വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കാനിലെ ചുവന്ന പരവതാനിയെ ദീപ്തമാക്കി ഇന്ത്യന്‍ പ്രതിനിധിസംഘം


വാര്‍ത്താവിതരണ-പ്രക്ഷേപണമന്ത്രി ശ്രീ അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിൽ , എക്കാലത്തെയും വലിയ ഔദ്യോഗിക ഇന്ത്യന്‍ പ്രതിനിധിസംഘം കാന്‍ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനനിശയില്‍ ചുവന്ന പരവതാനിയിലെ സാന്നിധ്യമായി

ചരിത്രം കുറിച്ച് മാമേ ഖാന്‍; ഇന്ത്യക്കായി കാനിലെ ചുവന്ന പരവതാനി തുറക്കുന്ന ആദ്യത്തെ നാടോടി കലാകാരന്‍

കാനിന്റെ ശ്രദ്ധാകേന്ദ്രമായി ദക്ഷിണേന്ത്യന്‍ ചലച്ചിത്രം

'മാര്‍ച്ചെ ഡു ഫിലി'മില്‍ ആദരമേറ്റുവാങ്ങി ഇന്ത്യ





Posted On: 17 MAY 2022 9:53PM by PIB Thiruvananthpuram

താരനിബിഢമായ കാനിലെ ചുവന്ന പരവതാനിയില്‍, ചലച്ചിത്രോത്സവത്തിന്റെ പ്രഥമരാവിലെ ഉദ്ഘാടനപരിപാടിയില്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് താക്കൂര്‍ പതിനൊന്നുപേരടങ്ങിയ ഇന്ത്യയുടെ എക്കാലത്തെയും വലിയ ഔദ്യോഗിക പ്രതിനിധിസംഘത്തെ നയിച്ചു.

ഇന്ത്യന്‍ നാടോടി കലകള്‍ക്കു ചരിത്രമുഹൂര്‍ത്തം സമ്മാനിച്ച്, കാനില്‍ ഇന്ത്യന്‍ സംഘത്തിന് ചുവതപരവതാനി തുറന്ന ആദ്യ നാടോടി കലാകാരനായി ശ്രീ മാമേ ഖാന്‍ മാറി.

ഇന്ത്യന്‍ സിനിമയുടെ വൈവിധ്യവും അതുല്യതയും പ്രദര്‍ശിപ്പിക്കുംവിധം രാജ്യത്തുടനീളമുള്ള സിനിമാപ്രവര്‍ത്തകര്‍ ആകര്‍ഷകമായ റെഡ് കാര്‍പെറ്റ് സംഘത്തിലുണ്ടായിരുന്നു. 'പലെ ഡെ' ഫെസ്റ്റിവലിന്റെ ഐതിഹാസിക പടവുകളിലേക്ക് നടന്നുനീങ്ങിയ പതിനൊന്നംഗ പ്രതിനിധിസംഘം ആഗോള സിനിമാഹബ്ബായി മാറാനുള്ള ഇന്ത്യയുടെ അഭിവാഞ്ഛയുടെ പ്രതീകമായി മാറി.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പതാകവാഹകരായ മൂന്ന് സംഗീതജ്ഞരും, വിവിധ പ്രദേശങ്ങള്‍, ഭാഷകള്‍, മുഖ്യധാരാ, ഒടിടി സിനിമാ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുടെ പ്രതിനിധികളുമടക്കം വൈവിധ്യമാര്‍ന്ന ചലച്ചിത്ര സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്ന സിനിമാപ്രവര്‍ത്തകരും അഭിനേതാക്കളുടെ ഉള്‍പ്പെടെയുള്ള പത്തു വിശിഷ്ടവ്യക്തികളാണ് മന്ത്രിക്കൊപ്പം എത്തിയത്. കാനിലെ എക്കാലത്തെയും കരുത്തുറ്റ റെഡ് കാര്‍പെറ്റ് സാന്നിധ്യത്തിലൂടെ കഥപറച്ചിലുകാരുടെ നാടായ ഇന്ത്യ ലോകത്തിന് മനോഹരമായ ആഖ്യാനമാണു നല്‍കിയത്.

