പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ-യുഎഇ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ ഉദ്ഘാടനപ്രസംഗത്തിന്റെ പരിഭാഷ
Posted On:
18 FEB 2022 8:20PM by PIB Thiruvananthpuram
ആദരണീയനായ എന്റെ സഹോദരാ,
ഇന്നത്തെ വെര്‍ച്വല്‍ ഉച്ചകോടിയിലേക്ക് ഊഷ്മളമായ സ്വാഗതം. ആദ്യമായി, നിങ്ങളേയും യുഎഇയേയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും എക്സ്പോ 2020 വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് എനിക്കു യുഎഇയിലെത്തി എക്സ്പോയില്‍ സംബന്ധിക്കാനായില്ല. കൂടാതെ നമ്മള്‍ തമ്മില്‍ മുഖാമുഖമിരുന്നു യോഗം ചേര്‍ന്നിട്ട് കുറേ നാളുകളായിരിക്കുന്നു. എന്നാല്‍ ഇന്നത്തെ വെര്‍ച്വല്‍ ഉച്ചകോടി എല്ലാത്തരം വെല്ലുവിളികള്‍ക്കിടയിലും നമ്മുടെ ബന്ധം പുതിയ തലങ്ങളിലേക്കു വളരുന്നതിനു സാക്ഷ്യംവഹിക്കുകയാണ്.
മഹാത്മാവേ,
നമ്മുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനു നിങ്ങള്‍ നടത്തിയ വ്യക്തിപരമായ ഇടപെടലുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. കോവിഡ് മഹാമാരിക്കാലത്തടക്കം യുഎഇയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പുലര്‍ത്തുന്ന ശ്രദ്ധയ്ക്കു ഞാന്‍ എല്ലാക്കാലവും അങ്ങേയറ്റം നന്ദിയുള്ളവനായിരിക്കും. യുഎഇയില്‍ അടുത്തകാലത്തുണ്ടായ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇന്ത്യയും യുഎഇയും എല്ലാക്കാലത്തും ഭീകരവാദത്തിനെതിരെ ശക്തമായി നില കൊള്ളും.
മഹാത്മാവേ,
ഈ വര്‍ഷം നാം ഇരുകൂട്ടരേയും സംബന്ധിച്ചു പ്രാധാന്യമുള്ളതാണ്. നിങ്ങള്‍ യുഎഇ സ്ഥാപിക്കപ്പെട്ടതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്നു. നിങ്ങള്‍ യുഎഇയുടെ അടുത്ത 50 വര്‍ഷത്തേക്കുള്ള ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. ഞങ്ങള്‍ ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഞങ്ങള്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിരിക്കുകയാണ്. ഭാവിയെക്കുറിച്ചുള്ള ഇരുരാജ്യങ്ങളുടേയും വീക്ഷണങ്ങളില്‍ നിരവധി സമാനതകളുണ്ട്.
മഹാത്മാവേ,
ഇരുരാജ്യങ്ങളും ഇന്നു സമഗ്ര സാമ്പത്തികപങ്കാളിത്തകരാര്‍ ഒപ്പുവച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഒരു കരാറിലുള്ള ചര്‍ച്ചകള്‍ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയതു ശ്രദ്ധേയമായ കാര്യമാണ്. സാധാരണ ഇത്തരം കരാറുകളിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകാന്‍ ഒരുവര്‍ഷമെങ്കിലും ആവശ്യമായിടത്താണ് ഇതുസാധ്യമായത്. ഈ കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ആഴത്തിലുള്ള സൗഹൃദം, സമാനമായ വീക്ഷണങ്ങള്‍, പരസ്പരവിശ്വാസം എന്നിവയാണു പ്രതിഫലിപ്പിക്കുന്നത്. ഈ കരാര്‍ നമുക്കിടയിലുള്ള സാമ്പത്തിക ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്ന് എനിക്കുറപ്പാണ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ നമ്മുടെ വ്യാപാരം 60 ബില്യണ്‍ ഡോളറില്‍നിന്ന് 100 ബില്യണ്‍ ഡോളറായി ഉയരും.
