പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം

പിഎം കുസും പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്കായി എംഎൻആർഇ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു

Posted On: 27 MAY 2022 1:26PM by PIB Thiruvananthpuram



ന്യൂഡൽഹി: മെയ് 27, 2022

കേന്ദ്ര നവ, പുനരുപയോഗ മന്ത്രാലയം (എംഎൻആർഇ), പ്രധാനമന്ത്രി കിസാൻ ഊർജ സുരക്ഷാ ഏവം ഉത്ഥാൻ മഹാഭിയാൻ (പിഎം-കുസും) പദ്ധതി നടപ്പിലാക്കുന്നു. ഇതിന് കീഴിൽ 'സ്റ്റാൻഡ്-അലോൺ' സോളാർ പമ്പുകൾ സ്ഥാപിക്കുന്നതിനും സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന കാർഷിക പമ്പുകൾക്കും സബ്‌സിഡി നൽകുന്നു. കർഷകർക്ക് ഗ്രിഡുമായി ബന്ധിപ്പിച്ച 2 മെഗാവാട്ട് വരെ ശേഷിയുള്ള സോളാർ പവർ പ്ലാന്റുകളും സ്ഥാപിക്കാം. സംസ്ഥാന ഗവണ്മെന്റുകളുടെ നിയുക്ത വകുപ്പുകളാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ അത്തരം എല്ലാ നിയുക്ത വകുപ്പുകളുടെയും വിശദാംശങ്ങൾ എം എൻ ആർ ഇ വെബ്‌സൈറ്റിൽ ലഭ്യമാണ് (www.mnre.gov.in).

പദ്ധതി ആരംഭിച്ചതിന് ശേഷം, പി എം കുസും പദ്ധതിയുടെ രജിസ്ട്രേഷൻ പോർട്ടലാണെന്ന പേരിൽ ചില വ്യാജ വെബ്സൈറ്റുകൾ പ്രചരിക്കുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം അനധികൃത വെബ്‌സൈറ്റുകൾ പദ്ധതിയിൽ താൽപ്പര്യമുള്ള ആളുകളിൽ നിന്ന് പണവും വിവരങ്ങളും ശേഖരിക്കുന്നു. പൊതുജനങ്ങൾക്ക് എന്തെങ്കിലും നഷ്ടം ഉണ്ടാകാതിരിക്കാൻ, മന്ത്രാലയം മുൻകാലങ്ങളിൽ പൊതു അറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അത്തരം വെബ്‌സൈറ്റുകളിൽ രജിസ്ട്രേഷൻ ഫീ നൽകുകയോ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുന്നു. പരാതികൾ ലഭിച്ചയുടൻ തട്ടിപ്പുകാർക്കെതിരെ നടപടി സ്വീകരിക്കുകയും നിരവധി വ്യാജ രജിസ്ട്രേഷൻ പോർട്ടലുകൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

വ്യാജ വെബ്‌സൈറ്റുകൾക്ക് പുറമേ, ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വാട്ട്‌സ്ആപ്പും മറ്റ് മാർഗങ്ങളും ഉപയോഗിക്കുന്നു. അതിനാൽ, പി എം-കുസും  പദ്ധതിയിൽ താൽപ്പര്യമുള്ള ആളുകൾ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനുമുമ്പ് അല്ലെങ്കിൽ പണം നിക്ഷേപിക്കുന്നതിന് മുമ്പ് വെബ്‌സൈറ്റിന്റെ ആധികാരികത പരിശോധിക്കണമെന്ന് മന്ത്രാലയം കർശന നിർദേശം നൽകി. പി എം -കുസുംപദ്ധതിയുടെ രജിസ്ട്രേഷൻ പോർട്ടൽ എന്ന് അവകാശപ്പെട്ട് കൊണ്ട് വാട്സ്ആപ്പ് / എസ് എം എസ് വഴി ലഭിക്കുന്ന സ്ഥിരീകരിക്കാത്തതോ സംശയാസ്പദമായതോ ആയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

പദ്ധതിയിലെ പങ്കാളിത്തവും നിർവഹണ പ്രക്രിയയും സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ (http://www.mnre.gov.in) അല്ലെങ്കിൽ പി എം കുസും സെൻട്രൽ പോർട്ടലിൽ ലഭ്യമാണ് (https://pmkusum.mnre.gov.in) അല്ലെങ്കിൽ ടോൾ ഫ്രീനമ്പർ 1800-180-3333 ഡയൽ ചെയ്യുക.

 
 
RRTN/SKY


(Release ID: 1828754) Visitor Counter : 147