താരങ്ങളില്‍ കാനിലെ പതിവുകാരനായ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കരുത്തുറ്റ അഭിനയവും 'ദ ലഞ്ച്ബോക്സ്', 'ഗാങ്സ് ഓഫ് വാസിപൂര്‍' തുടങ്ങിയ സിനിമകളിലെ യാഥാര്‍ഥ്യബോധവും യൂറോപ്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വൈവിധ്യമാര്‍ന്ന, സംവേദനക്ഷമതയുള്ള സിനിമകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നതിന്റെ സൂചനയും ഇതു നല്‍കുന്നു.

വിഖ്യാത സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ സാന്നിധ്യം, ചലച്ചിത്രസംഗീതത്തിന് ആദരമര്‍പ്പിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധിസംഘത്തിന്റെ ഉദ്ദേശ്യം പ്രകടമാക്കി. ലോകത്തെവിടെയും ഉള്ളതിനേക്കാള്‍, ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ കാതല്‍ ഒരുക്കുന്നതില്‍ സംഗീതത്തിനു വലിയ പ്രാധാന്യമുണ്ട്. രാജ്യത്തിന്റെ സംഗീതവൈവിധ്യം ചൂണ്ടിക്കാട്ടി, വ്യത്യസ്ത തലങ്ങളില്‍ നിന്ന് ചുവന്ന പരവതാനിയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. അന്താരാഷ്ട്ര പ്രശസ്തനായ നവയുഗ സംഗീതസംവിധായകനും നിരവധി തവണ ഗ്രാമി പുരസ്‌കാരം നേടിയ സംഗീതജ്ഞനുമായ റിക്കി കേജ്, സമകാലിക സംഗീതത്തില്‍ ഇന്ത്യയുടെ പ്രാതിനിധ്യം അറിയിച്ചു. രാജസ്ഥാനില്‍ നിന്നുള്ള ചലച്ചിത്ര സംഗീതസംവിധായകനും നാടോടി ഗായകനുമായ മാമേ ഖാന്‍ ഇന്ത്യന്‍ സിനിമയില്‍ നാടോടി സംസ്‌കാരത്തിന്റെ സ്വാധീനം വെളിപ്പെടുത്തി. എണ്ണമറ്റ നിത്യഹരിത ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവും നിലവില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) ചെയര്‍മാനുമായ പ്രസൂണ്‍ ജോഷിയും സന്നിഹിതനായി.

വിവിധ പ്രാദേശികഭാഷകളില്‍ നിന്നുള്ള ചലച്ചിത്രകാരന്മാരെ പ്രതിനിധിസംഘത്തില്‍ ഉള്‍പ്പെടുത്തി, 25 പ്രാദേശിക ചലച്ചിത്ര വ്യവസായങ്ങളുള്ള ഇന്ത്യയ്ക്ക് ചലച്ചിത്ര നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ നിരവധി വ്യത്യസ്ത രുചികളും ശൈലികളും ഉണ്ടെന്ന് ലോകത്തെ അറിയിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള സിനിമകളാണ് ഇക്കൊല്ലത്തെ ശ്രദ്ധാകേന്ദ്രം. ആറ് വ്യത്യസ്ത ഭാഷകളില്‍ (തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്) ചിത്രീകരിച്ച സിനിമകളില്‍ പങ്കാളിയായ നടനും നിര്‍മ്മാതാവുമായ ആര്‍. മാധവന്‍ ഇന്ത്യന്‍ സിനിമയുടെ അമ്പരപ്പിക്കുന്ന വൈവിധ്യത്തിന്റെ മികച്ച ഉദാഹരണമായി. തെലുങ്കിലെ രണ്ടു സൂപ്പര്‍ താരങ്ങളായ തമന്ന ഭാട്ടിയ, പൂജ ഹെഗ്ഡെ എന്നിവരും പ്രതിനിധി സംഘത്തിന്റെ ഭാഗമായെത്തി.

