പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉഷ്ണ തരംഗം കൈകാര്യം ചെയ്യലും കാലവർഷ തയ്യാറെടുപ്പുകളും സംബന്ധിച്ച സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ഉഷ്ണ തരംഗമോ തീപിടുത്തമോ മൂലമുള്ള ജീവഹാനി ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിക്കണം :പ്രധാനമന്ത്രി

തീപ്പിടിത്തങ്ങൾക്കെതിരെ രാജ്യത്തെ വനങ്ങളുടെ ദുർബലത കുറയ്ക്കുന്നതിന് സമഗ്രമായ ശ്രമങ്ങൾ ആവശ്യമാണ്: പ്രധാനമന്ത്രി

'പ്രളയ മുന്നൊരുക്ക പദ്ധതികൾ' തയ്യാറാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനങ്ങളിൽ വിന്യാസ പദ്ധതി വികസിപ്പിക്കാൻ എൻ.ഡി.ആർ.എഫ്

Posted On: 05 MAY 2022 7:54PM by PIB Thiruvananthpuram

രാജ്യത്തെ ഉഷ്‌ണതരംഗം കൈകാര്യം ചെയ്യലും, കാലവർഷ മുന്നൊരുക്കങ്ങളും  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന  ഉന്നതതലയോഗം അവലോകനം ചെയ്തു


യോഗത്തിൽ, രാജ്യത്തുടനീളം 2022 മാർച്ച്-മെയ് മാസങ്ങളിൽ ഉയർന്ന താപനില നിലനിൽക്കുന്നതിനെക്കുറിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പും , ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും   വിശദീകരിച്ചു. സംസ്ഥാന, ജില്ല, നഗര തലങ്ങളിൽ ഒരു പൊതുവായ  പ്രതികരണമായി താപ കർമ്മ പദ്ധതി   തയ്യാറാക്കാൻ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉപദേശിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിനുള്ള   തയ്യാറെടുപ്പ് സംബന്ധിച്ച്, എല്ലാ സംസ്ഥാനങ്ങൾക്കും 'പ്രളയ മുന്നൊരുക്ക പദ്ധതികൾ' തയ്യാറാക്കാനും ഉചിതമായ മറ്റു മുന്നൊരുക്ക  നടപടികൾ കൈക്കൊള്ളാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രളയബാധിത സംസ്ഥാനങ്ങളിൽ വിന്യാസ പദ്ധതി വികസിപ്പിക്കാൻ എൻഡിആർഎഫിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സമൂഹങ്ങളെ ബോധവൽക്കരിക്കുന്നതിന് സോഷ്യൽ മീഡിയയുടെ സജീവമായ ഉപയോഗം വ്യാപകമായി സ്വീകരിക്കപ്പെടേണ്ടതുണ്ട്.

ഉഷ്ണ തരംഗമോ തീപിടുത്തമോ മൂലമുള്ള മരണങ്ങൾ ഒഴിവാക്കാൻ എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ  പ്രധാനമന്ത്രി, അത്തരം സംഭവങ്ങളോടുള്ള നമ്മുടെ പ്രതികരണ സമയം വളരെ കുറവായിരിക്കണമെന്നും കൂട്ടിച്ചേർത്തു.

വർദ്ധിച്ചുവരുന്ന താപനില കണക്കിലെടുത്ത്, പതിവായി ആശുപത്രി അഗ്നി സുരക്ഷാ ഓഡിറ്റുകൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തീപിടുത്തങ്ങൾക്കെതിരെ രാജ്യത്തെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥയിലുടനീളമുള്ള വനങ്ങളുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കുന്നതിനും, തീപിടിത്തം യഥാസമയം കണ്ടെത്തുന്നതിനും തീപിടിത്തം തടയുന്നതിനും വനം ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയും കഴിവുകൾ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്   പ്രധാനമന്ത്രി സംസാരിച്ചു.

വരാനിരിക്കുന്ന കാലവർഷം  കണക്കിലെടുത്ത്, മലിനീകരിക്കപ്പെടാതിരിക്കാനും ജലജന്യ രോഗങ്ങൾ പടരാതിരിക്കാനും കുടിവെള്ളത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.


ഉഷ്ണതരംഗം, വരാനിരിക്കുന്ന കാലവർഷക്കെടുതി എന്നിവയുടെ പശ്ചാത്തലത്തിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിൽ ഫലപ്രദമായ ഏകോപനത്തിന്റെ ആവശ്യകത യോഗം  ചർച്ച ചെയ്തു.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഉപദേശകർ, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര, ആരോഗ്യം, ജലശക്തി മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ, എൻഡിഎംഎ അംഗം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി  ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) എന്നിവയുടെ ഡിജിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

..ND..



(Release ID: 1823103) Visitor Counter : 142