പ്രധാനമന്ത്രിയുടെ ഓഫീസ്
2022ലെ കേന്ദ്ര ബജറ്റ് ആരോഗ്യ മേഖലയില്‍ സൃഷ്ടിച്ച അനുകൂല ഘടകങ്ങളെക്കുറിച്ചുള്ള വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
26 FEB 2022 2:06PM by PIB Thiruvananthpuram
നമസ്‌കാരം ജീ!
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, രാജ്യത്ത് ആരോഗ്യ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ടു പൊതു-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ, പാരാമെഡിക്‌സ് മേഖലയിലെ വിശിഷ്ട വ്യക്തികളെ, നഴ്‌സിങ്ങും ആരോഗ്യ പരിപാലനവും സാങ്കേതിക വിദ്യയും ഗവേഷണവുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളെ, മഹതീ മഹാന്‍മാരെ,
ഒന്നാമതായി, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യം വിജയകരമായി നടത്തിയതിന് 130 കോടി രാഷ്ട്ര വാസികള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു! ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ സംവിധാനം എത്രത്തോളം കാര്യക്ഷമമാണെന്നും അത് എത്രത്തോളം സന്നദ്ധതയില്‍ അധിഷ്ഠിതമാണെന്നും നിങ്ങള്‍ ലോകത്തിനു മുഴുവന്‍ കാണിച്ചുകൊടുത്തു!
സുഹൃത്തുക്കളെ,
ഈ ബജറ്റ് കഴിഞ്ഞ ഏഴു വര്‍ഷമായി ആരോഗ്യ പരിരക്ഷാ സംവിധാനത്തെ പരിഷ്‌കരിക്കുന്നതിനും പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ വിപുലപ്പെടുത്തുന്നു. ആദ്യ ദിവസം മുതല്‍ നമ്മുടെ ബജറ്റിലും നയങ്ങളിലും ഒരു തുടര്‍ച്ചയും പുരോഗമനപരമായ വികാസവും ഉണ്ടെന്ന് ബജറ്റ് വിദഗ്ധര്‍ മനസ്സിലാക്കിയിരിക്കണം. നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തില്‍ ഞങ്ങള്‍ ഒരു സമഗ്രമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ന് നമ്മുടെ ശ്രദ്ധ ആരോഗ്യത്തില്‍ മാത്രമല്ല, ക്ഷേമത്തിലും തുല്യമായ തോതിലുണ്ട്. രോഗത്തിന് കാരണമായ ഘടകങ്ങളെ ഇല്ലാതാക്കുന്നതിലും സമൂഹത്തെ ക്ഷേമം നേടുന്നതിനായി പ്രോത്സാഹിപ്പിക്കുന്നതിലും രോഗങ്ങള്‍ ചികിത്സിക്കുന്നതിലും എല്ലാവര്‍ക്കും സൗകര്യമൊരുക്കുന്നതില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനാല്‍, സ്വച്ഛ് ഭാരത് അഭിയാന്‍, ഫിറ്റ് ഇന്ത്യ മിഷന്‍, പോഷണ്‍ മിഷന്‍, മിഷന്‍ ഇന്ദ്രധനുഷ്, ആയുഷ്മാന്‍ ഭാരത്, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ എല്ലാ സംരംഭങ്ങളും കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
ആരോഗ്യമേഖലയിലെ സമഗ്രതയെ കുറിച്ചും ആരോഗ്യ സംരക്ഷണത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും പറയുമ്പോള്‍ അതില്‍ മൂന്ന് ഘടകങ്ങളെയാണ് നാം ഉള്‍പ്പെടുത്തുന്നത്. ഒന്നാമതായി, ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെയും മാനവ വിഭവശേഷിയുടെയും വിപുലീകരണം. രണ്ടാമതായി, ആയുഷ് പോലെയുള്ള പരമ്പരാഗത ഇന്ത്യന്‍ ചികിത്സാ സമ്പ്രദായത്തിലെ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യസംരക്ഷണ സംവിധാനത്തില്‍ അതിന്റെ സജീവമായ ഇടപെടല്‍ ഉറപ്പാക്കുകയും. മൂന്നാമതായി, ആധുനികവും ഭാവിയുക്തവുമായ സാങ്കേതിക വിദ്യയിലൂടെ ഓരോ വ്യക്തിക്കും രാജ്യത്തിന്റെ ഓരോ ഭാഗത്തിനും മികച്ചതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുക. ഇതിനായി, ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് ഞങ്ങള്‍ ഗണ്യമായി വര്‍ധിപ്പിച്ചു.
