മന്ത്രിസഭ

കണ്‍സള്‍ട്ടന്‍സി വികസന കേന്ദ്രത്തെ (സിഡിസി) അതിന്റെ ജീവനക്കാര്‍, മാറ്റാന്‍ കഴിയുന്ന ആസ്തികള്‍, ബാധ്യത എന്നിവ ഉള്‍പ്പെടെ ശാസ്ത്രീയ-വ്യാവസായിക ഗവേഷണ വകുപ്പിന്റെ (ഡിഎസ്ഐആര്‍) ശാസ്ത്രീയ-വ്യാവസായിക ഗവേഷണ സമിതിയില്‍ (സിഎസ്ഐആര്‍) ലയിപ്പിക്കുന്നതിന് മന്ത്രിസഭയുടെ അഗീകാരം




Posted On: 27 APR 2022 4:47PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭാ യോഗം ഇനിപ്പറയുന്ന കാര്യങ്ങള്‍ക്ക് അംഗീകാരം നല്‍കി

i) പുതിയ 13 സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് സിഡിസിയിലെ 13 ജീവനക്കാരെ സിഎസ്ഐആറില്‍ നിയമിക്കും

ii) ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് കേന്ദ്രത്തിലെ സിഡിഎസ് ഉപയോഗിച്ചു വരുന്ന സ്ഥലം, പുനര്‍വിനിയോഗത്തിനായി ഇന്ത്യ ഹാബിറ്റാറ്റ് കേന്ദ്രത്തിന് സമര്‍പ്പിക്കുകയും പുതുതായി അനുവദിക്കുന്നതിലൂടെ ലഭിക്കുന്ന തുക കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിക്ഷേപിക്കുകയും ചെയ്യും.

iii) ലയിപ്പിച്ചതിന് ശേഷം സിഡിസിയുടെ മാറ്റാനാകുന്ന എല്ലാ ആസ്തികളും ബാധ്യതകളും സിഎസ്ഐആറിലേക്ക് മാറ്റും.

പ്രധാനപ്പെട്ട ഫലം:

ലയിപ്പിക്കുന്നതോടെ രണ്ട് സൊസൈറ്റികളും പ്രധാനമന്ത്രിയുടെ 'കുറഞ്ഞ അധികാര കേന്ദ്രങ്ങള്‍ കൂടിയ അധികാര വിനിയോഗം' എന്ന നയത്തില്‍ ഊന്നി പ്രവര്‍ത്തിക്കും. ലയനത്തോടെ സിഎസ്ഐആറിന് വിദ്യാഭ്യാസ രംഗത്തെ കണ്‍സള്‍ട്ടന്‍സി, സാങ്കേതികവിദ്യയുടെ ഇറക്കുമതി എന്നീ മേഖലകളില്‍ വിദഗ്ധരായ സിഡിസി ജീവനക്കാരെ ലഭിക്കും. ലയനത്തോടെ സിഎസ്ഐആറിന് ഇനിപ്പറയുന്ന രംഗങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നതിന് കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു:

i) പ്രോജക്ടുകളുടെ സാങ്കേതിക-വാണിജ്യ വിലയിരുത്തല്‍

ii) മേഖലയില്‍ വിന്യസിച്ചിരിക്കുന്ന സിഎസ്ഐആറിന്റെ സാങ്കേതികവിദ്യകളുടെ സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാത വിശകലനം

iii) സിഎസ്ഐആറിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ആദ്യ മാതൃകകളുടെ വികസനത്തിനായി വിശദമായ രൂപകല്‍പ്പനയും എന്‍ജിനീയറിംഗും നടപ്പിലാക്കുന്നതിന് അനുയോജ്യരായ കണ്‍സള്‍ട്ടന്റുമാരെ തിരഞ്ഞെടുക്കുന്നതും സിഎസ്ഐആറിന്റെ സാങ്കേതികവിദ്യകളെ നിക്ഷേപകരുടെ ആവശ്യകതയ്ക്കും അല്ലെങ്കില്‍/കൂടാതെ വിപണി ആവശ്യകതകള്‍ക്കുമായി പരിവര്‍ത്തനം ചെയ്യുന്നതും.

iv) വ്യവസായ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍.

