പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തിന്റെ ഉദ്ഘാടനസെഷനെ പ്രധാനമന്ത്രി നാളെ (ഏപ്രില്‍ 30ന്) അഭിസംബോധന ചെയ്യും

Posted On: 29 APR 2022 6:47PM by PIB Thiruvananthpuram

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്തസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. 2022 ഏപ്രില്‍ 30ന് (നാളെ) രാവിലെ 10നു ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലാണു സമ്മേളനം. സംയുക്തസമ്മേളനത്തിന്റെ ഉദ്ഘാടനസെഷനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

നീതിയുടെ ലളിതവും സൗകര്യപ്രദവുമായ വിതരണചട്ടക്കൂടുകള്‍ ഒരുക്കുന്നതിനായി എക്‌സിക്യൂട്ടീവിനും ജുഡീഷ്യറിക്കും ഒത്തുചേരുന്നതിനുള്ള അവസരമാണു സംയുക്തസമ്മേളനം. നീതിന്യായവ്യവസ്ഥ നേരിടുന്ന വെല്ലുവിളികര്‍ അതിജീവിക്കുന്നതിനാവശ്യമായ നടപടികളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. നേരത്തെ 2016ലാണ് ഇത്തരം സമ്മേളനം നടന്നത്. അതിനുപിന്നാലെ, 'ഇ കോര്‍ട്‌സ്' മിഷന്‍ മോഡ് പ്രോജക്റ്റിനുകീഴില്‍ കോടതിനടപടികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സംയോജനത്തിനും ഗവണ്‍മെന്റ് വിവിധ സംരംഭങ്ങള്‍ സജ്ജമാക്കിയിരുന്നു.

സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള വേദിയാണ് ഈ സമ്മേളനം ഒരുക്കുന്നത്. നീതിന്യായവിതരണസംവിധാനം ഫലപ്രദവും കാര്യക്ഷമവും ഏവര്‍ക്കും പ്രാപ്യവും പൗരന്മാരുടെ ആവശ്യങ്ങളോടു പ്രതികരിക്കുന്നതിനുമാക്കുന്നതിനുള്ള തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനും ഈ വേദി സഹായകമാകും. നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യവസായ നടത്തിപ്പു സുഗമമാക്കുന്നതിനും സംഭാവനയേകാനും സമ്മേളനം സഹായിക്കും. ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം എന്നിവയിലേക്കുള്ള ഗവണ്‍മെന്റിന്റെ പ്രയത്‌നമാണിത്.

 

-ND-



(Release ID: 1821405) Visitor Counter : 140