സുഹൃത്തുക്കളെ,
വലിയ നഗരങ്ങളില്‍ മാത്രം ഒതുങ്ങാത്ത ആരോഗ്യപരമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ലോകത്തിന് മുന്നില്‍, പ്രത്യേകിച്ച് കൊറോണയ്ക്ക് ശേഷം ഞാന്‍ ഈ വിഷയത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിരിക്കണം. 'ഒരു ഭൂമി ഒരേ ആരോഗ്യം' എന്നതിനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഇതേ മനോഭാവത്തോടെ ഇന്ത്യയിലും നാം 'ഒരു ഇന്ത്യ ഒരേ ആരോഗ്യം' വികസിപ്പിക്കണം. ഈ ദൗത്യവും സമാനമാണ്. അതായത് വിദൂര പ്രദേശങ്ങളിലും സമാനമായ രീതിയിലുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ വികസിപ്പിക്കണം. ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും ഗ്രാമങ്ങളിലും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ നാം ശ്രമിക്കണം. ഈ അടിസ്ഥാന സൗകര്യം പരിപാലിക്കുകയും കാലാകാലങ്ങളില്‍ നവീകരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി സ്വകാര്യമേഖലയും മറ്റ് മേഖലകളും ഏറെ ആവേശത്തോടെ മുന്നോട്ടു വരേണ്ടിവരും.
സുഹൃത്തുക്കളെ,
ഒരു നല്ല നയം രൂപീകരിക്കുന്നതിനു പുറമേ, അതിന്റെ നടപ്പാക്കലും ഒരുപോലെ പ്രധാനമാണ്. അതിനാല്‍, നയങ്ങള്‍ നടപ്പിലാക്കുന്ന ആളുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍, ഈ ബജറ്റില്‍ രണ്ടു ലക്ഷം അംഗന്‍വാടികളെ 'സക്ഷം അംഗന്‍വാടികള്‍' ആയി ഉയര്‍ത്തി കൂടുതല്‍ ശാക്തീകരിക്കാന്‍ നാം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പോഷണ്‍-2.0യ്ക്കും ഇത് ബാധകമാണ്.
സുഹൃത്തുക്കളെ,
പ്രാഥമികാരോഗ്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 1.5 ലക്ഷം ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങളും അതിവേഗം സ്ഥാപിക്കുന്നുണ്ട്. ഇതുവരെ, 85,000ലധികം കേന്ദ്രങ്ങള്‍ പതിവ് പരിശോധന, വാക്്‌സിനേഷന്‍, പരിശോധനകള്‍ എന്നീ സൗകര്യങ്ങള്‍ നല്‍കുന്നു. ഈ ബജറ്റില്‍ മാനസികാരോഗ്യ സംരക്ഷണ സൗകര്യവും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കാനും ജനങ്ങളില്‍ അവബോധം വളര്‍ത്താനും യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണ്. നിങ്ങളും അതിനായി നിങ്ങളുടെ ശ്രമങ്ങള്‍ വിപുലപ്പെടുത്തണം.
സുഹൃത്തുക്കളെ,
മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരു സൗകര്യം മാത്രമല്ല. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മികച്ച മാര്‍ഗമായ ആരോഗ്യ സേവനങ്ങളുടെ ആവശ്യകത ഉയര്‍ത്തുകയും ചെയ്യുന്നു. വര്‍ഷങ്ങളായി ആരോഗ്യ സേവനങ്ങളുടെ ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍, അതിനനുസരിച്ച് വിദഗ്ധരായ ആരോഗ്യ വിദഗ്ധരെ സൃഷ്ടിക്കാനും നാം ശ്രമിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആരോഗ്യ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മാനവ വിഭവശേഷി വികസനത്തിനുമുള്ള ബജറ്റില്‍ വലിയ വര്‍ധനയുണ്ടായത്. വൈദ്യാശാസ്ത്ര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങളോടും മെഡിക്കല്‍ കോളേജുകള്‍ സൃഷ്ടിക്കുന്നതിനോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം നന്നായി അറിയാം. സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പരിഷ്‌കാരങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം, വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം എങ്ങനെ മെച്ചപ്പെടുത്താം, അത് എങ്ങനെ കൂടുതല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാവര്‍ക്കും താങ്ങാവുന്നതുമാക്കാം എന്നതൊക്കെ ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ നിങ്ങള്‍ കൈക്കൊള്ളേണ്ട ചില കൃത്യമായ നടപടികളാണ്.
