ഷിപ്പിങ് മന്ത്രാലയം
കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലും രാജ്യത്തെ സ്വാശ്രയമാക്കുന്നതിനും ആഗോള വിതരണ ശൃംഖല പ്രവർത്തനക്ഷമമാക്കുന്നതിനും നാവികർ വഹിച്ച പങ്ക് നിസ്തുലമെന്ന് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ
Posted On:
05 APR 2022 12:34PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 5, 2022
കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ രാജ്യത്തെ സ്വാശ്രയമാക്കുന്നതിനും ആഗോള വിതരണ ശൃംഖല പ്രവർത്തനക്ഷമമാക്കുന്നതിനും നാവികരുടെ സംഭാവന നിസ്തുലമെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ വ്യക്തമാക്കി.
59-ാമത് ദേശീയ മാരിടൈം ദിനാഘോഷ ചടങ്ങിൽ, 2021-ൽ കോവിഡ്-19 മഹാമാരിയുടെ മൂർദ്ധന്യത്തിലും, 2,10,000-ത്തിലധികം ഇന്ത്യൻ നാവികർ, ഇന്ത്യൻ കപ്പലുകളിലും വിദേശ കപ്പലുകളിലുമായി സേവനമനുഷ്ഠിച്ചതായി, നാവിക കുടുംബത്തിലെ എല്ലാവരെയും അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
2070-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുകയെന്ന ലക്‌ഷ്യം ഇന്ത്യ കൈവരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച കാര്യം ശ്രീ സോനോവാൾ ചൂണ്ടിക്കാട്ടി. അതനുസരിച്ച്, ഈ വർഷത്തെ ദേശീയ മാരിടൈം ദിന പ്രമേയം 'ഇന്ത്യൻ സമുദ്ര വ്യവസായത്തിലെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക' എന്നതാണ്. ആഗോള സൾഫർ പരിധി, IMO യുടെ ഹരിതഗൃഹ വാതക ബഹിർഗമന നിയന്ത്രണങ്ങൾ ആഭ്യന്തര കപ്പലുകളിൽ നടപ്പിലാക്കുക, 2070-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുകയെന്ന UNFCC യുടെ ലക്‌ഷ്യത്തോടുള്ള പ്രതിജ്ഞാബദ്ധത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യ എപ്പോഴും മാതൃകാപരമായ പ്രവർത്തനം കാഴ്ച്ച വച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുന്നതും ഷിപ്പിംഗ് സുഗമമാക്കുന്നതും ലക്ഷ്യമിട്ട് ‘വ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടികൾ’ ഗവൺമെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇന്ത്യൻ സമുദ്രമേഖലയെ ആഗോളതലത്തിൽ മുൻപന്തിയിലെത്തിക്കാൻ ശ്രമിച്ചു വരുന്നതായും ശ്രീ സോനോവാൾ അറിയിച്ചു.
രാവിലെ സഫ്ദർജംഗ് സ്മാരകത്തിൽ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് സഹമന്ത്രി ശ്രീ ശന്തനു ഠാക്കൂർ ഇന്നത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചു.
മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഷിപ്പിംഗ് DG, തുറമുഖ ഉദ്യോഗസ്ഥർ, NCR മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ 600 ഓളം ട്രെയിനി കേഡറ്റുകൾ, അദ്ധ്യാപകർ, ദേശീയ തലസ്ഥാന മേഖലയിലെ മർച്ചന്റ് നേവി ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
(Release ID: 1813765)
Visitor Counter : 152