പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


"റൊട്ടേറിയൻമാർ വിജയത്തിന്റെയും സേവനത്തിന്റെയും യഥാർത്ഥ മിശ്രിതമാണ്"

മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നത് എന്താണെന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്ന ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാടാണ് നമ്മുടേത്

"പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ധർമചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1.4 ബില്യൺ ഇന്ത്യക്കാർ നമ്മുടെ ഭൂമിയെ ശുദ്ധവും ഹരിതാഭവുമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു"


Posted On: 05 JUN 2022 9:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ റോട്ടറി ഇന്റർനാഷണൽ ആഗോള കൺവെൻഷനെ അഭിസംബോധന ചെയ്തു. റൊട്ടേറിയൻമാരെ ‘വിജയത്തിന്റെയും സേവനത്തിന്റെയും യഥാർത്ഥ മിശ്രണം’ എന്ന് വിശേഷിപ്പിച്ച  പ്രധാനമന്ത്രി, “ഈ അളവിലുള്ള ഓരോ റോട്ടറി സമ്മേളനവും ഒരു ചെറു-ആഗോള സഭ  പോലെയാണെന്ന് പറഞ്ഞു. അതിന് വൈവിധ്യവും ചടുലതയും ഉണ്ട്. "

റോട്ടറിയുടെ ‘സേവനം അവനവന്  ഉപരിയായി ’, ‘ഏറ്റവും നന്നായി സേവിക്കുന്നവർ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്നു   ’ എന്നീ രണ്ട് മുദ്രാവാക്യങ്ങൾ ചൂണ്ടിക്കാട്ടി, ഇവ മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായുള്ള സുപ്രധാന തത്വങ്ങളാണെന്നും നമ്മുടെ സന്യാസിമാരുടെയും ഋഷിമാരുടെയും അനുശാസനങ്ങൾ  പ്രതിധ്വനിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നത് എന്താണെന്ന് പ്രവർത്തിയിലൂടെ കാണിച്ചുതന്ന ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാടാണ് നമ്മുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാമി വിവേകാനന്ദനെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു, “നമ്മളെല്ലാവരും പരസ്പരാശ്രിതവും പരസ്പരം കൂട്ടിയിണക്കപ്പെട്ടതും ,പരസ്പരബന്ധിതവുമായ ഒരു ലോകത്തിലാണ് നിലനിൽക്കുന്നത്. അതുകൊണ്ടാണ്, നമ്മുടെ ഗ്രഹത്തെ കൂടുതൽ സമൃദ്ധവും സുസ്ഥിരവുമാക്കാൻ വ്യക്തികളും സംഘടനകളും ഗവണ്മെന്റുകളും  ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. ഭൂമിയിൽ നല്ല സ്വാധീനം ചെലുത്തുന്ന നിരവധി കാര്യങ്ങളിൽ കഠിനാധ്വാനം ചെയ്യുന്ന റോട്ടറി ഇന്റർനാഷണലിനെ അദ്ദേഹം പ്രശംസിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശ്രമങ്ങളിൽ ഇന്ത്യ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. “സുസ്ഥിര വികസനം കാലഘട്ടത്തിന്റെ ആവശ്യമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള നമ്മുടെ ധാർമ്മികതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1.4 ബില്യൺ ഇന്ത്യക്കാർ നമ്മുടെ ഭൂമിയെ ശുദ്ധവും ഹരിതാഭവുമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു, ”പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സൗരോർജജ  സഖ്യം , ‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്’, ലൈഫ് - ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ് തുടങ്ങിയ ഇന്ത്യയുടെ സംരംഭങ്ങളും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി . 2070-ഓടെ നെറ്റ് സീറോ കൈവരിക്കാനുള്ള  ഇന്ത്യയുടെ പ്രതിബദ്ധതയെ  ലോക സമൂഹവും അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ശുദ്ധമായ കുടിവെള്ളം, ശുചിത്വം, ആരോഗ്യപരിപാലനം  എന്നീ രംഗങ്ങളിലെ  റോട്ടറി ഇന്റർനാഷണലിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, ശുചിത്വ ഭാരത ദൗത്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു, അതായത് അഞ്ച് വർഷത്തിനുള്ളിൽ സമ്പൂർണ ശുചിത്വ കവറേജ്. പുതിയ അവബോധവും യാഥാർത്ഥ്യവും കാരണം രൂപപ്പെട്ട ജലസംരക്ഷണം, ആത്മനിർഭർ ഭാരത് തുടങ്ങിയ പ്രസ്ഥാനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയിലെ ഊർജ്ജസ്വലമായ സ്റ്റാർട്ടപ്പ് മേഖലയെക്കുറിച്ചും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. 

ഇന്ത്യയിൽ  മാനവരാശിയുടെ ഏഴിലൊന്ന് വസിക്കുന്നതിനാൽ, ഇന്ത്യയുടെ ഏത് നേട്ടവും ലോകത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്-19 വാക്‌സിൻ ഗാഥയും 2030-ലെ ആഗോള ലക്ഷ്യത്തിന് 5 വർഷം മുമ്പ്, 2025-ഓടെ ക്ഷയരോഗം  ഇല്ലാതാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം ഉദാഹരണമായി ഉദ്ധരിച്ചു.

താഴെത്തട്ടിലുള്ള ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ റോട്ടറി കുടുംബത്തെ ശ്രീ മോദി ക്ഷണിച്ചു. കൂടാതെ ലോകമെമ്പാടും വൻതോതിൽ യോഗ ദിനം ആചരിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

-ND-

(Release ID: 1831399) Visitor Counter : 157