'മിസ്റ്റര്‍ ഇന്ത്യ' പോലുള്ള ഇതിഹാസ സിനിമകളുടെ സംവിധായകനും നിലവില്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) ചെയര്‍മാനുമായ ശേഖര്‍ കപൂര്‍, നടിയും സിബിഎഫ്സി അംഗവുമായ വാണി ത്രിപാഠി ടിക്കൂ എന്നിവരും ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ചുവന്ന പരവതാനിയില്‍ അണിനിരന്ന ക്രമത്തില്‍ ഇന്ത്യന്‍ പ്രതിനിധിസംഘം

1. രാജസ്ഥാനില്‍ നിന്നുള്ള പ്രശസ്ത നാടോടി ഗായകന്‍ മാമേ ഖാന്‍
2. പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂര്‍
3. നടി പൂജ ഹെഗ്ഡെ
4. നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി
5. നടി തമന്ന ഭാട്ടിയ
6. പ്രതിനിധിസംഘത്തലവനും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയുമായ അനുരാഗ് താക്കൂര്‍
7. നടനും സംവിധായകനും നിര്‍മ്മാതാവുമായ ആര്‍ മാധവന്‍
8. പ്രമുഖ ഗായകനും സംഗീതസംവിധായകനുമായ എ ആര്‍ റഹ്‌മാന്‍
9. സിബിഎഫ്‌സി ചെയര്‍മാനും പ്രശസ്ത ഗാനരചയിതാവുമായ പ്രസൂണ്‍ ജോഷി
10. നിര്‍മ്മാതാവു, സിബിഎഫ്‌സി അംഗവും ഇന്ത്യന്‍ ചലച്ചിത്രകാരിയുമായ വാണി ത്രിപാഠി
11. രണ്ട് തവണ ഗ്രാമി പുരസ്‌കാരം നേടിയ സംഗീതജ്ഞന്‍ റിക്കി കേജ്

പശ്ചാത്തലം:

വര്‍ഷംതോറും ആഗോള സിനിമാമേഖലയില്‍ എന്തൊക്കെയാണു നടക്കുന്നത് എന്നതിന്റെ ഒത്തുചേരലായ കാന്‍ ചലച്ചിത്രോത്സവം 2022 മെയ് 17 മുതല്‍ 28 വരെ നടക്കും. കൂടാതെ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് വിവിധ പരിപാടികളിലും ഉന്നതതല യോഗങ്ങളിലും പങ്കെടുക്കാനുള്ള അവസരവുമാകും.

'മാര്‍ച്ചെ ഡു ഫിലി'മിലെ ആദ്യ ഔദ്യോഗിക രാജ്യമായി അംഗീകരിക്കപ്പെടുന്ന ഇന്ത്യയുടെ ചലച്ചിത്രമേഖലയിലെ വൈദഗ്ധ്യം ആഘോഷിക്കുന്നത് ഈ വര്‍ഷത്തെ പ്രത്യേകതയാണ്. 'കാന്‍സ് നെക്സ്റ്റി'ല്‍ ഇന്ത്യ 'കണ്‍ട്രി ഓഫ് ഓണര്‍' ആണ്.  അതിന് കീഴില്‍ 5 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓഡിയോ-വിഷ്വല്‍ ഇന്‍ഡസ്ട്രിയില്‍ സാന്നിധ്യമുറപ്പിക്കാന്‍ അവസരം നല്‍കും. അനിമേഷന്‍ ഡേ നെറ്റ്വര്‍ക്കിംഗില്‍ പത്ത് പ്രൊഫഷണലുകള്‍ പങ്കെടുക്കും. കാന്‍ ചലച്ചിത്രോത്സവത്തിന്റെ ഈ പതിപ്പില്‍ ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ പ്രധാന ഹൈലൈറ്റ് എന്ന നിലയില്‍, ശ്രീ ആര്‍ മാധവന്‍ ഒരുക്കിയ 'റോക്കട്രി' എന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ നടക്കും. 2022 മെയ് 19നാണ് 'പലെ ഡേ' ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

 

-ND-


(Release ID: 1826176) Visitor Counter : 168