തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെ  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം വിളിച്ചു

Posted On: 12 MAY 2022 4:55PM by PIB Thiruvananthpuram


ന്യൂ ഡൽഹി: മെയ് 12, 2022കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ ഒരു യോഗം ന്യൂ ഡൽഹിയിൽ സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് ആസൂത്രണം, ചെലവ് നിരീക്ഷണം, വോട്ടർപ്പട്ടിക, ഐടി ആപ്ലിക്കേഷനുകൾ, ഡാറ്റാ മാനേജ്‌മെന്റ്, ഇവിഎം/വിവിപാറ്റ്, പരാതികൾ സമയബന്ധിതമായി പരിഹരിക്കൽ, വ്യവസ്ഥാപിത വോട്ടർമാരുടെ വിദ്യാഭ്യാസവും തിരഞ്ഞെടുപ്പ് പങ്കാളിത്തവും (SVEEP Strategy & Voter Outreach), മാധ്യമങ്ങളും ആശയവിനിമയവും എന്നിവ സംബന്ധിച്ച വിഷയാധിഷ്ഠിത ചർച്ചകൾക്കൊപ്പം അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ അനുഭവങ്ങളും പാഠങ്ങളും പങ്കിടുന്നതിനാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.

ഇത്തരം സമ്മേളനങ്ങൾ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും പഠിച്ച കാര്യങ്ങൾ പരസ്പരം കൈമാറുന്നതിനുമുള്ള  മികച്ച വേദിയാണെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ സുശീൽ ചന്ദ്ര തന്റെ പ്രസംഗത്തിൽ പറഞ്ഞു. രജിസ്ട്രേഷൻ മുതൽ വോട്ടിംഗ് വരെ വോട്ടർമാർക്കുള്ള സേവനങ്ങൾ തുടർച്ചയായി നവീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ സംസ്ഥാനങ്ങളിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ ഏവർക്കും സമീപിക്കാവുന്നവരാകണമെന്നും അവരുടെ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട എല്ലാവർക്കും അനുഭവവേദ്യമാണെന്ന്  ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യവസ്ഥാപരമായ മെച്ചപ്പെടുത്തലുകൾക്കും വോട്ടർമാർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും   കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പതിവായി പ്രതികരണങ്ങൾ കൈമാറാൻ  മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ, മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർമാരോട് അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റിലെ തങ്ങളുടെ മികച്ച രീതികളും നൂതനാശയങ്ങളും ലോകത്തിന് മുമ്പാകെ പ്രദർശിപ്പിക്കുന്നതിന് സമ്പർക്കവും ആശയവിനിമയവും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർമാരോട് നിർദ്ദേശിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാസികയുടെ ഏറ്റവും പുതിയ പതിപ്പ് 'മൈ വോട്ട് മാറ്റേഴ്‌സ്' കമ്മീഷൻ ഇന്ന് പുറത്തിറക്കി.   https://eci.gov.in/files/file/14171-my-vote-matters-vol-iii-issue-2/ എന്ന ലിങ്കിൽ  മാസിക ലഭ്യമാണ്.

തിരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്ക് കൈപ്പുസ്തകവും  1957 മുതൽ 1977 വരെ നടന്ന, രണ്ടു മുതൽ ഏഴു വരെയുള്ള പൊതു തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച റിപ്പോർട്ടുകളുടെ പുനഃപ്രസിദ്ധീകരണവും കമ്മീഷൻ പുറത്തിറക്കി.

സമ്മേളനത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും / കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരും കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

 
 
IE/SKY
 


(Release ID: 1824821) Visitor Counter : 36