പശ്ചാത്തലം:
 

സിഎസ്ഐആര്‍, സിഡിസി എന്നിവ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രീയ-വ്യാവസായിക ഗവേഷണ വകുപ്പിന്റെ (ഡിഎസ്ഐആര്‍) കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളാണ്. 1860ലെ സൊസൈറ്റി രജിസ്ട്രേഷന്‍ നിയമം XXI-ന് കീഴില്‍ 1942ലാണ് സിഎസ്ഐആര്‍ രൂപീകരിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും ജനക്ഷേമത്തിനുമായാണ് ദേശീയ ഗവേഷണ-വികസന സംഘടനയായി സ്ഥാപനം രൂപം കൊണ്ടത്.

കണ്‍സള്‍ട്ടന്‍സി നൈപുണ്യങ്ങളും കഴിവുകളും വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഡിഎസ്ഐആറിന്റെ പിന്തുണയോടെ 1986 ല്‍ ഒരു സൊസൈറ്റിയായി സിഡിസി സ്ഥാപിതമായി.  2004 ഒക്ടോബര്‍ 13-ന് കേന്ദ്ര മന്ത്രിസഭ സിഡിസിക്ക്  ഡിഎസ്ഐആറിന്റെ സ്വയംഭരണ സ്ഥാപനം എന്ന നിലയില്‍ അംഗീകാരം നല്‍കി.  മെമ്മോറാണ്ടം ആന്‍ഡ് ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ ഓഫ് സിഡിസി സ്വയംഭരണാവകാശമുള്ള സ്ഥാപനമായി മാറ്റിയുള്ള ഉത്തരവ് 2008 ജനുവരി 16 ന് പുറത്തിറക്കി. 1000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് കേന്ദ്രത്തിലാണ് സിഡിസി സ്ഥിതി ചെയ്യുന്നത്. 1990 മാര്‍ച്ച് എട്ടിന് ഭവന-നഗരകാര്യ മന്ത്രാലയം പാട്ടത്തിന് അനുവദിച്ച സ്ഥലത്ത് ഓഫീസ് നിര്‍മിച്ചു. സിഡിസിക്ക് ആകെ 13 സ്ഥിരം ജീവനക്കാരുണ്ട്.

പതിനാലാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, നിതി ആയോഗ് വിവിധ ഗവണ്‍മെന്റ് വകുപ്പുകള്‍ക്ക് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെ (എബിഎസ്) അവലോകനങ്ങള്‍ നടത്തി.  നിതി ആയോഗിന്റെ അവലോകന സമിതിയുടെ 10, 13, 18 യോഗങ്ങളില്‍ ഡിഎസ്ഐആറിന് കീഴിലുള്ള രണ്ട് എബിഎസ്, അതായത് സിഎസ്ഐആര്‍, സിഡിസി എന്നിവയുടെ അവലോകനം നടന്നു. വ്യക്തമായ സാധ്യതകളുള്ളതിനാല്‍ സിഡിസിക്ക് സിഎസ്ഐആറുമായി ലയിച്ച് തുടരാന്‍ കഴിയുമെന്ന് അവലോകന സമിതി ശുപാര്‍ശ ചെയ്തു. സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമം 1860 (എസ്ആര്‍എ) പ്രകാരം ഡിഎസ്ഐആറിന് ഒരു എബി മാത്രമേ ഉണ്ടാകൂ എന്ന് കമ്മിറ്റി അതിന്റെ  റിപ്പോര്‍ട്ടില്‍ പറയുന്നു.  ലയനത്തിന്റെ രീതികള്‍ ശുപാര്‍ശ ചെയ്യുന്നതിന് രൂപീകരിച്ച ഉപദേശക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, സെക്ഷന്‍ 12 സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് 1860 പ്രകാരമുള്ള നടപടിക്രമം സിഡിസിയുടെ ഗവേണിംഗ് കൗണ്‍സിലും സിഎസ്ഐആര്‍ ഗവേണിംഗ് ബോഡിയും സിഡിസിയെ സിഎസ്ഐആറുമായി ലയിപ്പിക്കാനുള്ള നിര്‍ദ്ദേശം അംഗീകരിച്ചു.

--ND--

 



(Release ID: 1820627) Visitor Counter : 164