സുഹൃത്തുക്കളെ,
ജൈവസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഗവേഷണം, മരുന്നുകള്‍, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ എന്നിവ തയ്യാറാക്കുന്നതില്‍ സ്വാശ്രയത്വം നേടുംവരെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാവില്ല. കൊറോണ കാലത്ത് നമ്മള്‍ ഇത് തിരിച്ചറിഞ്ഞു. ജനറിക്സ്, ബള്‍ക്ക് ഡ്രഗ്സ്, വാക്സിനുകള്‍, ബയോസിമിലറുകള്‍ എന്നീ മേഖലകളിലെ വളര്‍ച്ചാ സാധ്യതകള്‍ നമ്മള്‍ പ്രയോജനപ്പെടുത്തണം. അതുകൊണ്ടാണ് ഞങ്ങള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കുമായി പിഎല്‍ഐ പദ്ധതികള്‍ ആരംഭിച്ചത്.
സുഹൃത്തുക്കളെ,
കൊറോണ വാക്സിനേഷന്‍ സമയത്ത് കോവിന്‍ പോലുള്ള ഒരു പ്ലാറ്റ്ഫോമിലൂടെ ലോകം മുഴുവന്‍ നമ്മുടെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ശക്തി തിരിച്ചറിഞ്ഞു. ഡിജിറ്റല്‍ മിഷന്‍ ഉപഭോക്താവിനും ആരോഗ്യ സംരക്ഷണ ദാതാവിനും എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള സൗകര്യം ആയുഷ്മാന്‍ ഭാരത് ലഭ്യമാക്കുന്നു. ഇതോടെ രാജ്യത്ത് ചികില്‍സ സ്വീകരിക്കുന്നതും നല്‍കുന്നതും വളരെ എളുപ്പമാകും. മാത്രമല്ല, ഇന്ത്യയുടെ ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ പരിരക്ഷാ സംവിധാനം ആഗോള തലത്തില്‍ ലഭ്യമാകാന്‍ ഇത് സഹായിക്കും. ഇത് മെഡിക്കല്‍ ടൂറിസവും ജനങ്ങളുടെ വരുമാന സാധ്യതയും വര്‍ധിപ്പിക്കും. ഈ വര്‍ഷത്തെ ബജറ്റില്‍, ഈ ദൗത്യത്തെ ശക്തിപ്പെടുത്തുന്നതിനായി ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ എന്ന ഓപ്പണ്‍ പ്ലാറ്റ്ഫോമിനെക്കുറിച്ച് നാം സംസാരിച്ചു. ഇത്തരം പുതിയ സംരംഭങ്ങളുടെ വ്യാപ്തിയും സ്വാധീനവും നാം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
കൊറോണ കാലഘട്ടത്തില്‍ വിദൂര ആരോഗ്യ സംരക്ഷണം, ടെലിമെഡിസിന്‍, ടെലി കണ്‍സള്‍ട്ടേഷന്‍ എന്നിവ ഏകദേശം 2.5 കോടി രോഗികള്‍ക്കു രോഗത്തെ മറികടക്കാനുള്ള പരിഹാരമായിരുന്നു. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള ആരോഗ്യ സേവന ലഭ്യതയിലെ വിവേചനം കുറയ്ക്കുന്നതിന് ഈ സാങ്കേതികവിദ്യ വളരെ ഉപയോഗപ്രദമാകും. ഇപ്പോള്‍ നാം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഫൈബര്‍ ശൃംഖലകള്‍ ലഭ്യമാക്കുന്നു. 5ജി സാങ്കേതികവിദ്യയും ഉടന്‍ പുറത്തിറങ്ങും. 5ജി സാങ്കേതികവിദ്യ ഉപയോഗിച്ച് റിമോട്ട് ഹെല്‍ത്ത് കെയര്‍ അവതരിപ്പിക്കുന്നതിന് നമ്മുടെ സ്വകാര്യമേഖല പങ്കാളിത്തം വര്‍ദ്ധിപ്പിക്കണം. നമ്മുടെ ഗ്രാമങ്ങളില്‍ എത്രയോ ഡിസ്‌പെന്‍സറികളും ആയുഷ് സെന്ററുകളും ഉണ്ട്. നഗരങ്ങളിലെ വലിയ സ്വകാര്യ, പൊതു ആശുപത്രികളുമായി അവയെ എങ്ങനെ ബന്ധിപ്പിക്കാം? വിദൂര ആരോഗ്യ സംരക്ഷണവും ടെലി കണ്‍സള്‍ട്ടേഷനും എങ്ങനെ പ്രോത്സാഹിപ്പിക്കാം? ഈ മേഖലകളിലും നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ആരോഗ്യ രംഗത്ത് ഡ്രോണ്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമാക്കാന്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നമ്മുടെ സ്വകാര്യ കമ്പനികളും മുന്നോട്ടുവരേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
