പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു



''പാവപ്പെട്ടവരുടെയും നിരാലംബരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു നാം പ്രതിജ്ഞാബദ്ധരാണ്; അടുത്തതലമുറ അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കി അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കും''



''ഏത് അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങളുടെയും കാതല്‍ ജനങ്ങളാകണം; ഇന്ത്യയില്‍ അതാണു നാം ചെയ്യുന്നത്''



''അതിജീവനശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നാം സജ്ജമാക്കിയാല്‍, നമുക്കുണ്ടാകുന്ന ദുരന്തങ്ങള്‍ മാത്രമല്ല, ഭാവി തലമുറകള്‍ക്കുണ്ടായേക്കാവുന്ന അത്യാഹിതങ്ങളും നമുക്കു തടയാനാകും

Posted On: 04 MAY 2022 10:28AM by PIB Thiruvananthpuram

ദുരന്തനിവാരണ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്രസമ്മേളനത്തിന്റെ നാലാം പതിപ്പിന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം സമ്മേളനത്തെ അഭിസംബോധനചെയ്തത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എംപി, ഘാന പ്രസിഡന്റ് നാനാ അഡ്ഡോ ഡാങ്ക്വാ അകുഫോ-അഡ്ഡോ, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ, മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി നിരിന രജോയ്‌ലിന എന്നിവരും സമ്മേളനത്തെ അഭിസംബോധനചെയ്തു.

ആരെയും ഒഴിവാക്കരുത് എന്നതാണു സുസ്ഥിരവികസനലക്ഷ്യങ്ങളുടെ മഹത്തായ വാഗ്ദാനമെന്നു പ്രധാനമന്ത്രി മോദി സമ്മേളനത്തെ ഓര്‍മ്മിപ്പിച്ചു. ''അതുകൊണ്ടാണ്, പാവപ്പെട്ടവരുടെയും നിരാലംബരുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി അടുത്തതലമുറ അടിസ്ഥാനസൗകര്യങ്ങള്‍ സജ്ജമാക്കി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നാം പ്രതിജ്ഞാബദ്ധരായി തുടരുന്നത്.''- അദ്ദേഹം പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങള്‍ ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് അവര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ളതും ആലംബമാകുന്നതും സുസ്ഥിരവുമായ സേവനങ്ങള്‍ തുല്യമായി പ്രദാനം ചെയ്യുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''ഏത് അടിസ്ഥാനസൗകര്യ വികസനപ്രവര്‍ത്തനങ്ങളുടെയും കാതല്‍ ജനങ്ങളാകണം. ഇന്ത്യയില്‍ അതാണു നാം ചെയ്യുന്നത്'' - അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, വൈദ്യുതി, ഗതാഗതം തുടങ്ങി നിരവധി മേഖലകളില്‍ അടിസ്ഥാനസേവനങ്ങള്‍ വര്‍ധിച്ചതോതില്‍ ഇന്ത്യയില്‍ ലഭ്യമാക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ''കാലാവസ്ഥാവ്യതിയാനത്തെ നേരിട്ടു പ്രതിരോധിക്കുകയാണു ഞങ്ങള്‍. അതുകൊണ്ടാണു ഞങ്ങളുടെ വികസനശ്രമങ്ങള്‍ക്കു സമാന്തരമായി 2070-ഓടെ 'നെറ്റ് സീറോ' എന്ന ലക്ഷ്യത്തിലെത്തുമെന്ന് 'സിഒപി26'ല്‍ ഞങ്ങള്‍ പ്രതിജ്ഞചെയ്തത്.''- അദ്ദേഹം പറഞ്ഞു.

അടിസ്ഥാനസൗകര്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, അടിസ്ഥാനസൗകര്യങ്ങള്‍ക്കു കോട്ടംതട്ടിയാല്‍, തലമുറകളോളം നീളുന്ന നാശനഷ്ടങ്ങളുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍, ''ആധുനിക സാങ്കേതികവിദ്യയും അറിവും നമ്മുടെ കൈവശമുള്ളതിനാല്‍, അതിജീവനശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നമുക്കു സൃഷ്ടിക്കാനാകുമോ?'' എന്നു പ്രധാനമന്ത്രി ആരാഞ്ഞു. ഈ വെല്ലുവിളി തിരിച്ചറിഞ്ഞാണു സിഡിആര്‍ഐ രൂപംകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സഖ്യം വിപുലമാക്കുകയും വിലപ്പെട്ട സംഭാവനകളേകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'സിഒപി26'ല്‍ തുടക്കമിട്ട 'അതിജീവനശേഷിയുള്ള ദ്വീപുരാഷ്ട്രങ്ങള്‍ക്കായുള്ള അടിസ്ഥാനസൗകര്യം' എന്ന സംരംഭത്തെയും ലോകമെമ്പാടുമുള്ള അതിജീവനശേഷിയുള്ള 150 വിമാനത്താവളങ്ങളെക്കുറിച്ചു പഠിക്കുന്ന സിഡിആര്‍ഐയുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം പരാമര്‍ശിച്ചു. സിഡിആര്‍ഐ നയിക്കുന്ന 'അടിസ്ഥാനസൗകര്യ സംവിധാനങ്ങളുടെ ദുരന്തനിവാരണത്തിന്റെ ആഗോള വിലയിരുത്തല്‍' ഏറെ മൂല്യമുള്ള ആഗോള വിജ്ഞാനം പ്രദാനം ചെയ്യുന്നതിനു സഹായിക്കും- ശ്രീ മോദി പറഞ്ഞു.

നമ്മുടെ ഭാവി സുസ്ഥിരമാക്കുന്നതിന് 'അതിജീവനശേഷിയുള്ള അടിസ്ഥാനസൗകര്യ പരിവര്‍ത്തനം' ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടതു ണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. പരിതസ്ഥിതികളോടു പൂര്‍ണമായി ഇണങ്ങിച്ചേരാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമങ്ങളുടെ കേന്ദ്രബിന്ദുകൂടിയാണ് അതിജീവനശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍. ''അതിജീവനശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നാം സജ്ജമാക്കിയാല്‍, നമുക്കുണ്ടാകുന്ന ദുരന്തങ്ങള്‍ മാത്രമല്ല, ഭാവി തലമുറകള്‍ക്കുണ്ടായേക്കാവുന്ന അത്യാഹിതങ്ങളും നമുക്കു തടയാനാകും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

--ND--

 



(Release ID: 1822537) Visitor Counter : 171