോറിറ്റിക്കു (സിഒപിഎ) മൂന്നുവര്‍ഷത്തെ (2020-21, 2021-22 & 2022-23) മൊറട്ടോറിയം അനുവദിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി അംഗീകാരം നല്‍കി. കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 446.83 കോടി രൂപയാണു ഗവണ്‍മെന്റ് വായ്പ നല്‍കിയിരുന്നത്.

 

2018-19 മുതല്‍ 10 തവണകളായാണു തുക തിരിച്ചടയ്‌ക്കേണ്ടിയിരുന്നത്. എന്നാല്‍, കൊച്ചി തുറമുഖ അതോറിറ്റിക്ക് 2018-19, 2019-20 വര്‍ഷങ്ങളിലെ തവണകള്‍ മാത്രമേ അടക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. 2020-21 മുതല്‍, കോവിഡ് -19 മഹാമാരി ഗതാഗതത്തെ മോശമായി ബാധിച്ചു. ഇതു പണമൊഴുക്കിനെയും പ്രതികൂലമായി ബാധിച്ചു. തല്‍ഫലമായി, 2020-21, 2021-22 വര്‍ഷങ്ങളിലെ തവണകള്‍ അടയ്ക്കാന്‍ കൊച്ചി തുറമുഖത്തിനു കഴിഞ്ഞിരുന്നില്ല.

 

കൊച്ചി തുറമുഖം 2021 നവംബറിലാണു മേജര്‍ പോര്‍ട്ട് അതോറിറ്റി ആക്റ്റ് 2021നു കീഴില്‍  കൊണ്ടുവന്നത്. കൊച്ചി തുറമുഖം എടുത്ത ഗവണ്‍മെന്റ് ലോണുകളുടെ പിഴപ്പലിശ എഴുതിത്തള്ളാനുള്ള നിര്‍ദേശത്തിന് 24.08.2016ലെ സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നല്‍കിയിരുന്നു. 1936-37 മുതല്‍ 1994-95 വരെയുള്ള കാലയളവില്‍ വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണു വായ്പ അനുവദിച്ചത്.

-ND-


(Release ID: 1833880) Visitor Counter : 110