ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കോവിഡ്19 പ്രതിരോധകുത്തിവയ്‌പ്പിൽ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു

Posted On: 20 MAY 2022 2:52PM by PIB Thiruvananthpuram
 
ന്യൂ ഡൽഹി: മെയ് 20, 2022 
 
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കൊവിഡ്19 പ്രതിരോധ കുത്തിവയ്പ്പ് ‌ മന്ദഗതിയിലായതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. അർഹരായ എല്ലാ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി സംപൂർണ്ണ വാക്സിനേഷൻ സാധ്യമാക്കുന്നതിനുള്ള വേഗത ഗണ്യമായി വർദ്ധിപ്പിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു. ഇന്ന്, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാരുമായും NHM MD മാരുമായി വീഡിയോ കോൺഫറൻസിലൂടെ കോവിഡ് പ്രതിരോധകുത്തിപ്പിന്റെ പുരോഗതി അവലോകനം ചെയ്ത കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഇക്കാര്യം അറിയിച്ചു.

അടുത്തിടെയുണ്ടായ മന്ദത പരിഹരിച്ച്, രാജ്യത്തുടനീളം കൊവിഡ്19 പ്രതിരോധകുത്തിവയ്‌പ്പ് ത്വരിതപ്പെടുത്തി, തീവ്രയജ്ഞ രൂപേണ പൂർണ്ണതോതിലാക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത ചൂണ്ടിക്കാട്ടി, ജൂൺ-ജൂലൈ മാസങ്ങളിൽ രണ്ട് മാസം നീണ്ടുനിൽക്കുന്ന ജില്ലാ, ബ്ലോക്ക്, ഗ്രാമീണ തലത്തിലുള്ള "ഹർ ഘർദസ്തക്" പ്രചാരണം 2.0 ആസൂത്രണം ചെയ്യാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദ്ദേശിച്ചു. വൃദ്ധസദനങ്ങൾ, 12-18 വയസ് പ്രായമുള്ള സ്കൂളിൽ പോകാത്ത കുട്ടികൾ, സ്‌കൂളുകൾ/കോളേജുകൾ, ജയിലുകൾ, തുടങ്ങിയവ കേന്ദ്രീകരിച്ചും വീടുതോറുമുള്ള പ്രചാരണങ്ങൾ വഴിയും അർഹരായ ജനസംഖ്യാ വിഭാഗങ്ങൾക്ക് ഒന്ന്, രണ്ട്, ഡോസുകളും മുൻകരുതൽ ഡോസുകളും പൂർണ്ണമായും ലഭ്യമാക്കുക എന്നതാണ് പ്രചാരണത്തിന്റെ ലക്ഷ്യം. 60 വയസ്സും അതിനുമുകളിൽ ഉള്ള എല്ലാവർക്കും മുൻകരുതൽ ഡോസ് ലഭിക്കാത്തതും, 12 മുതൽ 14 വയസ് വരെ പ്രായമുള്ളവർക്ക് മന്ദഗതിയിൽ വാക്സിനേഷൻ പുരോഗമിക്കുന്നതും യോഗത്തിൽ ചൂണ്ടിക്കാട്ടി. 
അർഹതയുള്ള എല്ലാ ഗുണഭോക്താക്കളുടെയും പട്ടിക തയ്യാറാക്കി അതിൻപ്രകാരം സൂക്ഷ്മ പദ്ധതികൾ നടപ്പാക്കുകയും ഫലപ്രദമായി നിരീക്ഷിക്കുകയും വേണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. 18 നും 59 നും മദ്ധ്യേ പ്രായമുള്ളവർക്കുള്ള മുൻകരുതൽ ഡോസ് വിതരണം സ്വകാര്യ ആശുപത്രികളുമായി നിരന്തരം അവലോകനം ചെയ്യാനും അഭ്യർത്ഥിച്ചു.

രാജ്യവ്യാപകമായി കോവിഡ് 19 പ്രതിരോധകുത്തിവയ്പ്പിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള വ്യക്തവും ഫലപ്രദവുമായ ആശയവിനിമയ തന്ത്രത്തിന്റെ ആവശ്യകത കേന്ദ്ര ആരോഗ്യ സെക്രട്ടറി ഊന്നിപ്പറഞ്ഞു.

വാക്‌സിനുകളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള ലഭ്യത,അർഹരായ ഗുണഭോക്താക്കൾ, ഉപയോഗിക്കാത്തതും കാലഹരണപ്പെടാൻ സാധ്യതയുള്ളതുമായ വാക്‌സിൻ സ്റ്റോക്ക് എന്നിവ സംബന്ധിച്ച ഡാറ്റ പ്രയോജനപ്പെടുത്തി സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങൾ വാക്‌സിൻ വിതരണം കാര്യക്ഷമമാക്കണം. എന്ത് വില കൊടുത്തും കൊവിഡ്-19 വാക്സിനുകൾ പാഴായിപ്പോകുന്നില്ലെന്ന് ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 2021 ഡിസംബർ മുതൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവരുടെ ആവശ്യപ്രകാരം മാത്രമാണ് വാക്സിൻ ഡോസുകൾ നൽകിയിട്ടുള്ളത് എന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വരുന്ന മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഉപയോഗിക്കാത്ത ബാക്കി ഡോസുകൾ ആദ്യം ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

വിദേശ യാത്രയ്ക്കായി രണ്ടാം ഡോസ് എടുത്ത് 90 ദിവസത്തിനുള്ളിൽ മുൻകരുതൽ ഡോസ് എടുക്കാൻ ആഗ്രഹിക്കുന്നവരോട് ചില സംസ്ഥാനങ്ങളിൽ വിദേശ യാത്രയുടെ തെളിവ് നൽകാൻ ആവശ്യപ്പെടുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഏതെങ്കിലും കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളോ സംസ്ഥാന സർക്കാരുകളോ ഇക്കാര്യം ആവശ്യപ്പെടാൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം ഇതിനകം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങങ്ങൾക്കും നൽകിയിട്ടുണ്ട്.
 
 
 
 
ReplyReply to allForward


(Release ID: 1827079) Visitor Counter : 140