ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

1,88,507 കോടി രൂപ ചിലവ് വരുന്ന 6,721 പദ്ധതികളുടെ ടെൻഡർ നടപടികൾ സ്മാർട്ട് സിറ്റികൾ പൂർത്തിയാക്കി

Posted On: 07 FEB 2022 3:34PM by PIB Thiruvananthpuram

2016 ജനുവരി മുതൽ 2018 ജൂൺ വരെയുള്ള കാലയളവിൽ നാല് ഘട്ടങ്ങൾ നീണ്ട മത്സരങ്ങൾക്ക് ശേഷം 100 സ്മാർട്ട്‌ സിറ്റികളെ സ്മാർട്ട് സിറ്റി ദൗത്യത്തിന് (SCM) കീഴിൽ തിരഞ്ഞെടുത്തിട്ടുണ്ട്. കേന്ദ്ര ഭവന നിർമ്മാണ, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി രാജ്യ സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.  

സ്മാർട്ട് സിറ്റി ദൗത്യത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഒരു നഗരത്തിന്  പ്രതിവർഷം ശരാശരി 100 കോടി രൂപ എന്ന കണക്കിൽ 5 വർഷ കാലയളവിലേക്ക് 48,000 കോടി രൂപയുടെ ധനസഹായം കേന്ദ്ര ഗവൺമെന്റ് നൽകും. ഇതിന് തത്തുല്യമായ തുക സംസ്ഥാന ഭരണകൂടങ്ങളും/നഗര തദ്ദേശീയ ഭരണകൂടങ്ങളും സംഭാവന നൽകുന്നതാണ്.  

2022 ജനുവരി 21 വരെയുള്ള കണക്കുകൾ പ്രകാരം, 1,88,507 കോടി രൂപ ചിലവ് വരുന്ന 6,721 പദ്ധതികളുടെ ടെൻഡർ നടപടികൾക്കാണ് ഈ സ്മാർട്ട് സിറ്റികൾ തുടക്കമിട്ടത്. 1,62,908 കോടി രൂപയുടെ 6,124 പദ്ധതികളിൽ വർക്ക് ഓർഡറുകൾ നൽകി കഴിഞ്ഞു. ₹ 58,735 കോടി രൂപ മൂല്യം വരുന്ന 3,421 പദ്ധതികളുടെ പണി പൂർത്തിയാക്കിയിട്ടുമുണ്ട്.

2022 ജനുവരി 21 വരെയുള്ള കണക്കുകൾ പ്രകാരം, 100 സ്മാർട്ട് സിറ്റികൾക്കായി ₹ 28,413.60 കോടി രൂപയാണ് ഭാരത സർക്കാർ അനുവദിച്ചിട്ടുള്ളത്. ഈ തുകയുടെ 83% (₹ 23,668.27 കോടി രൂപ) ഉപയോഗിച്ചു കഴിഞ്ഞു.

സ്മാർട്ട്‌ സിറ്റി ദൗത്യത്തിന് കീഴിൽ കൂടുതൽ നഗരങ്ങളെ കൂടി ഉൾപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും നിലവിൽ ഗവൺമെന്റിന്റെ പരിഗണനയില്ല. 

 

***


(Release ID: 1796216) Visitor Counter : 135