പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'വളര്‍ച്ചയും വികസനവും കാംക്ഷിക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്കായുള്ള ധനസഹായം' എന്ന വിഷയത്തില്‍ ബജറ്റിനുശേഷമുള്ള വെബിനാറിനെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി


''ഉയര്‍ന്ന വളര്‍ച്ചയുടെ കുതിപ്പുതുടരാന്‍ ഈ ബജറ്റില്‍ ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്''

''എംഎസ്എംഇകളെ ശക്തിപ്പെടുത്തുന്നതിനായി നിരവധി അടിസ്ഥാന പരിഷ്‌കരണങ്ങള്‍ നടത്തുകയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ഈ പരിഷ്‌കരണങ്ങളുടെ വിജയം അവയുടെ ധനസഹായം ശക്തിപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു.''

''നമ്മുടെ ധനസഹായമേഖല നൂതനമായ ധനസഹായത്തെയും പുതിയ ഭാവി ആശയങ്ങളുടെയും സംരംഭങ്ങളുടെയും സുസ്ഥിര ഉത്തരവാദിത്വനിര്‍വഹണത്തെയും പരിഗണിക്കണം''

''ഇന്ത്യയുടെ വികസനസ്വപ്നങ്ങള്‍ പ്രകൃതിദത്തകൃഷിയുമായും ജൈവക്കൃഷിയുമായും ബന്ധപ്പെട്ടിരിക്കുന്നു''

''പരിസ്ഥിതിസൗഹൃദപദ്ധതികള്‍ക്കു വേഗം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഹരിതധനസഹായത്തെക്കുറിച്ചുള്ള പഠനവും നടപ്പാക്കലും അത്തരം പുതിയ കാഴ്ചപ്പാടുകളും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്.''


Posted On: 08 MAR 2022 12:19PM by PIB Thiruvananthpuram

ബജറ്റിനുശേഷമുള്ള വെബിനാര്‍പരമ്പരയിലെ പത്താം വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. 'വളര്‍ച്ചയും വികസനവും കാംക്ഷിക്കുന്ന സമ്പദ്വ്യവസ്ഥയ്ക്കായുള്ള ധനസഹായം' എന്ന വിഷയത്തിലായിരുന്നു ഇന്നത്തെ വെബിനാര്‍.

ഏവര്‍ക്കും പ്രധാനമന്ത്രി അന്താരാഷ്ട്ര വനിതാദിനാശംസകള്‍ നേര്‍ന്നു. ഇത്രയും പുരോഗമനപരമായ ബജറ്റ് നല്‍കിയ വനിതാധനമന്ത്രി ഇന്ത്യയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നൂറ്റാണ്ടിലൊരിക്കല്‍മാത്രം സംഭവിക്കുന്ന മഹാമാരിക്കുശേഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടും കുതിച്ചുയരുകയാണെന്നും ഇതു നമ്മുടെ സാമ്പത്തിക തീരുമാനങ്ങളുടെയും സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ അടിത്തറയുടെയും പ്രതിഫലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉയര്‍ന്ന വളര്‍ച്ചയുടെ കുതിപ്പുതുടരാന്‍ ഈ ബജറ്റില്‍ ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദേശ മൂലധനപ്രവാഹം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അടിസ്ഥാനസൗകര്യനിക്ഷേപത്തിന്മേലുള്ള നികുതി കുറയ്ക്കുന്നതിലൂടെയും എന്‍ഐഐഎഫ്, ഗിഫ്റ്റ് സിറ്റി, പുതിയ ഡിഎഫ്‌ഐകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെയും സാമ്പത്തികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്കു വേഗംകൂട്ടാന്‍ ഞങ്ങള്‍ ശ്രമിച്ചു.''- അദ്ദേഹം പറഞ്ഞു. ''ധനകാര്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇപ്പോള്‍ അടുത്ത ഘട്ടത്തിലെത്തുകയാണ്. 75 ജില്ലകളിലെ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളാകട്ടെ, അതല്ല, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയാകട്ടെ (സിബിഡിസികള്‍);  ഇവയൊക്കെ നമ്മുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധപദ്ധതികള്‍ക്കു ധനസഹായം നല്‍കുന്നതിന്റെ വിവിധ മാതൃകകള്‍ പര്യവേക്ഷണംചെയ്ത്, മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനുള്ള വഴികള്‍ ആലോചിക്കേണ്ടതിന്റെ ആവശ്യകത, ആത്മനിര്‍ഭര്‍ ഭാരത് അഭിയാനെ പരാമര്‍ശിച്ച്, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പിഎം ഗതിശക്തി ദേശീയ ആസൂത്രണപദ്ധതി ഇത്തരത്തിലുള്ള നടപടികളുടെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സന്തുലിതവികസനത്തിന്റെ പാതയില്‍, വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കായുള്ള പരിപാടികള്‍ക്കും കിഴക്കന്‍ ഇന്ത്യയുടെയും വടക്കുകിഴക്കിന്റെയും വികസനം പോലുള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുന്ന കാര്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ഇന്ത്യയുടെ സ്വപ്നങ്ങളും എംഎസ്എംഇയുടെ ശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''എംഎസ്എംഇകളെ ശക്തിപ്പെടുത്തുന്നതിനായി നിരവധി അടിസ്ഥാന പരിഷ്‌കരണങ്ങള്‍ നടത്തുകയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ഈ പരിഷ്‌കരണങ്ങളുടെ വിജയം അവയുടെ ധനസഹായം ശക്തിപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു.''- അദ്ദേഹം പറഞ്ഞു.

ഫിന്‍ടെക്, അഗ്രിടെക്, മെഡിടെക്, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ രാജ്യം മുന്നോട്ടുപോയില്ലെങ്കില്‍ വ്യവസായം 4.0 സാധ്യമാകില്ലെന്നു പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു. അത്തരം മേഖലകളിലെ ധനകാര്യസ്ഥാപനങ്ങള്‍ക്കുള്ള സഹായം ഇന്ത്യയെ വ്യവസായം 4.0-ല്‍ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെ മികച്ച മൂന്നു രാജ്യങ്ങളിലൊന്നായി ഇന്ത്യക്ക് ഇടംനേടാന്‍ കഴിയുന്ന മേഖലകള്‍ കണ്ടെത്തുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചു പ്രധാനമന്ത്രി ദീര്‍ഘമായി സംസാരിച്ചു. നിര്‍മ്മാണം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ കൂടാതെ അടുത്തിടെ തുറന്നുകൊടുത്ത ഡ്രോണുകള്‍, ബഹിരാകാശം, ജിയോസ്‌പേഷ്യല്‍ ഡാറ്റ തുടങ്ങിയ മേഖലകളിലും ഇന്ത്യക്കു മികച്ച മൂന്നു രാജ്യങ്ങളില്‍ ഇടംനേടാന്‍ കഴിയുമോ എന്ന് അദ്ദേഹം ആരാഞ്ഞു. ഇതിനായി നമ്മുടെ വ്യവസായത്തിനും സ്റ്റാര്‍ട്ടപ്പിനും സാമ്പത്തികമേഖലയുടെ പൂര്‍ണപിന്തുണ ലഭിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ സംരംഭകത്വത്തിന്റെ വികാസവും നവീകരണവും പുതിയ വിപണികള്‍ക്കായുള്ള അന്വേഷണവും സംഭവിക്കുന്നത് അവയ്ക്കു ധനസഹായം നല്‍കുന്നവര്‍ക്കിടയില്‍ ഭാവിയെക്കുറിച്ചുള്ള ഈ ആശയങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടാകുമ്പോഴാണ്. ''നമ്മുടെ ധനസഹായമേഖല നൂതനമായ ധനസഹായത്തെയും പുതിയ ഭാവി ആശയങ്ങളുടെയും സംരംഭങ്ങളുടെയും സുസ്ഥിര ഉത്തരവാദിത്വനിര്‍വഹണത്തെയും പരിഗണിക്കണം.''- ശ്രീ മോദി പറഞ്ഞു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വലിയ അടിത്തറയെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വയംസഹായസംഘങ്ങള്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, കാര്‍ഷികോല്‍പ്പാദനസംഘടനകള്‍, പൊതു സേവനകേന്ദ്രങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതുപോലുള്ള നടപടികള്‍ ഗവണ്മെന്റ് സ്വീകരിക്കുന്നു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ അവരുടെ നയങ്ങളില്‍ത്തന്നെ നിലനിര്‍ത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ വികസനസ്വപ്നങ്ങള്‍ പ്രകൃതിദത്തകൃഷിയുമായും ജൈവക്കൃഷിയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ''പുതിയ പ്രവര്‍ത്തനങ്ങളിലേക്ക് അവരില്‍ ആരെങ്കിലും മുന്നോട്ടുവരുകയാണെങ്കില്‍, നമ്മുടെ ധനകാര്യ സ്ഥാപനങ്ങള്‍ എങ്ങനെ സഹായിക്കുമെന്നു ചിന്തിക്കേണ്ടത് ആവശ്യമാണ്.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളെയും നിക്ഷേപങ്ങളെയും പരാമര്‍ശിച്ചുകൊണ്ട്, മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാന്‍, കൂടുതല്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഉണ്ടാകേണ്ടതു നിര്‍ണായകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ''നമ്മുടെ ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവരുടെ വ്യാവസായിക ആസൂത്രണത്തില്‍ ഇതിനു മുന്‍ഗണനയേകാനാകുമോ?'' എന്നും പ്രധാനമന്ത്രി ചോദിച്ചു.

ബജറ്റിന്റെ പാരിസ്ഥിതികതലങ്ങളെയും പ്രധാനമന്ത്രി സ്പര്‍ശിച്ചു. 2070-ഓടെ ഇന്ത്യ 'നെറ്റ് സീറോ' എന്ന ലക്ഷ്യത്തിലെത്തണമെന്ന് ആവര്‍ത്തിച്ച അദ്ദേഹം ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായും വ്യക്തമാക്കി. ''ഈ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ പരിസ്ഥിതിസൗഹൃദപദ്ധതികള്‍ക്കു വേഗം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഹരിതധനസഹായത്തെക്കുറിച്ചുള്ള പഠനവും നടപ്പാക്കലും അത്തരം പുതിയ കാഴ്ചപ്പാടുകളും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്.''- അദ്ദേഹം പറഞ്ഞു.

****

-ND-

(Release ID: 1803880) Visitor Counter : 188