പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ജിയുടെ 80-ാം ജന്മദിനാഘോഷത്തില്‍ പ്രധാനമന്ത്രിയുടെ  പരാമർശങ്ങൾ 


'' പ്രകൃതിയ്ക്കായി ശാസ്ത്രത്തിന്റെ ഉപയോഗവും ആത്മീയതയുമായി സാങ്കേതികവിദ്യയുടെ കൂട്ടിയോജിപ്പിക്കലുമാണ് ചലനാത്മക ഇന്ത്യയുടെ ആത്മാവ്''


''നമ്മുടെ സ്റ്റാര്‍ട്ടപ്പുകളെ ഇന്ന് ലോകം അതിന്റെ ഭാവിയായി കാണുന്നു. നമ്മുടെ വ്യവസായവും 'മേയ്ക്ക് ഇന്‍ ഇന്ത്യയും' ആഗോള വളര്‍ച്ചയുടെ പ്രതീക്ഷാ കിരണമായി മാറുന്നു''


Posted On: 22 MAY 2022 12:54PM by PIB Thiruvananthpuram


ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ജിയുടെ 80-ാം ജന്മദിനാഘോഷത്തെ ഇന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ പുണ്യാവസരത്തില്‍ ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ജിക്കും അനുയായികള്‍ക്കും പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. സന്യാസിമാരും വിശിഷ്ടാതിഥികളും ചേര്‍ന്ന് 'ഹനുമത് ദ്വാര്‍' പ്രവേശന കമാനം സമര്‍പ്പിച്ചതും ശ്രീ മോദി ചൂണ്ടിക്കാട്ടി.
മനുഷ്യരാശിയുടെ ക്ഷേമത്തിനായാണ് സന്യാസിമാര്‍ ഉയര്‍ന്നുവരുന്നത് എന്നതിന്റേയും അവരുടെ ജീവിതം സാമൂഹിക ഉന്നമനവും മനുഷ്യക്ഷേമവുമായി ഇഴചേര്‍ന്ന് കിടക്കുന്നു എന്നതിന്റേയും ജീവിക്കുന്ന ഉദാഹരണമാണ് ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമി ജിയുടെ ജീവിതമെന്ന് വേദഗ്രന്ഥങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ദത്താപീഠത്തില്‍ ആത്മീയതയ്‌ക്കൊപ്പം ആധുനികതയും പരിപോഷിപ്പിക്കപ്പെടുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ 3ഡി മാപ്പിംഗും ലൈറ്റ് ആന്റ് സൗണ്ട് ഷോയും ,  ആധുനിക പരിപാലനത്തോടെയുള്ള പക്ഷിസങ്കേതവുമുള്ള മഹത്തായ ഹനുമാന്‍ ക്ഷേത്രത്തെ അദ്ദേഹം ഉദാഹരിച്ചു. വേദപഠനത്തിന്റെ മഹത്തായ കേന്ദ്രം എന്നതിലുപരി, ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കായി സംഗീതം ഉപയോഗിക്കുന്നതിനുള്ള ഫലപ്രദമായ നൂതനാശയത്വം ദത്തപീഠം ഏറ്റെടുക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''പ്രകൃതിക്ക് വേണ്ടിയുള്ള ശാസ്ത്രത്തിന്റെ ഈ ഉപയോഗവും, ആത്മീയതയുമായുള്ള സാങ്കേതികവിദ്യയുടെ ഈ സംയോജനവുമാണ് ചലനാത്മക ഇന്ത്യയുടെ ആത്മാവ്. സ്വാമിജിയെപ്പോലുള്ള സന്യാസിമാരുടെ പ്രയത്‌നത്താല്‍, ഇന്ന് രാജ്യത്തെ യുവജനങ്ങള്‍ അവരുടെ പാരമ്പര്യങ്ങളുടെ ശക്തിയെ അടുത്തറിയുകയും അവയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നുവെന്നതില്‍ ഞാന്‍ സന്തോഷവാനാണ'', ശ്രീ മോദി പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവിന്റെ കാലത്ത് ഈ ശുഭകരമായ സന്ദര്‍ഭം വരുന്ന പശ്ചാത്തലത്തില്‍, തന്‍കാര്യത്തിനുമുമ്പ് സാര്‍വത്രികമായ പരിഗണനവേണമെന്നുള്ള സന്യാസിമാരുടെ ഉപദേശം പ്രധാനമന്ത്രി അനുസ്മരിച്ചു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികാസം എല്ലാവരുടെയും വിശ്വാസം എല്ലാവരുടെയൂം പ്രയത്‌നം (സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്) എന്ന മന്ത്രത്തിലൂടെ രാജ്യം കൂട്ടായ പ്രതിജ്ഞകള്‍ക്ക് ആഹ്വാനം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യം അതിന്റെ പ്രാചീനത കാത്തുസൂക്ഷിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, അതേ സമയം, അതിന്റെ നവീകരണത്തിനും ആധുനികതയ്ക്കും ശക്തി പകരുകയും ചെയ്യുന്നു. '' ഇന്ന് ഇന്ത്യയുടെ സ്വത്വം യോഗയും അതോടൊപ്പം യുവത്വവുമാണ്. ഇന്ന് നമ്മുടെ സ്റ്റാര്‍ട്ടപ്പുകളെ ലോകം അതിന്റെ ഭാവിയായിട്ടാണ് കാണുന്നത്. നമ്മുടെ വ്യവസായവും 'മേയ്ക്ക് ഇന്‍ ഇന്ത്യയും' ആഗോള വളര്‍ച്ചയുടെ പ്രതീക്ഷാകിരണമായി മാറുകയാണ്. ഈ പ്രതിജ്ഞകള്‍ നേടിയെടുക്കാന്‍ നാം പ്രവര്‍ത്തിക്കണം. നമ്മുടെ ആത്മീയ കേന്ദ്രങ്ങള്‍ ഈ ദിശയിലുള്ള പ്രചോദനത്തിന്റെ കേന്ദ്രങ്ങളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'' പ്രധാനമന്ത്രി തുടര്‍ന്നു.
പക്ഷികളുടെ സേവനത്തിലും പ്രകൃതി സംരക്ഷണത്തിലുമുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ജല-നദീ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ ദത്താപീഠത്തോട് അഭ്യര്‍ത്ഥിച്ചു. എല്ലാ ജില്ലകളിലും 75 അമൃത് സരോവരങ്ങള്‍ക്കായുള്ള സംഘടിതപ്രവര്‍ത്തനത്തില്‍ അവരുടെ സംഭാവനയും അദ്ദേഹം ആവശ്യപ്പെട്ടു. ശുചിത്വ ഭാരത ദൗത്യത്തിലെ  അവരുടെ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

--ND--

My remarks on 80th birthday celebration of Sri Ganapaty Sachchidananda Swamy Ji. https://t.co/q6FYyFs74A

— Narendra Modi (@narendramodi) May 22, 2022

(Release ID: 1827363) Visitor Counter : 136