പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താവിന് പ്രധാനമന്ത്രി മോദി കത്തെഴുതി; ഒരു നല്ല നാളെയുടെ അടിത്തറയാണ് ഒരു ഉറപ്പുള്ള വീടെന്ന് പ്രധാനമന്ത്രി


"ഗുണഭോക്താക്കളുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങൾ രാജ്യസേവനത്തിൽ വിശ്രമമില്ലാതെ തുടരെ പ്രവർത്തിക്കാൻ പ്രചോദനവും ഊർജ്ജവും നൽകുന്നു"

Posted On: 12 APR 2022 10:53AM by PIB Thiruvananthpuram

“വീട്  എന്നത്  ഇഷ്ടികയും സിമന്റും കൊണ്ടുണ്ടാക്കിയ വെറുമൊരു നിർമ്മിതി മാത്രമല്ല, നമ്മുടെ വികാരങ്ങളും അഭിലാഷങ്ങളും അതിനോട് ബന്ധപ്പെട്ടിരിക്കുന്നു. വീടിന്റെ അതിർത്തി ഭിത്തികൾ നമുക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യുക മാത്രമല്ല, നല്ലൊരു നാളെയുടെ ആത്മവിശ്വാസം നമ്മിൽ പകരുകയും ചെയ്യുന്നു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഒരു ഉറപ്പുള്ള  വീട് ലഭിച്ചതിൽ അഭിനന്ദിച്ചുകൊണ്ട് മധ്യപ്രദേശിലെ സാഗർ ജില്ലയിലെ സുധീർ കുമാർ ജെയിനിന് അയച്ച കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചതാണിത് . സ്വന്തമായി മേൽക്കൂരയും വീടും ലഭിച്ചതിന്റെ സന്തോഷം വിലമതിക്കാനാവാത്തതാണ്, അദ്ദേഹം  കൂട്ടിച്ചേർത്തു.


പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നിങ്ങളുടെ സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു, സുധീറിന് അയച്ച കത്തിൽ പ്രധാനമന്ത്രി തുടർന്നു. ഈ നേട്ടത്തിനു ശേഷമുള്ള നിങ്ങളുടെ സംതൃപ്തി കത്തിലെ നിങ്ങളുടെ വാക്കുകളിൽ  നിന്ന് എളുപ്പത്തിൽ അനുഭവിക്കാൻ കഴിയും. ഈ വീട് നിങ്ങളുടെ കുടുംബത്തിന്റെ മാന്യമായ ജീവിതത്തിനും നിങ്ങളുടെ രണ്ട് കുട്ടികളുടെ  മികച്ച ഭാവിക്കും ഒരു പുതിയ അടിത്തറ പോലെയാണ്.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഇതുവരെ കോടിക്കണക്കിന് ഗുണഭോക്താക്കൾക്ക്  ഉറപ്പുള്ള  വീടുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നിർധനരായ എല്ലാ കുടുംബങ്ങൾക്കും വീട് എന്ന ലക്ഷ്യത്തിൽ ഗവണ്മെന്റ്  പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ജനക്ഷേമ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ  ഗവണ്മെന്റ് ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 ഗുണഭോക്താക്കളുടെ ജീവിതത്തിലെ ഈ അവിസ്മരണീയ നിമിഷങ്ങൾ രാജ്യസേവനത്തിൽ വിശ്രമമില്ലാതെ തുടരെ  പ്രവർത്തിക്കാൻ പ്രചോദനവും ഊർജ്ജവും നൽകുന്നുവെന്ന്  
 സുധീറിന് അയച്ച കത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.

 പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ അടുത്തിടെ സുധീറിന് സ്വന്തമായി ഒരു വീട് ലഭിക്കുകയും നന്ദി അറിയിച്ചുകൊണ്ട്  അദ്ദേഹം പ്രധാനമന്ത്രി മോദിക്ക് കത്തെഴുതുകയും ചെയ്തിരുന്നു . പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പ്രധാനമന്ത്രി ആവാസ് യോജന ഭവനരഹിതരായ പാവപ്പെട്ട കുടുംബങ്ങൾക്കുള്ള അനുഗ്രഹമാണെന്നാണ് സുധീർ വിശേഷിപ്പിച്ചത്. താൻ വാടക വീട്ടിലാണ് താമസിക്കുന്നതെന്നും 6-7 തവണ വീട് മാറിയിട്ടുണ്ടെന്നും സുധീർ എഴുതി. കൂടെക്കൂടെ വീട് മാറുന്നതിന്റെ വേദനയും അദ്ദേഹം പങ്കുവച്ചു.
-ND-



(Release ID: 1815906) Visitor Counter : 139