മഹാത്മാവേ,
വ്യാപാരം, ഊര്‍ജം, പൗരന്‍മാര്‍ തമ്മിലുള്ള ബന്ധം എന്നിവയാണു നമുക്കിടയിലെ സഹകരണത്തിന്റെ കാതല്‍. അതേ സമയം നമുക്കിടയിലെ സഹകരണം പുതിയ ചില മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കാനുള്ള സാധ്യതകളുണ്ട്. നമ്മള്‍ ഒപ്പുവച്ച ഭക്ഷ്യ ഇടനാഴി പദ്ധതി ഇത്തരത്തിലുള്ള മികച്ചൊരു നീക്കമാണ്. ഭക്ഷ്യസംസ്‌കരണ-വിതരണശൃംഖലാമേഖലകളില്‍ യുഎഇയുടെ നിക്ഷേപത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത് ഇന്ത്യയെ യുഎഇയുടെ വിശ്വസ്ത ഭക്ഷ്യസുരക്ഷാ പങ്കാളിയാക്കി മാറ്റും.
സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഇന്ത്യ മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്നത്ര വളര്‍ച്ചയാണു കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് പുതുതായി 44 യുണീകോണുകളാണ് ഉയര്‍ന്നുവന്നത്. പരസ്പരം പരിപോഷിപ്പിച്ചും പരസ്പര സാമ്പത്തികസഹകരണത്തിലൂടെയും നമുക്ക് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാം. അതുപോലെതന്നെ നൈപുണ്യവികസനത്തിനു നമുക്ക് ആധുനികരീതിയില്‍ മികവിന്റെ കേന്ദ്രങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കാവുന്നതാണ്.
കഴിഞ്ഞ മാസം ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ നടത്തിയ വിജയകരമായ യുഎഇ സന്ദര്‍ശനത്തിനുശേഷം നിരവധി എമിറേറ്റ് കമ്പനികള്‍ ജമ്മു കശ്മീരില്‍ നിക്ഷേപം നടത്തുന്നതിനുള്ള താല്‍പ്പര്യം പ്രകടിപ്പിക്കുകയുണ്ടായി. ജമ്മു കശ്മീരില്‍ വിതരണശൃംഖല, ആരോഗ്യസംരക്ഷണം, അതിഥിസല്‍ക്കാരം തുടങ്ങിയ മേഖലകളില്‍ യുഎഇ നടത്തുന്ന നിക്ഷേപങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
മഹാത്മാവേ,
അടുത്ത വര്‍ഷം ഇന്ത്യ ജി-20 ഉച്ചകോടിക്ക് ആതിഥ്യംവഹിക്കുമ്പോള്‍ സിഒപി-28നു യുഎഇ വേദിയൊരുക്കുന്നു. ആഗോളതലത്തില്‍ പരിസ്ഥിതിവിഷയങ്ങള്‍ക്ക് ഓരോദിവസവും പ്രാധാന്യം വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ അജണ്ട രൂപപ്പെടുത്തുന്നതിനായി നമുക്കു സഹകരണം ശക്തിപ്പെടുത്താവുന്നതാണ്. സമാനമനസ്‌കരായ പങ്കാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന് ഇരുരാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് അനുകൂല നിലപാടാണുള്ളത്. വിവിധമേഖലകളില്‍, പ്രത്യേകിച്ച് സാങ്കേതിക വിദ്യ, നവീകരണം, സാമ്പത്തികം എന്നീ രംഗങ്ങളില്‍, ''ഇന്ത്യ-യുഎഇ-ഇസ്രയേല്‍-യുഎസ്എ'' എന്നീ രാജ്യങ്ങളുടെ യോജിച്ച സഹകരണം മികച്ച ഫലം സൃഷ്ടിക്കുമെന്ന് എനിക്കുറപ്പുണ്ട്.
മഹാത്മാവേ,
ഈ വെര്‍ച്വല്‍ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് ഒരിക്കല്‍ക്കൂടി ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുന്നു.
ND
****
(Release ID: 1799551)
Visitor Counter : 142
Read this release in:
English
,
Urdu
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada