വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

2022 മെയ് 10 മുതൽ 14 വരെ ഒമാനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കും

Posted On: 10 MAY 2022 11:30AM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 10, 2022

ഒമാൻ സുൽത്താനേറ്റിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി H.E. ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല മൾട്ടി-സെക്ടറൽ പ്രതിനിധി സംഘം   2022 മെയ് 10-14 തീയതികളിൽ ഇന്ത്യ സന്ദർശിക്കുന്നു. 48 അംഗ പ്രതിനിധി സംഘത്തിൽ ആരോഗ്യം , ഫാർമസ്യൂട്ടിക്കൽസ്, ഖനനം, വിനോദസഞ്ചാരം, ടെലികമ്മ്യൂണിക്കേഷൻ, ഊർജ്ജം, ഷിപ്പിംഗ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള ബിസിനസ് പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

സന്ദർശന വേളയിൽ, 2022 മെയ് 11 ന് ന്യൂ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ഒമാൻ സംയുക്ത കമ്മീഷൻ യോഗത്തിന്റെ (ജെസിഎം) 10-ാമത് സെഷനിൽ ഇരുഭാഗത്തു നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയുഷ് ഗോയൽ, ഒമാൻ മന്ത്രി H. E. ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് എന്നിവർ യോഗത്തിന് അധ്യക്ഷത വഹിക്കും.

2021-2022 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 82% വർധിച്ച് 9.94 ബില്യൺ യുഎസ് ഡോളറിലെത്തി നിൽക്കുന്ന ഒരു പ്രധാന സമയത്താണ് ഒമാനി പ്രതിനിധി സംഘത്തിന്റെ സന്ദർശനം.

2022 മെയ് 12 ന്, ഇന്ത്യ-ഒമാൻ ജോയിന്റ് ബിസിനസ് കൗൺസിലിന്റെ (ജെബിസി) യോഗം FICCI യും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും സംയുക്തമായി സംഘടിപ്പിക്കും.  ഇരു രാജ്യങ്ങളിലെയും മന്ത്രിമാരും യോഗത്തിന് സാക്ഷ്യം വഹിക്കും.  ബി2ബി പരിപാടികൾ, വ്യവസായ മേഖലകൾ തമ്മിലുള്ള ആശയവിനിമയം, നിക്ഷേപക യോഗങ്ങൾ തുടങ്ങി ന്യൂ ഡൽഹിയിലും മുംബൈയിലും ആയി മറ്റ് നിരവധി പരിപാടികൾ ഒമാൻ പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.

 
RRTN/SKY

(Release ID: 1824187) Visitor Counter : 162