ഇന്ന് ലോകം മുഴുവന്‍ ആയുഷിന്റെ പങ്കു നന്നായി അംഗീകരിച്ചു. ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഏക ആഗോള കേന്ദ്രം സ്ഥാപിക്കാന്‍ പോകുന്നു എന്നത് നമുക്ക് അഭിമാനകരമാണ്. ആയുഷിലൂടെ നമുക്കും ലോകത്തിനും യോജിച്ച മികച്ച പരിഹാരങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം എന്നു കണ്ടെത്തേണ്ടത് ഇപ്പോള്‍ നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കൊറോണയുടെ ഈ കാലഘട്ടം ആരോഗ്യ പരിപാലനത്തിലും ഔഷധ നിര്‍മാണത്തിലും ഇന്ത്യയുടെ സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്താനുള്ള അവസരം കൂടിയാണ്. അതിനാല്‍, ഈ വെബിനാറില്‍ നിന്ന് ആവശ്യമായ പ്രവര്‍ത്തന പദ്ധതി ഉയര്‍ന്നുവന്നാല്‍ അതൊരു മികച്ച സേവനമായിരിക്കും. ഒരു കാര്യം കൂടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; പ്രത്യേകിച്ച് സ്വകാര്യ മേഖലയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കളോട്. ഇന്നു നമ്മുടെ കുട്ടികള്‍ പഠിക്കാന്‍, പ്രത്യേകിച്ച് വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിനായി, ലോകത്തിലെ ചെറിയ രാജ്യങ്ങളിലേക്ക് പോകുന്നു. ഭാഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അവര്‍ പോകുന്നു. കോടിക്കണക്കിന് രൂപയാണ് രാജ്യത്തിന് പുറത്തേക്ക് പോകുന്നത്. നമ്മുടെ സ്വകാര്യമേഖലയ്ക്ക് വന്‍തോതില്‍ ഈ രംഗത്തേക്ക് വരാന്‍ കഴിയില്ലേ? പരമാവധി ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്ന തരത്തില്‍ ഇത്തരം ജോലികള്‍ക്കായി ഭൂമി അനുവദിക്കുന്ന തരത്തില്‍ നല്ല നയങ്ങള്‍ ഉണ്ടാക്കാന്‍ നമ്മുടെ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കഴിയുന്നില്ലേ? മാത്രമല്ല, നമുക്ക് ലോകത്തിന്റെ ആവശ്യം നിറവേറ്റാന്‍ കഴിയും. കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളായി നമ്മുടെ ഡോക്ടര്‍മാര്‍ ഇന്ത്യക്ക് ഒരുപാട് കീര്‍ത്തി കൊണ്ടുവന്നു. ഒരു ഇന്ത്യന്‍ ഡോക്ടര്‍ എവിടെ പോയാലും ആ രാജ്യത്തിന്റെ ഹൃദയം കീഴടക്കുന്നു. ഇന്ത്യന്‍ ഡോക്ടര്‍മാരുടെ കഴിവിനെ ലോകമെമ്പാടുമുള്ള ആളുകള്‍ പ്രശംസിക്കുന്നു. ഇതിനര്‍ത്ഥം നമ്മുടെ ബ്രാന്‍ഡിങ് പൂര്‍ത്തിയായി എന്നാണ്. ഇനി യോഗ്യരായവരെ തയ്യാറാക്കാനുള്ള നടപടി വേഗത്തിലാക്കണം. അതുപോലെ, നമ്മുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ലോകത്തില്‍ ഏറ്റവും വലുതാണ്. ഞാന്‍ അതിനെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്ന് വിളിക്കുന്നില്ല; അത് ആയുഷ്മാന്‍ ഭാരതാണ്; ഒരുതരം ഉറപ്പായ വരുമാനമാണ്. ഇന്‍ഷുറന്‍സ് പദ്ധതി ഇന്ത്യാ ഗവണ്‍മെന്റിന്റെ പക്കലാണ്. അതിനാല്‍ നിങ്ങളുടെ ആശുപത്രിയില്‍ ഒരു പാവപ്പെട്ട വ്യക്തി വന്നാല്‍, പണമടയ്ക്കാന്‍ പോകുന്നത് ഇന്ത്യാ ഗവണ്‍മെന്റാണ്. പണമില്ലാത്തതിനാല്‍ രോഗികള്‍ വന്‍കിട ആശുപത്രികള്‍ ഒഴിവാക്കുന്ന സ്ഥിതി ഇപ്പോഴില്ല. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ മുന്നോട്ട് വരുമോ? ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ വികസിപ്പിക്കുക. നിങ്ങള്‍ക്ക് വരുമാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. നിങ്ങളുടെ നിക്ഷേപത്തിന് ഉറപ്പായും വരുമാനം ലഭിക്കും. പല ഗവണ്‍മെന്റ് പദ്ധതികളും അതോടൊപ്പം പദ്ധതികളിലുള്ള പൊതു സ്വകാര്യ പങ്കാളിത്തവും നമ്മുടെ രാജ്യത്തിന്റെ ആരോഗ്യ മേഖലയെ വളരെ ശക്തമാക്കും. നമ്മുടെ ആയുര്‍വേദം വലിയ പ്രശസ്തി നേടിയത് നിങ്ങള്‍ കണ്ടിരിക്കണം. പ്രത്യേകിച്ച് കൊറോണയുടെ കാലഘട്ടത്തില്‍. ഇന്ന് ഔഷധ സസ്യോല്‍പ്പന്നങ്ങളുടെ കയറ്റുമതി ലോകത്ത് വളരെയധികം വര്‍ദ്ധിച്ചു, അതായത്, അതിനോടുള്ള ആകര്‍ഷണം പലമടങ്ങ് വര്‍ദ്ധിച്ചു. നമുക്കെല്ലാവര്‍ക്കും എങ്ങനെ ഈ കര്‍മ്മപദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാനാകും? നേതൃപരമായ പങ്ക് വഹിക്കാന്‍ ഇന്ത്യയെ സജ്ജമാക്കാന്‍ സഹായിക്കുന്നതിന് തുറന്ന മനസ്സോടെ നിങ്ങള്‍ വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബജറ്റ് കണക്കുകള്‍ മാത്രം വ്യത്യാസം വരുത്താന്‍ പോകുന്നില്ല. പിന്നെ എന്തിനാണ് ഞങ്ങള്‍ ബജറ്റ് ഒരു മാസത്തേക്ക് മുന്‍കൂട്ടി നിശ്ചയിച്ചത്? ബജറ്റിലെ എല്ലാ വ്യവസ്ഥകള്‍ക്കും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പദ്ധതി തയ്യാറാക്കാനും ഏപ്രില്‍ 1 മുതല്‍ ഞങ്ങളുടെ പുതിയ ബജറ്റ് നടപ്പിലാക്കാനും ഞങ്ങള്‍ക്ക് സൗകര്യമുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ നമുക്ക് പരമാവധി ഫലം നേടാന്‍ കഴിയും. ഈ ചര്‍ച്ച ഇന്ന് അത്യന്തം സജീവമാക്കാന്‍ ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഗവണ്‍മെന്റിനെ പ്രതിനിധാനം ചെയ്ത് ഒരു നീണ്ട പ്രസംഗം നടത്തുന്നതിനെ ഞാന്‍ അനുകൂലിക്കുന്നില്ല. പകരം എനിക്ക് നിങ്ങളില്‍ നിന്നു വ്യക്തമായ പദ്ധതികള്‍ കേള്‍ക്കണം. ചില സമയങ്ങളില്‍ ചില കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വിട്ടുപോകും. അതിനായി ഫയലുകള്‍ മാസങ്ങളോളം ഒരുമിച്ച് നീങ്ങിക്കൊണ്ടിരിക്കും. ഈ ചര്‍ച്ച അത്തരം പോരായ്മകള്‍ കുറയ്ക്കും. കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ നിങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ഞങ്ങളെ സഹായിക്കും. കാര്യങ്ങള്‍ നടപ്പാക്കാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്കും സംവിധാനങ്ങള്‍ക്കും നല്ല മാര്‍ഗനിര്‍ദേശം ലഭിക്കും. ലോകത്തിന്റെ ഈ പ്രതിസന്ധി ഇന്ന് ആരോഗ്യപരമായ പ്രത്യാഘാതങ്ങളെ വളരെ ഗൗരവമുള്ളതാക്കിയിരിക്കുന്നതിനാല്‍, നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു!
നന്ദി!
-ND-
(Release ID: 1801614)
Visitor Counter : 180
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada